അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരനെന്ന് കോടതി. തെറ്റായ വിവരങ്ങൾ നൽകി തോക്ക് കൈവശപ്പെടുത്തി, ലഹരി ഉപയോഗം തുടങ്ങി ഹണ്ടർ ബൈഡനുമേൽ പ്രോസിസ്ക്യൂഷൻ ചുമത്തിയ ആരോപണങ്ങളാണ് കോടതി ശരിവച്ചിരിക്കുന്നത്. ജോ ബൈഡന്റെ മകന് മേലുള്ള വിചാരണ കാലയളവ് അവസാനിക്കുമ്പോഴാണ് കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഇതാദ്യമായാണ് അധികാരത്തിലിരിക്കുന്ന പ്രസിഡന്റിന്റെ മക്കൾ ക്രിമിനൽക്കേസിൽ കുറ്റക്കാരനാകുന്നത്. 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഹണ്ടറിന്റെ പേരിൽ ചുമത്തിയിട്ടുള്ളത്. എന്നാൽ ആദ്യമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയെന്ന നിലയിൽ ശിക്ഷയിൽ ഇളവ് ലഭിച്ചേക്കാം. ജയിൽ വാസവും ഒഴുവാക്കിയേക്കാമെന്നാണ് സൂചന.
54 കാരനായ ഹണ്ടർ ബൈഡൻ 2018 ഒക്ടോബറിൽ തോക്ക് വാങ്ങുന്നതിനായി ഒരു ഫോം പൂരിപ്പിച്ചിരുന്നു. ഇതിൽ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് തെറ്റായ പ്രസ്താവന നൽകി. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ തോക്ക് കൈ വശം വക്കരുതെന്ന നിയമം ലംഘിച്ച് 11 ദിവസത്തേക്ക് ആയുധം നിയമവിരുദ്ധമായി സ്വന്തമാക്കിയെന്നും കോടതി കണ്ടെത്തി. ഹണ്ടറിനെതിരെ ആരോപിക്കപ്പെട്ട മൂന്ന് കേസുകളിൽ വിധി പറയും മുൻപ് ജൂറി മൂന്ന് മണിക്കൂറിലധികം ചർച്ച നടത്തിയിരുന്നു. വിധി കേട്ട ശേഷം സമ്മതഭാവത്തിൽ തല കുലുക്കിയ ഹണ്ടർ തന്റെ ലീഗൽ ടീമിലെ അംഗങ്ങളെ ആലിംഗനം ചെയ്ത് നന്ദി അറിയിച്ചു. തുടർന്ന് അദ്ദേഹം കോടതിയിൽ നിന്ന് ഇറങ്ങിയതിന് ശേഷം രേഖാമൂലമുള്ള പ്രസ്താവന നൽകി. “കഴിഞ്ഞ ആഴ്ച മെലിസയും (ഭാര്യ) നിന്നും എൻ്റെ കുടുംബവും സുഹൃത്തുക്കളും സമൂഹവും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. വിധിയിൽ ഞാൻ നിരാശനാണ്. ദൈവത്തിൻ്റെ കൃപയാൽ എനിക്കൊരു വീണ്ടെടുക്കൽ സാധ്യമാണ്. ” അദ്ദേഹം പറയുന്നു.
ബൈഡൻ കുടുംബത്തിൽ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന പിന്നാമ്പുറ കഥകളാണ് വിചാരണ വേളയിൽ പൊതുസമൂഹത്തിന് മുന്നിൽ ചുരുളഴിഞ്ഞ് വീണത്. ബന്ധുക്കൾ തന്നെയായിരുന്നു കേസിലെ സാക്ഷികളായി എത്തിയത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ബൈഡന് തിരിച്ചടിയായിരിക്കുകയാണ് കേസ്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി, ബൈഡൻ കുടുംബം മുഴുവൻ അഴിമതിക്കാരാണെന്ന് വാദിക്കാൻ ലഭിച്ച അവസരമായാണ് വിധിയെ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ താൻ ഹഡറിനെ സ്നേഹിക്കുന്നുണ്ടെന്നും, ജോ ബൈഡൻ നൽകിയ പ്രസ്താവനയിൽ പറയുന്നു. ശിക്ഷിക്കപ്പെട്ടാൽ മകന് മാപ്പ് നൽകില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ചൊവ്വാഴ്ചയും അദ്ദേഹം ഇത് ആവർത്തിച്ചു. കേസിൻ്റെ വിധി അംഗീകരിക്കുന്നുവെന്നും ജുഡീഷ്യൽ പ്രക്രിയയെ മാനിക്കുമെന്നും പ്രസിഡൻ്റ് പറഞ്ഞു. താനും ഭാര്യ ജില്ലും ഹണ്ടറിനും കുടുംബത്തിനും എന്നും പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിധിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ഹണ്ടർ ബൈഡനെക്കുറിച്ച് വർഷങ്ങളായി അന്വേഷണം നടത്തുന്ന പ്രത്യേക അഭിഭാഷകൻ ഡേവിഡ് വെയ്‌സ് തോക്ക് കേസ് ആസക്തിക്ക് അപ്പുറം, ഹണ്ടർ ബൈഡൻ്റേതുൾപ്പെടെ നിരവധി കുടുംബങ്ങളെ ബാധിക്കുന്നുണ്ടെന്ന് ചൂണ്ടികാണിച്ചു. സെപ്റ്റംബറിൽ ഹണ്ടർ ബൈഡനെ നികുതി കേസിൽ വീണ്ടും വിചാരണ ചെയ്യാൻ തയ്യാറെടുക്കുന്ന വെയ്‌സ്, വിധി അമേരിക്കൻ നീതിയുടെ തത്വം ഉയർത്തികാണിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. തോക്ക് വാങ്ങുമ്പോഴും, കൈ വശം വായ്ക്കുമ്പോഴും അദ്ദേഹം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ പ്രോസിക്യൂട്ടർമാർക്ക് കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. ആ വിശദാംശങ്ങൾ തെളിയിക്കേണ്ടതില്ലെന്നും ബിഡൻ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് വ്യക്തമാണെന്നും 2018 ഒക്ടോബറിൽ തോക്ക് വാങ്ങുന്ന കാലയളവിൽ അതിന് അടിമയായിരുന്നുവെന്ന് കാണിക്കുകയാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നും പ്രോസിക്യൂട്ടർമാർ ജൂറിയോട് പറഞ്ഞു.
2018-ൽ ഹണ്ടർ ബൈഡൻ ഒരു ക്രാക്ക് അഡിക്റ്റായിരുന്നുവെന്ന് ട്രയൽ തെളിവുകൾ വ്യക്തമായി കാണിക്കുന്നില്ലെങ്കിൽ, ആരെയും ക്രാക്ക് അഡിക്റ്റായി കണക്കാക്കാനാവില്ലെന്ന് പ്രോസിക്യൂട്ടർ ഡെറക് ഹൈൻസ് ജൂറിമാരോട് പറഞ്ഞു. അഭിഭാഷകനായ ബിഡൻ ഒരു തോക്ക് വാങ്ങുന്നതുമായി ബന്ധപ്പെട്ട പേപ്പർ വർക്ക് ചോദ്യങ്ങളിൽ എങ്ങനെയോ ആശയക്കുഴപ്പത്തിലായി എന്ന പ്രതിരോധ വാദത്തെ ഹൈൻസ് പരിഹസിച്ചു.
Content summary; Hunter Biden Faces Legal Consequences for Illegal Gun Possession