December 10, 2024 |

മഞ്ഞുമ്മല്‍ ബോയ്‌സും തീരാത്ത വിവാദങ്ങളും; ഇത്തവണ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്

കണ്‍മണി അന്‍പോട് എന്ന തന്റെ ഗാനം ഉപയോഗിച്ചതിനാണ് നോട്ടീസ്

മഞ്ഞുമ്മല്‍ ബോയ്‌സ് ഇറങ്ങിയ കാലം മുതല്‍ വിവാദ ചുഴിയിലാണ്. നിര്‍മാതാക്കള്‍ പണം നല്‍കാതെ പറ്റിച്ചെന്ന പരാതി നല്‍കിയത് സിനിമയ്ക്ക് വേണ്ടി കോടികള്‍ ചെലവഴിച്ച വ്യക്തിയായിരുന്നു. ഇതായിരുന്നു ആദ്യ വിവാദം. പിന്നാലെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട് പോലീസില്‍ നിന്ന് ദുരിതം അനുഭവിച്ച യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സിന് വേണ്ടി മലയാളി ആക്ടിവിസ്റ്റ് നല്‍കിയ പരാതിയെത്തി. ഇതിനിടെ നിര്‍മാതാക്കളും സിനിമയ്ക്ക് ഫണ്ട് ഇറക്കിയ ആളുമായുളള പരാതി കോടതിയിലെത്തി. അവസാനമായി കേസുമായി എത്തിയത് പ്രശസ്ത സംഗീതജ്ഞന്‍ ഇളയരാജയാണ്. സിനിമയില്‍ കണ്‍മണി അന്‍പോട് എന്ന തന്റെ ഗാനം ഉപയോഗിച്ചതിനാണ് നോട്ടീസ്. പകര്‍പ്പവകാശ നിയമം ലംഘിച്ചെന്നതാണ് ഇളയരാജ വക്കീല്‍ നോട്ടീസില്‍ പ്രധാനമായും ചൂണ്ടികാട്ടിയിരിക്കുന്നത്. ഒന്നുകില്‍ അനുമതി തേടണമെന്നും അല്ലെങ്കില്‍ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ഇല്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഇളയരാജ വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1991-ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹസന്‍ ടൈറ്റില്‍ റോളിലെത്തിയ ഗുണ എന്ന ചിത്രത്തിന് വേണ്ടി ഇളയരാജ ചിട്ടപ്പെടുത്തിയ ഗാനമാണ് കണ്‍മണി അന്‍പോട് കാതലന്‍ നാന്‍.. എന്ന് തുടങ്ങുന്ന ഗാനം. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളില്‍ ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്.

 

English summary; Ilaiyaraaja issues legal notice to Manjummel Boys team

×