July 09, 2025 |
Share on

സാമ്പത്തിക ഞെരുക്കത്തിൽ പാകിസ്ഥാൻ, ഐഎംഎഫിനോട് കടം നൽകരുതെന്ന് ഇന്ത്യ ; സംഘർഷ വേളയിൽ ഐഎംഎഫ് യോ​ഗം പാകിസ്ഥാന് നിർണായകം

10,000 കോടിയുടെ വായ്പയാണ് പാകിസ്ഥാന്‍ നിലവിലെ സാഹചര്യത്തില്‍ പ്രതീക്ഷിക്കുന്നത്

അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് പാകിസ്ഥാൻ. ഇന്ന് വാഷിങ്ടണിൽ നടക്കാനിരിക്കുന്ന ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് മീറ്റിങ്ങിൽ (ഐഎംഎഫ്) സാമ്പത്തിക സഹായത്തെക്കുറിച്ച് നിർണായകമായ അവലോകനമാകും പാകിസ്ഥാൻ നേരിടേണ്ടി വരുക. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കാൻ സഹായിക്കുന്നതിന് കൂടുതൽ ഫണ്ട് നേടാനാകുമെന്നാണ് പാകിസ്ഥാൻ സർക്കാർ പ്രതീക്ഷിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, പാകിസ്ഥാന് ഐഎംഎഫ് സഹായങ്ങൾ നൽകുന്നതിനെ എതിർത്ത ഇന്ത്യ, അത് തടയാനുള്ള നീക്കങ്ങളും ആരംഭിച്ചു. കൂടുതൽ സഹായം അനുവദിക്കുന്നതിന് മുമ്പ് വസ്തുതകൾ ശ്രദ്ധാപൂർവ്വം പരിഗണിക്കാൻ ഐഎംഎഫ് ബോർഡ് അംഗങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

പഹൽ​ഗാം ആക്രമണവും തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യം സൈനിക സംഘട്ടന സാധ്യത ഉയർത്തുന്നുണ്ടെങ്കിൽ പോലും പാകിസ്ഥാന്റെ ദുർബലമായ സമ്പദ്‌വ്യവസ്ഥ രാജ്യത്തെ യുദ്ധത്തിൽ നിന്നും പിന്നോട്ട് വലിക്കുകയാണ്.

ഉയർന്ന വിദേശ കടം, കുറഞ്ഞ വിദേശനാണ്യ ശേഖരവും ഉൾപ്പെടെ ഗുരുതരമായ സാമ്പത്തിക വെല്ലുവിളികളാണ് പാകിസ്ഥാൻ നേരിടുന്നത്. 2024 ൽ മൊത്തം വിദേശ കടം 130 ബില്യൺ ഡോളറിലധികം ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 20 ശതമാനത്തിലധികവും ചൈനയുടേതാണ്.

വിദേശ നാണയ ശേഖരം ഏകദേശം 15 ബില്യൺ ഡോളർ മാത്രമാണ്. മൂന്ന് മാസത്തെ ഇറക്കുമതിക്ക് മാത്രമാകും ഇത് പര്യാപ്തമാവുക. 2024-25 സാമ്പത്തിക വർഷത്തിൽ രാജ്യത്തിൻ്റെ പൊതു കടം 22 ബില്യൺ ഡോളറിലധികം ആകുമെന്നാണ് വി​ദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. അങ്ങനെയായാൽ രാജ്യത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ കണക്കിലെടുക്കുമ്പോൾ വിദേശ നാണയ ശേഖരം വളരെ കുറവാണ്.

2024 സെപ്റ്റംബറിൽ ഐഎംഎഫിൽ നിന്ന് 7 ബില്യൺ ഡോളർ നേടാൻ പാകിസ്ഥാന് കഴിഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് സമ്പദ്‌വ്യവസ്ഥയെ പൂർണ്ണ തകർച്ചയിൽ നിന്നും ഉയർന്നുവരാൻ പാകിസ്ഥാനെ കുറച്ചെങ്കിലും സഹായിച്ചിട്ടുള്ളതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതേസമയം, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ പുരോ​ഗതി കൈവരിക്കാനുള്ള പ്രവർത്തനങ്ങൾ പ്രതീക്ഷിച്ചതിലും ദുർബലമാണ്. പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമെന്നാണ് സാമ്പത്തിക വി​ദ​ഗ്ധർ അഭിപ്രായപ്പെട്ടിരുന്നത്. 2023–24ൽ 2.5 ശതമാനം ആയിരുന്ന വളർച്ച 2024–25ൽ 2.7 ശതാനം ആകുമെന്നും ആയും 2025–26ൽ 3.1 ശതമാനം ആയും ഉയരുമെന്നും വി​ദ​ഗ്ധർ പ്രവചിച്ചിരുന്നു.

ആറ് പ്രകടന അവലോകനങ്ങൾ ഉൾപ്പെടെ 37 മാസം നീണ്ടുനിൽക്കുന്നതാണ് ഐഎംഎഫിന്റെ വായ്പാ പരിപാടി. 10,000 കോടിയുടെ വായ്പയാണ് പാകിസ്ഥാന്‍ നിലവിലെ സാഹചര്യത്തില്‍ പ്രതീക്ഷിക്കുന്നത്. എന്നാൽ ബോർഡ് മീറ്റിംഗിലെ അവലോകനത്തിന്റെ ഫലത്തെ ആശ്രയിച്ചാകും വായ്പാ ഗഡു ലഭിക്കുന്നത്.

2025–26ൽ 3.2 ശതമാനവും 2026–27ൽ 3.5 ശതമാനവുമായി പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ ഉയരുമെന്ന് ലോകബാങ്ക് പ്രവചിക്കുന്നു. കർശനമായ സാമ്പത്തിക നയങ്ങൾ വളർച്ചയെ പരിമിതപ്പെടുത്തുമെന്ന് മുന്നറിയിപ്പും നൽകുന്നുണ്ട്. ലോക ബാങ്ക്, ഏഷ്യൻ വികസന ബാങ്ക് തുടങ്ങിയ മറ്റ് പ്രധാന വായ്പാദാതാക്കളിൽ നിന്നുള്ള ധനസഹായവും പാകിസ്ഥാന് നിർണായകമാണ്. എന്നാൽ ഈ സ്ഥാപനങ്ങളിൽ നിന്ന് പാകിസ്ഥാന് കൂടുതൽ പിന്തുണ ലഭിക്കുന്നത് തടയാൻ ഇന്ത്യ കഠിനമായി തന്നെ പ്രവർത്തിക്കുകയാണ്.

രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുന്ന ഈ സാഹചര്യത്തിൽ, ഇന്ത്യയുമായുള്ള ഏതൊരു സംഘർഷവും പാകിസ്ഥാന് വളരെ ചെലവേറിയതായിരിക്കും. ഒരു സൈനിക ഏറ്റുമുട്ടലിന്റെ ആഘാതം ഇന്ത്യക്കും നേരിടേണ്ടി വരും. എന്നാൽ പാകിസ്ഥാന് നേരിടേണ്ടി വരുന്നത് പോലെ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാകുന്ന ആഘാതം ഇന്ത്യക്ക് ഉണ്ടാകില്ലായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇന്ത്യയുമായുള്ള തുടർച്ചയായ സംഘർഷം പാകിസ്ഥാന്റെ വളർച്ചയെ ബാധിക്കുമെന്നും സാമ്പത്തിക പുരോഗതിയെ തകർക്കുമെന്നും വിദേശ ഫണ്ടിലേക്കുള്ള പ്രവേശനം കുറയ്ക്കുമെന്നും മൂഡീസ് പോലുള്ള വിദഗ്ധരും ഏജൻസികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ സ്ഥിരതയുള്ളതായി തുടരുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

രാഷ്ട്രീയ അസ്ഥിരത, കുറഞ്ഞ ഉൽപ്പാദനക്ഷമത, മോശം കയറ്റുമതി, ദുർബലമായ നികുതി അടിത്തറ, ദുർബലമായ ഊർജ്ജ മേഖല തുടങ്ങി വളരെ രൂക്ഷമായ പ്രശ്നങ്ങളാണ് പാകിസ്ഥാൻ നേരിടുന്നത്. 2022 ലെ വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ കാര്യങ്ങൾ കൂടുതൽ മോശമാക്കുകയാണ് ചെയ്തത്.

സംഘർഷം ജനസംഖ്യയുടെ 40 ശതമാനം പേർ ജോലി ചെയ്യുന്ന പാകിസ്ഥാന്റെ കാർഷിക മേഖലയെ ഗുരുതരമായി ബാധിക്കുമെന്നും ഇന്ത്യയുമായുള്ള പരിമിതമായ സൈനിക ആക്രമണങ്ങൾ പോലും ഗുരുതരമായ സാമ്പത്തിക, മാനുഷിക നാശത്തിന് കാരണമാകുമെന്നും വി​ദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കൂടുതൽ സംഘർഷം ഒഴിവാക്കുന്നതാണ് രാജ്യത്തിന്റെ നിലനിൽപ്പിന് ഉചിതമെന്നും അഭിപ്രായങ്ങളുയർന്നു.

പാകിസ്ഥാന് സാമ്പത്തിക സഹായം നൽകരുതെന്ന വാദത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്. ദുര്‍ബലമായ സമ്പദ്വ്യവസ്ഥയെ സ്ഥിരപ്പെടുത്താനാണ് ഐഎംഎഫ് സാമ്പത്തിക സഹായം നല്‍കുന്നത്. ഇത്തരം സാമ്പത്തിക സഹായങ്ങള്‍ പാകിസ്ഥാന്റെ ഭീകരവാദ സാമ്പത്തിക ഇടപാടുകളെ പ്രോത്സാഹിപ്പിക്കുമെന്ന് ഇന്ത്യ ചൂണ്ടിക്കാണിക്കും. പാകിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനം നടക്കുന്നതിന്റെ തെളിവായി ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാനാം മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങളുടെ സംസ്‌കാര ചടങ്ങില്‍ പാക് സേന പങ്കെടുത്തതും ഭീകരരുടെ മൃതദേഹത്തില്‍ പാക് പതാക പുതപ്പിച്ച ചിത്രങ്ങളും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ പുറത്തുവിട്ടിരുന്നു.

Content Summary: imf meeting with pakistan; crucial for Pakistan amid conflict

Leave a Reply

Your email address will not be published. Required fields are marked *

×