February 14, 2025 |
Share on

ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് അറസ്റ്റില്‍; വ്യാപക പ്രതിഷേധം

വാറണ്ട് പ്രകാരം യൂനിനെ 48 മണിക്കൂര്‍ വരെ തടവില്‍ പാര്‍പ്പിക്കാം

ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ അറസ്റ്റില്‍. രാജ്യത്ത് പട്ടാളനിയമം നടപ്പാക്കാന്‍ ശ്രമിച്ചതിനാണ് അഴിമതിവിരുദ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ യൂന്‍ സുക് യോളിനെ അറസ്റ്റ് ചെയ്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കലാപത്തിന് നേതൃത്വം നല്‍കിയെന്ന കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് അറസ്റ്റ്. ഇത്തരത്തില്‍ അറസ്റ്റിലാകുന്ന ആദ്യത്തെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റാണ് യൂന്‍.impeached south korean president yoon suk yeol arrested over martial law declaration

അറസ്റ്റ് തടയാന്‍ രാവിലെ ആയിരക്കണക്കിന് അനുയായികള്‍ യൂനിന്റെ സോളിലെ വസതിക്ക് മുന്നിലെത്തിയിരുന്നു. യൂന്‍ അനുകൂലികളും ഭരണകക്ഷിയായ പീപ്പില്‍ പവര്‍ പാര്‍ട്ടി അംഗങ്ങളും സ്ഥലത്ത് തടിച്ചു കൂടിയിരുന്നു. അറസ്റ്റ് തടയാന്‍ അനുകൂലികള്‍ മനുഷ്യച്ചങ്ങലയും തീര്‍ത്തു. ദിവസങ്ങള്‍ക്കുമുമ്പ് യൂനിനെ അറസ്റ്റ് ചെയ്യാന്‍ ആറ് മണിക്കൂറോളം ശ്രമിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുകയായിരുന്നു.

2024 ഡിസംബര്‍ മൂന്നിനായിരുന്നു അപ്രതീക്ഷിതമായി യൂന്‍ രാജ്യത്ത് രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചത്. ഇതായിരുന്നു അറസ്റ്റിലേക്ക് നയിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉത്തര കൊറിയക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഭരണത്തെ ദുര്‍ബലപ്പെടുത്തുന്നു എന്നാരോപിച്ചായിരുന്നു പട്ടാളനിയമം നടപ്പാക്കിയത്. രാജ്യത്തുടനീളം വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ആറ് മണിക്കൂറിനുള്ളില്‍ നിയമം പിന്‍വലിക്കുകയായിരുന്നു.

ഡിസംബര്‍ 14നാണ് യൂനിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തത്. പുറത്താക്കപ്പെട്ടതോടെ യൂനിന്റെ പ്രസിഡന്റായുള്ള ഔദ്യോഗിക അധികാരങ്ങളും ചുമതലകളും റദ്ദാക്കപ്പെട്ടിരുന്നു. 300 അംഗ പാര്‍ലമെന്റില്‍ 204 അംഗങ്ങളാണ് ഇംപീച്ച്മെന്റിന് അനുകൂലമായി വോട്ട് ചെയ്തിരുന്നത്. 85 പേര്‍ എതിര്‍ത്തു. എട്ട് വോട്ടുകള്‍ അസാധുവായപ്പോള്‍ മൂന്നുപേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു.

സൈനിക നിയമ പ്രഖ്യാപനത്തിനും ഇംപീച്ച്മെന്റിനും ശേഷം ഡിസംബര്‍ 12 മുതല്‍ യൂന്‍ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു. ചൊവ്വാഴ്ച കോടതി തടങ്കല്‍ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. അതേസമയം, ഉടനെതന്നെ യൂന്‍ അഴിമതി അന്വേഷണ ഓഫീസില്‍ നേരിട്ട് ഹാജരാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. നിലവിലെ വാറണ്ട് പ്രകാരം യൂനിനെ 48 മണിക്കൂര്‍ വരെ തടവില്‍ പാര്‍പ്പിക്കാം.

എന്നാല്‍ തടങ്കലില്‍ വയ്ക്കാനുള്ള ശ്രമങ്ങള്‍ നിയമവിരുദ്ധമാണെന്നും പരസ്യമായി അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും യൂനിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇതോടെ ദക്ഷിണ കൊറിയയുടെ ചരിത്രത്തില്‍ അറസ്റ്റിലാകുന്ന ആദ്യ പ്രസിഡന്റായി യൂന്‍ മാറി.impeached south korean president yoon suk yeol arrested over martial law declaration

Content Summary: impeached south korean president yoon suk yeol arrested over martial law declaration

×