ഇന്ത്യൻ മനസാക്ഷിയെ ആകെ ഞെട്ടിച്ചുകൊണ്ടായിരുന്നു ധർമ്മസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. 1998നും 2014നുമിടയിൽ പരിസര പ്രദേശത്തുമായി നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം കുഴിച്ചു മൂടിയെന്നായിരുന്നു ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ. 10 വർഷത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ പോലീസിന് മുന്നിൽ ഹാജരായി സിആർപിസി സെക്ഷൻ 164 പ്രകാരം മൊഴി നൽകിയത്.
ധർമ്മസ്ഥലയിലും പരിസര പ്രദേശങ്ങളിലുമായി നിരവധി അസ്ഥികൾ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊലപാതകങ്ങൾ, ദുരൂഹമരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ദിനംപ്രതി നിരവധി ആരോപണങ്ങളും ഉയർന്നു വരുന്നുണ്ട്. ധർമ്മസ്ഥലയിലെ കൊലപാതക പരമ്പരയെക്കുറിച്ച് അന്വേഷിക്കാനായി സംസ്ഥാന സർക്കാർ ഒരു പ്രത്യേക അന്വേഷണസംഘത്തെ ( എസ്ഐടി) രൂപീകരിച്ചു. പ്രണബ് മൊഹന്തിയാണ് എസ്ഐടിയുടെ നേതൃത്വം വഹിക്കുന്നത്. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥ എസ്ഐടിയിൽ നിന്ന് പിന്മാറിയത് ഉൾപ്പെടെ അന്വേഷണസംഘത്തിലും ആഭ്യന്തര തടസങ്ങൾ നേരിടുന്നതായാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥനും സ്ഥാനമൊഴിയാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് സർക്കാരിന് കത്തെഴുതിയിട്ടുണ്ട്. ഇത്തരമൊരു കേസിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ പിരിഞ്ഞുപോകുന്നത് കേസിന്റെ വീഴ്ചയെ സൂചിപ്പിക്കുന്നു.
കേസിൽ സർക്കാരിനും അന്വേഷണസംഘത്തിനും മേൽ സമ്മർദ്ദം നിലനിൽക്കുന്നുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. ധർമ്മസ്ഥലയിലെ ധർമ്മാധികാരി ഡോ വീരേന്ദ്ര ഹെഗ്ഗഡെയ്ക്ക് പ്രാദേശികതലത്തിൽ മുതൽ പ്രധാനമന്ത്രിയുടെ ഓഫീസ് വരെ കാര്യമായ സ്വാധീനമുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ സുവർണ്ണ ജൂബിലി കമ്മിറ്റിയുടെ ദേശീയ പ്രസിഡന്റാണെങ്കിലും, കോൺഗ്രസ് പാർട്ടിയുമായി ഹെഗ്ഗഡെയ്ക്ക് ശക്തമായ ബന്ധമുണ്ടെന്ന് മാധ്യമപ്രവർത്തകനായ നവീൻ സൂരിഞ്ചെ അഴിമുഖത്തോട് പറഞ്ഞു.
കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഡി കെ ശിവകുമാർ ഹെഗ്ഗഡെയെ സന്ദർശിച്ച് നൂറുകണക്കിന് ഡി കെ ശിവകുമാർമാർ ഹെഗ്ഗഡെയ്ക്കൊപ്പം നിൽക്കുമെന്ന് പ്രസ്താവിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. ധർമ്മസ്ഥലയുടെ പവിത്രതയും ഹെഗഡെയുടെ അഭിമാനവും കളങ്കപ്പെടുത്തരുതെന്ന് പ്രസ്താവിച്ച് കൊണ്ട് കർണാടക സ്പീക്കറായ യു ടി ഖാദർ രംഗത്തുവന്നിരുന്നു. ഇരകളായ സ്ത്രീകൾക്കും കുട്ടികൾക്കും നീതി ഉറപ്പാക്കുന്നതിനെക്കുറിച്ച് ഒരുവാക്കു പോലും യു ടി ഖാദർ പറയുകയുണ്ടായില്ല. ആഭ്യന്തര മന്ത്രി ഡോ ജി. പരമേശ്വരയും ഹെഗ്ഗഡയുടെ സഹോദരൻ സുരേന്ദ്രകുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ഈ നിലപാട് എസ്ഐടിയുടെ മേൽ സ്വാധീനം ചെലുത്താനുള്ള സാധ്യതയെ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ സർക്കാരിന് മേലുള്ള സമ്മർദ്ദം അന്വേഷണത്തിന്റെ നിഷ്പക്ഷതയെ ബാധിച്ചേക്കാമെന്നും ജനങ്ങൾ ഭയപ്പടുന്നു.
ധർമ്മസ്ഥലയിലെ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ തെറ്റാണെന്ന വാദമാണ് സംസ്ഥാനത്തെ മറ്റു രാഷ്ട്രീയ പാർട്ടിക്കുള്ളതെന്ന് സിപിഎം ദക്ഷിണ കന്നട സെക്രട്ടറിയായ മുനീർ കാട്ടിപ്പള്ള അഴിമുഖത്തോട് പറഞ്ഞു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കും മേലും സമ്മർദ്ദമുണ്ട്. ധർമ്മസ്ഥല വിഷയത്തിൽ പാർട്ടി നേതൃത്വത്തെ നിശബ്ദമാക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിൽ നിന്ന് വിലക്കികൊണ്ട് കോടതിയിൽ നിന്ന് തനിക്കുൾപ്പടെ ഓർഡർ ലഭിച്ചതായി മുനീർ പറയുന്നു.
ഒരു നഗരത്തെ തന്നെ ഭരിക്കുന്നത് ആ ക്ഷേത്ര ഭാരവാഹികളാണ്. ഭരണസംവിധാനങ്ങളിൽ പോലും ആളുകൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞു. നീതി ലഭിക്കുമോയെന്ന തങ്ങളുടെ ഭാവി എന്തായി തീരുമോയെന്ന കാര്യത്തിൽ പോലും അവർക്കിപ്പോൾ സംശയമാണ്. കൊലപാതക പരമ്പരയ്ക്ക് മാത്രമാണ് ക്ഷേത്രത്തിനും ഭാരവാഹികൾക്കും എതിരെ തെളിവില്ലാത്തത്. നിരവധി മൈക്രോ ഫൈനാൻസുകളടക്കം ഇവർ നടത്തുന്നുണ്ട്. ആ വഴി നടത്തുന്ന തട്ടിപ്പുകൾക്കെതിരെ പല ഭാഗത്തു നിന്നും പരാതികളുയരുന്നു. എന്നാൽ എന്തു കൊണ്ട് കേസെടുക്കുന്നില്ലെന്നായെന്നത് സംശയമാണെന്ന് മുനീർ പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് ധർമ്മസ്ഥലയിൽ വച്ച് മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന തന്റെ മകൾ അനന്യയെ കാണാതായതായി ഒരു സ്ത്രീ പരാതി നൽകിയിരുന്നു. മകളെ അന്വേഷിച്ച് ധർമ്മസ്ഥലയിലെത്തിയപ്പോൾ ക്ഷേത്ര ജീവനക്കാർ അവരെ ആക്രമിച്ചതായും പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പൊലീസിൽ പരാതി നൽകിയപ്പോൾ വീണ്ടും ആക്രമിച്ചു. ഇത് സംബന്ധിച്ച് പൊലീസ് ഔദ്യോഗിക പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബിജെപി, കോൺഗ്രസ്, ജെഡിഎസ് എന്നീ സംഘടനയിലെ നേതാക്കളുടെ പിന്തുണ വീരേന്ദ്ര ഹെഗ്ഗഡയ്ക്കും ധർമ്മസ്ഥലയ്ക്കുമുണ്ട്. തിരഞ്ഞെടുപ്പ് ഫണ്ടിംഗിനായി പാർട്ടികൾക്ക് പലപ്പോഴായി വീരേന്ദ്ര ഹെഗ്ഗഡെ സംഭാവന നൽകിയിട്ടുണ്ട്. ഇതാവാം രാഷ്ട്രീയ സ്വാധീനത്തിന് പിന്നിലെ കാരണമെന്ന് നവീൻ വ്യക്തമാക്കി.
.എസ്ഐടി രൂപീകരത്തെ ബിജെപി പരസ്യമായി എതിർത്തിരുന്നു. വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കാമെന്ന് കോൺഗ്രസ് ഉറപ്പു നൽകിയിരുന്നെങ്കിലും ധർമ്മാധികാരിയെ തന്നെയാണ് അവർ രഹസ്യമായി പിന്തുണയ്ക്കുന്നത്. എന്നാൽ ഇതിന് വിപരീതമായി കമ്യൂണിസ്റ്റ് നേതൃത്വം ഇരകൾക്ക് പിന്തുണയറിയിച്ചു കൊണ്ട് രംഗത്തുവന്നിട്ടുണ്ട്.
ധർമ്മസ്ഥലയിലെ കൊലപാതക പരമ്പരയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഞാൻ വിദ്യാർത്ഥിയായിരിക്കെയാണ് ധർമ്മസ്ഥലയിൽ ആദ്യമായെത്തുന്നത്. അക്കാലത്ത് ധർമ്മസ്ഥലയിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്തിരുന്നു മിസിങ്ങ് കേസുകൾക്കെതിരെ പ്രതികരിക്കാൻ ആരും തയ്യാറായിരുന്നില്ല. എന്നാൽ അന്നും ഇതിനെതിരെ സംഘടിതമായി നിന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്ന് ദക്ഷിണ കന്നടയിലെ സിപിഎം നേതാവായ ബി എം ബട്ട് അഴിമുഖത്തോട് പറഞ്ഞു.
കർണ്ണാടകയിലെ മറ്റു ക്ഷേത്രഭരണ സമിതികളെപ്പോലെ ധർമ്മസ്ഥലയ്ക്ക് പ്രത്യേക ഭരണസമിതിയില്ല. ഡോ വീരേന്ദ്ര ഹെഗ്ഗഡയുടെ വ്യക്തിപരമായ നിയന്ത്രണത്തിലാണ് ക്ഷേത്രം. കേസുമായി ബന്ധപ്പെട്ട് വീരേന്ദ്ര ഹെഗ്ഗഡ ഒരു പൊതു പ്രസ്താവനയും ഇതുവരെ നടത്തിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് വീരേന്ദ്ര ഹെഗ്ഗഡയുടെ സഹോദരൻ ഹർഷേന്ദ്ര കുമാർ ബെംഗളൂരു സിറ്റി സിവിൽ കോടതിയിൽ നിന്ന് 339 പത്രപ്രവർത്തകർക്കെെതിരെ കേസ് നൽകിയിരുന്നു. കേസിലെ മാധ്യമ റിപ്പോർട്ടിംഗ് നിശബ്ദമാക്കാനുള്ള ഈ ശ്രമത്തെ സിറ്റി സിവിൽ കോടതി ചോദ്യം ചെയ്തിട്ടുണ്ട്.
content summary: In Dharmasthala, the state has provided protection to the Dharmadhikari of the temple, and there is pressure on the SIT
This post was last modified on July 25, 2025 5:27 pm
Leave a Comment