February 13, 2025 |

ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ഋതുവിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പോലിസ്‌

പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് പോലിസിന്റെ നീക്കം

എറണാകുളം ചേന്ദമംഗലത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതി ഋതു ജയന് മാനസിക പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലെന്ന് മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍ വ്യക്തമാക്കി. പ്രതി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് പോലിസിന്റെ നീക്കം, ഇതിനായി നാളെ കസ്റ്റഡി അപേക്ഷ നല്‍കും.

ഋതുവിന് മാനസിക പ്രശ്‌നങ്ങളുണ്ട് എന്ന തരത്തില്‍ ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സ്ഥിരം പ്രശ്‌നങ്ങളുണ്ടാക്കാറുള്ള ഇയാള്‍ മാനസിക പ്രശ്‌നങ്ങളുള്ളതായി പറഞ്ഞാണ്് പല കേസുകളില്‍ നിന്നും തലയൂരിയിരുന്നത്. ചേന്ദമംഗലം കൂട്ടക്കൊലയ്ക്ക് പിന്നാലെ ഇയാളുടെ മാനസിക നില പരിശോധിച്ച പോലിസ്, മാനസിക പ്രശ്‌നങ്ങള്‍ക്ക് ഇയാള്‍ എവിടെയും ചികിത്സ തേടിയിട്ടില്ലെന്ന് കണ്ടെത്തി. നാട്ടുകാരടക്കം ഇയാള്‍ ലഹരിക്ക് അടിമയാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പ്രതി ലഹരിക്ക് അടിമയല്ലെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്. പ്രതിയെ ഒരിക്കല്‍ കൂടി പരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലിസ് തീരുമാനം.

ഇന്നലെയാണ് നാടിനെയൊന്നാകെ ഞെട്ടിച്ച ചേന്ദമംഗലം കൂട്ടക്കൊല നടന്നത്. ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളാണ് മരണപ്പെട്ടത്. കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസ് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലാണ്. കൊലപാതക ശേഷം ജിതിന്റെ ബൈക്കുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഋതുവിനെ ഹെല്‍മെറ്റില്ലാത്തതിനാല്‍ പോലിസ് ചോദ്യം ചെയ്തു. ഇതേ തുടര്‍ന്ന് പോലീസിനോട് ഭാവഭേതങ്ങളേതുമില്ലാതെ കുറ്റം തുറന്ന് പറയുകയായിരുന്നു. വേണുവിന്റെ കുടുംബവുമായി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലിസ് പറയുന്നു.

content summary; In the Chennamangalam murder case, police stated that Rithu Jayan does not have any mental health issues

×