അഴിമുഖം പ്രതിനിധി
മധ്യപ്രദേശിലെ വ്യാപം അഴിമതി കേസില്‍ പ്രധാനസാക്ഷിയായ പൊലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു. മദ്ധ്യപ്രദേശ് ഗവര്‍ണറായ റാം നരേഷ് യാദവിന്റെ മുന്‍ ഒഎസ്ഡിയായ ധന്‍രാജ് യാദവുമായി അടുപ്പമുള്ള സഞ്ജയ് യാദവാണ് മരിച്ചത്. രണ്ട് മാസം മുമ്പ് ഇയാള്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിച്ചുവെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ പറയുന്നത്. ഉത്തര്‍പ്രദേശുകാരനായ ഇയാള്‍ ഇന്നലെ ജബല്‍പൂര്‍ ഹൈക്കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു.
അതേസമയം, വ്യാപം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടും മധ്യപ്രദേശ് ഗവര്‍ണര്‍ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും കൊണ്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.
വ്യാപം അഴിമതിയുമായി ബന്ധപ്പെട്ടവരുടെ ദുരൂഹ മരണങ്ങള്‍ തുടരുമ്പോഴും അവയൊക്കെ കൊലപാതകമാണെന്ന് ഉറപ്പിക്കാവുന്ന തെളിവുകളില്ലെന്ന് പ്രത്യേക അന്വേഷണ സംഘ തലവന്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു. ടിവി ടുഡേയുടെ റിപ്പോര്‍ട്ടറായ അക്ഷയ് സിംഗ് മരിച്ചത് നാടന്‍ മദ്യം കഴിച്ചതിനാലാകാം എന്നും തലവനായ ചന്ദ്രേഷ് ഭൂഷണ്‍ പറഞ്ഞു. വ്യാപം കേസിലെ മരണങ്ങള്‍ അന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിലെ അംഗമായ വിജയ് രാമനും പറഞ്ഞു.