July 08, 2025 |
Share on

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്കും കൈകടത്താം; നിയമങ്ങള്‍ കടുപ്പിച്ച് ആദായ നികുതി വകുപ്പ്

2026 ഏപ്രില്‍ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും

നികുതി വെട്ടിപ്പ് തടയാന്‍ നിയമങ്ങള്‍ കടുപ്പിച്ച് ആദായ നികുതി വകുപ്പ്. 2026 ഏപ്രില്‍ ഒന്ന് മുതല്‍ നികുതിദായകരുടെ ഡിജിറ്റല്‍ അക്കൗണ്ടുകള്‍ പരിശോധിക്കാനും ആക്‌സസ് ചെയ്യാനും ആദായ നികുതി വകുപ്പിന് നിയമപരമായ അധികാരമുണ്ടായിരിക്കും.

സോഷ്യല്‍ മീഡിയ അക്കൗണ്ട്, വ്യക്തിഗത ഇമെയില്‍, ബാങ്ക് അക്കൗണ്ട്, ഓണ്‍ലൈന്‍ നിക്ഷേപ അക്കൗണ്ടുകള്‍, എന്നിവയടക്കം പരിശോധിക്കാന്‍ കഴിയും. ആധായ നികുതി വെട്ടിപ്പ് നടത്തിയതായോ ആദായ നികുതി അടച്ചിട്ടില്ലാത്ത വെളിപ്പെടുത്താത്ത വസ്തുക്കള്‍ ഉടമസ്ഥതയിലുണ്ടെന്ന് സംശയം ഉണ്ടാവുകയോ ചെയ്താലാണ് പരിശോധന നടത്തുക.

നിലവിലെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 132 പ്രകാരം, ഒരു വ്യക്തിക്ക് വെളിപ്പെടുത്താത്ത വരുമാനമോ സ്വത്തോ ഉണ്ടെന്ന് ഉദ്യോഗസ്ഥന് വിശ്വസിക്കാവുന്ന വിവരം ലഭിച്ചാല്‍ ആസ്തികളും വിവരങ്ങളും കണ്ടുകെട്ടാന്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് അനുവാദമുണ്ട്. ഇതിനായി പരിശോധിക്കേണ്ട വസ്തുക്കള്‍ സൂക്ഷിച്ച ലോക്കര്‍, മുറിയുടെ വാതില്‍ എന്നിവയുടെ താക്കോല്‍ ലഭിക്കാത്ത സാഹചര്യത്തില്‍ അവ തകര്‍ക്കാനും നിലവിലെ നിയമം അനുവദിക്കുന്നു. പുതിയ ആദായ നികുതി ബില്ലിന് കീഴിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

എന്താണ് വെര്‍ച്വല്‍ ഡിജിറ്റല്‍ സ്‌പേസ്?

പുതിയ നിയമപ്രകാരം സോഷ്യല്‍ മീഡിയ, ബാങ്ക് അക്കൗണ്ടുകള്‍, ട്രേഡിംഗ്, നിക്ഷേപ അക്കൗണ്ടുകള്‍, ഇമെയിലുകള്‍ എന്നിവ് ഒരു വ്യക്തിയുടെ വെര്‍ച്വല്‍ ഡിജിറ്റല്‍ ഇടമായി കണക്കാക്കുന്നു. കമ്പ്യൂട്ടറുകള്‍, ഇന്റര്‍നെറ്റ്, മറ്റ് സാങ്കേതികവിദ്യകള്‍ എന്നിവ ഉപയോഗിച്ച് ഉപയോക്താക്കള്‍ ഇടപഴകുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്ന ഏതൊരു ഡിജിറ്റല്‍ മേഖലയും ഇതില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ പുതിയ നിയമം അനുസരിച്ച് കംപ്യൂട്ടര്‍ സിസ്റ്റമോ വെര്‍ച്വല്‍ ഡിജിറ്റല്‍ സ്‌പേസിലേക്കോ പരിശോധിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നു.

ബില്ലില്‍ വ്യക്തമാക്കിയിട്ടുള്ള ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥര്‍ ആരൊക്കെ?

ജോയിന്റ് ഡയറക്ടര്‍ അല്ലെങ്കില്‍ അഡീഷണല്‍ ഡയറക്ടര്‍, ജോയിന്റ് കമ്മീഷണര്‍ അല്ലെങ്കില്‍ അഡീഷണല്‍ കമ്മീഷണര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി കമ്മീഷണര്‍, ആദായനികുതി ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ നികുതി റിക്കവറി ഓഫീസര്‍ തുടങ്ങിവര്‍ക്കാണ് ഡിജിറ്റല്‍ അക്കൗണ്ടുകള്‍ പരിശോധിക്കാനും ആക്‌സസ് ചെയ്യാനും അധികാരമുണ്ടായിരിക്കുക.

അതേസമയം, പുതിയ നിയമം, നിയമപരമായ വെല്ലുവിളികള്‍ക്ക് കാരണമാകുമെന്നും ഇന്ത്യയുടെ ഡിജിറ്റല്‍ സംവിധാനത്തിലുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യതയെയും സര്‍ക്കാരിന്റെ അതിരുകടന്ന ഇടപെടലിനെയും കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Summary: Income Tax Department Strengthens Rules for Accessing Social Media Accounts
Income Tax Department Rules

Leave a Reply

Your email address will not be published. Required fields are marked *

×