UPDATES

മൺസൂണിലെ ഇടിമിന്നൽ; കാരണമെന്ത് ?

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

                       

മൺസൂൺ കാലങ്ങളിൽ ഇടിമിന്നൽ ഉണ്ടാകുന്നത് കുറവാണെങ്കിലും, സമീപ കാലത്തായി ഇടിമിന്നലിന്റെ ശക്തി കൂടുന്നുണ്ട്. ഇത് പല അപകടങ്ങളിലേക്ക് വഴി വയ്ക്കുകയും ചെയ്യുന്നുണ്ട്. ഇടിമിന്നലേറ്റ് കൊല്ലം പുനലൂർ മണിയാറിൽ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ മരണപ്പെട്ടത് അടുത്തിടെയാണ്. ആഗോള താപനം മൂലമുള്ള കാലസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് ഇത്തരം പ്രതിഭാസങ്ങളുടെ ശക്തി കൂടുന്നതെന്ന് പറയുകയാണ് റഡാർ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ മനോജ് എം ജി. lightning strike

മഴയില്ലാതെയും ഇടിമിന്നൽ ഉണ്ടാകാറുണ്ടെങ്കിലും മൺസൂൺ കാലങ്ങളിൽ പൊതുവെ കുറഞ്ഞ തോതിലെ ഉണ്ടാകാറുള്ളൂ. മേഘങ്ങളും ഭൂമിയും തമ്മിലുള്ള അസന്തുലിതാവസ്ഥ മൂലമോ അല്ലെങ്കിൽ മേഘങ്ങൾക്കുള്ളിൽ തന്നെയോ ഉണ്ടാകുന്ന വൈദ്യുത ഡിസ്ചാർജാണ് മിന്നൽ. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള തുലാവർഷ സമയത്താണ് കേരളത്തിൽ ഇടിമിന്നൽ കൂടുതൽ ഉണ്ടാകാറുള്ളത്. മാർച്ച് മുതൽ മെയ് വരെയുള്ള വേനൽ മഴയുടെ സമയത്തും ശക്തമായ ഇടിമിന്നൽ ഉണ്ടാകാറുണ്ട്. പക്ഷെ അടുത്തിടെയായി മൺസൂൺ സമയങ്ങളിലും ഇടിമിന്നൽ കൂടി വരുന്ന സാഹചര്യമാണുള്ളത്. ഇതിന്റെ പ്രധാന കാരണം ഇടിമിന്നൽ ഉണ്ടാക്കാൻ കാരണമാകുന്ന ക്യുമുലോനിംബസ് മേഘങ്ങൾ അഥവാ കൂമ്പാര മേഘങ്ങൾ കൂടി എന്നതാണ്. ചില സമയങ്ങളിൽ ഈ മേഘങ്ങൾ 15 മീറ്ററോളം കനത്തിൽ രൂപപ്പെടും, ഇവയുടെ മേൽ ഭാഗത്ത് നാലു മുതൽ നാലര കിലോമീറ്റർ കഴിഞ്ഞാൽ താപനില പൂജ്യത്തിന് താഴെ ആയിരിക്കും. ഈ ഭാഗങ്ങളിൽ ഗ്രോപൽ ( എസിന്റെ മറ്റൊരു രൂപം, സ്നോ പെല്ലറ്റുകൾ ) രൂപപ്പെടും. ഗ്രോപൽ കണങ്ങൾ കൂടുതൽ ഉണ്ടാകുമ്പോഴാണ് മേഘങ്ങളിൽ കൂടുതൽ ചാർജ് ഉണ്ടാകുന്നത്, ഇത് ഡിസ്ചാർജ് ചെയ്യുമ്പോൾ കൂടുതൽ ശക്തിയുള്ള മിന്നൽ ഉണ്ടാകുന്നു. ഇത്തരത്തിൽ ഭീമാകാരമായ മഴ മേഘങ്ങൾ ഉണ്ടാകുമ്പോഴാണ് വലിയ തോതിലുള്ള ഇടിമിന്നൽ ഭൂമിയിൽ പതിക്കുന്നത്.

ശക്തമായ ഇടിമിന്നൽ മൺസൂൺ മഴ കാലത്ത് ഉണ്ടാകണമെങ്കിൽ അതിന് തക്ക വിധത്തിലുളള ഊർജ്ജം രൂപപ്പെടേണ്ടതുണ്ട്. താപം ഉയർന്ന് ഭൂമിയും അന്തരീക്ഷവും ചൂടുപിടിച്ചാൽ മാത്രമേ വെർട്ടിക്കൽ ഡെവലപ്മെന്റ് ഉണ്ടാകൂ. പക്ഷെ മൺസൂൺ കൃത്യസമയത്ത് എത്തിയെങ്കിലും ശക്തമായിട്ടില്ല. മഴ പെയ്യുന്നുണ്ടെങ്കിലും അറബിക്കടൽ ചൂടുപിടിച്ച അവസ്ഥയിലാണുള്ളത്. മഴക്കാലമാണെങ്കിലും കേരള തീരത്തോട് ചേർന്ന അറബിക്കടലിൽ ഇപ്പോഴും 29 – 30 ഡിഗ്രി സെൽഷ്യസ് ചൂടായ നിയലയിലാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ 30 വർഷത്തെ ശരാശരി കണക്കെടുത്ത് നോക്കിയാൽ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെയുള്ള അറബിക്കടലിന്റെ ഭാഗം ഒന്ന് മുതൽ രണ്ട് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടിയതായി കാണാൻ സാധിക്കും. അസ്വാഭാവികമായി കടൽ ചൂട് പിടിക്കുന്നത് കൊണ്ടാണ് ഭീമാകാരമായ കൂമ്പാര മേഘങ്ങൾ ഉണ്ടാകുന്നതിനുള്ള ഊർജ്ജം പ്രധാനം ചെയ്യുന്നത്.

ഇത്തരത്തിൽ കടൽ ചൂടാകുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ആഗോളതാപനമാണ്. കാലാവസ്ഥാ വ്യതിയാനകളുടെ ഭാഗമായി ഭൂമിയും സമുദ്രങ്ങളും ചൂട് പിടിക്കുന്നു അതിന്റെ അന്തരഫലമായി കൂടുതൽ ജലം ബാഷ്പീകരിക്കുകയും അത് മേലേക്കുയർന്ന് മേഘങ്ങൾ ഉണ്ടാകുകയും അവയിൽ ചാർജ് ഉണ്ടാകുകയും അത് ഇടിമിന്നലിലേക്ക് നയിക്കുകയും ചെയ്യും ഈ രീതിയിലാണ് ചാക്രിക പ്രക്രിയ നടക്കുന്നത്. മൺസൂൺ ആണെങ്കിൽ പോലും ഇടവിട്ട് മഴയുള്ള സമയങ്ങളിൽ ശക്ത്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. മഴ കുറയുമ്പോൾ ഭൂമി വീണ്ടും ചൂട് പിടിക്കാൻ തുടങ്ങും പിന്നീട് ഒരു മഴ വരുമ്പോൾ തണുക്കുകയും ചെയ്യുമ്പോൾ മേല്പറഞ്ഞ പ്രക്രിയ നടക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ജനലും വാതിലും അടച്ചിടുകയും വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുകയും ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നതും ഒഴിവാക്കണം. കഴിയുന്നത്ര സമയം ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ വേണം ഇരിക്കാൻ. വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയങ്ങളിൽ ഇറങ്ങുവാൻ പാടില്ല.

 

content summary ;  climate change and increasing lightning strikes due to climate change

Share on

മറ്റുവാര്‍ത്തകള്‍