അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് രണ്ടാം തവണ അധികാരത്തിലെത്തുമ്പോൾ ആഗോള വ്യാപാരത്തിലുണ്ടായേക്കാവുന്ന മാറ്റങ്ങളെക്കുറിച്ച് ലോകരാജ്യങ്ങൾ നേരത്തെ തന്നെ ആശങ്ക അറിയിച്ചിരുന്നതാണ്. ട്രംപിന്റെ സമീപകാല താരിഫ് പ്രഖ്യാപനങ്ങൾ ഇതിനോടകം തന്നെ വിപണിയെ ഞെട്ടിച്ചിട്ടുണ്ട്. ഇന്ത്യയും ട്രംപിന്റെ താരിഫ് യുദ്ധത്തിൽ വലിയ വെല്ലുവിളി നേരിടുകയാണെന്ന് ബിബിസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
പകരച്ചുങ്കം അല്ലെങ്കിൽ തിരിച്ചടിച്ചുങ്കം ഏർപ്പെടുത്തുന്നതിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കില്ലെന്ന് ട്രംപ് ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയെ ‘നികുതി രാജാവ്’ എന്ന് വിളിച്ച ട്രംപ് ഇന്ത്യ കനത്ത തീരുവ ചുമത്തുന്നതിനാൽ അമേരിക്കൻ കമ്പനികൾക്ക് ഇന്ത്യയിൽ സാന്നിധ്യം അറിയിക്കാനും പ്രവർത്തിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്നും അറിയിച്ചിരുന്നു. ലോകത്ത് ഏറ്റവും ഉയർന്ന ഇറക്കുമതിത്തീരുവ ചുമത്തുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇന്ത്യയിലെ ശരാശരി ഇറക്കുമതി തീരുവ 12% ആണ്. യുഎസിൽ ഇത് 2.2 ശതമാനവും ചൈനയിൽ ഇത് 3 ശതമാനവുമാണ്.
ഉയർന്ന നികുതി ബിസിനസുകളുടെ ചെലവ് വർദ്ധിപ്പിക്കുകയും ഇന്ത്യക്കാർക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾ കൂടുതൽ ചെലവേറിയതാക്കുകയും ചെയ്യുന്നു. കയറ്റുമതി വർദ്ധിച്ചുവരുന്നുണ്ടെങ്കിലും ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ പങ്ക് കുറവാണ്. മാത്രമല്ല ഇത് വ്യാപാര കമ്മി സൃഷ്ടിക്കുകയും ചെയ്യുന്നു.
ഈ അവസരത്തിൽ ഇന്ത്യ സമ്പദ്‌വ്യവസ്ഥ കൂടുതൽ മെച്ചപ്പെടുത്തുമോ അതോ സംരക്ഷണവാദ നയങ്ങളിൽ ഉറച്ചുനിൽക്കുമോ എന്നതാണ് നിരീക്ഷകർ ഉയർത്തുന്ന ചോദ്യം.
കഴിഞ്ഞ മാസം നടന്ന ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി ബർബൺ വിസ്കി, മോട്ടോർ സൈക്കിളുകൾ തുടങ്ങിയ ചില യുഎസ് ഉൽപ്പന്നങ്ങളുടെ തീരുവ ഇന്ത്യ കുറച്ചിരുന്നു. വാണിജ്യ കരാറിനെക്കുറിച്ച് ചർച്ച ചെയ്യാനായി വാണിജ്യ മന്ത്രി പീയൂഷ് ഗോയലും രണ്ടുതവണ യുഎസ് സന്ദർശിച്ചു. യുകെ, യൂറോപ്യൻ യൂണിയൻ, ന്യൂസിലൻഡ് എന്നിവയുമായും ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുകൾ ചർച്ച ചെയ്യുന്നുണ്ട്.
2000 ത്തിലെ ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ചക്ക് കാരണമായത് ആഗോള വ്യാപാരവും കുറഞ്ഞ താരിഫുകളുമാണ്. എന്നാൽ സമീപകാല സംരക്ഷണവാദ നയങ്ങൾ ഉൽപ്പാദനത്തെയും കയറ്റുമതിയെയും പ്രതികൂലമായി ബാധിച്ചു. ഇന്ത്യയുടെ ഉയർന്ന താരിഫുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ആഗോള വ്യാപാരത്തിൽ ചെറിയ പങ്ക് മാത്രമുള്ള ഇന്ത്യയ്ക്ക് ഒരു വ്യാപാര യുദ്ധം ബുദ്ധിമുട്ടുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധ രാജേശ്വരി സെൻഗുപ്ത അഭിപ്രായപ്പെടുന്നതായി ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു. താരിഫ് ഉയർത്തുന്നതിനുപകരം കയറ്റുമതി വർദ്ധിപ്പിക്കുന്നതാണ് ഉചിതമായ തീരുമാനമെന്നും രാജേശ്വരി സെൻഗുപ്ത പറഞ്ഞു.
ദക്ഷിണേഷ്യയുമായുള്ള വ്യാപാര തടസങ്ങൾ കുറയ്ക്കുന്നതിലൂടെയും തെക്കുകിഴക്കൻ ഏഷ്യയുമായും മിഡിൽ ഈസ്റ്റുമായും ശക്തമായ ബന്ധം കെട്ടിപ്പടുക്കുന്നതിലൂടെയും വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി മാറാൻ ഇന്ത്യക്ക് കഴിയും. താരിഫ് കുറയ്ക്കുന്നത് കൂടുതൽ ആഗോള ബിസിനസുകളും നിക്ഷേപങ്ങളും ആകർഷിക്കാനും സഹായിക്കും. ഈ മാറ്റം അത്യാവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇടയാക്കും.
താരിഫ് കുറയ്ക്കുന്നത് വിദേശ കമ്പനികളുടെ വിലകുറഞ്ഞ സാധനങ്ങൾ ഇന്ത്യയിലേക്ക് ധാരാളമായി എത്തുമോ എന്നതാണ് ഉയരുന്ന ആശങ്ക. ഡംപിങ്ങ് പ്രാദേശിക വ്യവസായങ്ങളെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.
ആശങ്കകൾക്കിടയിലും ട്രംപിന്റെ വ്യാപാര യുദ്ധങ്ങൾ ഇന്ത്യയെ വ്യാപാര പരിഷ്കാരങ്ങളിലേക്ക് എത്തിക്കുമെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതിവർഷം ഇന്ത്യയും യുഎസും തമ്മിൽ ശരാശരി 190 ബില്യൻ ഡോളറിന്റെ വ്യാപാരം നടക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യുഎസ് ഈടാക്കുന്ന ഇറക്കുമതി നികുതി ശരാശരി 3.3 ശതമാനമേയുള്ളൂ. ഇന്ത്യയും ശരാശരി 3.3 ശതമാനത്തിലേക്ക് ഇറക്കുമതിത്തീരുവ കുറച്ചില്ലെങ്കിൽ പകരച്ചുങ്കം നേരിടേണ്ടി വരുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യുഎസ് തീരുവ ഉയർത്തിയാൽ ഇന്ത്യൻ കയറ്റുമതി കമ്പനികൾക്ക് അത് വലിയ തിരിച്ചടിയാകുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
Content summary: India faces challenges from Trump’s tariff policy; How will US tax reforms affect India?
Trump’s tariff policy