ഇന്ത്യ ഗേറ്റ് പ്രതിഷേധം; വിദ്യാര്‍ത്ഥികള്‍ക്കെതിരേ നക്‌സല്‍ ബന്ധം ആരോപിച്ച് പൊലീസ്, തെളിവായി ഇന്‍സ്റ്റ പോസ്റ്റുകള്‍

വായു മലിനീകരണത്തിനെതിരായ പ്രതിഷേധമായിരുന്നു നടന്നത്

india gate protest

ഇന്ത്യ ഗേറ്റില്‍ നടന്ന പ്രതിഷേധത്തില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തടയാന്‍ ഡല്‍ഹി പൊലീസ് ആരോപിക്കുന്നത് ‘ നക്‌സല്‍ ബന്ധം’. അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് നക്‌സല്‍ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് വാദിക്കുന്നത്. വായു മലിനീകരണ പ്രശ്‌നം ഉയര്‍ത്തിയായിരുന്നു നവംബര്‍ 23 ന് ഇന്ത്യ ഗേറ്റിന് മുന്നില്‍ പ്രതിഷേധം നടന്നത്.

അറസ്റ്റിലായവരില്‍ ആറു പേരുടെ ജാമ്യാപേക്ഷ കോടതിയില്‍ പരിഗണിക്കവെയാണ്, പൊലീസ് നക്‌സല്‍ ആരോപണം ഉയര്‍ത്തുന്നത്. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിനിടയില്‍ നക്‌സല്‍ പ്രസ്ഥാനത്തെ പിന്തുണച്ചു കൊണ്ട് മുദ്രാവാക്യം മുഴക്കിയെന്നും, ഇവരുടെ നക്‌സല്‍ ബന്ധത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നുമാണ് പൊലീസ് കോടതിയില്‍ പറഞ്ഞത്.

23 വിദ്യാര്‍ത്ഥികളെയാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഭൂരിഭാഗം പേരും ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികളാണ്. ഭഗത് സിംഗ് ഛത്ര ഏക്ത മഞ്ച്(ബിഎസ് സി ഇ എം), പരിസ്ഥിതി ഗവേഷക സംഘടനയായ ഹിംകന്ദ് എന്നീ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരായിരുന്നു പ്രതിഷേധത്തില്‍ ഭാഗമായത്.

വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഡല്‍ഹി കോടതിയില്‍ ബിഎസ്‌സിഇഎമ്മിന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് പൊലീസ് ഹാജരാക്കിയിരുന്നു. ആ പോസ്റ്റ് മാവോയിസ്റ്റ് നേതാവായിരുന്ന മാധ്‌വി ഹിദ്മയെ മഹത്വവത്കരിക്കുന്നതാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മാസം ആന്ധ്രയില്‍ വച്ച് മാധ്‌വി ഹിദ്മയെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.

അന്വേഷണത്തിനിടെ, ബിഎസ്സിഇഎമ്മിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ‘ഫാസിസ്റ്റ് ഇന്ത്യന്‍ സ്റ്റേറ്റിന്റെ സഖാവ് മാധ്‌വി ഹിദ്മയെയും മറ്റ് ആറ് പേരെയും വ്യാജ ഏറ്റുമുട്ടലിലാണ് വധിച്ചതെന്ന് പരാമര്‍ശിക്കുന്ന ഒരു പോസ്റ്റ് കണ്ടെത്തിയെന്നാണ് പട്യാല ഹൗസ് കോടതിയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേിനു മുമ്പാകെ സമര്‍പ്പിച്ച ആറ് പ്രതികളുടെ ജാമ്യാപേക്ഷകള്‍ക്കുള്ള മറുപടിയില്‍ ഡല്‍ഹി പോലീസ് പറയുന്നത്. ഹിദ്മയെ മഹത്വവല്‍ക്കരിക്കുന്ന എട്ട് പേജുള്ള ഒരു ലേഖനം ഇന്‍സ്റ്റാഗ്രാം പേജില്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. ‘മാധ്‌വി ഹിദ്മയ്ക്ക് റെഡ് സല്യൂട്ട്, രക്തസാക്ഷികളുടെ രക്ത കടം വീട്ടും. വിപ്ലവ രക്തസാക്ഷികള്‍ നീണാള്‍ വാഴട്ടെ. മാര്‍ക്‌സിസം, ലെനിനിസം, മാവോയിസം നീണാള്‍ വാഴട്ടെ’ എന്നീ മുദ്രാവാക്യങ്ങളും ഉണ്ടെന്നാണ് ഇന്‍സ്റ്റ പോസ്റ്റ് ഉദ്ധരിച്ച് പോലീസ് പറഞ്ഞത്.

മറ്റൊരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍, പ്രതികളില്‍ മൂന്ന് പേര്‍ ‘റാഡിക്കല്‍ സ്റ്റുഡന്റ്‌സ് യൂണിയനെ (ആര്‍എസ്യു) മഹത്വവത്കരിക്കുന്ന ഗാനങ്ങള്‍ ആലപിക്കുന്നുണ്ടെന്നും പൊലീസ് ജാമ്യാപേക്ഷയെ എതിര്‍ത്ത് സമര്‍പ്പിച്ച അപേക്ഷയില്‍ ആരോപിക്കുന്നുണ്ട്. ആര്‍എസ് യു രാജ്യത്ത് നിരോധിച്ച സംഘടനയാണെന്നും മാവോയിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഒരു മുന്നണിയായിരുന്നു അതെന്നും അവരെ പ്രശംസിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നതെന്നുമാണ് പൊലീസ് പറയുന്നത്.

രണ്ട് എഫ് ഐ ആറുകളാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പൊതുസ്ഥലത്തെ ആക്രമണം, പൊലീസിനെ തടസ്സപ്പെടുത്തല്‍, സ്ത്രീകളെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആദ്യത്തെ കേസില്‍ എട്ട് പ്രതിഷേധക്കാര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നെങ്കിലും രണ്ടാമത്തെ കേസില്‍ അവരെ അറസ്റ്റ് ചെയ്തു. 23 പ്രതിഷേധക്കാരില്‍ 21 പേരും ജുഡീഷ്യല്‍ അല്ലെങ്കില്‍ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ രണ്ട് കേസുകളിലും പ്രതികളാക്കിയിട്ടുമുണ്ട്.

Content Summary: India Gate protest. Naxal , Marxist support, police oppose student’s bail

This post was last modified on December 2, 2025 8:05 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment