ഔദ്യോഗിക സംവിധാനം കുടുംബ താത്പര്യങ്ങള്‍ക്കായി ദുര്യുപയോഗം ചെയ്ത കിരണ്‍ ബേദിയെക്കുറിച്ചുള്ള സ്‌ഫോടനാത്മക വിവരങ്ങള്‍ ഒരു സംയുക്ത അന്വേഷണ റിപ്പോര്‍ട്ടിന്റെ ഭാഗമായി അഴിമുഖം പ്രസിദ്ധീകരിച്ചിരുന്നു(സ്വന്തം മകളെ നിരീക്ഷിക്കാന്‍ കിരണ്‍ബേദി ഉപയോഗിച്ചത് ഡല്‍ഹി പോലീസിന്റെ നിരീക്ഷണ സംവിധാനങ്ങള്‍). സ്വന്തം മകളുടെയടക്കം സ്വകാര്യതയിലേക്ക് കടന്നു കയറാനായി ഡല്‍ഹി പൊലീസിനെ ബേദി ഉപയോഗിച്ചു. മകള്‍ സൈന ബേദിയെയും അവരുടെ പങ്കാളിയെയും പിന്തുടരാന്‍ ഡല്‍ഹി പൊലീസിനെ കൊണ്ട് ഫോണ്‍ ടാപ്പ് ചെയ്യിക്കാന്‍ അധികാരം കൊണ്ട് അവര്‍ക്കായി. ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നു കയറിയെന്നതുമാത്രമല്ല, അതീവ ഗുരുതരമായൊരു കുറ്റകൃത്യത്തെ മകള്‍ക്കു വേണ്ടി അവര്‍ മറച്ചു വയ്ക്കുകയും ചെയ്തു. സൈനയും പങ്കാളി സുരി ഗോപാലും ചേര്‍ന്ന് നടത്തിയ വിസ വാഗ്ദനം നല്‍കിയുള്ള സാമ്പത്തിക തട്ടിപ്പിനെ കുറിച്ചാണ് ബേദി മൗനം പാലിച്ചത്.
കിരണ്‍ ബേദിക്കു വേണ്ടി നടത്തിയ ഈ നിയമവിരുദ്ധ നിരീക്ഷണം മറ്റൊരു പ്രമാദ കേസിനെയും വീണ്ടും ജനമധ്യത്തില്‍ കൊണ്ടുവരുകയാണ്. ഇന്ത്യയുടെ അഭിമാനത്തിന് ക്ഷതമേറ്റൊരു ലൈംഗികാതിക്രമ കേസ്. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ നയതന്ത്രജ്ഞ, ഇന്ത്യന്‍ തലസ്ഥാനത്ത് അപമാനിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലെ നിര്‍ണായക തെളിവുകള്‍ നിയമവിരുദ്ധ നിരീക്ഷണത്തിന്റെ ഭാഗമായി കിട്ടിയിട്ടും അതു മറച്ചുവെച്ചുവെന്നാണ് അന്വേഷണത്തില്‍ മനസിലായത്. ഇന്നുവരെയും ഈ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നിടത്താണ്, മറച്ചുവയ്ക്കപ്പെട്ട തെളിവുകളുടെ പ്രാധാന്യം വലുതാകുന്നത്.
സിരി ഫോര്‍ട്ട് പീഡന കേസ്
2003 ഒക്ടോബര്‍ 14 നാണ് സ്വിസ് എംബസിയുടെ വിസ വിഭാഗത്തില്‍ പുതിയതായി എത്തിയ 28 കാരി ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയാകുന്നത്. സിരി ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ 34 മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ച റഷ്യന്‍ സിനിമ കാണാനെത്തിയതായിരുന്നു അവര്‍. സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ രാത്രി പത്തു മണിയോട് അടുത്തായിരുന്നു. പാര്‍ക്കിംഗ് ഗ്രൗണ്ടിലുള്ള തന്റെ ക്വാളിസ് വാഹനത്തിന് അടുത്തെത്തിയ ആ സ്വിസ് വനിത തന്നെ കാത്ത് അവിടെ വലിയൊരു അപകടം ഉണ്ടെന്ന് കരുതിയതേയില്ല.
സിരി ഫോര്‍ട്ട് ഓഡിറ്റോറിയം
അതേ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഒരു മാരുതി സെന്‍ കിടക്കുന്നുണ്ടായിരുന്നു. നാല് പേര്‍ ആ കാറിനുള്ളിലുണ്ടായിരുന്നു. ഇരുട്ട് മൂടിയിരുന്ന പ്രദേശത്ത്, കാറില്‍ ഉണ്ടായിരുന്ന നാലുപേരും ആ യുവതിയെ കണ്ടു. രണ്ടുപേര്‍ വേഗം തന്നെ കാറില്‍ നിന്നും ഇറങ്ങി. വണ്ടിക്കരികില്‍ എത്തിയ യുവതിയെ അവര്‍ പിടികൂടി ക്വാളിസിന്റെ ഉള്ളിലേക്ക് തള്ളിയിട്ടു. ഒരാള്‍ വേഗം തന്നെ ക്വാളിസിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി വണ്ടിയെടുത്തു. പിന്നില്‍ ആ നിസ്സഹായായ യുവതിയെ രണ്ടാമന്‍ അതിക്രൂരമായ പീഡനത്തിന് വിധേയയാക്കി. 20 മിനിട്ടോളം ആ ഉപദ്രവം തുടര്‍ന്നു. അഞ്ചു കിലോമീറ്ററോളം അതിനകം വണ്ടിയോടിയിരുന്നു. ഒടുവില്‍ ഐഐടി ഗേറ്റിന് സമീപം ആ സ്ത്രീയെ തള്ളിയിട്ടിട്ട് അക്രമികള്‍ സ്ഥലം വിട്ടു.
തന്റെ ലൈംഗികാസക്തി ശമിച്ചശേഷം അക്രമി യുവതിയുടെ പേഴ്‌സ് പരിശോധിച്ചു. അതില്‍ നിന്നും കിട്ടിയ തിരിച്ചറിയില്‍ രേഖയില്‍ നിന്ന് യുവതി ഒരു സ്വിസ് നയതന്ത്രജ്ഞയാണെന്ന് അയാള്‍ മനസിലാക്കി എന്നാണ് 2023 ഒക്ടോബര്‍ 17 ലെ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് അക്രമി യുവതിയോട് സ്വിറ്റ്‌സര്‍ലന്‍ഡിനെക്കുറിച്ച് കുറേനേരം സംസാരിച്ചു. പിന്നീടയാള്‍ നിര്‍ബന്ധിച്ചത്, നയതന്ത്രജ്ഞയുടെ അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡിന്റെ പിന്‍ (പേഴ്‌സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍) വെളിപ്പെടുത്താനായിരുന്നു. ശാരീരികമായി ഉപദ്രവിക്കുക മാത്രമല്ല, ആ യുവതിയുടെ ക്രെഡിറ്റ് കാര്‍ഡും ഡയമണ്ട് മോതിരവും അയാള്‍ മോഷ്ടിക്കുകയും ചെയ്തു.
അക്രമികള്‍ ഉപേക്ഷിച്ചശേഷം നയതന്ത്രജ്ഞ സ്വിസ് എംബസിയില്‍ വിളിച്ചു. ഡല്‍ഹി പൊലീസിലും വിവരം അറിയിച്ചു. അന്ന് തന്നെ യുവതിയെ എയിംസില്‍ പ്രവേശിച്ചു. വൈദ്യപരിശോധനയില്‍ അവര്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടു.
കാണാന്‍ പഞ്ചാബിയെ പോലെ, നന്നായി ഇംഗ്ലീഷ് സംസാരിച്ചു
അതിജീവിത നല്‍കിയ വിവരങ്ങള്‍ അനുസരിച്ച്, അക്രമി വിദ്യാഭ്യാസമുള്ള, വരേണ്യ വര്‍ഗത്തില്‍പ്പെട്ട ഒരാളാണ്. ഇന്ത്യന്‍ സംസ്‌കാരത്തെയും മൂല്യങ്ങളെക്കുറിച്ചും അയാള്‍ സംസാരിച്ചിരുന്നുവെന്നും നയതന്ത്രജ്ഞയുടെ മൊഴിയിലുണ്ട്. അയാള്‍ നന്നായി ഇംഗ്ലീഷ് സംസാരിച്ചിരുന്നു, നല്ല വസ്ത്രങ്ങളായിരുന്നു ധരിച്ചത്, അയാള്‍ക്ക് വിദേശികളുമായി ഇടപഴകി പരിചയവുമുണ്ടായിരുന്നു.
ഈ കേസിന്റെ അന്വേഷണത്തിന് ആദ്യഘട്ടത്തില്‍ നേതൃത്വം നല്‍കിയവരില്‍ ഒരു ഉദ്യോഗസ്ഥന്‍ ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞ സമയത്ത് ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിച്ചിരുന്നു. അദ്ദേഹം ഇപ്പോഴും ആ കേസ് ഡയറി സൂക്ഷിക്കുന്നുണ്ട്. അതില്‍ അക്രമിയെക്കുറിച്ച് അതിജീവിത നല്‍കിയ വിവരങ്ങള്‍ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്; കാണാന്‍ ഒരു പഞ്ചാബിയുടെ ഛായ, ജിംനേഷ്യത്തില്‍ വരുന്നതുപോലെയായിരുന്നു, അയാളുടെ മുടി നനഞ്ഞിരുന്നു, പുതിയ ഡിയോഡറന്റ് ഉപയോഗിച്ചിരുന്നു, നന്നായി അയാള്‍ ഇംഗ്ലീഷ് വായിച്ചു, എനിക്ക് എയ്ഡ്‌സ് ഉണ്ടെന്ന് അയാള്‍ അതിജീവിതയോട് പറഞ്ഞു, ചെറിയ രൂപത്തിലുള്ള സിപ്പോ-ലൈറ്റര്‍ കൈവശമുണ്ടായിരുന്നു, ഹിന്ദി സിനിമകളെ കുറിച്ച് സംസാരിച്ചു, ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിച്ചു, സിഗററ്റിന് ‘ഫാഗ്’ എന്നായിരുന്നു അയാള്‍ പറഞ്ഞിരുന്നത്.
സംഭവം നടന്നതിന്റെ രണ്ടാം ദിവസം അതിജീവിത ഇന്ത്യ വിട്ടു. അവര്‍ പിന്നീട് ഈ കേസുമായി സഹകരിക്കാന്‍ തയ്യാറായില്ല. പൊലീസ് അവരെ ഫോണിലും ഇമെയ്ല്‍ വഴിയും ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ അനുകൂല പ്രതികരണം ഉണ്ടായില്ല.
” നിങ്ങള്‍ മുന്നോട്ടു പോകൂ, കഴിയുമെങ്കില്‍ അയാളെ പിടികൂടൂ, ഞാനെന്തായാലും ഇനി ഇന്ത്യയിലേക്കില്ല” ഇതായിരുന്നു തന്നെ ബന്ധപ്പെട്ടൊരു പൊലീസ് ഉദ്യോഗസ്ഥനോട് അവര്‍ പറഞ്ഞത്.
ചോദ്യം ചെയ്തത് 4000 ഓളം പേരെ
സ്വിസ് നയതന്ത്രജ്ഞയ്‌ക്കെതിരേ നടന്ന ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്തതിന്റെ പിറ്റേദിവസം തന്നെ, പ്രതിയെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് നാല് ലക്ഷം രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചു. പ്രയോജനമുണ്ടായില്ല. രണ്ടു കൊല്ലത്തോളം കൊണ്ട് 4,000 ത്തോളം പുരുഷന്മാരെ ഈ കേസിന്റെ ഭാഗമായി പൊലീസ് ചോദ്യം ചെയ്തു. ലക്ഷക്കണക്കിന് ഫോണ്‍ കോളുകള്‍ പരിശോധിച്ചു. ഡല്‍ഹി കണ്ട ഏറ്റവും വലിയ മനുഷ്യവേട്ടയ്ക്കാണ് ഡല്‍ഹി പൊലീസ് ഇറങ്ങിയത്, പക്ഷേ, ഇന്ത്യയുടെ തല കുനിഞ്ഞ കേസില്‍ ആരും പിടിക്കപ്പെട്ടില്ല. പൊലീസ് എല്ലായിടത്തും തിരഞ്ഞു. വീടുകള്‍, പബ്ബുകള്‍, ഡിസ്‌കോതെക്കുകള്‍, ആശുപത്രികള്‍… പ്രതി തനിക്ക് എയ്ഡ്‌സ് ഉണ്ടെന്ന് അതിജീവിതയോട് പറഞ്ഞിരുന്നതുകൊണ്ട് ആശുപത്രികളില്‍ കാര്യമായ പരിശോധന നടന്നു.
‘ഞങ്ങള്‍ എല്ലാ ആശുപത്രികളിലെയും മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു. 20-35 പ്രായത്തിനിടയിലുള്ള എച്ച്‌ഐവി പോസിറ്റീവ് ആയ എല്ലാവരെയും പരിശോധിച്ചു’ , മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറയുന്നു. സംഭവസ്ഥലത്ത് നിന്ന് കിട്ടിയ ഡിഎന്‍എ, വിരലടയാളം ഒന്നും പൊലീസിനെ സഹായിച്ചില്ല. സംശയം തോന്നിയ പലരുടെയും ഫോട്ടോ അതിജീവിതയ്ക്ക് അയച്ചു കൊടുത്തു, പക്ഷേ അവരാരും അല്ലായിരുന്നു. സ്വിസ് നയതന്ത്ര കാര്യാലയത്തിലെ ആരെങ്കിലും തന്നെയാണോ പ്രതിയെന്ന സംശയത്തില്‍ അങ്ങനെയൊരു സാധ്യതയും പൊലീസ് അന്വേഷിച്ചിരുന്നു.
സംഭവം നടന്ന് രണ്ട് വര്‍ഷത്തിനുശേഷം, അതിജീവിത നല്‍കിയ മൊഴികളോട് യോജിക്കുന്ന ഒരാളെക്കുറിച്ച് പൊലീസിന് രഹസ്യവിവരം കിട്ടി. തെക്കന്‍ ഡല്‍ഹിയിലെ ഒരു ഫാം ഹൗസില്‍ പൊലീസ് എത്തി. ഡിഎന്‍എ പരിശോധനയില്‍ അയാള്‍ അല്ല പ്രതിയെന്ന് തിരിച്ചറിഞ്ഞു. അതിജീവിതയുടെ വസ്ത്രത്തില്‍ നിന്നും അക്രമിയുടെ ശുക്ലം കിട്ടിയിരുന്നു. അതൊരു സുപ്രധാന തെളിവായിരുന്നു. പക്ഷേ പ്രയോജനം ചെയ്തില്ല.
പൊലീസിനെ വലച്ച മറ്റൊരു പ്രശ്‌നം, തെറ്റായ വിവരങ്ങളുമായി ആളുകള്‍ വിളിക്കുന്നതായിരുന്നു. ഓരോന്നിന്റെയും പിന്നാലെ പോയി പരാജയപ്പെട്ടു തിരിച്ചു വരുന്നത് പതിവായി. ലക്ഷകണക്കിന് ഫോണ്‍ കോളുകളാണ് പരിശോധിച്ചത്. സംഭവം നടന്ന ദിവസം ആ പ്രദേശത്ത് രാത്രി 10 മണിക്കും 12 മണിക്കും ഇടയില്‍ നടന്ന ഫോണ്‍ വിളികളുടെ എല്ലാം രേഖകള്‍ പരിശോധിച്ചു. കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് തയ്യാറാക്കിയ പ്രതിയുടെ രേഖാ ചിത്രം 123 പൊലീസ് സ്റ്റേഷനുകളിലേക്കാണ് അയച്ചു കൊടുത്തത്. തിഹാറിലെ തടവുകാരെ വരെ പൊലീസ് വിവരങ്ങള്‍ക്കായി സമീപിച്ചു. അതിജീവിതയുടെ സഹപ്രവര്‍ത്തകരെയും അയല്‍ക്കാരെയും ചോദ്യം ചെയ്തു. ദക്ഷിണ ഡല്‍ഹിയെ വെസ്റ്റ് എന്‍ഡ് അപ്പാര്‍ട്ട്‌മെന്റിലായിരുന്നു അതിജീവിത ഒറ്റയ്ക്ക് താമസിച്ചിരുന്നത്. സമ്പന്നരായ ആളുകള്‍ താമസിക്കുന്നിടമായിരുന്നു അത്. ഒന്നിനും ഫലമുണ്ടായില്ല.
വല്ലാത്ത അത്ഭുതം!
അസിസ്റ്റന് കമ്മീഷണറായിരുന്ന രാജേന്ദ്ര സിംഗ് ആയിരുന്നു കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്നത്. കേസ് തെളിയിക്കപ്പെടാതെ പോയതില്‍ ഏറെ നിരാശനായ ഉദ്യോഗസ്ഥന്‍. ഇത്രയൊക്കെ അന്വേഷണം നടത്തിയിട്ടും ഒരു തുമ്പ് പോലും കിട്ടാതെ പോയത് അത്ഭുതമാണെന്നാണ് സിംഗ് പറയുന്നത്. അദ്ദേഹത്തിന് പല സംശയങ്ങളുമുണ്ട്. ‘ എന്നോട് എന്തൊക്കയോ മറച്ചു വച്ചിരുന്നു. എന്റെ അന്വേഷണ സംഘത്തിന് എല്ലാ വിവരങ്ങളും കിട്ടിയിരുന്നില്ല. ചില നിര്‍ണായക വിവരങ്ങള്‍ മറച്ചുവച്ചതാകാം”.
ആരാണ് ഷാജി?
ഇത്രയും സുപ്രധാനമായൊരു കേസിലെ തെളിവുകള്‍-രാജ്യത്തിന്റെ അഭിമാനം രക്ഷിക്കാമായിരുന്ന തെളിവുകള്‍- കിരണ്‍ ബേദി നേതൃത്വം നല്‍കിയ നിയമവിരുദ്ധ ഫോണ്‍ ചോര്‍ത്തലില്‍ കിട്ടിയിരുന്നു.
2003 നവംബര്‍ 15 ന് പൊലീസ് ഉദ്യോഗസ്ഥനായ വേദ് ഭൂഷണ്‍ കിരണ്‍ ബേദിക്ക് അയച്ച(അവരുടെ യുഎന്‍ ഇമെയ്‌ലില്‍) മെയിലുകളില്‍ 56 പോയിന്റുകളുടെ അപഡേഷന്‍ ഉണ്ടായിരുന്നു. സൈനയെയും ഗോപാലിനെയും കുറിച്ചുള്ള രഹസ്യാന്വേഷണത്തിന്റെ വിവരങ്ങള്‍. സ്വകാര്യത കൂടാതെ, ഗോപാല്‍ നടത്തിവരുന്ന വിസ തട്ടിപ്പുകളെ കുറിച്ച് വിവരങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ടായിരുന്നു. ഇതിനൊപ്പമാണ് വളരെ നിര്‍ണായകമായൊരു വിവരവും വേദ് ഭൂഷണ്‍ കിരണ്‍ ബേദിയോട് പങ്കുവയ്ക്കുന്നത്.
ഗോപാല്‍ സുരിയും ഷാജി എന്നയാളും തമ്മില്‍ സ്വിസ് നയതന്ത്രജ്ഞയുടെ ബലാത്സംഗ കേസിനെ കുറിച്ച് ചര്‍ച്ച നടത്തിയെന്നാണ് ഭൂഷണ്‍ പറയുന്നത്. പൊലീസിന് ഷാജിയെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടോയെന്ന് ഗോപാല്‍ ആവര്‍ത്തിച്ചു ചോദിക്കുന്നുണ്ടെന്നാണ് ഭൂഷന്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ ഉജ്ജ്വല്‍ മിശ്രയെ അറിയിച്ചിട്ടുണ്ടെന്നും, ഷാജിയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും കിരണ്‍ ബേദിക്കുള്ള മെയ്‌ലില്‍ വേദ് ഭൂഷണ്‍ എഴുതുന്നു.
സ്വിസ് എംബസിയുമായി ബന്ധമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് സൈനയും ഗോപാലുമായി നടന്ന സംസാരങ്ങളും ഭൂഷണ്‍ കിരണ്‍ ബേദിയെ അറിയിക്കുന്നുണ്ട്. സ്വിസ് എംബസിയിലെ വിസ വിഭാഗം തലവനെകുറിച്ച് സംസാരിക്കുമ്പോള്‍ ആക്രമിക്കപ്പെട്ട യുവതിയുടെ പേര് പരാമര്‍ശിക്കുന്നുണ്ട്. എംബസിയുടെ വിസ വിഭാഗത്തിലെ പുതിയ ഉദ്യോഗസ്ഥന്റെ പേര് അറിയാന്‍ അവിടുത്തെ സെക്യൂരിറ്റി ഗാര്‍ഡായ ‘ റോണിക്ക്’ കൈക്കൂലി കൊടുത്ത കാര്യം സൈന ഗോപാലിനോട് പറയുന്നുണ്ട്.
വേദ് ഭൂഷണ്‍ പറഞ്ഞ ഷാജിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കിട്ടിയെങ്കിലും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ ഉജജ്വല്‍ മിശ്ര, അത് അന്വേഷണ സംഘ തലവനായ രാജേന്ദ്ര സിംഗിന് കൈമാറിയില്ല. ഇത്ര നിര്‍ണായകമായൊരു കേസിനെ സഹായിക്കുന്ന വിവരമായിട്ടും ഉജ്ജ്വല്‍ മിശ്ര അത് രാജേന്ദ്ര സിംഗിന് കൈമാറിയതായി തെളിവുകളില്ല. ഷാജിയെന്ന ആളെക്കുറിച്ചോ, അയാള്‍ക്ക് സ്വിസ് നയതന്ത്രജ്ഞയുടെ ബലാത്സംഗ കേസുമായി ബന്ധമുണ്ടോയെന്നതിനെ കുറിച്ചോ അന്വേഷണങ്ങളൊന്നും ഉണ്ടായില്ല. ആ വഴി പോകാന്‍ പൊലീസിന് കഴിഞ്ഞിരുന്നുവെങ്കില്‍ ഒരുപക്ഷേ… Swiss diplomat rape case and Kiran Bedi’s illegal surveillance for her daughter
Content Summary; Swiss diplomat rape case and Kiran Bedi’s illegal surveillance for her daughter
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.