2005-ല്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ടറായി എത്തുന്നതിന് എത്രയോ മുമ്പ് കിരണ്‍ ബേദിയെ കുറിച്ചറിയാം. ഒരു പക്ഷേ ഇന്ത്യയിലെ ഏറ്റവും അറിയപ്പെട്ടിരുന്ന പോലീസ് ഓഫീസര്‍ അവരായിരുന്നിരിക്കും. കെ.പി.എസ് ഗില്ലും കെ.വിജയകുമാറും നസ്രുള്‍ ഇസ്ലാമുമെല്ലാം പേരെടുത്തവരായിരുന്നുവെങ്കിലും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വരെ പരിചിതമായ പോലീസ് ഓഫീസര്‍ കിരണ്‍ ബേദിയായിരുന്നു. ആദ്യത്തെ വനിത ഐ.പി.എസുകാരി. 80 പേരുള്ള ഐ.പി.എസ് ബാച്ചിലെ ഒരേയൊരു സ്ത്രീ. അഴിമതിക്കെതിരെ, രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കെതിരെ, മയക്ക്മരുന്നിനും ഗുണ്ടായിസത്തിനുമെതിരെ, പണക്കൊഴുപ്പില്‍ സാധാരണക്കാര്‍ക്ക് നേരെ ആക്രമണവുമായി വരുന്നവര്‍ക്കെതിരെ എന്നിങ്ങനെ പോലീസ് സേനയില്‍ നിന്നുകൊണ്ട് കിരണ്‍ ബേദി നടത്തിയ പോരാട്ടങ്ങള്‍ ഒരു കാലത്ത് ദീര്‍ഘമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
അതുകൊണ്ട് തന്നെ തന്റെ കരിയറിന്റെ ഏറ്റവും ഉന്നത മുഹൂര്‍ത്തങ്ങളില്‍ മകളെ അനധികൃതമായി നിരീക്ഷിക്കാന്‍ ഡല്‍ഹി പോലീസിനെ കിരണ്‍ ബേദി ദുരുപയോഗിച്ചുവെന്ന വാര്‍ത്ത അങ്ങേയറ്റം അസ്വസ്ഥതപ്പെടുത്തുന്നതാണ്. തടവുകാരുടെ പോലും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടിരുന്ന ഒരു ഓഫീസര്‍ തന്റെ പദവി ഉപയോഗിച്ച് മകളടക്കം രണ്ട് പേരുടെ സ്വകാര്യതകളെ പൂര്‍ണമായും ലംഘിച്ചുകൊണ്ട് ഒരു അനധികൃത ഓപറേഷന്‍ നടത്തുക, അവരുടെ ഫോണുകള്‍ ടാപ്പ് ചെയ്യുക, അവര്‍ പോകുന്ന സ്ഥലങ്ങള്‍ നിരീക്ഷിക്കാനും ചലനങ്ങള്‍ ഒപ്പിയെടുക്കാനും ആളുകളെ വിടുക തുടങ്ങിയ എത്രയോ നിയമലംഘനങ്ങള്‍ അവര്‍ നടത്തി. അതവര്‍ സമ്മതിക്കുക മാത്രമല്ല, തന്റെ മകള്‍ക്ക് ജീവന് ഭീഷണിയുണ്ടായപ്പോള്‍ രക്ഷിക്കുക മാത്രമാണ് ചെയ്തത് എന്ന് ന്യായീകരിക്കുകയും ചെയ്യുന്നു. ഈ നിയമവിരുദ്ധ ഇടപാടുകള്‍ക്കൊപ്പം തന്റെ മകളും കൂട്ടാളിയും നടത്തുന്ന ക്രിമിനല്‍ തട്ടിപ്പ് കിരണ്‍ ബേദി മറച്ച് വയ്ക്കുകയും ചെയ്തു. അതുപോലെ തന്നെ രാജ്യത്തെ തന്നെ നാണക്കേടിലാക്കിയ ഒരു വലിയ കുറ്റകൃത്യത്തിന്റെ തെളിവുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടും അത് മറിച്ച് വയ്ക്കുകയും ചെയ്തു. സ്വന്തം മകളെ നിരീക്ഷിക്കാന്‍ കിരണ്‍ബേദി ഉപയോഗിച്ചത് ഡല്‍ഹി പോലീസിന്റെ നിരീക്ഷണ സംവിധാനങ്ങള്‍
കിരണ്‍ ബേദിയും മകള്‍ സൈന ബേദിയും
അതീവ ഗുരുതരമായ ഈ നിയമലംഘനങ്ങളും തെറ്റുകളും നടത്താന്‍ പോലീസ് സംവിധാനത്തെ കൂട്ട് പിടിച്ചതിന് തന്റെ കരിയറില്‍ പോസ്റ്റിങ് ലഭിച്ച ഇടങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ഓള്‍ഡ് ഡല്‍ഹി മുതല്‍ പാര്‍ലമെന്റ് മന്ദിരം വരെ നീളുന്ന ചാന്ദ്നി ചൗക്ക് മേഖലയില്‍ ലഭിച്ച ആദ്യപോസ്റ്റിങ് മുതല്‍ കിരണ്‍ ബേദി ശ്രദ്ധേയയായിരുന്നു. റോഡുകളിലെ പൂവാല ശല്യം മുതല്‍ സിഖ് തീവ്രവാദത്തിന്റെ ഡല്‍ഹി അലയൊലികള്‍ വരെ സമര്‍ത്ഥമായി കൈകാര്യം ചെയ്ത് തന്നെയാണ് കിരണ്‍ ബേദി കൈയടി നേടിയത്.
ഡല്‍ഹിയില്‍ ട്രാഫിക് ചുമതല നല്‍കുന്നത് ഒരുദ്യോഗസ്ഥനെ ശിക്ഷിക്കാനാണ് എന്നാണ് പൊതുവേ കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ എണ്‍പതുകളില്‍ ഡല്‍ഹി ഏഷ്യാഡിന് മുന്നോടിയായി ഡെപ്യൂട്ടി കമ്മീഷണര്‍ ട്രാഫിക്ക് ആയി ചുമതല ലഭിച്ച കിരണ്‍ ബേദി ഡല്‍ഹിയിലെ റോഡുകളെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചു. അനധികൃമായി പാര്‍ക്ക് ചെയ്യപ്പെട്ട വാഹനങ്ങള്‍ ക്രെയ്നുകള്‍ ഉപയോഗിച്ച് എടുത്തുമാറ്റി. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചും റോഡുകളില്‍ വന്‍ പ്രദര്‍ശനങ്ങള്‍ നടത്തിയും പണക്കൊഴുപ്പില്‍ തകര്‍ത്തിരുന്നവര്‍ ജയിലിലായി. കൊണാട്ട് പ്ലേസിനടുത്തുള്ള യൂസഫായി മാര്‍ക്കറ്റില്‍ തെറ്റായ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന പ്രധാനമന്ത്രി ഓഫീസിലെ കാര്‍ കിരണ്‍ ബേദിയുടെ സംഘത്തില്‍ പെട്ട ഉദ്യോഗസ്ഥന്‍ ക്രെയ്നുപയോഗിച്ച് എടുത്ത് മാറ്റിയത് വലിയ വാര്‍ത്തയും വിവാദവുമായി. എന്നാല്‍ അത് ചെയ്ത നിര്‍മ്മല്‍ സിങ്ങ് എന്ന ഓഫീസറെ കിരണ്‍ ബേദി പൂര്‍ണമായും പിന്തുണച്ചു. ഡല്‍ഹി ട്രാഫിക് പോലീസിന് ആദ്യമായി വാഹനങ്ങള്‍ ലഭിക്കുന്നതും പുതിയ ഉപകരണങ്ങള്‍ ലഭിക്കുന്നതും കിരണ്‍ ബേദിയുടെ കാലത്താണ്. ഡല്‍ഹി ഏഷ്യാഡിന്റെ വിജയത്തിന് പിന്നില്‍ ട്രാഫിക് പോലീസിന്റെ സഹായം വളരെ പ്രധാനമായിരുന്നു. അതുകൊണ്ട് തന്നെ ഏഷ്യാഡിന്റെ ഭാഗമായി ‘ഏഷ്യന്‍ ജ്യോതി’ എന്ന പുരസ്‌കാരം കിരണ്‍ ബേദിക്ക് നല്‍കി. എന്നാല്‍ തനിക്ക് മാത്രമായിട്ട് ഇത് വേണ്ട എന്നും ട്രാഫിക് ഡിപാര്‍ട്ട്മെന്റിനൊന്നാകെ അവകാശപ്പെട്ടതാണ് ഇത് എന്നുമായിരുന്നു അവരുടെ നയം.
വിവാദങ്ങളും പുരുഷന്മാരായ സീനിയര്‍ പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവുമായുള്ള കലഹവുമെല്ലാം അവരുടെ കരിയറിന്റെ ഭാഗമായിരുന്നു. ഗോവയിലേയ്ക്കുള്ള ആദ്യ ട്രാന്‍സ്ഫറും പിന്നീട് ഡല്‍ഹിലേയ്ക്കുള്ള തിരിച്ച് വരവും വളരെ ചര്‍ച്ചയായി. അതിനിടെ ഡല്‍ഹിയിലെ അഭിഭാഷകര്‍ക്ക് നേരെയുള്ള വലിയ ലാത്തി ചാര്‍ജ്ജിനെ തുടര്‍ന്ന് അവരെ ജോലിയില്‍ നിന്ന് പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് വക്കീല്‍മാര്‍ കോടതി ബഹിഷ്‌കരിച്ചു. അതിനെ തുടര്‍ന്നായിരുന്നു കിരണ്‍ ബേദിക്ക് മിസോറാമിലേയ്ക്ക് സ്ഥലം മാറ്റം. അവിടെയും സേന പരിഷ്‌കരണത്തിലൂന്നിയായിരുന്നു അവരുടെ പ്രവര്‍ത്തനം. മദ്യാസക്തി സംസ്ഥാനത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന അക്കാലത്ത് പോലീസുകാര്‍ക്ക് വേണ്ടി മദ്യവിമുക്ത കേന്ദ്രങ്ങള്‍ കിരണ്‍ ബേദി ആരംഭിച്ചത് വലിയ വിജയമായിരുന്നു. അവിടെയുള്ള കാലത്താണ് ‘ഗാര്‍ഹിക പീഡനവും മയക്കുമരുന്നും’ എന്ന വിഷയത്തില്‍ പി.എച്ച്.ഡിയും കിരണ്‍ ബേദി പൂര്‍ത്തിയാക്കിത്.
തിരിഞ്ഞ് നോക്കുമ്പോള്‍ കിരണ്‍ ബേദിയുടെ കരിയറിലെ ആദ്യത്തെ കളങ്കം സംഭവിക്കുന്നത് അക്കാലത്താണ്. അതും മകളുമായി ബന്ധപ്പെട്ടതാണ്. 1992-ല്‍ മകള്‍ സുകൃതി (സൈന)ക്ക് ഡല്‍ഹിയിലെ ലേഡി ഹാര്‍ഡിന്‍ജ് മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ലഭിച്ചു. മിസോറം ക്വാട്ടയിലായിരുന്നു അഡ്മിഷന്‍. മിസോ വംശജയല്ലാത്ത സുകൃതി മിസോറാം ക്വാട്ടയില്‍ പഠിക്കാനായി പ്രവേശിച്ചത് വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് വഴിയൊരുക്കി. മകള്‍ മെറിറ്റ് ലിസ്റ്റില്‍ 89 ശതമാനം മാര്‍ക്കോടെ മുന്നിട്ട് നില്‍ക്കുന്ന ആളാണെന്ന് പറഞ്ഞ് കിരണ്‍ ബേദി പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചു. അക്കാലത്തെ മിസോറാം മുഖ്യമന്ത്രി ലാല്‍തന്‍ജവാല ‘സംസ്ഥാനത്തിന്റെ താത്പര്യം പരിഗണിച്ച്’ ആ സീറ്റ് ഉപേക്ഷിക്കാന്‍ കിരണ്‍ ബേദി തയ്യാറാകണമെന്ന് പറഞ്ഞിട്ടും അതിനവര്‍ തയ്യാറായില്ല. അതോടെ മിസോറാമിലെ പ്രക്ഷോഭം ആളിക്കത്തി. ഔദ്യോഗിക വസതിക്ക് നേരെ ആക്രമണം നടക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ ലീവെടുത്ത് ഡല്‍ഹിയിലേയ്ക്ക് പോവുകയാണ് കിരണ്‍ ബേദി ചെയ്തത്. ചെറുപ്പത്തിലേ ആരോഗ്യ പ്രശ്നങ്ങള്‍ വേട്ടയാടിയിരുന്ന ഒറ്റമകള്‍ക്ക് വേണ്ടിയാണ് ഗോവയിലേക്ക് ട്രാന്‍ഫര്‍ ആയ സമയത്ത് ഡല്‍ഹിയിലേക്ക് തിരിച്ച് വിടണ
മെന്ന് അവര്‍ മേലുദ്യോഗസ്ഥരോട് അപേക്ഷിച്ചത്.
മിസോറാമില്‍ നിന്ന് തിഹാര്‍ ജയില്‍ മേധാവിയായുള്ള തിരിച്ച് വരവും മാധ്യമങ്ങള്‍ ആഘോഷിച്ചു. കിരണ്‍ ബേദിയുടെ തിഹാര്‍ ജയില്‍ പരിഷ്‌കരണം ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടതാണ്. 90 ശതമാനത്തോളം വിചാരണ തടവുകാരുള്ള, ലോകത്തിലെ ഏറ്റവും വലിയ ജയിലുകളിലൊന്നായ തിഹാര്‍ ഭൂമിയിലെ നരകം എന്ന് പലരും വിശേഷിപ്പിച്ചിട്ടുള്ള ഒന്നാണ്. വിഖ്യാതമായ തിഹാര്‍ പരിഷ്‌കരണത്തിന് ശേഷമാണ് മാഗ്സസേ പുരസ്‌കാരമെല്ലാം കിരണ്‍ ബേദിയെ തേടിവരുന്നത്. അപ്പോഴേയ്ക്കും തന്റെ കരിയറിന്റെ പീക്കില്‍ എത്തിയിരുന്ന കിരണ്‍ ബേദി ഡല്‍ഹി കമ്മീഷണറാകുമെന്നാണ് എല്ലാവരും കരുതിയിരുന്നതെങ്കിലും അത് സംഭവിച്ചില്ല. 2003-ല്‍ യു.എന്‍ സിവില്‍ പോലീസ് അഡ്വൈസറായി പോയി 2005-ല്‍ തിരിച്ചെത്തുന്ന കാലത്ത് മുതല്‍ ഡല്‍ഹിയിലെ ആദ്യ വനിത പോലീസ് മേധാവിയുടെ നിയമത്തെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നതാണ്. അക്കാലത്ത് പല വാര്‍ത്തകളും അത് സംബന്ധിച്ചുണ്ടായിരുന്നു. 2007-ല്‍ കമ്മീഷണര്‍ സ്ഥാനത്തേയ്ക്ക് ഒഴിവ് വന്നപ്പോള്‍ കിരണ്‍ ബേദിയെ തഴഞ്ഞ് ജൂനിയറായ യുധീര്‍ സിങ് ദാദ്വാലിനെ നിയോഗിച്ചതോടെ ആ വര്‍ഷം നവംബറില്‍ അവര്‍ ഐ.പി.എസ് വിട്ടിറങ്ങി.
ഗോവ നിയമന കാലയളവും മിസോറം നിയമന കാലയളവും പൂര്‍ത്തിയാക്കാതെ കിരണ്‍ ബേദി മടങ്ങിയത് അവരുടെ കരിയറിലെ വീഴ്ചകളാണ്. ഇതുരണ്ടും മകള്‍ക്ക് വേണ്ടി സംഭവിച്ചതാണ്. ഛണ്ഡീഗഡ് ഐ.ജി സ്ഥാനത്ത് നിന്ന് ലീവെടുത്ത് മടങ്ങിയതാകട്ടെ അമ്മയുടെ അസുഖത്തെ തുടര്‍ന്നും. ഈ മൂന്ന് ലീവുകളും ബാര്‍ അസോസിയേഷുമായി ലാത്തിചാര്‍ജ്ജിനെ തുടര്‍ന്നുണ്ടായ പിണക്കവും ആയിരുന്നു കിരണ്‍ ബേദിക്ക് പ്രൊഫഷണല്‍ തിരിച്ചടിയായത്. എങ്കിലും അവരുടെ ഭാഗത്താണ് ന്യായം എന്ന് കരുതിയവരാണ് അധികവും. അതുകൊണ്ട് തന്നെ 2011-ല്‍ അണ്ണാ ഹസാരെക്കും അരവിന്ദ് കെജ്രിവാളിനുമൊപ്പം ‘ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍’ എന്ന പ്രക്ഷോഭത്തിന്റെ നേതൃനിരയില്‍ കിരണ്‍ ബേദിയുണ്ടായത് ആരെയും അത്ഭുതപ്പെടുത്തിയില്ല. അതിന് ശേഷം പൂര്‍ണമായും ബി.ജെ.പിയിലേയ്ക്ക് നീങ്ങിയ കിരണ്‍ ബേദി അവരുടെ ഡല്‍ഹിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായി. പക്ഷേ തിരഞ്ഞെടുപ്പില്‍ വന്‍തോല്‍വിയാണ് കിരണ്‍ ബേദിക്ക് നേരിട്ടത്. പുതുച്ചേരി ഗവര്‍ണര്‍ സ്ഥാനത്ത് അവര്‍ നിയമിക്കപ്പെട്ടു.
പുറമേ വലിയ അഴിമതി വിരുദ്ധ പ്രതിച്ഛായയില്‍ തന്റെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകുമ്പോഴും നിയമവിരുദ്ധമായ സര്‍വൈലന്‍സും ഫോണ്‍ ചോര്‍ത്തലുമടക്കമുള്ള കാര്യങ്ങള്‍ പോലീസിനെ ഉപയോഗിച്ച് ചെയ്യാന്‍ മടി കാണിക്കാത്ത ഒരു പോലിസുകാരി തന്നെയായിരുന്നു താനെന്നാണ് ഈ വാര്‍ത്തയുടെ വാസ്തവം അംഗീകരിക്കുന്നതിലൂടെ കിരണ്‍ ബേദി ചെയ്തിരിക്കുന്നത്. പ്രതിച്ഛായ, പോരാട്ട വീര്യം എന്നിവ കൊണ്ട് സാങ്കല്പികമായി സൃഷ്ടിച്ചിരുന്ന ഒരു ഔന്നത്യത്തില്‍ നിന്നാണ് അഴിമതിയും അധികാര ദുര്‍വിനിയോഗവും തെളിഞ്ഞ് വരുമ്പോള്‍ അവര്‍ നിലം പതിക്കുന്നത്. Kiran Bedi; A downfall from dignity. Unauthorised surveillance for protect her daughter
Content Summary; Kiran Bedi; A downfall from dignity. Unauthorised surveillance for protect her daughter
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.