കുംഭമേളയാണ് വരാനിരിക്കുന്നത്. വരവറിയിക്കല്‍ തന്നെ ഗംഭീരമായിരിക്കണം. കൊട്ടും പാട്ടും ഡാന്‍സും അലങ്കാരങ്ങളുമൊക്കെയായി തെരുവൊന്നു ഞെട്ടണം. എന്നാല്‍ കഴിഞ്ഞ ദിവസത്തെ യാത്രയ്ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. ജാഥയിലാകെ പങ്കെടുത്തതും നടത്തിയതും ട്രാന്‍സ്ജന്‍ഡറുകളായിരുന്നു. സാമൂഹ്യ അം്ഗീകാരത്തിനു വേണ്ടി കൂടിയുള്ള ഈ മഴവില്‍ ജാഥയെ വാനോളം പുകഴ്ത്തുകയാണ് ബിബിസി. ഈ മാസം 15 നാണ് ഇന്‍ഡ്യയൊട്ടാകെയുള്ള ഹിന്ദുക്കളുടെ ഏറ്റവും വലിയ ഉത്സവമായ കുംഭമേള ആരംഭിക്കുന്നത്.
അലങ്കരിച്ച വാഹനങ്ങളിലും തേരുകളിലും ശബ്ദഘോഷങ്ങളോടെ കുംഭമേളയുടെ വരവറിയിക്കാനാണ് ഘോഷയാത്രകള്‍ നടക്കാറ്. അലഹബാദിലെ തെരുവുകളില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ നടത്തിയ ഘോഷയാത്ര കാണാനും അനുഗ്രഹം വാങ്ങാനുമായി ആയിരക്കണക്കിന് ആളുകളാണ് തടിച്ചു കൂടിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വവര്‍ഗ്ഗ രതിയെ കോടതി കുറ്റവിമുക്തമാക്കിയതിന്റെ പരസ്യമായ ആഘോഷമാണ് ഈ ഘോഷയാത്ര എന്ന് ബി ബി സി നിരീക്ഷിക്കുന്നുണ്ട്. നിയമപരമായി ഇവര്‍ക്ക് അംഗീകാരം ലഭിച്ചെങ്കിലും സാമൂഹ്യമായ അംഗീകാരം കൂടി ലഭിക്കാനാണ് ഇത്തരത്തില്‍ ഉള്ള ഒരു യാത്ര എന്ന് ഘോഷയാത്രയുടെ മുഖ്യ സംഘാടകയായ ലക്ഷ്മി നാരായണ തൃപ്തി അറിയിച്ചു. അതിനാല്‍ തന്നെ അതിന് വെറുമൊരു അനുഷ്ഠാനമെന്നതില്‍ കവിഞ്ഞും രാഷ്ട്രീയ മാനങ്ങളുണ്ട്.
ഒരു ഹിന്ദു ആഘോഷത്തിന്റെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഘോഷയാത്ര നടത്തുന്നത് മറ്റൊരു തരത്തില്‍ കൂടി പ്രധാനമാണ്. ഹിന്ദു പുരാണങ്ങളിലും ഇതിഹാസങ്ങളിലും നിരവധി ട്രാന്‍സ്ജന്‍ഡര്‍ കഥാപാത്രങ്ങളുണ്ട്. ഘോഷയാത്ര നടത്തിയ സ്ഥലവും വളരെ നിര്‍ണായകമാണ്. അലഹബാദ് ചരിത്രപരമായിത്തന്നെ പ്രാധാന്യമുള്ള ഒരു പുണ്യ സ്ഥലമാണ്. ഘോഷയാത്രയില്‍ പങ്കെടുത്ത എല്ലാവരും തന്നെ ഇതിലൂടെ തങ്ങള്‍ക്ക് ശ്രദ്ധയും അംഗീകാരവും ലഭിക്കുമെന്ന് വിശ്വസിക്കുന്നു. മൂന്നാം ലിംഗക്കാരായല്ല, സ്ത്രീ ,പുരുഷന്‍ എന്നത് പോലെ സ്വാഭാവികമായി തന്നെ തങ്ങളെയും മനസിലാക്കുമെന്നും അവര്‍ പ്രത്യാശിക്കുന്നു. ട്രാന്‍സ് പല ആളുകളാലും വേട്ടയാടപ്പെടുകയും, ആക്രമിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു രാജ്യത്താണ് ഇതുപോലെ ഒരു പുണ്യ സ്ഥലത്തു ദൈവങ്ങള്‍ എന്ന നിലയ്ക്ക് അവര് പരസ്യമായി പ്രത്യക്ഷപ്പെടുന്നത്. എങ്കിലും പല ഭാഗത്തു നിന്നും ഇതിന് എതിര്‍പ്പുകളും ഉണ്ടായിരുന്നു. നിറങ്ങളുടെ ഒരു ഉത്സവം തന്നെ ആയിരുന്നെന്നു ബി ബി സി ഈ ഘോഷയാത്രയെ വര്‍ണ്ണിക്കുന്നുണ്ട്. യാത്രയുടെ നിരവധി ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയാണ് ഫോട്ടോഗ്രാഫര്‍ കൂടിയായ അങ്കിത് ശ്രീനിവാസ് ലേഖനത്തെ മനോഹരമാക്കുന്നത്.
കുംഭമേള മുന്‍പ് തന്നെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നതാണ്. ഈ ആഘോഷത്തില്‍ കഞ്ചാവ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നേരെത്തെ തന്നെ ധാരാളം വിവാദങ്ങള്‍ വന്നിരുന്നതാണ്. ഉത്സവത്തില്‍ പങ്കെടുത്ത് പുണ്യനദിയില്‍ മുങ്ങികുളിക്കുന്നതോടെ ഒരു വിശ്വാസി അറിഞ്ഞോ അറിയാതെയോ അന്ന് വരെ ചെയ്ത സകല പാപങ്ങളും തീരുന്നതായും മോക്ഷം ലഭിക്കുന്നതായും വിശ്വസിക്കപ്പെടുന്നു. ഈ വര്‍ഷത്തെ കുംഭമേള കൊളോണിയല്‍ കാലത്തു തുടങ്ങിയ സ്വവര്‍ഗാനുരാഗത്തെ പാപമായി കാണുന്ന നിയമം എടുത്തു കളഞ്ഞതിന്റെ മോക്ഷമായി കൂടി കാണാം.