ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു. ഒരാഴ്ച്ചത്തേക്കാണ് മത്സരങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ആണ് ഔദ്യോഗിക പ്രസ്താവന വഴി ഇക്കാര്യം അറിയിച്ചത്.
‘ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് സ്ഥിതിഗതികള്‍ സമഗ്രമായി വിലയിരുത്തിയ ശേഷം, ടൂര്‍ണമെന്റിന്റെ പുതിയ ഷെഡ്യൂളും വേദികളും സംബന്ധിച്ച കൂടുതല്‍ അപ്ഡേറ്റുകള്‍ യഥാസമയം പ്രഖ്യാപിക്കും,’ എന്നാണ് സൈകിയ പ്രസ്താവനയില്‍ പറയുന്നത്. ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിയാലോചിച്ച ശേഷമാണ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ഈ തീരുമാനം എടുത്തതെന്നാണ് ബിസിസിഐ സെക്രട്ടറി അറിയിച്ചത്. കളിക്കാരുടെ ആശങ്കയും ഒപ്പം പ്രക്ഷേപകരുടെയും സ്‌പോണ്‍സര്‍മാരുടെയും ആരാധകരുടെയും അഭിപ്രായങ്ങളും ചര്‍ച്ച ചെയ്തു. ‘നമ്മുടെ സായുധ സേനയുടെ ശക്തിയിലും തയ്യാറെടുപ്പിലും ബിസിസിഐ പൂര്‍ണ്ണ വിശ്വാസമുണ്ടെങ്കിലും, എല്ലാ പങ്കാളികളുടെയും കൂട്ടായ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നത് വിവേകപൂര്‍ണ്ണമാണെന്ന് ബോര്‍ഡ് കരുതി” എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.
2025 ഐപിഎല്‍ സീസണില്‍ ഇതുവരെ, ധരംശാലയില്‍ ഉപേക്ഷിച്ച മത്സരം ഉള്‍പ്പെടെ 58 മത്സരങ്ങളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. പ്ലേ ഓഫിനു മുമ്പായി ഇനി ഗ്രൂപ് സ്റ്റേജില്‍ 12 മത്സരങ്ങള്‍ ബാക്കിയുണ്ട്.
മറ്റൊരു പ്രശ്‌നമുള്ളത്, ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ഐപിഎല്‍ തടസമാകുമോയെന്നതാണ്. ജൂണ്‍ 20 നാണ് ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങിയ പരമ്പര ആരംഭിക്കുന്നത്. അതിനു മുന്നോടിയായി ഐപിഎല്‍ അവസാനിപ്പിക്കാന്‍ സാധിക്കാത്ത പക്ഷം, സെപ്തംബറിലേക്ക് ബാക്കിയുള്ള മത്സരങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വരും. ആ സമയത്ത് മാത്രമാണ് ഇന്ത്യയ്ക്ക് പരമ്പരകളൊന്നും ഇല്ലാത്തത്. ഏഷ്യ കപ്പിനുള്ള ഒരുക്കത്തിന്റെ സമയമാണത്.
നിലവിലെ സാഹചര്യത്തില്‍ ഐപിഎല്‍ തുടരുന്നത് ഉചിതമല്ലെന്നാണ് ചര്‍ച്ചകളില്‍ പങ്കെടുത്തവരെല്ലാം ഏകാഭിപ്രായത്തില്‍ അറിയിച്ചതെന്നാണ് വിവരം.
ബിസിസിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മില്‍ ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം എടുത്തത്, സൈകിയ, ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ എന്നിവര്‍ ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഫ്രാഞ്ചൈസികളെ വിവരം അറിയിച്ചശേഷമാണ് പൊതു പ്രസ്താവന വഴി ഐപിഎല്‍ താത്കാലികമായി നിര്‍ത്തിവച്ച കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഫ്രാഞ്ചൈസികള്‍ അവരുടെ കളിക്കാരെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളെയും അവരവരുടെ സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിച്ചിട്ടുണ്ട്. വിദേശത്തു നിന്നുള്ള താരങ്ങള്‍ക്കും കോച്ചുമാര്‍ക്കും മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കും അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാം. ആഭ്യന്തര താരങ്ങള്‍ക്കും സ്വന്തം വീടുകളിലേക്ക് മടങ്ങാം. ഏറ്റവും അടുത്ത വിമാനങ്ങളില്‍ തന്നെ എല്ലാവരും പോകുമെന്നാണ് വിവരം.
വ്യാഴാഴ്ച്ച അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ധരംശാലയില്‍ നടന്നുവന്ന പഞ്ചാബ്-ഡല്‍ഹി മത്സരം പാതിയില്‍ ഉപേക്ഷിച്ചിരുന്നു. പാകിസ്താന്‍ കനത്ത ഷെല്ലാക്രമമം നടത്തിയതിനാല്‍ അതിര്‍ത്തി മേഖലകള്‍ അതീവ ജാഗ്രതയിലായിരുന്നു. അതിര്‍ത്തി സംസ്ഥാനങ്ങളിലെല്ലാം വൈദ്യുതി വിച്ഛേദിച്ചിരുന്നു. ധരംശാല സ്റ്റേറിഡയിത്തിലും വൈദ്യുതി വിച്ഛേധിക്കേണ്ടി വന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ഹിമാചലില്‍ വിമാനത്താവളങ്ങള്‍ അടച്ചിട്ടതിനെ തുടര്‍ന്ന് രണ്ട് ടീമിലെയും താരങ്ങളെയും മറ്റുള്ളവരെയും ട്രെയിന്‍ മാര്‍ഗമാണ് തിരിച്ചയച്ചത്. ധരംശാല മത്സരം നിര്‍ത്തിവച്ചതിനെ തുടര്‍ന്നാണ് ഐപിഎല്‍ താത്കാലികമായി നീട്ടിവയ്ക്കാനുള്ള തീരുമാനത്തിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് എത്തുന്നത്.
ഇന്ത്യയിലെ സാഹചര്യത്തില്‍ വിദേശ ക്രിക്കറ്റ് ബോര്‍ഡുകളും ആശങ്കയറിച്ചിരുന്നു. ‘കളിക്കാരുടെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ച് ഒരു വിട്ടുവീഴ്ചയും സാധ്യമല്ല. ഐപിഎല്ലിലെ എല്ലാ ദക്ഷിണാഫ്രിക്കന്‍ കളിക്കാരുമായും ഞങ്ങള്‍ നേരിട്ട് ബന്ധപ്പെടുകയും സുരക്ഷാ റിപ്പോര്‍ട്ടുകള്‍ അവരെ അറിയിക്കുകയും ചെയ്യുന്നു. അവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ഞങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്” എന്നാണ് സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡ്രൂ ബ്രീറ്റ്‌സെക് പ്രസ്താവനയിറക്കിയത്. India-Pakistan border tensions: IPL-2025 season suspended for one week
Content Summary; India-Pakistan border tensions: IPL-2025 season suspended for one week
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.