June 04, 2026 |
Share on

മൂന്ന് വര്‍ഷത്തെ പിഡിപി-ബിജെപി ഭരണത്തില്‍ കാശ്മീരില്‍ 74 ശതമാനം പേര്‍ കൂടി അംഗപരിമിതരായി

കൂടുതല്‍ പേരും അംഗപരിമിതരായത് സംഘര്‍ഷങ്ങളുടെ ഭാഗമായാണെന്ന് 2015 നവംബറില്‍ ദ ജേണല്‍ ഓഫ് ബിസിനസ് മാനേജ്‌മെന്റ് ആന്റ് സോഷ്യല്‍ സയന്‍സസ് റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. 2016ന് ശേഷം പെല്ലറ്റ് തോക്കുകളുടെ ഉപയോഗം സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കി.

2015 മുതല്‍ 2018 ജൂണ്‍ വരെ മൂന്ന് വര്‍ഷക്കാലത്തെ പിഡിപി-ബിജെപി ഭരണം അംഗപരിമിതരാക്കിയത് 74 ശതമാനം പേരെ കൂടി. 31,085 പേരെയാണ് കാശ്മീര്‍ താഴ്‌വരയിലെ 10 ജില്ലകളില്‍ അംഗപരിമിതരായി സാക്ഷ്യപ്പെടുത്തിയത്. ഇതിന് മുമ്പുള്ള മൂന്ന് വര്‍ഷം അതായത് 2012-2015 കാലത്ത് ഇത് 17898 പേരായിരുന്നു. വിവരാവകാശ രേഖകള്‍ ഉദ്ധരിച്ച് ഇന്ത്യ സ്‌പെന്‍ഡ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിഷേധങ്ങളെ പെല്ലറ്റ് തോക്ക് കൊണ്ട് നേരിടുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാകളുടെ സമീപനം ഇതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

2011 മുതല്‍ 2017 വരെ കുപ്വാര ജില്ലയിലാണ് ഏറ്റവുമധികം പേര്‍ക്ക് ഡിസേബിള്‍ഡ് സര്‍ട്ടിഫിക്കറ്റ് കിട്ടിയത് – 10825. അനന്ത്‌നാഗ് (8638), ബാരാമുള്ള (7274), പുല്‍വാമ (5461) എന്നിവ തൊട്ടുപിന്നിലുണ്ട്. കൂടുതല്‍ പേരും അംഗപരിമിതരായത് സംഘര്‍ഷങ്ങളുടെ ഭാഗമായാണെന്ന് 2015 നവംബറില്‍ ദ ജേണല്‍ ഓഫ് ബിസിനസ് മാനേജ്‌മെന്റ് ആന്റ് സോഷ്യല്‍ സയന്‍സസ് റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. 2016ന് ശേഷം പെല്ലറ്റ് തോക്കുകളുടെ ഉപയോഗം സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കി. 2016ന് ശേഷം 1253 പേരുടെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടത് പെല്ലറ്റ് ഉപയോഗത്തിലാണ്. ഇതില്‍ പെല്ലറ്റ് തോക്കിന് ഇരയായവരില്‍ സാധാരണ നിലയിലേയ്ക്ക് തിരിച്ചുവന്നവര്‍ വളരെ അപൂര്‍വമെന്ന് 2018 ഏപ്രിലില്‍ ഗ്രേറ്റര്‍ കാശ്മീര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്താകെ എടുത്താല്‍ അംഗപരിമിതിയുടെ 44.5 ശതമാനം കാഴ്ച പ്രശ്‌നമാണ്. എന്നാല്‍ ജമ്മു കാശ്മീരില്‍ അത് 68.9 ശതമാനവും കണ്ണിന്റെ പ്രശ്‌നമാണെന്ന് ജെബിഎം ആന്‍ഡ് എസ്എസ്ആറിന്റെ പഠന റിപ്പോര്‍ട്ട് പറയുന്നു.

സര്‍ക്കാരിന് ഈ ഇരകളെ സഹായിക്കുന്നതിന് യാതൊരു പരിപാടിയുമില്ലെന്ന് ഹുറിയത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായിസ് ഉമര്‍ ഇന്ത്യ സ്‌പെന്‍ഡിനോട് പറഞ്ഞു. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 2016 ജൂലായിനും 2017 ഓഗസ്റ്റിനുമിടയില്‍ 17 പേരാണ് കാശ്മീര്‍ താഴ്‌വരയില്‍ പെല്ലറ്റ് തോക്കുകളാല്‍ കൊല്ലപ്പെട്ടത്. ജൂണ്‍ 14ന് പുറത്തുവിട്ട യുഎന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നു. അതേസമയം രാഷ്ട്രീയ പ്രേരിതവും ദുദ്ദേശപരവും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതുമാണ് റിപ്പോര്‍ട്ടെന്ന് വിദേശകാര്യ മന്ത്രാലയം വാദിക്കുന്നു.

2016 പാര്‍ലെമെന്റ് പാസാക്കിയ പേഴ്‌സണ്‍സ് വിത്ത് ഡിസ്എബിളിറ്റീസ് ബില്‍, 21 വര്‍ഷം മുമ്പുള്ള 1995ലെ പേഴ്‌സണ്‍സ് വിത്ത് ഡിസ്എബിളിറ്റി ആക്ടിന്റെ സ്ഥാനത്ത് വന്നു. അംഗീകൃത അംഗപരിമിതികള്‍ ഇത് ഏഴില്‍ നിന്ന് 21ലേയ്ക്കുയര്‍ത്തി. അംഗപരിമിതരോടുള്ള വിവേചനത്തിനുള്ള ശിക്ഷകള്‍ നിര്‍ദ്ദേശിക്കുകയും വിദ്യാഭ്യാസ, സര്‍ക്കാര്‍ തൊഴില്‍ മേഖലകളില്‍ അംഗപരിമിതര്‍ക്കുള്ള സംവരണം ഉയര്‍ത്തി. എന്നാല്‍ 18 മാസത്തിലധികമായിട്ടും ഇതൊന്നും ജമ്മു കാശ്മീരില്‍ നടപ്പാക്കപ്പെട്ടിട്ടില്ല.

ആര്‍ട്ടിക്കിള്‍ 370 അനുസരിച്ച് പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം തുടങ്ങിയവയില്‍ മാത്രമേ കാശ്മീരുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണത്തിന് പാര്‍ലമെന്റിന് അവകാശമുള്ളൂ. പാര്‍ലമെന്റ് പാസാക്കുന്ന മറ്റേത് നിയമവും ജമ്മു കാശ്മീരില്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ നിയമസഭയുടെ അംഗീകാരം വേണം. ഇതാദ്യമായി ഇത്തരത്തില്‍ സംഭവിക്കുന്നില്ല എന്നാണ് സാമൂഹ്യപ്രവര്‍ത്തകനായ ജാവിദ് അഹ്മദ് താക് പറയുന്നത്. 1995ല്‍ പാര്‍ലമെന്റ് ആദ്യമായി ആക്ട് പാസാക്കി മൂന്ന് വര്‍ഷം കഴിഞ്ഞ് 1998ലാണ് കാശ്മീര്‍ നിയമസഭ ഇതിന് അംഗീകാരം നല്‍കിയത്.

(Photo Courtesy: Reuters)

വായനയ്ക്ക്:
https://goo.gl/BwNdz6

https://www.azhimukham.com/edit-coming-chaos-in-kashmir-after-bjp-exit-from-pdp-alliance/

https://www.azhimukham.com/india-burning-kashmir-govt-muscular-policy/

Leave a Reply

Your email address will not be published. Required fields are marked *

×