June 13, 2025 |
Share on

പൗരത്വ ബില്ലിനെതിരെ അസമില്‍ പ്രതിഷേധം കത്തുന്നു, ബിജെപിക്കുള്ളില്‍ തന്നെ ഭിന്നത രൂക്ഷം

പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നെങ്കിലും ബില്ലില്‍ തൃപ്തനല്ലെന്ന് അതുല്‍ ബോറ വ്യക്തമാക്കിയിരുന്നു. 1985ലെ അസം അക്കോഡിന് എതിരായ ബില്‍ ഭരണഘടനാവിരുദ്ധമാണ് എന്ന് അതുല്‍ ബോറ അഭിപ്രായപ്പെടുന്നു.

വിവാദമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമില്‍ പ്രതിഷേധം ശക്തം. ജനുവരി എട്ടിന് ലോക്‌സഭ പാസാക്കിയ ബില്ലിനെതിരെ ബിജെപിയ്ക്കകത്ത് നിന്ന് തന്നെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത് എന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്‌ന അതൃപ്തിയുള്ള നേതാക്കളെ കണ്ട് സംസാരിക്കാന്‍ ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് എത്തി. ദിസ്പൂര്‍ എംഎല്‍എ അതുല്‍ ബോറ അടക്കം അഞ്ച് ബിജെപി എംഎല്‍എമാര്‍ എതിര്‍പ്പ് പരസ്യമാക്കിയിരുന്നു. പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നെങ്കിലും ബില്ലില്‍ തൃപ്തനല്ലെന്ന് അതുല്‍ ബോറ വ്യക്തമാക്കിയിരുന്നു. 1985ലെ അസം അക്കോഡിന് എതിരായ ബില്‍ ഭരണഘടനാവിരുദ്ധമാണ് എന്ന് അതുല്‍ ബോറ അഭിപ്രായപ്പെടുന്നു. ജോര്‍ഹട്ട് എംഎല്‍എയായ നിയമസഭ സ്പീക്കര്‍ ഹിതേന്ദ്രനാഥ് ഗോസ്വാമിയും ബില്ലിനെതിരെ രംഗത്തുണ്ട്. ജനവികാരം സര്‍ക്കാര്‍ മനസിലാക്കുമെന്നാണ് കരുതുന്നത് എന്ന് ഗോസ്വാമി പ്രതികരിച്ചു.

ബില്ലില്‍ എതിര്‍പ്പുയര്‍ത്തി സഖ്യകക്ഷിയായിരുന്നു അസം ഗണ പരിഷദ് മുന്നണി വിട്ടിരുന്നു. ശക്തമായ പ്രതിഷേധവുമായി രംഗത്തുള്ള മറ്റൊരു സംഘടന ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ (എ എ എസ് യു) ആണ്. എ എ എസ് യുവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് സംസാരിച്ചിരുന്നു. ക്ലാസുകള്‍ ബഹിഷ്‌കരിച്ചുള്ള സമരങ്ങളാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്നത്.

1955ലെ സിറ്റിസണ്‍ഷിപ്പ് ആക്ട് ഭേദഗതി ചെയ്യുന്ന ബില്‍ രാജ്യസഭ പരിഗണിക്കാനിരിക്കുകയാണ്. ബില്‍ പ്രകാരം അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവടങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍, ജൈനര്‍, പാഴ്‌സികള്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. ഇതിനെയാണ് തദ്ദേശീയ വിഭാഗങ്ങള്‍ എതിര്‍ക്കുന്നത്.

ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര സമുദായക്കാര്‍ക്ക് അസമില്‍ കുടിയേറിപ്പാര്‍ക്കാന്‍ അനുമതി നല്‍കുന്ന വ്യവസ്ഥകള്‍ക്കെതിരെയാണ് തദ്ദേശീയ വിഭാഗങ്ങളുടെ പ്രതിഷേധം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിക്കയിടങ്ങളിലും പൗരത്വബില്ലിനെതിരെ പ്രതിഷേധമുയരുന്നുണ്ട്. 1971 മാര്‍ച്ച് 24 വരെ പുറത്തുനിന്നുള്ള കുടിയേറ്റങ്ങള്‍ക്ക് മാത്രമേ അസം അക്കോഡ് പൗരത്വ അംഗീകാരം നല്‍കുന്നുള്ളൂ എന്ന് മറ്റൊരു ബിജെപി എംഎല്‍എ പദ്മ ഹസാരിക ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

×