July 09, 2025 |
Share on

16 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മരില്‍ ഒരാളായ റാണ അമേരിക്കയുടെ കസ്റ്റഡിയിലായിരുന്നു

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളായ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു. 26/11 ഭീകരാക്രമണം നടന്ന് 16 വര്‍ഷത്തിനുശേഷമാണ് റാണയെ യു എസില്‍ നിന്നും ഇന്ത്യക്ക് വിട്ടു കിട്ടുന്നത്. ന്യൂഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തിലാണ് റാണയുമായി എത്തിയ വിമാനം ലാന്‍ഡ് ചെയ്തത്. ലഷ്‌കര്‍ ഇ-തൊയ്ബ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ അടുത്ത അനുയായിയാണ് തഹാവൂര്‍ റാണ. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ കനത്ത സുരക്ഷ വലയത്തിലേക്കാണ് വിമാനം വന്നിറങ്ങിയത്.

പാക് -കനേഡിയന്‍ പൗരനായ റാണ, ഒരുകാലം വരെ പാകിസ്താന്‍ ആര്‍മിയില്‍ ഡോക്ടര്‍ ആയി സേവനം ചെയ്തിരുന്നു. മുംബൈ ആക്രമണത്തില്‍ നേരിട്ട് പങ്കാളികളായ ഭീകരര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തത് റാണയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. മുംബൈയില്‍ ഭീകരര്‍ ദുരന്തം വിതച്ച് 11 മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ റാണ അറസ്റ്റിലായി. 2009 ഒക്ടോബറില്‍ ചിക്കാഗോയില്‍ നിന്നാണ് റാണ പിടിയിലാകുന്നത്.

‘2008 ലെ കൂട്ടക്കൊലയ്ക്ക് പിന്നിലെ പ്രധാന ഗൂഢാലോചനക്കാരനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ വര്‍ഷങ്ങളോളം നടത്തിയ നിരന്തരവും ഏകീകൃതവുമായ ശ്രമങ്ങള്‍ക്ക് ശേഷം, 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ തഹാവൂര്‍ ഹുസൈന്‍ റാണയെ കൈമാറുന്നതില്‍ വിജയകരമായ വിജയം നേടിയിരിക്കുന്നു” എന്നായിരുന്നു റാണയെ ഡല്‍ഹിയില്‍ എത്തിച്ചശേഷം ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്.

Tahawwur Rana
യുഎസ് ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന റാണയെ, ഇന്ത്യ-യുഎസ് കൈമാറ്റ ഉടമ്പടി പ്രകാരം മുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യക്ക് കൈമാറുന്നത്. തന്നെ ഇന്ത്യയിലേക്ക് അയക്കുന്നത് തടയാന്‍ റാണ നിയമപരമായ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഇവ പരാജയപ്പെട്ടതോടെയാണ് അയാളെ ഇന്ത്യയിലേക്ക് അയച്ചത്.

2023 മെയ് 16-ന് കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിലെ ജില്ലാ കോടതി റാണയെ ഇന്ത്യക്ക് കൈമാറാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ റാണ ഒമ്പതാം സര്‍ക്യൂട്ട് കോടതി ഓഫ് അപ്പീലില്‍ ഒന്നിലധികം കേസുകള്‍ ഫയല്‍ ചെയ്തു, അതെല്ലാം തന്നെ നിരസിക്കപ്പെടുകയാണ് ചെയ്തത്. പിന്നാലെ ഒരു റിട്ട് ഓഫ് സെര്‍ട്ടിയോറാറി, രണ്ട് ഹേബിയസ് ഹര്‍ജികള്‍, യുഎസ് സുപ്രീം കോടതിയില്‍ ഒരു അടിയന്തര അപേക്ഷ എന്നിവയിലൂടെ ഇന്ത്യയിലേക്ക് പോകാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തി നോക്കി. എന്നാല്‍ ആ അപേക്ഷകളുമെല്ലാം തന്നെ നിരസിക്കപ്പെടുകയാണുണ്ടായത്. ഇന്ത്യ തേടുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനിലെതിരേയുള്ള സറണ്ടര്‍ വാറണ്ട് യു എസില്‍ നിന്നും നേടിയെടുക്കാന്‍ ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സിക്ക് സാധിച്ചു. ഇതേ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചത്. തുടര്‍ന്ന് ഇന്ത്യ അതിന്റെ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് റാണയെ വിട്ടുകിട്ടാനുള്ള പ്രയത്‌നത്തില്‍ ഏര്‍പ്പെട്ടു. എല്ലാ അന്വേഷണ ഏജന്‍സികളും വിദേശകാര്യമന്ത്രാലയവും എല്ലാം അതിനായി പരാമവധി രംഗത്തു നിന്നു. അങ്ങനെയാണ് അവസാന വിജയം ഇന്ത്യക്ക് കിട്ടിയത്.

2008 ലെ മുംബൈ ഭീകരാക്രമണം നടത്താന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി എന്ന ദാവൂദ് ഗിലാനിയുമായും ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി), ഹര്‍ക്കത്ത്-ഉല്‍-ജിഹാദി ഇസ്ലാമി (ഹുജി) എന്നിവരുമായും പാകിസ്ഥാന്‍ ആസ്ഥാനമായുള്ള മറ്റ് തീവ്രവാദികളുമായി ചേര്‍ന്ന് ഇന്ത്യക്കെതിരേ ഗൂഢാലോചന നടത്തിയെന്നാണ് റാണയ്ക്കെതിരെയുള്ള കുറ്റം. മുംബൈ ഭീകരാക്രമണത്തില്‍ 168 പേരൊളം കൊല്ലപ്പെടുകയും 238 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. India Secures Extradition of Tahawwur Rana, Key 26/11 Accused after 16 years 

content Summary; India Secures Extradition of Tahawwur Rana, Key 26/11 Accused after 16 years

Leave a Reply

Your email address will not be published. Required fields are marked *

×