കാര്‍ഗില്‍ യുദ്ധകാലത്ത് ഇസ്രയേല്‍ ചെയ്ത സഹായത്തിന് പകരമായിട്ടാകാം ഗാസ യുദ്ധത്തില്‍ ഇസ്രയേലിന് ഇന്ത്യ ആയുധങ്ങള്‍ നല്‍കുന്നതെന്ന് ഇന്ത്യയിലെ ഇസ്രയേലിന്റെ മുന്‍ അംബാസിഡര്‍. 2014 മുതല്‍ 2018 വരെ ഇന്ത്യയില്‍ സേവനമനുഷ്ഠിച്ച ഡാനിയേല്‍ കാര്‍മണ്‍ പ്രമുഖ ഇസ്രയേലി മാധ്യമമായ YNet Nes ന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ ആയുധ സഹായത്തെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.
ഗാസയില്‍ നടത്തുന്ന യുദ്ധത്തിന് ഇസ്രയേലിന് ഡ്രോണുകളും യുദ്ധസാമഗ്രികള്‍ ഇന്ത്യ വിതരണം ചെയ്യുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇസ്രയേല്‍ മുന്‍ അംബാസിഡറുടെ വെളിപ്പെടുത്തല്‍ പുറത്തു വന്നിരിക്കുന്നത്. ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഇതുവരെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ഇന്ത്യ ചെയ്തിട്ടില്ല.
‘ കാര്‍ഗില്‍ യുദ്ധ സമയത്ത് ഇസ്രയേല്‍ തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് ഇന്ത്യ എപ്പോഴും ഓര്‍ക്കുന്നുണ്ട്. അവര്‍ക്കൊപ്പം നിലകൊള്ളുകയും ആയുധങ്ങള്‍ നല്‍കുകയും ചെയ്ത ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇസ്രയേല്‍’ ഡാനിയേല്‍ കാര്‍മണ്‍ പറയുന്ന വാചകങ്ങളാണിത്. ‘ ഇന്ത്യക്കാര്‍ അക്കാര്യം മറക്കില്ല, ഒരുപക്ഷേ അതിനുള്ള പ്രത്യുപകാരമായിരിക്കും ഇപ്പോള്‍ ചെയ്യുന്നത്’ ഡാനിയേല്‍ പറയുന്നു.
1999 മേയ് മുതല്‍ ജൂലൈ വരെ നീണ്ട ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തില്‍(കാര്‍ഗില്‍ യുദ്ധം) നിര്‍ണായക ആയുധങ്ങളും മറ്റ് യുദ്ധ സാമഗ്രികളും നല്‍കി ഇസ്രയേല്‍ ഇന്ത്യയെ സഹായിച്ചിരുന്നു. നിരീക്ഷണ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക ആയുധ സഹായങ്ങളാണ് ഇസ്രയേല്‍ ചെയ്തത്.
Ynetnews.com ന്റെ അഭിമുഖം അറബ് മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇറാന്‍ ന്യൂസ് ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യ വലിയ തോതില്‍ ഇസ്രയേലിന് ആയുധങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് സയണിസ്റ്റ് മാധ്യമങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നുവെന്നാണ്.
ഇന്ത്യയില്‍ നിന്നും ഇസ്രയേലിലേക്ക് പുറപ്പെട്ട ഒരു ആയുധ കപ്പലിന് സ്‌പെയിന്‍ പ്രവേശനാനുമതി നല്‍കിയില്ലെന്ന തരത്തില്‍ കഴിഞ്ഞ മേയില്‍ ഒരു വാര്‍ത്ത പുറത്തു വന്നിരുന്നു. യുദ്ധത്തിനുള്ള ഒരു വിധ സഹായവും തങ്ങളില്‍ നിന്നുണ്ടാകില്ലെന്നായിരുന്നു സ്‌പെയിന്‍ വിദേശകാര്യമന്ത്രി ആ സംഭവത്തില്‍ പ്രതികരിച്ചത്.
അതുപോലെ ഫ്രബുവരിയില്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പ്രകാരം, ഹൈദരാബാദില്‍ നിര്‍മിച്ച അത്യാധുനിക ഹെര്‍മെസ് 900 ഡ്രോണുകള്‍ ഇന്ത്യ ഇസ്രയേലിന് നല്‍കിയിരുന്നു. ഇന്ത്യന്‍ സൈന്യത്തിന് ഉപയോഗിക്കുന്നതിനായി ഇസ്രയേലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സംവിധാനമായിരുന്നു ഹൈദരാബാദിലേതെങ്കിലും, ഗാസ യുദ്ധത്തെ തുടര്‍ന്ന് ആയുധക്ഷാമം നേരിട്ടതോടെ ഇത്തരം 20 ഡ്രോണുകള്‍ ഇസ്രയേല്‍ പ്രതിരോധ സേനയ്ക്കായി ഇന്ത്യ തിരികെ നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. ഇസ്രയേലിന്റെ എല്‍ബിറ്റ് സിസ്റ്റവും ഗൗതം ആദാനിയുടെ അദാനി ഗ്രൂപ്പും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ഹൈദരാബാദിലെ ആയുധ നിര്‍മാണ ഫാക്ടറിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഗാസ യുദ്ധത്തില്‍ ഇസ്രയേലിനെ നേരിട്ട് കുറ്റപ്പെടുത്താതെ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പതിനായിരക്കണക്കിന് പലസ്തീനികള്‍ കൊന്നൊടുക്കപ്പെടുന്ന യുദ്ധത്തില്‍ നിന്ന് ഇസ്രയേല്‍ പിന്തിരിയണമെന്ന് ലോകത്തില്‍ നിന്ന് ആവശ്യമുയരുമ്പോഴും ഇന്ത്യ, അതിന്റെ ശക്തമായ ഭാഷയില്‍ ഇക്കാര്യം ഇതുവരെ പറഞ്ഞിട്ടില്ല. വെടിനിര്‍ത്തല്‍ ആഹ്വാനം നടത്തുകയും ദ്വിരാഷ്ട്ര പരിഹാരത്തിന് പിന്തുണ നല്‍കുകയും ചെയ്യുന്നതിന് അപ്പുറത്തേക്ക് ഇസ്രയേലിനെ ചോദ്യം ചെയ്യുന്ന തരത്തില്‍ ഇന്ത്യയുടെ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ഇസ്രയേലുമായി ബന്ധം ശക്തമാക്കുന്നതില്‍ മാത്രമാണ് ശ്രദ്ധ കൊടുക്കുന്നത്.
2023 ഓക്ടോബര്‍ ഏഴ് മുതല്‍ തുടങ്ങിയ ഇസ്രയേല്‍ ആക്രമണത്തില്‍ 37,000 ല്‍ അധികം പലസ്തീനികള്‍ ഇതുവരെ കൊലപ്പെട്ടിട്ടുണ്ട്. ഇതില്‍ സ്ത്രീകളും കുട്ടികളുമാണ് കൂടുതലും ഇരകളായിരിക്കുന്നത്. ജനങ്ങള്‍ ഏകദേശം എല്ലാവരും തന്നെ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളായി തീര്‍ന്നിരിക്കുകയാണ്. പട്ടിണിയും രോഗവുമാണ് എവിടെയും. ആരുടെയും അഭ്യര്‍ത്ഥനകള്‍ കേള്‍ക്കാതെ ഇസ്രയേല്‍ ഇപ്പോഴും ആക്രമണം തുടരുകയാണ്. ജനവാസ മേഖലകളിലും അഭയാര്‍ത്ഥി ക്യാമ്പുകളിലും ബോംബുകള്‍ വര്‍ഷിക്കുകയാണ്.
ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരേ ഇന്ത്യയില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. പലസ്തീനികള്‍ക്ക് പിന്തുണയുമായി ഇന്ത്യക്കാര്‍ തെരുവില്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഇസ്രയേലിന് ഗാസ യുദ്ധത്തില്‍ ഉപയോഗിക്കാന്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
ആയുധങ്ങള്‍ കൊണ്ടുള്ള സഹായം മാത്രമല്ല, ബഞ്ചമിന്‍ നെതന്യാഹൂ സര്‍ക്കാര്‍ രാജ്യത്ത് പലസ്തീനികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ രൂപപ്പെട്ട തൊഴിലാളി ക്ഷാമം പരിഹരിക്കാനും ഇന്ത്യന്‍ സര്‍ക്കാര്‍ സഹായിക്കുന്നുണ്ട്. ആയിരക്കണക്കിന് ഇന്ത്യക്കാരെയാണ് ജോലികള്‍ക്കായി ഇസ്രയേലിലേക്ക് ഇന്ത്യ കയറ്റി അയക്കുന്നത്. യുദ്ധമുഖമായൊരു രാജ്യത്തേക്ക് സ്വന്തം പൗരന്മാരെ വിടുന്നതിനെതിരേ ഇന്ത്യ സര്‍ക്കാരിനെതിരേ പ്രതിഷേധം ഉണ്ടാകുന്നുണ്ടെങ്കിലും മോദി സര്‍ക്കാര്‍ അവ കാര്യമാക്കുന്നില്ലെന്നാണ് പരാതി. india supply weapons to israel for gaza war former ambassador says returning the favour
Content Summary; india supply weapons to israel for gaza war former ambassador says returning the favour