June 18, 2025 |

ഇന്ത്യ-പാക് മല്‍സരം ഇന്ന്: ആശങ്കയായി ഡ്രോപ്പ് ഇന്‍ പിച്ച്

പിച്ചിന്റെ സ്വഭാവം പ്രവാചനാതീതമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍

ടി20 ലോകകപ്പില്‍ ആതിഥേയരായ അമേരിക്ക മുന്‍ ചാമ്പ്യന്മാരായ പാകിസ്താനെ നാണംകെടുത്തി വിട്ടതാണ് ഇപ്പോള്‍ ചൂടുള്ള വാര്‍ത്ത. പ്രീ വേള്‍ഡ് കപ്പ് ടി 20 പരമ്പരയില്‍ ബംഗ്ലാ കടുവകളെ 2-0നു കീഴടക്കിയതിനു പിന്നാലെ ലോകകപ്പില്‍ പാകിസ്താനെ കൂടി തറപറ്റിച്ചു വിസ്മയിപ്പിച്ച യു.എസ്.എയുടെ വാഴ്ത്തുപാട്ടുകള്‍ അല്ല കേള്‍ക്കുന്നത്, ഇത്തവണ കപ്പ് അടിക്കാന്‍ എത്തിയ പാകിസ്താന്‍ ടീമിന്റെ ദൗര്‍ബല്യങ്ങളെ കുറിച്ചുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയിലെ ക്രിക്കറ്റ് ലോകത്തെങ്ങും. India vs Pakistan at T20 World Cup.

ഡെഡ്‌ലി കോമ്പോ എന്ന ആശങ്ക

ഇന്നത്തെ കളിയില്‍ ബദ്ധവൈരികളായ പാകിസ്താനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് നിലവിലെ പാക് ടീമിന്റെ ദയനീയ ചിത്രം. ആദ്യ കളിയില്‍ അയര്‍ലന്‍ഡിനെ അനായാസം കീഴടക്കിയ ഇന്ത്യ പക്ഷെ ഭയപ്പെടുന്നത് മറ്റൊന്നിനെയാണ്. ന്യൂ യോര്‍ക്കിലെ നസൗ സ്റ്റേഡിയത്തിലെ ഡ്രോപ്പ് ഇന്‍ പിച്ച്. അപകടകരമായ രീതിയില്‍ അണ്‍ ഈവന്‍ ബൗണ്‍സും ചിലപ്പോള്‍ ലോ ബൗണ്‍സും മഴവില്‍ സ്വിങ്ങും നല്‍കുന്ന ന്യൂ യോര്‍ക്കിലെ പോര്‍ട്ടബിള്‍ പിച്ചും പാകിസ്താന്റെ ലോകോത്തര നിലവാരമുള്ള പേസ് അറ്റാക്കും ഡെഡ്‌ലി കോമ്പോ ആയേക്കുമെന്നതാണ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ ചങ്കിടിപ്പേറ്റുന്നത്. ജസ്പ്രീത് ബുമ്ര നയിക്കുന്ന ഇന്ത്യന്‍ പേസ് ബാറ്ററി ഷഹീന്‍ ഷാ അഫ്രിദി, മുഹമ്മദ് ആമിര്‍, നസീം ഷാ, ആസാദ് റൗഫ് എന്നിവരടങ്ങിയ പാക് ഫാസ്റ്റ് ബൌളിംഗ് ഡിപ്പാര്‍ട്‌മെന്റിനെക്കാള്‍ മികച്ചതല്ലെങ്കിലും ദുര്‍ബലമായ പാക് ബാറ്റിംഗ് നിരയെ ന്യൂയോര്‍ക് പിച്ചില്‍ കശക്കിയെറിയാന്‍ പര്യാപ്തമാണ് എന്നതാണ് ആശ്വാസം. ചുരുക്കിപ്പറഞ്ഞാല്‍ പാക് പേസര്‍മാരും വിരാട് കോഹ്ലിയും രോഹിത്തും സൂര്യകുമാറും റിഷഭ് പന്തും അടങ്ങുന്ന ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിംഗ് നിരയുമായാണ് പോരാട്ടം.

പന്തിനും രോഹിത്തിനും പരിക്കേല്‍പ്പിച്ച നസൗ India vs Pakistan at T20 World Cup

ന്യൂ യോര്‍ക്കില്‍ ടി20 ലോകകപ്പിനായി തിരക്കിട്ടു നിര്‍മിച്ച നസൗ സ്റ്റേഡിയത്തിലെ പിച്ച് ഇതിനകം തന്നെ വിമര്‍ശനങ്ങള്‍ക് ഇടയായിട്ടുണ്ട്. ദക്ഷിണാഫ്രിക്ക-ശ്രീലങ്ക, ഇന്ത്യ -അയര്‍ലണ്ട്, ദക്ഷിണാഫ്രിക്ക-നെതല്‍ലന്‍ഡ് മത്സരങ്ങളാണ് ഇതിനകം ഇവിടെ നടന്നത്. മൂന്നു മത്സരങ്ങളിലും പിച്ചിന്റെ സ്വഭാവം ആശങ്കപ്പെടുത്തിയിരുന്നു. ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ ഗുഡ് ലെങ്ത്തില്‍ നിന്ന് കുത്തിയുയര്‍ന്ന പന്തുകളില്‍ ബാറ്റര്‍മാര്‍ പത്തിമടക്കിയതോടെ ശ്രീലങ്ക വെറും 77 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ പേരുകേട്ട ബാറ്റിംഗ് നിരയും നസൗവിലെ ഡ്രോപ്പ് ഇന്‍ പിച്ചില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്നത് കണ്ടു. ചില പന്തുകള്‍ അണ്‍പ്ലെയബിള്‍ ആയിരുന്നു എന്നുമാത്രമല്ല ചില പന്തുകള്‍ കുതിച്ചുപൊങ്ങി ബാറ്റര്‍മാരുടെ ദേഹത്തും ഗ്ലൗസിലും പ്രഹരമേല്പിക്കുകയും ചെയ്തു. അയര്‍ലന്‍ഡിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും റിഷഭ് പന്തിനും പല തവണ ദേഹത്ത് ഏറുകൊണ്ടു. തോളില്‍ പന്ത് കൊണ്ട് പരുക്കേറ്റ രോഹിതിന് കളം വിടേണ്ടിയും വന്നിരുന്നു.
ഓസ്‌ട്രേലിയയിലെ അഡലെയ്ഡില്‍ സ്റ്റീല്‍ ഫ്രെയ്മില്‍ നിര്‍മിച്ചെടുത്ത പിച്ചുകള്‍ കപ്പല്‍ മാര്‍ഗം അമേരിക്കയില്‍ എത്തിച്ചാണ് നസൗ സ്റ്റേഡിയത്തില്‍ സ്ഥാപിച്ചത്. ആദ്യം ഫ്‌ലോറിഡയില്‍ എത്തിച്ചശേഷം പുല്ല് കിളിര്‍പിച്ചെടുത്തു പരിപാലിച്ചശേഷമാണ് പോര്‍ട്ടബിള്‍ പിച്ച് വമ്പന്‍ ട്രെയ്ലറുകളില്‍ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവന്നത്. ക്രിക്കറ്റിന് പ്രചാരമില്ലാത്ത അമേരിക്കയില്‍ ടി 20 ലോകകപ്പ് പോലൊരു മെഗാ ഇവന്റ് സംഘടിപ്പിക്കാന്‍ ഐസിസി (ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍) ധൈര്യം കാണിച്ചത് അമേരിക്കന്‍ വന്‍കരയിലും ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കു വേണ്ടിയായിരുന്നു. അത് ഏറെക്കുറെ വിജയിച്ചെന്ന് അവകാശപെടാമെങ്കിലും ദ്രുതഗതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടിവന്നത് തിരിച്ചടിയായി എന്ന് വേണം കരുതാന്‍. പ്രത്യേകിച്ച് ന്യൂ യോര്‍ക്കിന്റെ കാര്യത്തില്‍. ഡാലസിലും ഫ്‌ലോറിഡയിലും ഇതിനകം ക്രിക്കറ്റ് പിച്ചുകള്‍ ഉള്ള ചെറു സ്റ്റേഡിയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ന്യൂയോര്‍ക്കില്‍ ടൂര്‍ണമെന്റ് ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പുതിയ സ്റ്റേഡിയം തന്നെ നിര്‍മിച്ചെടുക്കുകയായിരുന്നു.

പിച്ചിന്റെ സ്വഭാവം പ്രവാചനാതീതമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍

മറ്റു ഗെയിമുകള്‍ പോലെ ക്രിക്കറ്റ് പിച്ചുകള്‍ നിര്‍മ്മിക്കുന്നത് പക്ഷെ എളുപ്പമുള്ള ജോലിയല്ല. ഇന്റര്‍നാഷണല്‍ നിലവാരമുള്ള പിച്ച് നിര്‍മിക്കുകയെന്നത് കാലതാമസമുള്ള ജോലിയാണ്. ന്യൂ യോര്‍ക്കില്‍ പുതിയ പിച്ച് നിര്‍മ്മിക്കുന്നതില്‍ സാങ്കേതിക വിദഗ്ധരുടെ അഭാവവും മറ്റും മൂലം ഓസ്‌ട്രേലിയന്‍ പോര്‍ട്ടബിള്‍ പിച്ചിനെ ആശ്രയിക്കുകയായിരുന്നു സംഘാടകര്‍. അഞ്ചു മാസം മുന്‍പ് മാത്രം അഡലെയ്ഡില്‍ നിര്‍മിച്ച പോര്‍ട്ടബിള്‍ പിച്ച് ആണ് ന്യൂ യോര്‍ക്കില്‍ ഉപയോഗിച്ചത്. പിച്ച് വേണ്ടത്ര ഹാര്‍ഡ്‌നെസ്സ് ഉള്ളതല്ല. സ്‌പോഞ്ചിയും ബൗണ്‍സിയുമായ വിക്കറ്റിന്റെ സ്വഭാവം അപകടകരമാണ് എന്ന് ഇതിനകം കണ്ടുകഴിഞ്ഞു. അയര്‍ലന്‍ഡിനെ നേരിട്ട അതെ പിച്ച് തന്നെയാണോ പാകിസ്താനുമായുള്ള കളിക്ക് ഉപയോഗിക്കുകയെന്ന് അറിയില്ലെങ്കിലും പിച്ച് മാറിയാലും പോര്‍ട്ടബിള്‍ പിച്ചിന്റെ സ്വഭാവം പ്രവാചനാതീതം ആയിരിക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആശങ്കപ്പെട്ടതും അതുകൊണ്ടാണ്. ന്യൂ യോര്‍ക്കിലെ പിച്ച് പേസ് ബൗളര്‍മാരെ മാത്രമല്ല സ്പിന്നേഴ്‌സിനെയും സഹായിക്കുന്നുണ്ട്. പിച്ചിന്റെ റബ്ബര്‍ മാറ്റ് സ്വഭാവം തന്നെ ഇതിനു കാരണം. പന്ത് പിച്ച് ചെയ്ത ശേഷം അല്പം സ്റ്റിക്ക് ചെയ്യുന്നതും ബൗണ്‌സിലെ വേരിയേഷനും സ്പിന്നര്‍മാര്‍ക്കും അനുകൂലമാണ്. അതേസമയം, മുന്‍ താരങ്ങള്‍ ഐസിസിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍, വീരേന്ദ്ര സേവാഗ്, വാസിം ജാഫര്‍ തുടങ്ങിയവരാണ് വിമര്‍ശനമുന്നയിച്ചത്.പിച്ചിന്റെ അസ്ഥിരത സമ്മതിച്ച ഐസിസി സാധ്യമായ പരിഹാരത്തിനുള്ള ശ്രമത്തിലാണ് ക്യൂറേറ്റര്‍മാരെന്ന് അറിയിച്ചിട്ടുണ്ട്.

 

English Summary: India vs Pakistan at T20 World Cup: what’s wrong with the T20 World Cup pitches in New York?

 

Leave a Reply

Your email address will not be published. Required fields are marked *

×