June 03, 2026 |
Share on

അഹമ്മദാബാദ് അപകടശേഷം പൈലറ്റുമാര്‍ കൂട്ട അവധിയില്‍; ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 183 തകരാറുകള്‍

തകരാറുകള്‍ അന്വേഷിച്ച് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും

ഈ വര്‍ഷം ജൂലൈ വരെ അഞ്ച് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് 183 സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ലോക്‌സഭയില്‍ രേഖാമൂലം മറുപടി നല്‍കി.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (DGCA) കണക്കുകള്‍ പ്രകാരം 183 സാങ്കേതിക തകരാറുകളില്‍ 85 എണ്ണം എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ചേര്‍ന്നാണ് ഉന്നയിച്ചിരിക്കുന്നത്‌. ഇന്‍ഡിഗോ 62 സാങ്കേതിക തകരാറുകളും ആകാശ എയര്‍ 28 ഉം സ്‌പൈസ് ജെറ്റ് എട്ടും സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

”ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിക്കുന്ന എല്ലാ തകരാറുകളും അന്വേഷിച്ച് ഉചിതമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. എല്ലാ തകരാറുകളുടെയും, പ്രത്യേകിച്ച് വലിയ തകരാറുകളില്‍ അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം” സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മോഹോള്‍ രേഖാമൂലമുള്ള മറുപടിയില്‍ പറഞ്ഞു.

അതേസമയം, ജൂണ്‍ 12-ന് 260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന് ശേഷം എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന 112 പൈലറ്റുമാര്‍ അസുഖാവധിയില്‍ പ്രവേശിച്ചതായും സര്‍ക്കാര്‍ വിശദീകരിച്ചു. അപകടസമയം വിമാനത്തില്‍ 242 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

ജൂണ്‍ 12-ന് നടന്ന AI-171 വിമാനാപകടത്തിന് ശേഷം എയര്‍ ഇന്ത്യയിലെ പൈലറ്റുമാരുടെ സിക്ക് ലീവില്‍ ചെറിയ വര്‍ദ്ധനവുണ്ടായതായി കേന്ദ്രമന്ത്രി ലോക്‌സഭയെ അറിയിച്ചു. ജൂണ്‍ 16-ന് 112 പൈലറ്റുമാരുടെ സിക്ക് ലീവ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 51 പേര്‍ കമാന്‍ഡര്‍മാരും, 61 പേര്‍ ഓഫീസര്‍മാരും ആയിരുന്നു. വിമാനാപകടത്തിന് ശേഷം എയര്‍ ഇന്ത്യയിലെ ഫ്‌ളൈറ്റ് ക്രൂ അംഗങ്ങള്‍ കൂട്ടത്തോടെ സിക്ക് ലീവ് എടുക്കുന്നുണ്ടോ എന്ന ലോക്‌സഭാംഗത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ 2023 ഫെബ്രുവരിയില്‍ പുറത്തിറക്കിയ മെഡിക്കല്‍ സര്‍ക്കുലര്‍ പ്രകാരം, വിമാനജീവനക്കാര്‍ക്കും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്കും മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ദോഷകരമായ ഫലങ്ങള്‍ തിരിച്ചറിയാനും കൈകാര്യം ചെയ്യാനും സഹായിക്കുന്നതിന് പ്രത്യേകവും തനിച്ചുള്ളതും കസ്റ്റമൈസ് ചെയ്തതുമായ ഒരു പരിശീലന മൊഡ്യൂള്‍ ഉണ്ടായിരിക്കണമെന്ന് എയര്‍ലൈനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

‘കൂടാതെ, മാനസികാരോഗ്യം നിരീക്ഷിക്കുന്നതിന്റെ ഭാഗമായി, സ്ഥാപനങ്ങള്‍ക്ക് (ഷെഡ്യൂള്‍ഡ്, നോണ്‍-ഷെഡ്യൂള്‍ഡ് ഓപ്പറേറ്റര്‍മാര്‍, FTOs – ഫ്‌ളയിങ് ട്രെയിനിങ് ഓര്‍ഗനൈസേഷനുകള്‍, AAI – എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) അവരുടെ ജീവനക്കാര്‍ക്കായി പ്രത്യേകം സപ്പോര്‍ട്ടിങ് പ്രോഗ്രാം (PSP) ഏര്‍പ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.’

ഈ പ്രോഗ്രാമുകള്‍ ജീവനക്കാര്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും, അവയെ നേരിടാനും, മറികടക്കാനും സഹായിക്കുന്നതിലൂടെ അവരുടെ ക്ഷേമം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്ര സഹമന്ത്രി മുരളീധര്‍ മോഹോള്‍ വ്യക്തമാക്കി. Indian airlines reported 183 technical faults this year

Content Summary: Indian airlines reported 183 technical faults this year

Leave a Reply

Your email address will not be published. Required fields are marked *

×