എഴുത്തുകാരിയും അക്കദമീഷ്യനും ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാല പ്രൊഫസറുമായ ഇന്ത്യന്‍ വംശജ നിതാഷ കൗളിന്റെ ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) പദവി റദ്ദാക്കിയതായി പരാതി. നിതാഷ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിന്റെ ‘ന്യൂനപക്ഷ വിരുദ്ധ, ജനാധിപത്യ വിരുദ്ധ നയങ്ങളെ’ക്കുറിച്ചുള്ള തന്റെ ചോദ്യങ്ങളാണ് ഇത്തരമൊരു പ്രതികാര നടപടിക്കു പിന്നിലെന്നാണ് നിതാഷയുടെ ആരോപണം.
‘മോദി ഭരണത്തിലെ ന്യൂനപക്ഷ വിരുദ്ധ, ജനാധിപത്യ വിരുദ്ധ നയങ്ങളെക്കുറിച്ചുള്ള എന്റെ അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ പേരില്‍ തനിക്കെതിരേ വിധിച്ച ശിക്ഷയായ ദേശാന്തര അടിച്ചമര്‍ത്തല്‍(Transnational repression) ഒരു മോശം വിശ്വാസവും, പ്രതികാരവും, ക്രൂരവുമായ ഉദാഹരണം’ ആണെന്നാണ് സര്‍ക്കാര്‍ അവര്‍ക്ക് അയച്ച ഔദ്യോഗിക കത്തിന്റെ ഭാഗം പങ്കുവെച്ചുകൊണ്ട് നതാഷ എക്‌സില്‍ കുറിച്ചത്.
വസ്തുതകളെയും ചരിത്രത്തെയും പൂര്‍ണ്ണമായ അവഗണിച്ചുകൊണ്ട് ദ്രോഹപരമായ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് നതാഷ കൗള്‍ ചെയ്യുന്നതെന്നാണ് ഇന്ത്യ ഗവണ്‍മെന്റ് അവര്‍ക്കെതിരേ ഉന്നയിക്കുന്ന പരാതിയെന്ന് നതാഷ പങ്കുവച്ച ഔദ്യോഗിക കത്തിലെ വരികളില്‍ വ്യക്തമാകുന്നത്.
വിവിധ അന്താരാഷ്ട്ര വേദികളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും നിങ്ങളുടെ നിരവധി ശത്രുതാപരമായ രചനകള്‍, പ്രസംഗങ്ങള്‍, മാധ്യമ പ്രവര്‍ത്തനം എന്നിവയിലൂടെ, രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ ഇന്ത്യയെയും അതിന്റെ സ്ഥാപനങ്ങളെയും പതിവായി ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും കത്തില്‍ നിതാഷയ്‌ക്കെതിരേ പരാതികളായി പറയുന്നുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ നിതാഷ കൗളിന് ഇന്ത്യയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിരുന്നു. കര്‍ണാടക സര്‍ക്കാരിന്റെ ക്ഷണപ്രകാരം ജനാധിപത്യ-ഭരണഘടന മൂല്യങ്ങളുമായി സംസാരിക്കാന്‍ ബെംഗളൂരുവിലേക്ക് പോകാനാണ് നിതാഷ ഇന്ത്യയിലെത്തിയത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇന്ത്യയില്‍ വിമാനം ഇറങ്ങിയ അവരെ വിമാനത്താവളത്തില്‍ തന്നെ തടയുകയായിരുന്നു. തന്നെ ഇടുങ്ങിയൊരു മുറിയില്‍ പൂര്‍ണമായ നിരീക്ഷണത്തില്‍, വെള്ളമോ ഭക്ഷണമോ പോലും നല്‍കാതെ 24 മണിക്കൂര്‍ തടങ്കലില്‍ വച്ചുവെന്നും അതിനുശേഷം ലണ്ടനിലേക്ക് തിരികെ അയക്കുകയാണ് ഉണ്ടായതെന്നും നിതാഷ പിന്നീട് പരാതി ഉയര്‍ത്തിയിരുന്നു.
കര്‍ണാടക സാമൂഹ്യക്ഷേമ മന്ത്രി എച്ച്.സി. മഹാദേവപ്പയുടെ ക്ഷണപ്രകാരമാണ് ‘ഇന്ത്യയിലെ ഭരണഘടനയും ഐക്യവും’ എന്ന ദ്വിദിന പരിപാടിയില്‍ പങ്കെടുക്കാന്‍ അന്നവര്‍ എത്തിയത്. ഫെബ്രുവരി 23 നാണ് ബെംഗളുരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങുന്നത് അവര്‍ ഇറങ്ങുന്നത്. കാരണങ്ങളൊന്നും വ്യക്തമാക്കാതെയായിരുന്നു അവരെ ലണ്ടനിലേക്ക് തിരിച്ചയച്ചത്. നിതാഷ കൗള്‍ തന്നെയാണ് അന്നും സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം ലോകത്തോട് വിളിച്ചു പറഞ്ഞത്. ബ്രിട്ടീഷ്-ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ പാസ്‌പോര്‍ട്ട് കൈവശം ഉണ്ടായിട്ടുമാണ് കൗളിനെ ഇന്ത്യയില്‍ നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാതിരുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ അവരുടെ ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് റദ്ദാക്കുകയും ചെയ്തിരിക്കുന്നു.
ഗോരഖ്പൂരിലാണ് നിതാഷ കൗള്‍ ജനിച്ചത്. വെസ്റ്റ്മിന്‍സ്റ്ററിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസിലെ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെമോക്രസിയുടെ (സിഎസ്ഡി) ഡയറക്ടറാണ് അവരിപ്പോള്‍. ഡല്‍ഹി സര്‍വകലാശാലയിലെ എസ്ആര്‍സിസിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിഎ ഓണേഴ്സ് ബിരുദവും, പബ്ലിക് പോളിസിയില്‍ സ്‌പെഷ്യലൈസ് ചെയ്ത സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും, യുകെയിലെ ഹള്‍ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും സംയുക്ത പിഎച്ച്ഡിയും നേടിയിട്ടുണ്ട്. Indian British Academic Nitasha Kaul-alleges India government cancelled her OCI status
Content Summary; Indian British Academic Nitasha Kaul-alleges India government cancelled her OCI status
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.