UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യന്‍ കോച്ചാകാന്‍ ധോണി മുതല്‍ മോദി വരെ!

പ്രശസ്തരുടെ പേരില്‍ വ്യാജ അപേക്ഷകള്‍

                       

ഇന്ത്യന്‍ പുരുഷ ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ അയച്ചവരില്‍ നരേന്ദ്ര മോദി മുതല്‍ മഹേന്ദ്ര സിംഗ് ധോണി വരെ. ഞെട്ടേണ്ട, സംഗതി വ്യാജമാണ്. എം എസ് ധോണി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അമിത് ഷാ, നരേന്ദ്ര മോദി തുടങ്ങിവരുടെയെല്ലാം പേരില്‍ വ്യാജ അപേക്ഷകളാണ് ബിസിസിഐക്ക് ലഭിച്ചിരിക്കുന്നത്. Indian head coach fake applications 

ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ അഥവ ബിസിസിഐക്ക് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ആകെ ലഭിച്ചത് 3,000 അപേക്ഷകളാണ്. ഇവയില്‍ ബഹുഭൂരിഭാഗവും മുന്‍ കളിക്കാരുടെയും രാഷ്ട്രീയ നേതാക്കന്മാരുടെയും പേരിലുള്ള വ്യാജ അപേക്ഷകളാണെന്നാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മേയ് 27 ന് ആയിരുന്നു അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് ധോണി, സച്ചിന്‍, ഹര്‍ഭജന്‍ സിംഗ്, വിരേന്ദ്ര സെവാഗ് തുടങ്ങിയ മുന്‍ താരങ്ങളും ടീം ഇന്ത്യയുടെ പരിശീലകനാകാന്‍ ‘ അപേക്ഷിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. യഥാര്‍ത്ഥത്തില്‍ ഇവരാരും തന്നെ പരിശീലകരാകാന്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിട്ടില്ല, അപേക്ഷയും സമര്‍പ്പിച്ചിട്ടില്ല. മുന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പമാണ്, ഇന്ത്യയുടെ പ്രധാനമന്ത്രിയും, കേന്ദ്ര അഭ്യന്തരമന്ത്രിയുമൊക്കെ കോച്ച് ആകാന്‍ ‘ അപേക്ഷിച്ചിരിക്കുന്നത്’.

മേയ് 13 മുതലാണ് ബിസിസിഐ അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്. ഗൂഗിള്‍ ഫോമില്‍ അപേക്ഷ അയക്കാനായിരുന്നു നിര്‍ദേശം. ഇതിനു പിന്നാലെ ദിവസക്കണക്കിലെന്ന പോലെയാണ് വ്യാജ അപേക്ഷകള്‍ ക്രിക്കറ്റ് ബോര്‍ഡിന് ലഭിച്ചത്. വ്യാജ അപേക്ഷകളുടെ കാര്യത്തില്‍ ഇത്തരം വിവരങ്ങള്‍ ലഭ്യമായെങ്കിലും, യഥാര്‍ത്ഥ അപേക്ഷകള്‍ എത്രയെണ്ണം കിട്ടിയെന്ന കാര്യത്തില്‍ ബിസിസിഐയുടെ പക്കല്‍ നിന്നും വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

വ്യാജന്മാരുടെ അപേക്ഷകള്‍ ബിസിസി ഐയ്ക്ക് കിട്ടുന്നതും സൂക്ഷ്മ പരിശോധനയുടെ പുറത്ത് സമയനഷ്ടം ഉണ്ടാകുന്നതും ഇതാദ്യമായിട്ടില്ലെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്. 2022 ല്‍ ഹെഡ് കോച്ചിനായി അപേക്ഷകള്‍ വിളിച്ച സമയത്ത് അയ്യായിരത്തോളം അപേക്ഷകളാണ് സെലിബ്രിറ്റികളുടെ പേരില്‍ ബോര്‍ഡിന് കിട്ടിയത്. അന്ന് ഇമെയ്ല്‍ ആയി അപേക്ഷകള്‍ അയക്കാനായിരുന്നു നിര്‍ദേശം. ഇത്തവണ ഗൂഗിള്‍ ഫോമിലും. ‘ കഴിഞ്ഞ തവണത്തേതു പോലെ ഇത്തവണയും വ്യാജ അപേക്ഷകള്‍ ധാരാളം വന്നിട്ടുണ്ട്. ഇത്തവണ ഗൂഗിള്‍ ഫോമില്‍ അപേക്ഷകള്‍ അയക്കാന്‍ ആവശ്യപ്പെട്ടതിന് പ്രധാനം കാരണം, അപേക്ഷകനെ സംബന്ധിച്ച് സൂക്ഷ്മ പരിശോധനകള്‍ എളുപ്പമാകുമെന്നതിനാലാണെന്ന് ബിസിസിഐ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു.

വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം അനാരോഗ്യകരം; ഐസിഎംആര്‍

അമേരിക്കയിലും കരീബീയന്‍ ദ്വീപുകളിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പോടെ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്നും ഒഴിയും. ഏകദിന ലോകകപ്പിന് പിന്നാലെ ആറു മാസത്തേക്കു കൂടി ദ്രാവിഡിന് കാലാവധി കൂട്ടി കൊടുത്തിരുന്നു. അതും അവസാനിച്ച ഘട്ടത്തിലാണ് പുതിയ പരിശീലകനെ തേടുന്നത്. ദ്രാവിഡിന് പരിശീലക സ്ഥാനത്ത് തുടരണമെങ്കില്‍ അപേക്ഷ സമര്‍പ്പിച്ച് തെരഞ്ഞെടുപ്പ് ഘട്ടങ്ങള്‍ കടക്കണമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ദ്രാവിഡ് തല്‍സ്ഥാനത്ത് തുടരാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2027 ല്‍ നടക്കുന്ന ഏകദിന ലോകകപ്പ് വരെയായിരിക്കും പുതിയ കോച്ചിന്റെ കാലാവധി. വിദേശ താരങ്ങളെയും പരിഗണിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ന്യൂസിലാന്‍ഡ് മുന്‍ ക്യാപ്റ്റനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലകനുമായ സ്റ്റീഫന്‍ ഫ്‌ളെമിംഗ്, ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ് തുടങ്ങിയവരുടെ പേരുകള്‍ പറഞ്ഞു കേട്ടെങ്കിലും രണ്ടുപേരും ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനും, ദ്രാവിഡിന്റെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുമുള്ള വിവിഎസ് ലക്ഷ്മണിന്റെ പേര് ഉയര്‍ന്നു വന്നിരുന്നെങ്കിലും ലക്ഷ്മണും ഇപ്പോള്‍ കളത്തിലില്ല. ഏറ്റവുമൊടുവില്‍ ചര്‍ച്ചയായിരിക്കുന്നത് ഗൗതം ഗംഭീറിന്റെ പേരാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ ചാമ്പ്യന്മാരായതിന്റെ പിന്നാലെ, ടീമിന്റെ മെന്ററായ ഗംഭീര്‍ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനാകുമെന്ന വര്‍ത്തമാനമാണ് കൂടുതലും കേള്‍ക്കുന്നത്. വാര്‍ത്തകള്‍ പൂര്‍ണമായി നിഷേധിക്കുന്ന പ്രസ്താവനകളൊന്നും തന്നെ ഗംഭീറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നതും ഊഹാപോഹങ്ങള്‍ക്ക് ബലം നല്‍കുന്നുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിയും കഴിഞ്ഞതിനാല്‍ ബിസിസിഐയുടെ ഭാഗത്ത് നിന്നും എന്തെങ്കിലുമൊക്കെ സൂചനകള്‍ വരുമെന്നാണ് പ്രതീക്ഷ.

Content Summary; Indian cricket team head coach fake applications in the name of celebrities like pm modi, dhoni

Share on

മറ്റുവാര്‍ത്തകള്‍