June 04, 2026 |
Share on

വംശീയാക്രമണങ്ങൾ വർധിക്കുന്നു; അയർലൻഡിലെ ഇന്ത്യക്കാർക്ക് സുരക്ഷാ മുന്നറിയിപ്പുമായി എംബസി

അയർലൻഡിൽ ഇന്ത്യൻ പൗരന്മാർക്ക് നേരെ ശാരീരിക ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ടുകളുണ്ട്

അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യൻ എംബസി. അടുത്തിടെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, എല്ലാ ഇന്ത്യൻ പൗരന്മാർക്കും ജാഗ്രതാ നിർദേശം നൽകി. ആളൊഴിഞ്ഞ സ്ഥലങ്ങൾ ഒഴിവാക്കണമെന്നും വ്യക്തിഗത സുരക്ഷയിൽ അതീവ ശ്രദ്ധ പുലർത്തണമെന്നുമാണ് എംബസിയുടെ നിർദേശം.

കഴിഞ്ഞ ആഴ്ചകളിലായി ഇന്ത്യക്കാർക്ക് നേരെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് എംബസിയുടെ നടപടി. കഴിഞ്ഞ ഞായറാഴ്ച 32-കാരനായ ഇന്ത്യൻ വംശജൻ സന്തോഷ് യാദവിനെ ആറ് കൗമാരക്കാർ ചേർന്ന് ഡബ്ലിനിലെ അപ്പാർട്ട്‌മെന്റിൽ വെച്ച് ആക്രമിച്ചിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ കവിളെല്ലിന് പൊട്ടലുണ്ട്. മറ്റൊരു സംഭവത്തിൽ, 40-കാരനായ ഒരു ഇന്ത്യക്കാരനെ ഒരു സംഘം കൗമാരക്കാർ ചേർന്ന് മർദിക്കുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും ചെയ്തു. ഈ സംഭവം വർധിച്ചുവരുന്ന വംശീയ അക്രമങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചു. നിലവിൽ ഈ കേസ് ഒരു ഹേറ്റ് ക്രൈമായി കണക്കാക്കി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

“അടുത്തിടെ അയർലൻഡിൽ ഇന്ത്യൻ പൗരന്മാർക്ക് നേരെ ശാരീരിക ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ എംബസി അയർലൻഡിലെ ബന്ധപ്പെട്ട അധികാരികളുമായി സംസാരിച്ചുവരികയാണ്,” എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. “അതോടൊപ്പം, അയർലൻഡിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും അവരുടെ വ്യക്തിപരമായ സുരക്ഷയ്ക്കായി ആവശ്യമായ മുൻകരുതലുകൾ എടുക്കാനും, ആളൊഴിഞ്ഞ സ്ഥലങ്ങൾ, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഒഴിവാക്കാനും നിർദേശിക്കുന്നു,” എന്നും എംബസി കൂട്ടിച്ചേർത്തു. സഹായത്തിനായി അടിയന്തര കോൺടാക്റ്റ് നമ്പറുകളും എംബസി നൽകിയിട്ടുണ്ട്.

ഇമ്മിഗ്രന്റ് കൗൺസിൽ ഓഫ് അയർലൻഡിന്റെ സിഇഒ തെരേസ ബുക്സ്കോവ്സ്ക, ഡബ്ലിൻ ആസ്ഥാനമായുള്ള ഒരു വാർത്താ ഔട്ട്ലെറ്റിനോട് സംസാരിക്കവെ, ആക്രമണങ്ങൾക്ക് ഇന്ത്യൻ സമൂഹം പ്രത്യേക ലക്ഷ്യമാകുന്നുണ്ടെന്ന് സൂചിപ്പിച്ചു. എന്നാൽ ഈ ആക്രമണങ്ങൾ ഇന്ത്യൻ സമൂഹത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ജൂലൈ 23-ന്, 40-കാരനായ ഇന്ത്യൻ പൗരന് നേരെ ഡബ്ലിനിലെ ടല്ലാഘട്ടിൽ നടന്ന ആക്രമണത്തെക്കുറിച്ച് ഇന്ത്യൻ എംബസി X-ൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. “എംബസി ഇരയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ബന്ധപ്പെട്ടിട്ടുണ്ട്. ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്. ഈ വിഷയത്തിൽ അയർലൻഡിലെ ബന്ധപ്പെട്ട അധികാരികളുമായും എംബസി ബന്ധപ്പെടുന്നുണ്ട്,” എന്നും പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഏകദേശം 80,000 ഇന്ത്യൻ വംശജരാണ് അയർലൻഡിലുള്ളത്. ഇതിൽ ഏകദേശം 33,898 പേർ PIO-കളും, 40,000 പേർ NRIs-കളും, 10,000 പേർ വിദ്യാർത്ഥികളുമാണ്. ഇവരിൽ ഭൂരിഭാഗവും ആരോഗ്യരംഗം, ഐടി, എഞ്ചിനീയറിംഗ്, ഉയർന്ന മാനേജ്മെന്റ് തസ്തികകൾ തുടങ്ങിയ മേഖലകളിലാണ് പ്രവർത്തിക്കുന്നത്. എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിൽ ഉന്നത വിദ്യാഭ്യാസം തേടുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒരു പ്രധാന ലക്ഷ്യസ്ഥാനം കൂടിയാണ് അയർലൻഡ്.

content summary: Indian Embassy in Ireland issues security advisory

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×