ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ 8,000ത്തിലധികം എക്സ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഇന്ത്യൻ സർക്കാർ ഉത്തരവിട്ടതായി റിപ്പോർട്ട്. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് തന്നെയാണ് തങ്ങളുടെ ഔദ്യോഗിക പോസ്റ്റിലൂടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കമ്പനിയോട് ഉത്തരവിട്ടിരിക്കുന്ന കാര്യം അറിയിച്ചത്. ബ്ലോക്ക് ചെയ്യാൻ നിർദേശിച്ചിരിക്കുന്ന അക്കൗണ്ടുകളിൽ അന്താരാഷ്ട്ര വാർത്താ ഏജൻസികളുടെയും പ്രശസ്തരായ എക്‌സ് ഉപയോക്താക്കളുടെയും അക്കൗണ്ടുകളും ഉൾപ്പെടുന്നു.
സർക്കാരിന്റെ നിർദേശം പാലിക്കാതിരുന്നാൽ കനത്ത പിഴയും ജയിൽ ശിക്ഷയും വരെ ലഭിക്കാൻ ഇടയാക്കുമെന്ന് ഉത്തരവിൽ പറയുന്നുവെന്നും എക്സ് അറിയിച്ചു. നിർദേശത്തെ തുടർന്ന് ഇന്ത്യയ്ക്കുള്ളിലുള്ള നിർദ്ദിഷ്ട അക്കൗണ്ടുകൾ എക്സ് ബ്ലോക്ക് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. അതേസമയം, സർക്കാരിന്റെ ആവശ്യങ്ങളോട് കമ്പനി വിയോജിപ്പും അറിയിച്ചിട്ടുണ്ട്.
ഏതൊക്കെ പോസ്റ്റുകളാണ് നിയമം ലംഘിച്ചതെന്ന് സർക്കാർ വിശദീകരിച്ചിട്ടില്ലെന്നും പല അക്കൗണ്ടുകൾക്കും ഒരു കാരണവും നൽകിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. മുഴുവൻ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യുന്നത് അനാവശ്യമാണെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന് എതിരാണെന്നും എക്സ് കൂട്ടിച്ചേർത്തു.
X has received executive orders from the Indian government requiring X to block over 8,000 accounts in India, subject to potential penalties including significant fines and imprisonment of the company’s local employees. The orders include demands to block access in India to…
— Global Government Affairs (@GlobalAffairs) May 8, 2025
പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് സൈറ്റുകളിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ചുള്ള വാർത്തകൾ വന്നതിന് പിന്നാലെ എക്സ് ഉൾപ്പെയെടുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുകയായിരുന്നു. ഇന്ത്യൻ നാവിക സേന കറാച്ചി ആക്രമിച്ചുവെന്നും ഇന്ത്യയിലെ മുഴുവന്‍ വിമാനത്താവളങ്ങളും അടച്ചുവെന്നും തുടങ്ങി വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
തെറ്റായ വാർത്തകൾക്കൊപ്പം ബന്ധമില്ലാത്ത വീഡിയോകൾ, വ്യാജ പ്രതികാര വാദങ്ങൾ തുടങ്ങിയവയും പ്രചരിപ്പിച്ചു. വീഡിയോ ഗെയിമുകളിൽ നിന്നുള്ള ദൃശ്യങ്ങൾ പോലും വ്യാജ വീഡിയോ ആയി പ്രചരിക്കുന്നുണ്ട്.
തുടർന്ന് ഇന്ത്യൻ സർക്കാർ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനായി നിർദേശിച്ചു. അതിനാൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഡോൺ, ജിയോ ന്യൂസ് പോലുള്ള വാർത്താ ഏജൻസികളുടെ അക്കൗണ്ടുകൾ ഇനി ഇന്ത്യയിൽ ലഭ്യമല്ല.
8,000ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് സെൻസർഷിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുന്നതാണ്. എക്സിക്യൂട്ടീവ് ഉത്തരവുകൾ ഉപയോക്താക്കളെ അറിയിക്കുന്നതിൻ്റെ കാരണവും എക്സ് അറിയിച്ചിട്ടുണ്ട്. ഈ എക്‌സിക്യൂട്ടീവ് ഉത്തരവുകൾ പരസ്യമാക്കുന്നത് സുതാര്യതയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്നും വെളിപ്പെടുത്തലിന്റെ അഭാവം ഉത്തരവാദിത്തത്തെ നിരുത്സാഹപ്പെടുത്തുകയും ഏകപക്ഷീയമായ തീരുമാനമെടുക്കലിന് കാരണമാവുകയും ചെയ്യുമെന്നും എക്സ് അറിയിച്ചു.
നിയമപരമായ നിയന്ത്രണങ്ങൾ കാരണം ഇപ്പോൾ എക്സിക്യൂട്ടീവ് ഉത്തരവുകൾ പ്രസിദ്ധീകരിക്കാൻ കഴിയില്ലെന്നും കമ്പനി തങ്ങളുടെ ഔദ്യോഗിക പോസ്റ്റിൽ വ്യക്തമാക്കുന്നു.
Content Summary: Indian government orders blocking of over 8,000 accounts, says X