March 25, 2025 |
Share on

എല്ലാം ഐഒഎ ട്രഷര്‍ ഉയര്‍ത്തുന്ന അനാവശ്യ ആരോപണങ്ങള്‍; പി ടി ഉഷ

റിലയന്‍സ് കരാരില്‍ 24 കോടിയുടെ നഷ്ടമുണ്ടായെന്ന സിഎജി റിപ്പോര്‍ട്ട് തള്ളി ഉഷ

റിയലയന്‍സ് കരാറില്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന് നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന വാദത്തില്‍ പ്രസിഡന്റ് പി ടി ഉഷ. 24 കോടിയുടെ നഷ്ടമുണ്ടായെന്ന് സിഎജി റിപ്പോര്‍ട്ട് ഉഷ തള്ളിക്കളയുകയാണ്. ഐഒഎയുടെ ട്രഷര്‍ സഹദേവ് യാദവിനെതിരേയാണ് ഉഷ ആരോപണം ഉയര്‍ത്തുന്നത്. യാദവ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് അസോസിയേഷന്‍ പ്രസിഡന്റ് കുറ്റപ്പെടുത്തുന്നത്.

2022 ജൂലൈയില്‍ ഏര്‍പ്പെട്ട കരാര്‍ പ്രകാരം പാരിസ് ഒളിമ്പിക്‌സിലെ ഇന്ത്യ ഹൗസിന് റിലയന്‍സിന്റെ പേര് നല്‍കാമെന്നായിരുന്നു ധാരണ. എന്നാല്‍ 2023 ജൂണില്‍ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി വ്യവസ്ഥകള്‍ മാറ്റിയതോടെ സ്‌പോണസര്‍ഷിപ്പ് സ്ഥാപനത്തിന്റെ പേര് നല്‍കാനാകില്ലെന്ന് വന്നു. ഇതിന്‍പ്രകാരം കരാര്‍ വ്യവസ്ഥകള്‍ വീണ്ടും ചര്‍ച്ച ചെയ്യേണ്ടി വന്നുവെന്നും, കരാര്‍ പുതുക്കുന്നതില്‍ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചിരുന്നുവെന്നുമാണ് ഉഷ പറയുന്നത്. ഇക്കാര്യങ്ങലെല്ലാം വിശദീകരിച്ചു സിഎജിക്കു മറുപടി നല്‍കിയിരുന്നു. യാദവ് ആരോപിക്കുന്നതുപോലെ ആരെയും അറിയിക്കാതെയല്ല, ഐഒഎ ഭരണസമിതിയംഗങ്ങളെ എല്ലാവരെയും അറിയിച്ച് തന്നെയാണ് കരാര്‍ പുതുക്കിയതെന്നും പി ടി ഉഷ പറയുന്നു.

2022ല്‍ ഉണ്ടാക്കിയ കരാറില്‍, ഇന്ത്യ ഹൗസിന് പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കണമായിരുന്നുവെന്നും, അതുണ്ടാകാത്തതാണ് കരാറിലെയും ടെന്‍ഡറിലെയും പിഴവുകള്‍ക്ക് കാരണമായതെന്നുമുള്ള ആരോപണമായിരുന്നു ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ ട്രഷറര്‍ സഹദേവ് യാദവ് ഉയര്‍ത്തുന്നത്. കരാര്‍ ഭേദഗതി ചെയ്യുമ്പോള്‍ എക്‌സിക്യൂട്ടീവ് കൗണ്‍സിലിനോടും സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റിയോടും കൂടിയാലോചിച്ചില്ലെന്നും യാദവ് ആരോപിച്ചിരുന്നു.

‘റിലയന്‍സ് ഇന്ത്യ ലിമിറ്റഡ് സ്പോണ്‍സര്‍ഷിപ്പിലൂടെ നേട്ടമുണ്ടാക്കിയിട്ടുണ്ട്. അത് എക്‌സിക്യൂട്ടീവ് ബോര്‍ഡിനോ ഫിനാന്‍സ് കമ്മിറ്റിക്കോ സ്പോണ്‍സര്‍ഷിപ്പ് കമ്മിറ്റിക്കോ അറിവില്ലാത്ത കാര്യമാണ്. എന്തുകൊണ്ടാണ് കരാര്‍ മാറ്റിയതെന്നും ആരാണ് ഒപ്പിട്ടതെന്നും ഉത്തരം പറയേണ്ടത് അസോസിയേഷന്‍ പ്രസിഡന്റാണ്. ഇതു മൂലം ഐഒഎയ്ക്ക് 24 കോടി രൂപയുടെ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു’- ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കൂടിയായ സഹദേവ് യാദവ് ഉയര്‍ത്തിയ വിമര്‍ശനമാണിത്.

ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനെ പ്രതികൂട്ടിലാക്കിയാണ് സിഎജി റിപ്പോര്‍ട്ട് പുറത്തു വന്നത്. റിലയന്‍സ്ഇന്ത്യ ലിമിറ്റഡുമായി(ആര്‍ ഐ എല്‍) ഉണ്ടാക്കിയ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ഐ ഒ എയ്ക്ക് 24 കോടിയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.

2022 ഒഗസ്റ്റ് 1 ലെ സ്പോണ്‍സര്‍ഷിപ്പ് കരാറിന്റെ നിബന്ധനകള്‍ പ്രകാരം, ഏഷ്യന്‍ ഗെയിംസ് (2022, 2026), കോമണ്‍വെല്‍ത്ത് ഗെയിംസ് (2022, 2026), 2024 പാരിസ് ഒളിമ്പിക്‌സ്, 2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സ് എന്നിവയുടെ ഔദ്യോഗിക പ്രിന്‍സിപ്പല്‍ പാര്‍ടണറായി ഐഒഎയുമായി സഹകരിക്കുന്നതിനുള്ള അവകാശം റിലയന്‍സ് ഇന്ത്യ ലിമിറ്റഡിന് നല്‍കിയിട്ടുണ്ട്. കരാറിന്റെ മറ്റ് കാര്യങ്ങള്‍ക്ക് പുറമെ കായിക മേളകളുടെ സമയത്ത് ‘ ഇന്ത്യ ഹൗസ്’ നിര്‍മിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള അവകാശവും ആര്‍ ഐ എല്ലിന് നല്‍കിയിട്ടുണ്ട്.

സിഎജി റിപ്പോര്‍ട്ട് പറയുന്നത്, 2023 ഡിസംബര്‍ അഞ്ചിന് കരാറില്‍ നടത്തിയ ഭേദഗതി പ്രകാരം 2026-2030 കാലത്തെ ശൈത്യകാല ഒളിമ്പിക്സിനും 2026-2030 കാലത്തെ യൂത്ത് ഒളിമ്പിക്സിനും സഹകരിക്കാനുള്ള അധിക അവകാശം കൂടി ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ ആര്‍ ഐ എല്ലിന് നല്‍കുകയുണ്ടായി എന്നാണ്. എന്നാല്‍ ഡിസംബര്‍ അഞ്ചിന് ഒപ്പിട്ട കരാര്‍ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്റെ താത്പര്യം സംരക്ഷിക്കാതെയായിരുന്നുവെന്നാണ് സിഎജി കണ്ടെത്തിയത്. അധികമായി അവകാശം നല്‍കിയ കായിക മേളകളുടെ സ്പോണ്‍സര്‍ഷിപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി 35 കോടി രൂപയ്ക്ക് കരാര്‍ ഒപ്പിടുകയായിരുന്നുവെന്നും തുകയുടെ കാര്യത്തില്‍ ഭേദഗതി വരുത്താന്‍ ഐഒഎ തയ്യാറായില്ലെന്നുമാണ് പറയുന്നത്.

ഒരു കായികമേളയ്ക്ക് ശരാശരി 6 കോടി എന്ന് പരഗിണന തുക കണക്കാക്കിയാണ് ആദ്യത്തെ ആറ് കായികമേളകള്‍ക്ക് 35 കോടി എന്ന കണക്കില്‍ എത്തിയതെങ്കില്‍, അധികമായി അവകാശം നല്‍കിയ നാല് കായിക മേളകള്‍ കൂടി ഉള്‍പ്പെടുമ്പോള്‍ മൊത്തം കരാര്‍ തുക 35 കോടിയില്‍ നിന്ന് 59 കോടിയാകണം എന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ റിലയന്‍സ് ഇന്ത്യ ലിമിറ്റഡിന് ഉപകാരപ്രദമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം 24 കോടിയുടെ നഷ്ടമാണ് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് ഉണ്ടായിരിക്കുന്നതെന്നാണ് സിഎജി ചൂണ്ടിക്കാണിക്കുന്നത്.

ഈ വിഷയത്തില്‍ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷയോട് സിഎജി വിശദീകരണം തേടിയിരുന്നു. ”ടെണ്ടറിലെ പിഴവ് മൂലം കരാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് എടുക്കേണ്ടി വന്നിരുന്നു” എന്നാണ് ഐഒഎ പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് അജയ് കുമാര്‍ നാരംഗ് നല്‍കിയ വിശദീകരണം. ‘കരാര്‍ ഒപ്പിടുകയും പേരിടാനുള്ള അവകാശം നല്‍കുകയും ചെയ്ത സമയത്ത്, അത് സ്പോണ്‍സര്‍മാരുടെ-റിലയന്‍സ് ഇന്ത്യ ഹൗസ്-പേരിലായിരുന്നു- 2022-ല്‍, രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി സ്‌പോണ്‍സര്‍മാരുടെ പേര് കണ്‍ട്രി ഹൗസിനൊപ്പം ചേര്‍ക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ 2023-ല്‍ ഐഒസി വ്യവസ്ഥകള്‍ മാറ്റി, സ്പോണ്‍സര്‍ക്ക് അവരുടെ പേര് ഉപയോഗിക്കാന്‍ കഴിയില്ലെന്നും, രാജ്യത്തിന്റെ പേര് മാത്രമെ ഉപയോഗിക്കാന്‍ കഴിയൂ എന്നും വ്യവസ്ഥ കൊണ്ടു വന്നു’. നാരംഗ് പറയുന്നു.

അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി വ്യവസ്ഥ പുതുക്കിയതോടെ, സ്പോണ്‍സര്‍ഷിപ്പ് കൊണ്ട് തങ്ങള്‍ക്ക് ഉദ്ദേശിച്ച പ്രശസ്തി കിട്ടില്ലെന്ന് കാണിച്ച് സ്പോണ്‍സര്‍ അസോസിയേഷനെ സമീപിക്കുകയും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് നാല് കായിക മേളകളുടെ കൂടി അധിക അവകാശം റിലയന്‍സിന് നല്‍കിയതെന്നാണ് നാരംഗ് പറയുന്നത്. സിഎജി ഒരു കായികമേളയ്ക്ക് ശരാശരി ആറ് കോടിയാണ് കണക്കാക്കിയത്. എന്നാല്‍ ഇത് ഓരോ കായിക മേളയുടെയും പ്രധാന്യം അനുസരിച്ച് വ്യത്യാസപ്പെടുമെന്നാണ് ഐഒഎ പറയുന്നത്. സമ്മര്‍ ഒളിമ്പിക്സിലേതു പോലുള്ള പങ്കാളിത്തം ഇന്ത്യക്ക് വിന്റര്‍ ഒളിമ്പിക്സിലോ യൂത്ത് ഒളിമ്പിക്സിലോ ഉണ്ടാകില്ലെന്നുമാണ് നാരംഗ് വിശദീകരിക്കുന്നത്. indian olympics association agreement with reliance india limited led to 24 crore loss cag report

Content Summary; indian olympics association agreement with reliance india limited led to 24 crore loss cag report, pt usha responds

 

×