ഇന്ത്യയുടെ ഒളിമ്പിക്‌സ് ചരിത്രം ആരംഭിക്കുന്നത് റെക്കോര്‍ഡുകളുടെ രാജാവായ നോര്‍മന്‍ പ്രിച്ചാര്‍ഡ് എന്ന കായിക താരത്തില്‍ നിന്നാണ്. ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ആയിരിക്കെ 1900ത്തിലാണ് രാജ്യത്തെ പ്രതിനിധീകരിച്ച നോര്‍മന്‍ ഒളിമ്പിക്‌സ് വേദിയിലെത്തുന്നത്. കൊല്‍ക്കത്തിയില്‍ ജനിച്ച നോര്‍മന്‍ ബ്രിട്ടീഷ് വംശജനാണ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടും പൗരത്വ രേഖകളുമായാണ് നോര്‍മന്‍ ഒളിമ്പിക്‌സ് വേദിയിലെത്തിയത്. 200 മീറ്റര്‍ സ്പ്രിന്റ്, 200 മീറ്റര്‍ ഹര്‍ഡില്‍സ് ഇനങ്ങളില്‍ വെള്ളി മെഡലുകളുമായിട്ടായിരുന്നു നോര്‍മന്റെ മടക്കം.
ഒളിമ്പിക്സ് മെഡല്‍ നേടുന്ന ഏഷ്യയില്‍ ജനിച്ച ആദ്യ കായികതാരം, ഹോളിവുഡില്‍ അഭിനയിച്ച ആദ്യ ഒളിമ്പ്യന്‍, 1897-ല്‍ ഇന്ത്യന്‍ മണ്ണില്‍ നടന്ന ഔദ്യോഗിക ഫുട്ബോള്‍ മത്സരത്തില്‍ ഹാട്രിക് നേടുന്ന ആദ്യ വ്യക്തി എന്നിങ്ങനെ നിരവധി റെക്കോര്‍ഡുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.
നോര്‍മന്‍ പ്രിച്ചാര്‍ഡ്
ഇന്ത്യന്‍ പതാകയേന്തിയ ബെല്‍ജിയം ഒളിമ്പിക്‌സ്
രാജ്യത്ത് നിന്നുള്ള ഔദ്യോഗിക ഒളിമ്പിക്‌സ് ടീം എന്നറിയപ്പെടുന്നത് 1921ല്‍ ബെല്‍ജിയത്തിലെ ആന്റ്വെര്‍പ്പില്‍ നടന്ന ഒളിംപിക്‌സിനെ പ്രതിനിധീകരിച്ച സംഘമാണ്. രാജ്യത്തിന്റെ പതാകയേന്തിയ ആദ്യ ഒളിമ്പിക്‌സ് എന്ന പ്രത്യേകതയും ആ വര്‍ഷത്തെ മല്‍സരത്തിനുണ്ട്. 6 പേരടങ്ങുന്ന ഇന്ത്യന്‍ ടീമിലെ പൂര്‍മ ബാനര്‍ജിയാണ് ത്രിവര്‍ണ പതാക ഒളിമ്പിക്‌സ് വേദിയില്‍ കൈയ്യിലേന്തിയത്. പൂര്‍മ ബാനര്‍ജിയ്ക്ക് പുറമേ എ. ദത്താര്‍, പി. എഫ്. ചൗഗുലേ, കെ. കൈക്കാടി എന്നിവരാണ് സംഘത്തില്‍ അത്ലറ്റുകളായി ഉണ്ടായിരുന്നത്. ജി. നവാലെ, എന്‍. ഷിന്‍ഡേ എന്നീ റസ്ലേഴ്‌സും ടീമിലുണ്ടായിരുന്നു.
മലയാളക്കരയ്ക്ക് ആദ്യ ഒളിമ്പ്യനെ സമ്മാനിച്ച പാരിസ് ഒളിമ്പിക്‌സ്
1924 ലെ പാരിസ് ഒളിംപിക്‌സ് കേരളീയരുടെ അഭിമാനം വാനോളം ഉയര്‍ന്ന വര്‍ഷമായിരുന്നു. കാരണം അക്കൊല്ലമാണ് കേരളത്തിന് സ്വന്തമായി ഒരു ഒളിമ്പ്യനെ കിട്ടിയത്. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ പങ്കെടുത്ത കണ്ണൂര്‍ സ്വദേശി സി.കെ. ലക്ഷ്മണന്‍ ആണ് ചരിത്രതാളുകളില്‍ ഇടം നേടിയ ആ ഒളിമ്പ്യന്‍. അത്‌ലറ്റിക്‌സിന് പുറമെ അക്കൊല്ലം ടെന്നീസ് ടീമും ഇന്ത്യയ്്ക്കായി ലോക കായിക മാമാങ്ക വേദിയില്‍ എത്തിയിരുന്നു.
ഇന്ത്യയെ പ്രതിനിധാനം ചെയ്‌തൊരു വനിത ആദ്യമായി ഒളിംപിക്‌സില്‍ പങ്കെടുത്തതും ഈ മേളയിലായിരുന്നു. സിംഗിള്‍സിലും മിക്‌സ്ഡ് ഡബിള്‍സിലും പങ്കെടുത്ത ടെന്നിസ് താരം നോറ മാര്‍ഗരറ്റ് പോളിയാണ് ആ വനിത.
29 ഗോളുകള്‍ നേടി ഹോക്കിയില്‍ സ്വര്‍ണമണിഞ്ഞ വേദി
29 ഗോളുകള്‍ നേടി ഹോക്കിയില്‍ സ്വര്‍ണമണിഞ്ഞ 1928 ആംസ്റ്റര്‍ഡാം ഒളിമ്പിക്‌സും ചരിത്രത്തില്‍ ഇടം പിടിച്ച കായികമാമാങ്കമാണ്. കളിച്ച 5 മത്സരങ്ങളും ജയിച്ച് കൊണ്ടായിരുന്നു ഇന്ത്യന്‍ ടീമിന്റെ ആധിപത്യം.
രാജ്യം ആദ്യമായി ഒളിംപിക് സ്വര്‍ണവും സ്വന്തമാക്കിയത് അക്കൊല്ലമാണ്.ഇതിഹാസതാരം ധ്യാന്‍ചന്ദ് 14 ഗോളുകള്‍ നേടിയ മല്‍സരത്തില്‍ എതിരാളികള്‍ ഒരു ഗോളുപോലും നേടിയില്ല. ജയ്പാല്‍ സിങ് ആയിരുന്നു ടീം ക്യാപ്റ്റന്‍.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കായിക മാമാങ്കം
ഫുട്‌ബോള്‍ ഡോ. ടാലിമാരന്‍ ഔവ് കൈയ്യിലേന്തിയ ത്രിവര്‍ണ പതാകയുമായി ലണ്ടന്‍ ഒളിമ്പിക്‌സിലാണ് ഇന്ത്യയുടെ സ്വാതന്ത്യത്തിന് ശേഷമുള്ള ആദ്യ മല്‍സരം നടന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഒളിമ്പിക്‌സ് അരങ്ങേറ്റ വര്‍ഷവും അതായിരുന്നു.ഫ്രാന്‍സിനെതിരെ ഗോള്‍ നേടിയ ശാരംങ്ഗപാണി രാമനിലൂടെ ഒളിംപിക് ഫുട്‌ബോളില്‍ ഗോള്‍ നേട്ടവും ഇന്ത്യ കൈവരിച്ചു. ഹോക്കിയിലെ സ്വര്‍ണ നേട്ടം ആവര്‍ത്തിച്ച് കൊണ്ടായിരുന്നു അക്കൊല്ലത്തെ ടീമിന്റെ മടക്കം.
പോക്കറ്റ് ഡൈനാമോയും ആദ്യവനിതയും നേട്ടം കൊയ്ത വര്‍ഷം
ഒളിംപിക്‌സില്‍ മത്സരിച്ച ആദ്യ ഇന്ത്യക്കാരി എന്ന ഖ്യാതി നീലിമ ഘോഷ് സ്വന്തമാക്കിയത് 1952ല്‍ ഹെല്‍സിങ്കി വേദിയായ ഒളിമ്പിക്‌സിലാണ്. മേരി ഡിസൂസയാണ് ഇതേ ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ വനിതാ താരം. പോക്കറ്റ് ഡൈനാമോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖശബ ദാദാ സഹേബ് ജാദവ് ബാന്റം വെയ്റ്റ് ഗുസ്തിയിലൂടെ പ്രഥമ വ്യക്തിഗത മെഡല്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചതാണ് ഹെല്‍സിങ്കി ഒളിമ്പിക്‌സിലെ മറ്റൊരു പ്രത്യേകത. ഹോക്കി സ്വര്‍ണവും അക്കൊല്ലം നിലനിര്‍ത്തി.
English Summary: Indian Olympics history