കാനഡയിലെ ഹാമില്‍ട്ടണില്‍ ബസ് കാത്തുനില്‍ക്കെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. മൊഹാക്ക് കോളേജ് വിദ്യാര്‍ത്ഥിനിയായ ഹര്‍സിമ്രത് രന്ധാവ (21) യാണ് കൊല്ലപ്പെട്ടത്. രണ്ട് വാഹനങ്ങളിലായി എത്തിയവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് വിദ്യാര്‍ത്ഥിനിക്ക് വെടിയേറ്റത്. വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് അബദ്ധത്തില്‍ വെടിയുണ്ട പതിച്ചതായാണ് പോലീസ് നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കനേഡിയന്‍ പോലീസ് അറിയിച്ചു.
പഞ്ചാബ് സ്വദേശിയാണ് മരിച്ച ഹര്‍സിമ്രത് രന്ധാവ. കഴിഞ്ഞ നാല് മാസത്തിനിടെ കാനഡയില്‍ മരിക്കുന്ന നാലാമത്തെ ഇന്ത്യക്കാരിയാണ് രന്ധാവ. നെഞ്ചില്‍ വെടിയേറ്റ പെണ്‍കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിക്ക് വെടിയേറ്റതിന് പിന്നാലെ ഇരുകാറുകളും സംഭവ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞതായി ഹാമില്‍ട്ടണ്‍ പോലീസ് അറിയിച്ചു.
ഹാമില്‍ട്ടണിലെ അപ്പര്‍ ജെയിംസ്, സൗത്ത് ബെന്‍ഡ് റോഡിന് സമീപം പ്രാദേശിക സമയം വൈകിട്ട് 7.30 ഓടെയായിരുന്നു ഇരുസംഘങ്ങള്‍ തമ്മില്‍ വെടിവയ്പ്പ് നടന്നത്. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഒരു കറുത്ത കാറിലെത്തിയ ആള്‍ ഒരു വെളുത്ത സെഡാനില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
‘വിദ്യാര്‍ത്ഥിനിയുടെ ദാരുണമായ മരണത്തില്‍ അനുശോചനം അറിയിക്കുന്നതായി’ ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ എക്സ് പോസ്റ്റില്‍ കുറിച്ചു. വെടിവയ്പിനിടെ തെറിച്ച വെടിയുണ്ടകള്‍ സമീപത്തെ ഒരു വീടിന്റെ ജനാലകളില്‍ പതിച്ചതായും പോലീസ് പറഞ്ഞു.
കാനഡയില്‍ വര്‍ധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങളുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. 2024 ഡിസംബര്‍ ഒന്നിന് പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള 22 കാരിയായ ബിരുദാനന്തര വിദ്യാര്‍ത്ഥി ഗുരാസിസ് സിംഗ് വാടക വീട്ടില്‍ കുത്തേറ്റ് മരിച്ചിരുന്നു. ഡിസംബര്‍ ആറിന് എഡ്മണ്ടനില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന 20 വയസുള്ള ഇന്ത്യന്‍ വംശജന്‍ ഹര്‍ഷന്‍ ദീപ് സിംഗും ഒരു സംഘത്തിന്റെ വെടിയേറ്റ് മരിച്ചിരുന്നു. കൂടാതെ പഞ്ചാബില്‍ നിന്നുള്ള മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയ റിതിക രജ്പുത് ഒരു പരിപാടിക്കിടെ കൊല്ലപ്പെട്ടിരുന്നു. ഈ മരണങ്ങള്‍ക്ക് പിന്നാലെയാണ് വീണ്ടുമൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൂടി കൊല്ലപ്പെട്ടിരിക്കുന്നത്.Indian student killed shot from canada
Content Summary: Indian student killed shot from canada
Leave a Comment