2024-ലെ പ്രക്ഷോഭങ്ങൾക്ക് ഊർജ്ജം പകർന്ന പ്രമുഖ വിദ്യാർത്ഥി നേതാവ് ഷരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകം ബംഗ്ലാദേശിനെ വീണ്ടും അശാന്തിയുടെ നിഴലിലാഴ്ത്തിയിരിക്കുകയാണ്. തലസ്ഥാനമായ ധാക്കയിലും തുറമുഖ നഗരമായ ചിറ്റഗോംഗിലും ജനങ്ങൾ തെരുവിലിറങ്ങി. എന്നാൽ ഈ പ്രതിഷേധങ്ങൾ വെറുമൊരു രാഷ്ട്രീയ സംഘർഷത്തിനപ്പുറം, ശക്തമായ ഇന്ത്യ വിരുദ്ധ വികാരമായി മാറുന്നു എന്നതാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ പീഡിയാട്രീഷനായി ജോലി ചെയ്യുന്ന ഡോ. രേണുക രാജ്യത്തെ കലുഷിതമായ സാഹചര്യങ്ങളെക്കുറിച്ച് ‘അഴിമുഖ’ത്തോട് സംസാരിക്കുന്നു.
വിസ കേന്ദ്രങ്ങൾ അടയുന്നു, വലഞ്ഞ് രോഗികൾ
ചിറ്റഗോംഗിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിന് നേരെയുണ്ടായ ആക്രമണം നയതന്ത്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിനെത്തുടർന്ന് ചിറ്റഗോംഗിലെ വിസ സെന്റർ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഈ നയതന്ത്ര തർക്കങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് ചികിത്സയ്ക്കായി ഇന്ത്യയെ ആശ്രയിക്കുന്ന സാധാരണക്കാരായ രോഗികളാണ്.
‘ദിവസേന നൂറുകണക്കിന് ആളുകളാണ് വിദഗ്ധ ചികിത്സയ്ക്കായി ബംഗ്ലാദേശിൽ നിന്നും ഇന്ത്യൻ ആശുപത്രികളിലേക്ക് പോയിരുന്നത്. ആദ്യം രാജ്ഷാഹിയിലും ഖുൽനയിലും വിസ സെന്ററുകൾ നിർത്തലാക്കിയിരുന്നു. ഇപ്പോൾ ഞാൻ താമസിക്കുന്ന ചിറ്റഗോംഗിലെ വിസ സെന്റർ കൂടി അടച്ചുപൂട്ടിയതോടെ ചികിത്സയ്ക്കായി അതിർത്തി കടക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്. ഇന്ത്യ വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായാണ് രാജ്യത്തെ മാധ്യമങ്ങളും യൂട്യൂബും ഫേസ്ബുക്കും പ്രവർത്തിക്കുന്നതെന്നും ഡോ. രേണുക പറയുന്നു.
ഹസീനയുടെ ഇന്ത്യയിലെ സാന്നിധ്യവും ജനരോഷവും
‘ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത് ബംഗ്ലാദേശിലെ ജനങ്ങൾക്കിടയിൽ ഇന്ത്യക്കെതിരെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഹസീനയുടെ ഭരണകാലത്ത് ഒപ്പിട്ട കുറ്റവാളി കൈമാറ്റ കരാർ നിലവിലുണ്ടായിട്ടും ഇന്ത്യ അവരെ വിട്ടുനൽകുന്നില്ല എന്നതാണ് പ്രധാന പരാതി. ഹസീന മാത്രമല്ല, അവാമി ലീഗിലെ പല മന്ത്രിമാരും നേതാക്കളും ഇപ്പോൾ പശ്ചിമ ബംഗാളിൽ ഒളിവിലുണ്ടെന്നും പറയപ്പെടുന്നു. യുവനേതാവും ആക്ടിവിസ്റ്റുമായ ഷെരീഫ് ഉസ്മാൻ ഹാദിയെ വെടിവെച്ച പ്രതി ഇന്ത്യയിലേക്ക് കടന്നുവെന്നും, അവാമി ലീഗിന്റെ പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നും പ്രചാരണമുണ്ട്. അതുകൊണ്ട് സ്വാഭാവികമായും ജനങ്ങൾ ഇന്ത്യക്കാർക്കെതിരെ തിരിയും.
നിലവിൽ മൃദുസമീപനമാണ് ജമാഅത്തെ ഇസ്ലാമി സ്വീകരിക്കുന്നത്. ഒരു പക്ഷേ ഹിന്ദുക്കളുടെ വോട്ട് കിട്ടാൻ വേണ്ടിയായിരിക്കാം. സാധാരണയായി ഹിന്ദു വോട്ടുകൾ എപ്പോഴും അവാമി ലീഗിനാണ് പോകാറുള്ളത്. അതേസമയം, ബംഗ്ലാദേശിലെ പുതിയ രാഷ്ട്രീയ മുന്നേറ്റമായ എൻ.സി.പിയും അവരുടെ നേതാക്കളായ നഹീദ് ഇസ്ലാം തുടങ്ങിയവർ കടുത്ത ഇന്ത്യ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ അവാമി ലീഗിന് തിരഞ്ഞെടുപ്പ് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, സാധാരണയായി അവാമി ലീഗിനെ പിന്തുണയ്ക്കാറുള്ള ഹിന്ദു വോട്ടർമാരുടെ നിലപാട് വളരെ നിർണ്ണായകമാകും. ഫെബ്രുവരി 12-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി ഈ വോട്ടുകൾ സമാഹരിക്കാനുള്ള തന്ത്രപരമായ നീക്കത്തിലാണ് മറ്റു രാഷ്ട്രീയ പാർട്ടികൾ. ജമാഅത്തെ ഇസ്ലാമി ഇപ്പോൾ പുലർത്തുന്ന മൃദുസമീപനം ഇതിന്റെ ഭാഗമാണെന്ന് കരുതപ്പെടുന്നു
കൊലപാതകത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ, ബിഎൻപി ആണെന്ന് മറ്റു ചിലർ വാദിക്കുന്നു. എന്നാൽ സത്യത്തിൽ ഈ കുറ്റകൃത്യം ചെയ്തത് ആരാണെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. ഉസ്മാൻ ഹാദിമത്സരിക്കാൻ ഉദ്ദേശിച്ചിരുന്ന അതേ മണ്ഡലത്തിൽ കഴിഞ്ഞ മൂന്നോ നാലോ തവണയായി മത്സരിക്കുന്ന ഒരു ബിഎൻപി നേതാവുണ്ട്, അദ്ദേഹത്തിന് ഈ കൊലപാതകത്തിൽ പങ്കുണ്ടോ എന്ന സംശയവും ശക്തമാണ്.
ധാക്കയിൽ നിന്നും എത്തിയ ഉസ്മാൻ ഹാദിയുടെ ജനാസ (ശവസംസ്കാര ചടങ്ങുകൾ) ടെലിവിഷൻ മാധ്യമങ്ങളിലടക്കം വലിയ വാർത്തയായിരുന്നു. ഏകദേശം 15 ലക്ഷത്തോളം ആളുകളാണ് ആ ചടങ്ങിൽ പങ്കെടുത്തത്. ഉസ്മാൻ ഹാദിയുടെ മൂത്ത സഹോദരി അതേ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അവൾ മത്സരരംഗത്തിറങ്ങിയേക്കാം, പക്ഷേ അവിടെ ബിഎൻപിക്കും ജമാഅത്തെ ഇസ്ലാമിക്കും പുറമെ എൻസിപിക്കും സ്വന്തം സ്ഥാനാർത്ഥികളുണ്ട്. ഈ സാഹചര്യത്തിൽ അവൾക്ക് നാലാം സ്ഥാനമേ ലഭിക്കാൻ സാധ്യതയുള്ളൂ. എങ്കിലും, ഈ മത്സരത്തിൽ ആര് ജയിക്കുമെന്നത് പ്രവചനാതീതമാണ്. ഫെബ്രുവരി 12-ലെ തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരിക്കേണ്ടി വരും.
വിപണിയിലെ വിള്ളലുകൾ
ബംഗ്ലാദേശിൽ ഇന്ത്യ വിരുദ്ധ വികാരം നയതന്ത്രതലത്തിൽ നിന്നും ഇപ്പോൾ കമ്പോളങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണെന്ന് രേണുക പറയുന്നു.
‘ഇന്ത്യയിൽ നിന്നുള്ള ഉള്ളി ഇറക്കുമതി കഴിഞ്ഞ 15 ദിവസമായി നിർത്തിവെച്ചിരിക്കുകയാണ്. സാധാരണയായി ഈ സീസണിൽ ബംഗ്ലാദേശിൽ ഉള്ളിക്ക് കടുത്ത ക്ഷാമം അനുഭവപ്പെടാറുള്ളതിനാൽ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയെയാണ് രാജ്യം ആശ്രയിക്കാറുള്ളത്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യം ഈ വ്യാപാര ബന്ധത്തെപ്പോലും ബാധിച്ചിരിക്കുന്നു’. രാജ്യത്ത് ഗാർമെന്റ് ഫാക്ടറികളിൽ ഏകദേശം 6,000 മുതൽ 7,000 വരെ ഇന്ത്യൻ പൗരന്മാർ ജോലി ചെയ്യുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ അവരെ തിരിച്ചയക്കണമെന്നാണ് പൊതുജനങ്ങൾ ഉന്നയിക്കുന്ന ആവശ്യം.
രാഷ്ട്രീയമായ മാറ്റങ്ങളെ സംബന്ധിച്ച് മറ്റൊരു പ്രധാന ചർച്ച വരാനിരിക്കുന്ന ഭരണമാറ്റമാണ്. ബിഎൻപി അധ്യക്ഷ ഖാലിദ സിയ ഇപ്പോഴും ചികിത്സയിൽ തുടരുന്നതിനാൽ, പാർട്ടി വിജയിച്ചാൽ മകൻ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയാകാനാണ് സാധ്യതയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരിഖ് റഹ്മാൻ അധികാരത്തിൽ വരുന്നത് ഇന്ത്യക്ക് അനുകൂലമായേക്കും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ 17 വർഷമായി ലണ്ടനിൽ കഴിയുന്ന അദ്ദേഹം ഇന്ത്യൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തരം രഹസ്യ ചർച്ചകൾ നടത്തുന്നുണ്ടെന്ന സൂചനകളുണ്ട്. ബിഎൻപി അധികാരത്തിൽ വരുന്നത് ഇന്ത്യ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, എൻസിപിയെയും ജമാഅത്തെ ഇസ്ലാമിയെയും പോലുള്ള കടുത്ത ഇന്ത്യ വിരുദ്ധ നിലപാടുള്ള പാർട്ടികളോടുള്ള ഇന്ത്യയുടെ എതിർപ്പ് ഇപ്പോഴും തുടരുകയാണ്.
അതിർത്തിയിലെ യുദ്ധഭീതി
നിലവിലെ സാഹചര്യത്തിൽ ഇന്ത്യ വലിയ രീതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്നു രേണുക പറയുന്നു. ‘സൈനിക കരുത്തിൽ ബംഗ്ലാദേശിനേക്കാൾ ഏറെ മുന്നിലാണ് ഇന്ത്യ. ബംഗ്ലാദേശ് സൈനിക മേധാവി വ്യക്തിപരമായി ഇന്ത്യ വിരുദ്ധനല്ല എന്നതും ശ്രദ്ധേയമാണ്. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് സൈന്യത്തിന് ലഭിച്ച സാമ്പത്തിക നേട്ടങ്ങളും ആനുകൂല്യങ്ങളും പരിഗണിക്കുമ്പോൾ, സൈന്യം ഇന്ത്യയുമായി നേരിട്ടൊരു ഏറ്റുമുട്ടലിന് തയ്യാറാകാൻ സാധ്യതയില്ല.എങ്കിലും, എൻസിപി പോലുള്ള പാർട്ടികൾ അധികാരത്തിൽ വരുന്നത് ഇന്ത്യയുമായുള്ള ബന്ധത്തിൽ വലിയ വിള്ളലുകൾ ഉണ്ടാക്കിയേക്കാം.
അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കിയതോടെ രാഷ്ട്രീയ ചിത്രം ആകെ മാറിയിരിക്കുകയാണ്. സാധാരണയായി അവാമി ലീഗിനെ പിന്തുണയ്ക്കാറുള്ള ഹിന്ദു ന്യൂനപക്ഷ വോട്ടുകൾ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിലാണ് ജമാഅത്തെ ഇസ്ലാമി. “നിലവിലെ ജമാഅത്ത് അമീർ ഡോ. ഷഫീഖുർ റഹ്മാൻ വിദ്യാഭ്യാസമുള്ള ഒരു വ്യക്തിയാണ്, അദ്ദേഹം ഒരു ഡോക്ടർ കൂടിയാണ്. അദ്ദേഹം ഇന്ത്യക്കെതിരെ തീവ്രമായ നിലപാടുകൾ പരസ്യമായി സ്വീകരിക്കാറില്ല,” രേണുക ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി 12-ന് നടക്കുന്ന വോട്ടെടുപ്പിൽ ഈ ‘സോഫ്റ്റ്’ നിലപാട് ജമാഅത്തിന് ഗുണകരമാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
“അതിർത്തിയിലെ നിലവിലെ സാഹചര്യങ്ങൾ സാധാരണക്കാരായ ജനങ്ങൾക്കിടയിൽ വലിയ ആശങ്കയാണ് പടർത്തുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ഈസ്റ്റേൺ കമാൻഡ് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയതായും സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയുടെ ഈ നീക്കം വലിയൊരു യുദ്ധത്തിനുള്ള മുന്നൊരുക്കമാണോ എന്ന് ജനങ്ങൾ ഭയപ്പെടുന്നു. അതിവിസ്തൃതമായ ഈ അതിർത്തിയിൽ സൈന്യം നിലയുറപ്പിക്കുന്നത് കണ്ട്, ഒരു സായുധ ഏറ്റുമുട്ടൽ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ഇവിടുത്തെ ജനങ്ങൾ,” രേണുക പറഞ്ഞു.
മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിക്കുന്ന പരസ്പരവിരുദ്ധമായ വാർത്തകൾ ഈ അനിശ്ചിതത്വം വർദ്ധിപ്പിക്കുന്നു. “യൂട്യൂബിലും ഫേസ്ബുക്കിലും വരുന്ന വാർത്തകളിൽ ഏതാണ് ശരിയെന്നും ഏതാണ് തെറ്റെന്നും തിരിച്ചറിയാൻ സാധിക്കാത്ത വിധം ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. അർദ്ധസത്യങ്ങൾ പോലും ജനങ്ങൾ കണ്ണടച്ച് വിശ്വസിക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്,” എന്നും രേണുക ചൂണ്ടിക്കാട്ടി.
content summary: Indian Visa Centers closed, hundreds of patients stranded What is happening in Bangladesh?
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.