മുംബൈയ്ക്ക് സമീപമുള്ള പന്‍വേലിലെ വിജനമായ സ്ഥലത്ത്, ചന്ദനത്തിരികള്‍ കത്തിച്ച് പിയൂഷ് ധാംനോതിയ ഇരുട്ടിലേക്ക് നോക്കി മാപ്പിരന്നു. വെറുമൊരു മാപ്പപേക്ഷയായിരുന്നില്ല അത്; താന്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ ആത്മാവിനെ വിളിച്ചുവരുത്താനുള്ള ശ്രമമായിരുന്നു. ആത്മാക്കളെ എങ്ങനെ ആവാഹിക്കാം എന്നതിനെക്കുറിച്ച് ഇയാള്‍ യൂട്യൂബില്‍ വീഡിയോകള്‍ കണ്ടിരുന്നതായി പോലീസ് പറയുന്നു.
സിനിമാക്കഥയെ വെല്ലുന്ന ഈ ക്രൂരത ഇന്‍ഡോറിലെ ദ്വാരകാപുരിയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ്. എം.ബി.എ വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പിയൂഷിന്റെ മൊഴികള്‍ കേട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും ഞെട്ടിയിരിക്കുകയാണ്. നഗരത്തെ നടുക്കിയ ഈ കൊലപാതകത്തിന് പിന്നാലെ, മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിലുള്ള പ്രതിയില്‍ നിന്ന് പുറത്തുവരുന്ന ഓരോ വിവരങ്ങളും ഭീതിപ്പെടുത്തുന്നതാണ്.
ഫെബ്രുവരി 10-നായിരുന്നു ആ നടുക്കുന്ന കൊലപാതകം നടന്നത്. അന്ന് പിയൂഷ് ധാംനോതിയ പെണ്‍കുട്ടിയോടൊപ്പം വീട്ടിലേക്ക് വരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. എന്നാല്‍ കൃത്യം രണ്ടര മണിക്കൂറിന് ശേഷം ഒരു ബാഗുമായി അയാള്‍ അവിടെനിന്ന് തനിച്ച് മടങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആ മുറിക്കുള്ളില്‍ നടന്നത് കൃത്യമായി പ്ലാന്‍ ചെയ്ത ഒന്നാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

പോലീസ് നല്കുന്ന വിവരങ്ങള്‍ പ്രകാരം സംഭവദിവസം പിയൂഷ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ശാരീരികമായ അസ്വസ്ഥതകള്‍ പറഞ്ഞ് അവള് എതിര്‍ത്തതോടെ അയാള്‍ അക്രമാസക്തനാകുകയും അവളെ ഉപദ്രവിക്കുകയും ചെയ്തു. ക്രൂരമായ ഈ ആക്രമണത്തിന് പിന്നാലെ, മുറിയിലുണ്ടായിരുന്ന കയറുകള്‍ ഉപയോഗിച്ച് അവളുടെ കൈകാലുകള്‍ അയാള്‍ വരിഞ്ഞുകെട്ടി. ഒരു സമ്മാനം നല്‍കാനുണ്ടെന്ന് പറഞ്ഞ് അവളുടെ കണ്ണുകളും മൂടിക്കെട്ടിയ ശേഷമായിരുന്നു പിയൂഷ് ആ കൊടുംക്രൂരത നടപ്പിലാക്കിയത്.
പെണ്‍കുട്ടി വീണ്ടും പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ പിയൂഷ് കൂടുതല്‍ അക്രമാസക്തമായി മാറുകയായിരുന്നു. അവളുടെ വായില്‍ തുണി തിരുകിയ ശേഷം നെഞ്ചില്‍ കയറിയിരുന്ന് ശ്വാസം മുട്ടിച്ചു. പെണ്‍കുട്ടി അബോധാവസ്ഥയിലാകുന്നത് വരെ അയാള്‍ അത് തുടര്‍ന്നു. ശ്വാസം നിലച്ചുവെന്ന് ഉറപ്പായപ്പോള്‍, കയ്യിലുണ്ടായിരുന്ന കത്തിയുടെ മുന ഒടിയുന്നത്ര ശക്തിയില്‍ അവളുടെ നെഞ്ചിന് താഴെ കുത്തി മുറിവേല്‍പ്പിച്ചു.
കൊലപാതകത്തിന് ശേഷവും യാതൊരു കുറ്റബോധവുമില്ലാതെ അയാള്‍ ആ മുറിയില്‍ തന്നെ തുടര്‍ന്നു എന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. പുറത്തുപോയി മദ്യം വാങ്ങി മടങ്ങിയെത്തിയ അയാള്‍, ആ മൃതദേഹത്തിന് അരികിലിരുന്ന് മദ്യപിച്ചു. ചോദ്യം ചെയ്യലില്‍ പുറത്തുവന്ന ഏറ്റവും ഞെട്ടിക്കുന്ന വിവരം, മൃതദേഹത്തെപ്പോലും അയാള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ്. ഇതിനുശേഷം വസ്ത്രം മാറി, മൃതദേഹം നഗ്നമായ അവസ്ഥയില്‍ ഉപേക്ഷിച്ചാണ് അയാള്‍ അവിടെനിന്ന് കടന്നുകളഞ്ഞത്.
സംഭവദിവസം രാവിലെ, ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ തിരുത്താനുണ്ടെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. പിതാവ് അവളെ കളക്ടറേറ്റിന് സമീപം കൊണ്ടുവിട്ടു. പിന്നീട് തന്റെ ഇളയ സഹോദരിയെ ഫോണില്‍ വിളിച്ച പെണ്‍കുട്ടി, സഹപാഠിയായ പിയൂഷ് ധാംനോതിയോടൊപ്പം ഒരു ജന്മദിന പാര്‍ട്ടിക്ക് പോകുകയാണെന്നും രാത്രി 11 മണിയോടെ തിരിച്ചെത്തുമെന്നും അറിയിച്ചു.
എന്നാല്‍ രാത്രി 11 മണിയായപ്പോള്‍ അവളുടെ ഫോണില്‍ നിന്ന് വീട്ടുകാരെ നടുക്കി ഒരു സന്ദേശം വരികയായിരുന്നു: ‘അവള് ഇനി വീട്ടിലേക്ക് തിരിച്ചുവരില്ലെന്ന് പപ്പയോട് പറയൂ.’ ഈ സന്ദേശത്തിന് പിന്നാലെ അവളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. പിന്നീട് പിയൂഷുമായുള്ള പെണ്‍കുട്ടിയുടെ 11 വീഡിയോകള്‍ കോളേജ് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടു. പ്രതി തന്നെയായിരുന്നു ഈ ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസായി അപ്ലോഡ് ചെയ്തതും അവളുടെ ഫോണിലെ കോണ്‍ടാക്റ്റുകളിലേക്ക് അയച്ചുകൊടുത്തതും. ഇത് കണ്ട് പരിഭ്രാന്തരായ ബന്ധുക്കള്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിനിടെ പിയൂഷ് ധാംനോതിയ തന്റെ മൊഴികള്‍ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരുന്നു. തനിക്ക് അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ അവള് തന്നില്‍ നിന്ന് അകന്നുമാറുകയായിരുന്നു എന്നുമാണ് അയാള്‍ ഒരു പറയുന്നത്. ഏകദേശം 15 ദിവസമായി അവള് തന്നോട് സംസാരിച്ചിരുന്നില്ലെന്നും അയാള്‍ പറഞ്ഞു.
അവളുടെ ഫോണില്‍ ഒരു ഡേറ്റിംഗ് ആപ്പ് കണ്ടത് തന്നെ പ്രകോപിപ്പിച്ചതായും, അവള് മറ്റ് ആളുകളുമായി സംസാരിക്കുന്നുണ്ടെന്ന് താന്‍ സംശയിച്ചതായും പിയൂഷ് പോലീസിനോട് സമ്മതിച്ചു. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അയാളുടെ വാദം. കൃത്യത്തിന് ശേഷം മുംബൈയിലേക്ക് കടന്ന പിയൂഷ്, പന്‍വേല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ ഒളിവില്‍ കഴിഞ്ഞു. മെട്രോ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് കറങ്ങിനടന്ന അയാള്‍, തെളിവ് നശിപ്പിക്കാനായി പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തകര്‍ത്ത് ഉപേക്ഷിക്കുകയും ചെയ്തു. കേസിലെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനായി ഫോറന്‍സിക് സംഘം വിപുലമായ പരിശോധനകളാണ് നടത്തിവരുന്നത്.
Content Summary: Indore MBA student murder: crucial evidence against Piyush Dhamnotia