ഇൻഡോറിലെ ഭാഗീരഥ്‌പുരയിൽ മലിനജലം കുടിച്ച് ഇതുവരെ 8 പേർ മരിക്കുകയും 200-ലധികം പേർ ആശുപത്രിയിലാവുകയും ചെയ്തു. മാസങ്ങളായി നാട്ടുകാർ നൽകിയ പരാതികൾ ഉദ്യോഗസ്ഥർ അവഗണിച്ചതാണ് ഈ വൻ ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.
ഒക്ടോബർ 15 മുതൽ തന്നെ കിണർ വെള്ളത്തിൽ ഓവുചാലിലെ വെള്ളം കലരുന്നതായി പരാതികൾ ഉയർന്നിരുന്നു. നവംബറിൽ തന്നെ, വെള്ളത്തിന് അമ്ലാംശം ഉള്ളതായും ഡിസംബറോടെ ദുർഗന്ധം വമിക്കുന്നതായും നാട്ടുകാർ മേയറുടെ ഹെൽപ്പ് ലൈനിൽ പരാതിപ്പെട്ടിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ, ഒരു പോലീസ് ഔട്ട്‌പോസ്റ്റിന് കീഴിലുള്ള ശൗചാലയത്തിൽ നിന്നുള്ള മാലിന്യം നേരിട്ട് കുടിവെള്ള പൈപ്പിൽ കലർന്നതാണ് ദുരന്തകാരണമെന്ന് കണ്ടെത്തി. ഇതിന് സേഫ്റ്റി ടാങ്ക് ഉണ്ടായിരുന്നില്ല. പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള ഫയൽ 2024 നവംബറിൽ തന്നെ തയ്യാറാക്കിയിരുന്നു. എന്നാൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി വർക്ക് ഓർഡർ നൽകിയത് 2025 ഡിസംബർ 26-നാ കൃത്യം മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്.
മേഖലയിലെ അസിസ്റ്റന്റ് എൻജിനീയറെ നിലവിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ തനിക്ക് മൂന്ന് സോണുകളുടെ ചുമതലയുള്ളതിനാൽ ജോലിഭാരം കൂടുതലാണെന്നും, പൈപ്പ് ലൈനുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് നേരത്തെ തന്നെ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെടുന്നു.
നഗരസഭ ഇപ്പോൾ പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങളും മെഡിക്കൽ ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്. പൈപ്പ് ലൈൻ തകരാറുകൾ പരിഹരിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. അമൃത് 2.0 പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് പുതിയ ടെൻഡർ നടപടികൾ വൈകിയതെന്നാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം.
content summary: Indore Water Tragedy: Administrative Negligence and Recurring Deaths
This post was last modified on January 2, 2026 12:36 pm
Leave a Comment