ഡോ. ജിനു സക്കറിയയുമായി അഭിമുഖം.
പലസ്തീൻ ഇസ്രായേൽ യുദ്ധത്തിന്റെ ഭീകരത കണ്ട് കണ്ണ് നിറഞ്ഞവരാണ് നമ്മൾ. യുദ്ധത്തിൽ മരണമടഞ്ഞത് കുഞ്ഞുങ്ങൾ അടക്കം നിരവധി മനുഷ്യരാണ്. ഈ പോരാട്ടത്തിന്റെ തുടക്കം എവിടെ നിന്നാണ്, ഇതിന്റെ ഇരകൾ ആരൊക്കെയാണ്, എന്താണ് ഇസ്രായേൽ പാലസ്തീൻ യുദ്ധത്തിന് കാരണം എന്നീ കാര്യങ്ങളൊക്കെ വ്യക്തമാക്കുകയാണ് ഡോ. ജിനു സഖറിയ ഉമ്മൻ.
കേരള പബ്ലിക് സർവീസ് കമ്മീഷൻ മുൻ അംഗവും ജെറുസലേമിലെ ഹീബ്രു യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർഥിയുമാണ് നിലവിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്പ്മെന്റ് (IIMAD) വിസിറ്റിങ് പ്രൊഫസറും ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോണററി ഫെല്ലോയുമായ ഡോ. ജിനു ഉമ്മൻ. israel-palestine war
Q. ഇസ്രായേൽ പാലസ്തീൻ യുദ്ധത്തിന്റെ തുടക്കം എവിടെ നിന്നാണ്? എന്താണ് ഇതിന്റെ ചരിത്രം?
Ans. ഇന്ന് ഇസ്രയേലിനൊപ്പം നിൽക്കുന്ന യൂറോപ്യൻ രാജ്യങ്ങളാണ് ജൂതന്മാരെ ഏറ്റവും കൂടുതൽ പീഡിപ്പിച്ചതും കൊന്നൊടുക്കിയതും. മധ്യകാലഘട്ടത്തിൽ കത്തോലിക്കാ യൂറോപ്പിലും പ്രൊട്ടസ്റ്റന്റ് യൂറോപ്പിലും ജൂതന്മാരെ അതിക്രൂരമായി പീഡിപ്പിക്കയും കൊന്നൊടുകയും ചെയ്‌തത് ചരിത്രത്തിൽ നമുക്ക് കാണാൻ കഴിയും. വെസ്റ്റേൺ യൂറോപ്പിൽ നില നിന്ന ഒരു സംവിധാനമായിരുന്നു “ബ്ലഡ് ലിബെൽ”. യൂറോപ്പിലെ ഗെറ്റോകളിൽ താമസിക്കുന്ന ജൂതന്മാർ അവരുടെ പെസഹാ ദിവസത്തിൽ ഒരു ക്രിസ്‌ത്യാനി ബാലനെ കൊന്ന് ആ ചോര ചേർത്താണ് പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുന്നാൾ ആഘോഷിക്കുന്നത് എന്ന് ഒരു പരദൂഷണം ഉണ്ടാക്കുകയും അതിന്റെ പേരിൽ ജൂതരെ കൊല്ലുകയും ചെയ്യുന്ന പരിപാടിയുടെ പേരാണ് ബ്ലഡ് ലിബെൽ. മധ്യകാലഘട്ടത്തിൽ നിന്ന് ഇങ്ങോട്ടു പരിശോധിക്കുമ്പോൾ യൂറോപ്പിൽ മതപരവും സാമ്പത്തികവുമായ വിവേചനമാണ് ജൂതർക്ക് എതിരെ നിലനിന്നിരുന്നു എന്ന് മനസിലാക്കാം. അത് പിന്നിട് വംശീയ വിദ്വേഷമായി പരിണമിക്കുകയും ജൂതർ എന്നത് യൂറോപ്പിലെ ഏറ്റവും മോശപ്പെട്ട വംശമായി കാണുന്ന രീതിയും ഉണ്ടായി വന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഹിറ്റ്ലർ ന്യൂറംബർഗ്ഗ് നിയമങ്ങളും പിന്നീട് ഫൈനൽ സൊലുഷ്യനും കൊണ്ട് വരുന്നത്. യൂറോപ്പിൽ ജൂതന്മാർ അവരുടെ വസ്ത്രത്തിൽ തങ്ങൾ ജൂതന്മാരാണ് എന്ന് ഒരു ബാഡ്‌ജ് ധരിച്ചു നടന്നിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഇതേ കാലഘട്ടത്തിൽ ജൂതന്മാർ സ്വസ്ഥതയോടെയും സമാധാനത്തോടെയും ജീവിച്ചത് പശ്ചിമേഷ്യയിലായിരുന്നു. അവിടുത്തെ അറബ് ഇസ്ലാമിക രാജ്യങ്ങളിലാണ് ജൂതന്മാർ ഏറ്റവും സമാധാനത്തോടെ കഴിഞ്ഞിരുന്നത് ഏകദേശം പതിമൂന്നാം നൂറ്റാണ്ടിൽ ബ്രിട്ടനിൽ നിന്നും പതിനാലാം നൂറ്റാണ്ടിൽ ഫ്രാൻസിൽ നിന്നും പതിനഞ്ചു. പതിനാറു നൂറ്റാണ്ടുകളിൽ സ്പെയിനിൽ നിന്നും പോർച്ചുഗലിൽ നിന്നും അവിടുത്തെ ഭരണകൂടങ്ങൾ ജൂതന്മാരെ പുറത്താക്കുന്നുണ്ട്. സ്‌പാനിഷ് Inquisition കാലത്ത് യൂറോപ്പിൽ നിന്ന നിന്നിരുന്ന നിയമം “ഒരു രാജാവ് ഒരു നിയമം ഒരു മതം” എന്നതാണ്. സ്പെയിനിലും പോർച്ചുഗല്ലിലും ജൂതന്മാരെയും മുസ്ലിമുകളായ മൂറുകളെയും കൂട്ടക്കൊല ചെയ്തു. അന്ന് ജൂതന്മാർ പലായനം ചെയ്‌തത് ഓട്ടോമൻ സാമ്രാജ്യത്തിലേയ്ക്കും കിഴക്കൻ യൂറോപ്പിലേയ്ക്കുമാണ്. അന്ന് ഓട്ടോമൻ സാമ്രാജ്യത്തിൽ ജീവിച്ചിരുന്ന ജൂതപുരോഹിതനായ റബ്ബായി യിത്സാക് ഷമീദ് കിഴക്കൻ യൂറോപ്പിലെ ജൂതർക്ക് എഴുതിയ കത്തിൽ അവരോടു ആവശ്യപ്പെടുന്നത് ഓട്ടോമൻ സാമ്രാജ്യത്തിൽ വന്ന് ജീവിക്കാനാണ്. ജൂതർക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലം ഓട്ടോമൻ സാമ്രാജ്യമാണെന്നും അദ്ദേഹം ആ കത്തിൽ പറയുന്നുണ്ട്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ ധനകാര്യമന്ത്രിയായിരുന്ന യാക്കൂബ് പാഷ ജൂതനായിരുന്നു. ഓട്ടോമൻ സാമ്രാജ്യം പൊതുവെ ജൂതരെ സ്വീകരിക്കുകയും അവർക്ക് അഭയം നൽകുകയും ചെയ്‌തിരുന്നു. ഏറ്റവും പ്രസിദ്ധനായ ഓട്ടോമൻ ചക്രവർത്തി സുലൈമാൻ ( The Magnificent ) സ്പെയിനിലെ ആൽവേരോ മെൻഡസ് എന്ന ധനികനായ ജൂതന് തുർക്കിയിൽ അഭയം നൽകുന്നുണ്ട്. മിഡിൽ ഈസ്റ്റിൽ പാർത്തിരുന്ന ജൂതർ അറിയപ്പെടുന്നത് Sephardic Jews എന്നാണ്. അവർ ഏറ്റവും കൂടുതൽ വളർച്ചയും അഭിവ്യദ്ധിയും നേടിയത് പശ്ചിമേഷ്യയിലാണ്. അവിടെയാണ് ജൂതകവിയായിരുന്ന യുദ ഹാലെവി ജീവിച്ചിരുന്നത്. ഇവിടെയാണ് ജൂതർ ഏറ്റവും സമാധാനമായി ജീവിച്ചിരുന്നത്. ലിബിയ, മൊറോക്കോ, യെമൻ, ഇറാൻ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിലെ ജൂത സമൂഹങ്ങൾ ആ കാലഘട്ടത്തിൽ വലിയ തോതിൽ അഭിവൃദ്ധി പ്രാപിച്ചവരാണ്. ബാഗ്ദാദി ജൂതന്മാർ ഒരു കാലത്ത് ഏറ്റവും പ്രമുഖ കച്ചവട സമുദായമായിരുന്നു. ഇന്ത്യയിലേയ്ക്ക് വരെ അവർ കച്ചവടം നടത്തിയിരുന്നു. ബുൻഡാർ ഫാമിലി എന്ന യെമെനി ജൂത സമൂഹം മലബാറിലും കോറോമോഡൽ പ്രദേശങ്ങളിലും വ്യാപാരം നടത്തിയിരുന്നു. ഇവരെയെല്ലാം പിന്തുണച്ചതും സംസാരക്ഷിച്ചതും സഹായിച്ചതുമെല്ലാം ഇസ്ലാമിക, അറബ് രാജാക്കന്മാരായിരുന്നു. israel-palestine war
ഇസ്രയേലിന്റെ രൂപീകരണത്തിന്റെ വേരുകൾ പരിശോധിച്ചാൽ അതിൽ യൂറോപ്പിലെ ക്രിസ്ത്യൻ സമൂഹത്തിലെ ചില വൈരുധ്യങ്ങൾക്ക് പങ്കുള്ളതായി കാണാൻ സാധിക്കും. 1896 ൽ ജൂതന്മാരിലെ ഒരു വിഭാഗം സയണിസം എന്ന വംശീയ മുന്നേറ്റം രൂപീകരിച്ചു. എന്നാൽ അതിന് മുന്നേ തന്നെ ജൂതന്മാർക്ക് അനുകൂലമായ ക്രിസ്‌ത്യൻ സയണിസം യൂറോപ്പിൽ തലപൊക്കിയിരുന്നു. കത്തോലിക്കാ സഭയുടെ സ്വാധീനമുള്ള പ്രദേശങ്ങളിൽ അല്ല മറിച്ച് പ്രൊട്ടസ്റ്റന്റ് ചിന്താഗതിയ്ക്ക് ആധിപത്യമുള്ള യൂറോപ്പിന്റെ ഭാഗങ്ങളിലാണ് ക്രിസ്ത്യൻ സയണിസത്തിന്റെ രാഷ്‌ടീയ വേരുകൾ. പ്രൊട്ടസ്റ്റന്റിനിസം ശക്തമായതോടെ സോള സ്ക്രിപ്ചുര അഥവാ ബൈബിളിനു മാത്രം ഊന്നൽ നൽകി കൊണ്ടുള്ള ദൈവശാസ്ത്രത്തിന് വലിയ പ്രാധാന്യം ലഭിച്ചു. ലാറ്റിനിൽ നിന്ന് വിവിധ ഭാഷകളിലേക്ക് തർജമ ചെയ്യപ്പെട്ട ബൈബിളുകൾ വന്നു തുടങ്ങി. അതോടെ ബൈബിളിനു വിവിധ തരത്തിലുള്ള വ്യാഖ്യാനങ്ങളുമുണ്ടായി തുടങ്ങി. അതിലെ ഒരു വ്യാഖ്യാനത്തിന്റെ ഭാഗമായി രൂപപ്പെട്ട ചിന്താഗതിയാണ് പലസ്തീനിൽ ജൂതരാഷ്ട്രം പുനർസ്ഥാപിക്കുകയെന്നത്. ഏകദേശം പതിനാറു പതിനേഴ് നൂറ്റാണ്ടുകളിലാണ് ഈ ചിന്താഗതി കൂടുതൽ പ്രചാരത്തിലെത്തുന്നത്. ഇതോടെ ജൂതരെ തിരിച്ചു പലസ്‌തീനിലേയ്ക്ക് അയച്ച് അവിടെ ജൂതരാഷ്ട്രം സ്ഥാപിക്കണം എന്ന ആശയം പതുക്കെ വളരുവാൻ ആരംഭിച്ചു. ആദ്യ കാലങ്ങളിൽ മാർട്ടിൻ ലൂതറും ജോൺ കാൽവിനും ശ്രമിച്ചത് ജൂതരെ ക്രിസ്‌ത്യാനികളാക്കി പരിവർത്തനം ചെയ്യാനാണ്. ഇരുവരും പിൽകാലത്ത് ജൂതവിരുദ്ധമായ ചില പ്രസ്താവനകൾ നടത്തുന്നതും ചരിത്രത്തിൽ കാണാൻ കഴിയും. എന്നാൽ ക്രിസ്ത‌്യൻ സയണിസം യൂറോപ്പിൽ കൂടുതൽ വളരുകയും ഒരു തരത്തിലുള്ള റെസ്റ്റോറേഷനിസം അഥവാ പുനർസ്ഥാപിക്കൽ എന്ന ചിന്തയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുകയുണ്ടായി. ഇത് പിന്നിട അമേരിക്കയിലും വ്യാപിച്ചതായി കാണാം. ഒലിവർ ക്രോം വെല്ലിന്റെ കാലത്താണ് (ക്രിസ്‌ത്യൻ സയോണിസത്തിനു കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്. ക്രിസ്‌ത്യൻ സയോണിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വില്യം ഹെൻെർ എഴുതിയ ഒരു ലഘുലേഖയാണ് Restoration of Jews in Palestine According to Prophets – പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലത്താണ് ഇത് എഴുതപ്പെടുന്നത്. ഇതേ വില്യം ഹെൻെർ സയോണിസത്തിന്റെ ഉപജ്ഞാതാവായ തിയഡോർ ഹെർസലുമായി അഭിമുഖം നടത്തുന്നുണ്ട്. israel-palestine war
ഹെർസെൽ താൻ എഴുതിയ പുസ്‌തകം ഈ കൂടിക്കാഴ്‌ചയിൽ ഹെൻെറിനു നൽകുകയും ജർമ്മൻ ചക്രവർത്തിയുമായി ഹെർസെലിനു കൂടിക്കാഴ്ച്‌ച നടത്താനുള്ള സൗകര്യം ഹെൻെർ ചെയ്‌ത് കൊടുക്കുകയുമുണ്ടായി. എന്നാൽ കത്തോലിക്കാ സഭയിൽ നിന്ന് ഹെർസെലിനു വലിയ പിന്തുണയൊന്നും ലഭിച്ചില്ല. 1904 ൽ അന്നത്തെ മാർപാപ്പയായ പിയൂസ് പത്താമനെ ഹെർസെൽ സന്ദർശിക്കുകയും പലസ്‌തീനിൽ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കാൻ തങ്ങൾ കുടിയേറ്റം ആരംഭിക്കാൻ പോകുകയാണ് എന്നും പിന്തുണ നൽകണമെന്നും അഭ്യർത്ഥിച്ചു. എന്നാൽ മാർപ്പാപ്പയാകട്ടെ ഇതിന് യാതൊരു പിന്തുണയും കത്തോലിക്ക സഭ നൽകില്ലെന്നും കുടിയേറുന്നതൊക്കെ ജൂതരുടെ ആഭ്യന്തര വ്യവഹാരമാണെന്നും മറുപടി നൽകി. എന്തിനാണ് ജറുസലേം അടങ്ങുന്ന പലസ്തിനിൽ ഒരു ജൂതരാഷ്ട്രം വേണമെന്ന് വാശിപിടിക്കുന്നത് എന്ന് മാർപ്പാപ്പ ഹെർസെലിനോട് ചോദിക്കുന്നുമുണ്ട്.
ഇതിന് മറുപടിയായി ഹെർസെൽ പറയുന്നത് ഒരു മതരാഷ്ട്രമല്ല മറിച്ച് മതേതര രാഷ്ട്രമാണ് തങ്ങൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതെന്നാണ്. തങ്ങളുടെ ദൈവമായ (ക്രിസ്തുവിനെ നിങ്ങൾ അംഗീകരിക്കുന്നില്ലെന്നും അതിനാൽ പിന്തുണ നൽകില്ലെന്നും മാർപ്പാപ്പ വ്യക്തമാക്കി. ഓട്ടോമൻ ഭരണത്തിന്റെ തകർച്ചയോടെ ക്രിസ്ത‌്യൻ സയണിസം ശക്തമായി. ഇതോടെ ജൂതരെ പലസ്‌തിനിൽ കൂട്ടത്തോടെ താമസിപ്പിക്കണം എന്ന ചിന്തയ്ക്ക് തീവ്രതയേറി. ഏറ്റവും ശക്തമായി ക്രിസ്‌ത്യൻ സയണിസം വേരുപിടിച്ചത് ബ്രിട്ടനിലാണ്. സ്കൈസ് പിക്കോ കരാർ നിലവിൽ വന്നതോടെ അന്നത്തെ സാമ്രാജ്യത്വ ശക്തികൾ ഓട്ടോമൻ സാമ്രാജ്യത്തെ തങ്ങളുടെ കോളനികളായി വിതം വയ്ക്കുകയും പലസ്‌തിന്റെ മേലുള്ള അധികാരം ബ്രിട്ടന് ലഭിക്കുകയും ചെയ്‌തു. ഇതിന് കാരണമായി സൂയസ് കനാൽ അടക്കമുള്ള തന്ത്രപ്രധാനമായ കാര്യങ്ങൾ പറയാമെങ്കിലും അതിന് മുന്നേ തന്നെ ബാൽഫർ പ്രഖ്യാപനം 1917 വന്നത് നമ്മൾ ഓർക്കണം. ഇതിന് പുറകിലും ക്രിസ്ത‌്യൻ സയോണിസത്തിന്റെ കരങ്ങൾ ഉള്ളത് കാണാതെ പോകരുത്. ഈ പ്രഖ്യാപനം വരുമ്പോൾ ലോയിഡ് ജോർജ് ആണ് ബ്രിട്ടന്റെ പ്രധാനമന്ത്രി. ആർതർ ബാൽഫറാണ് വിദേശകാര്യ സെക്രെട്ടറി. ഹെർബെർട് സാമുവേൽ എന്ന ആ ക്യാബിനെറ്റിലെ മന്ത്രിയാണ് ആദ്യമായാണ് പലസ്‌തീനുമായി ബന്ധപ്പെട്ട് ഒരു രേഖ സമർപ്പിക്കുന്നത്. ഇതിനെ ആദ്യം എതിർത്തത് അതേ ക്യാബിനെറ്റിലെ മന്ത്രിയും ജൂതനുമായ മോൺടാഗുവാണ്. അതിന് കാരണമായി അദ്ദേഹം പറഞ്ഞത് ഇത്തരം ഒരു തീരുമാനമെടുത്താൽ വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന ജൂതന്മാർ അവിടങ്ങളിൽ നിന്ന് നിർബന്ധിതമായി കുടിയൊഴിപ്പിക്കപ്പെടുമെന്നാണ്. 1917 ൽ ആർതർ ബാൽഫർ പ്രമുഖ കോടിശ്വരനും ജൂതനുമായ ലോർഡ് റോത്ത് ചൈൽഡിന് എഴുതിയ കത്താണ് ബാൽഫർ പ്രഖ്യാപനം എന്ന് അറിയപ്പെട്ടത്. ആ സമയത്ത് വേൾഡ് സയണിസ്റ്റ് ഓർഗനൈസേഷന്റെ പ്രസിഡന്റ് ഹയം വൈസ്മാൻ ആണ്. ലോയിഡ് ജോർജും ഹെർബെർട് സാമുവലും ലോർഡ് റോത്ത് ചൈൽഡും വൈസ്‌മാനും നടത്തിയ രഹസ്യ ചർച്ചകളും കൊടുക്കൽ വാങ്ങലുകളും എന്താണെന്ന് ഇന്നും ലോകത്തിന് അറിയില്ല. 1917 ബാൽഫർ പ്രഖ്യാപനത്തിന് ശേഷം ഇതേ ഹെർബെർട് സാമുവൽ പലസ്തീനിൽ ഹൈക്കമ്മിഷണർ ആയി നിയമിക്കപ്പെട്ടു. ഡേവിഡ് ബെൻ ഗുരിയൺ ആണ് ഇസ്രയേലിന്റെ ആദ്യ പ്രധാനമന്ത്രിയെങ്കിലും ഇസ്രായേൽ എന്ന് പറയുന്ന രാജ്യം ഉത്ഭവം കൊണ്ടത് ഹെർബെർട് സാമുവൽ പലസ്തീനിൽ ഹൈകമ്മിഷണർ ആയി ചുമതലയേറ്റപ്പോൾ ആണ്. തുടർന്ന് യൂറോപ്പിൽ നിന്നും മറ്റും ജൂതന്മാർ വലിയ തോതിൽ പലസ്‌തീനിലേയ്ക്ക് കുടിയേറാൻ തുടങ്ങി. ഇതിനെ അലിയ എന്നാണ് വിശേഷിപ്പിക്കുക. റഷ്യയിൽ നടന്ന ബോൾഷെവിക് വിപ്ലവത്തിൽ ജൂതന്മാരും പങ്കാളികളായതോടെ കിഴക്കൻ യൂറോപ്പിലും മറ്റും ജൂതർക്ക് എതിരായ വികാരങ്ങൾ ശക്തമായി. ഇതോടെ ജൂതർ കൂട്ടത്തോടെ പലസ്തീനിൽ വന്ന് സ്ഥിരതാമസമാക്കി തുടങ്ങി. ക്രിസ്‌ത്യൻ സയണിസം ശക്തമായി വെസ്റ്റേൺ യൂറോപ്പിൽ നിലനിന്നിരുന്നെകിലും ഒരു ജൂതനെ അയൽക്കാരനായ ലഭിക്കാൻ ആരും ആഗ്രഹിച്ചിരുന്നില്ല. എത്രയും വേഗം ജൂതന്മാരെ യൂറോപ്പിൽ നിന്ന് മാറ്റുക എന്ന ചിന്താഗതി ബ്രിട്ടനിലടക്കം ശക്തമായിരുന്നു. ക്രിസ്ത‌്യൻ സയണിസത്തെ അനുകൂലിച്ചും അതിനെ കുറിച്ച് ദൈവശാസ്ത്രപരമായി സംസാരിക്കുമ്പോഴും പാശ്ചാത്യരായ ഭരണാധികാരികളുടെ ഏറ്റവും പ്രധാന ലക്ഷ്യം ജൂതരെ യൂറോപ്പിൽ നിന്ന് ഒഴിപ്പിക്കുകയെന്നതായിരുന്നു. ഹോളോകോസ്റ്റ് നടക്കുന്നതോടെ യൂറോപ്പിലെ രാഷ്ട്രീയ സാമൂഹിക ചിത്രം മാറിമറയുകയാണ്. ഹോളോകോസ്റ്റിന് ശേഷം ധാരാളം ജൂതന്മാർ അഭയാർഥികളായി മാറി. എന്നാൽ ഈ ജൂതരെ ഏറ്റെടുക്കാൻ ഒരു യൂറോപ്യൻ രാജ്യങ്ങളും തയ്യാറായില്ല. അപ്പോഴും ഇറാനിലും പശ്ചിമേഷ്യയിലും ജൂതന്മാർ സമാധാനമായി കഴിയുകയായിരുന്നു. മധ്യേഷ്യയിൽ നാസിസത്തിൻ്റെ കടന്നു കയറ്റങ്ങൾ ഉണ്ടായ സമയത്ത് ധാരാളം ജൂതയുവാക്കൾ ഇറാക്കിലെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ ആയിരുന്നു. നാസി വിരുദ്ധ പോരാട്ടത്തിലും സയോണിസത്തിന് എതിരായ പോരാട്ടത്തിലും ഇറാക്കിലെ കമ്യൂണിസ്റ്റ് പാർട്ടി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. യൂറോപ്പിൽ നിന്ന് വളരെ പെട്ടെന്ന് ധാരാളം ജൂതന്മാർ പലസ്തീനിലേയ്ക്ക് കുടിയേറിയെങ്കിൽ ഇറാക്കിലെയും അൾജിരിയലെയും ലിബിയയിലെയും മൊറോക്കോയിലെയും ടുണിഷ്യയിലെയും മറ്റും ജൂതർ ഇസ്രയേൽ രൂപീകരണത്തിന് ശേഷം 1960-70 കളിലാണ് കുടിയേറുന്നത്. ഇവർക്ക് കുടിയേറാൻ താത്പര്യമില്ലായിരുന്നു എന്നതാണ് വസ്തുത. ഈ രാജ്യങ്ങളിൽ നിന്നു ജൂതരുടെ കുടിയേറ്റം ഉണ്ടാക്കാൻ മൊസ്സാദ് ഇടപെടൽ നടത്തുകയും സംഘർഷങ്ങൾ ഉണ്ടാക്കുകയും വരെ ചെയ്തു എന്നാണ് പറയപ്പെടുന്നത്.
1947 ൽ പലസ്തിനെ വിഭജിച്ചു കൊണ്ട് ഒരു ജൂതരാഷ്ട്രം സൃഷ്ടിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന് എതിരെ ഇന്ത്യ വോട്ട് ചെയ്തിരുന്നു. അതിന് പ്രധാന കാരണം ഗാന്ധിജിയുടെ നിലപാടാണ്. ജൂതരാഷ്ട്ര നേതാക്കൾ പല രീതിയിൽ ഗാന്ധിജിയെ മുന്നേ സ്വാധീനിക്കാൻ ശ്രമിക്കുമ്പോഴും അദ്ദേഹം നൽകിയ മറുപടി പലസ്‌തീൻ എന്ന പ്രദേശം പലസ്‌തീനിയർക്ക് ഉള്ളതാണ് എന്നാണ്. എങ്ങനെയാണ് ഫ്രാൻസ് ഫ്രഞ്ചുകാർക്കും ബ്രിട്ടൻ ബ്രിട്ടിഷുകാർക്കും അവകാശപ്പെട്ടതാകുന്നോ അത് പോലെ തന്നെ പലസ്‌തീൻ പലസ്തിനിയർക്ക് അവകാശപ്പെട്ടതാണ് എന്നായിരുന്നു ഗാന്ധിയുടെ നിലപാട്. ഹിറ്റ്ലർ നടത്തിയ ജൂതവേട്ടയ്ക്ക് എതിരെ നിലകൊണ്ട മനുഷ്യനാണ് ഗാന്ധിജി എന്നും ഓർക്കണം. ഗാന്ധിജി തന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് ഹിംസയെ അനുകൂലിച്ചത്. അത് ജൂതർക്ക് വേണ്ടിയാണ്. ജർമനിയിൽ ഒരു യുദ്ധമുണ്ടാകുകയും ആ യുദ്ധത്തിൽ ജർമനി പരാജയപ്പെടുകയും ചെയ്യുകയാണെങ്കിൽ ആ യുദ്ധത്തെ ഞാൻ അനുകൂലിക്കുമെന്ന് ഗാന്ധിജി പ്രഖ്യാപിച്ചിരുന്നു. പലസ്‌തിനെ വെട്ടിമുറിച്ച് ഒരു ജൂതരാഷ്ട്രം സ്ഥാപിച്ചാൽ Holocaust ന് സമാനമായ ക്രൂരതകൾ അവിടെ അരങ്ങേറുമെന്ന് ഗാന്ധിജി ഓർമപ്പെടുത്തിയിരുന്നു. ഒരു സമയത്ത് യൂറോപ്പിൽ കൊടിയ മർദ്ദനങ്ങൾ അനുഭവിച്ച ജൂതർ തന്നേയാണ് ആയുധങ്ങളുമായി ചെന്ന് പലസ്തീനിൽ വലിയ ക്രൂരതകൾ നടത്തി കൊണ്ടിരിക്കുന്നത്. 1920 ൽ ബ്രിട്ടൻ പലസ്തീനേ ഒരു പ്രത്യേക രാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു, എന്നാൽ രാഷ്ട്രീയമായി ശക്തി ക്ഷയം സംഭവിച്ച ബ്രിട്ടന് തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കാനും പലസ്‌തീനിൽ തന്നെ തുടരാനും ഒരു കാരണം ആവശ്യമായി വന്നു. അതിനു അവർ തിരഞ്ഞെടുത്ത മാർഗ്ഗം ക്രൈസ്തവ മതവികാരം സൃഷ്ടിക്കുക എന്നതാണു. ഇതിൻ്റെ ഭാഗമായി ബ്രിട്ടിഷ് സൈന്യം ജെറുസലേമിൽ പ്രവേശിക്കുകയും തുടർന്നു ഹെർബെർട് സാമുവലും ജോർജ് അലൻബിയും സൈന്യത്തോടൊപ്പം ക്രിസ്‌തുവിന്റെ അടക്കവും ഉത്ഥാനവും നടന്നു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന Holy Sepulchre പള്ളിയിൽ പ്രവേശിക്കുകയും അവിടെ കൂട്ടമണി മുഴക്കുകയും ചെയ്തു. ഇതേ സമയം തന്നെ ബ്രിട്ടനിലെയും യൂറോപ്പിലെയും പള്ളികളിൽ കൂട്ടമണി മുഴുക്കുകയും അത് വഴി ക്രിസ്‌ത്യൻ മതവികാരം ഉണർത്താനും പലസ്തീൻ വിഷയത്തിന് ഒരു മതപരമായ നിറം നല്‌കാനും അവർക്ക് കഴിഞ്ഞു.
1948 ൽ ഇസ്രായേൽ രൂപീകരിച്ച ശേഷം സയണിസ്റ്റ് ഭരണകൂടം അവിടെ അൽനക്ബ നടത്തി അതിവ നിപ്പൂരമായ രീതിയിൽ പലസ്‌തീനിയരെ അവിടെ നിന്ന് ഓടിക്കുകയാണ്. 1967 ലെ യുദ്ധത്തിൽ ഇസ്രായേൽ വെസ്റ്റ് ബാങ്കും ഗാസയും ഗോളാൻ മലനിരകളും പിടിച്ചെടുത്തു, “Occupation ” യഥാർത്ഥത്തിൽ ആരംഭിക്കുന്നത് ഈ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതോടെയാണ്. രണ്ട് രീതിയിലാണ് ഈ ഒക്കുപ്പേഷൻ അവർ മുന്നോട്ട് കൊണ്ട് പോയത്. ഒന്ന് പലസ്തീൻ ജനതയെ വംശഹത്യ ചെയ്‌തും അവരെ കൊന്നൊടുക്കിയും. രണ്ട് ബാക്കിയുള്ള അറബ് രാജ്യങ്ങളുമായി സന്ധിയിലേർപ്പെടാൻ ശ്രമിച്ചും. 1950 – 60കളിൽ പലസ്തീൻ ജനത പി.എൽ.ഓ യുടെ കിഴിൽ അണിനിരക്കുകയും വലിയൊരു വിമോചന മുന്നേറ്റത്തിന് ആരംഭം കുറിക്കുകയും ചെയ്തു. ആ പലസ്‌തീൻ മുന്നേറ്റം ഒരു മതേതര മുന്നേറ്റമായിരുന്നു. ഇസ്രായേൽ ഒരു മതരാഷ്ട്രമാണ്. അവിടെ ജൂതന്മാർക്ക് മാത്രമാണ് പൗരത്വം ലഭിക്കുക. വെസ്റ്റ് ബാങ്കിലും ഗാസയിലെ പലസ്‌തീനിയർ ജീവിക്കുന്നുണ്ടെങ്കിലും കൂടാതെ ഇസ്രയേലിനുള്ളിൽ അറബ് ജനത താമസിക്കുന്നുണ്ട്. അറബ് ഇസ്രയേലികൾ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. ഇവർക്ക് പോലും ഒരു പരിപൂർണ പൗരത്വമോ അവകാശങ്ങളോ ഇല്ല. വോട്ടവകാശം പോലെ പരിമിതമായ അവകാശങ്ങളേയുള്ളൂ. ഈ അറബ് ജനതയെ കുറിച്ച് ആരും സംസാരിക്കുന്നില്ല എന്നത് ഖേദകരമാണ്. പലസ്‌തീൻ ജനതയെന്നത് ബഹുസ്വരമായ ഒരു മതേതര സമൂഹമാണ്. അതിൽ ഷിയാ, സുന്നി, കുർദ്ദ് വിഭാഗങ്ങൾ ഉണ്ട്. ക്രിസ്ത‌്യാനികളിലെ തന്നെ ഗ്രീക്ക് ഓർത്തോഡോക്‌സ്, അർമേനിയൻ ഓർത്തോഡോക്സ‌്, കോപ്റ്റിക്ക് ഓർത്തോഡോക്‌സ്, എത്യോപ്യൻ ഓർത്തോഡോക്‌സ്, സിറിയൻ ഓർത്തോഡോക്സ്, ആംഗ്ലിക്കൻ വിഭാഗങ്ങളും കത്തോലിക്കാ വിഭാഗവും ഈ മതേതര ജനതയുടെ ഭാഗമാണ്. പലസ്തീൻ മുന്നേറ്റത്തെയും പലസ്‌തീൻ സ്വത്വത്തെയും രൂപപ്പെടുത്തിയത് അവിടുത്തെ ഒരു പലസ്‌തീൻ ക്രിസ്‌ത്യൻ മുന്നേറ്റമാണ്. 1930 കളിൽ നടന്ന അറബ് ലഹളയുടെ നേതൃത്വം നൽകിയതും അതിന് വേണ്ടി ഒരു അറബ് ഗാനം എഴുതിയതും ഖലിൽ സഖാക്കിനി എന്ന പലസ്‌തീൻ ക്രിസ്‌ത്യാനിയും കവിയും അധ്യാപകനുമാണ്. ജറുസലേമിലെ ഷെരിഫുമായി നിരന്തരം സൗഹ്യദം സഖാക്കിനി പുലർത്തിയിരുന്നു. പലസ്‌തിനിലെ പ്രധാനപ്പെട്ട പത്രങ്ങളായ ഫിലിസ്തീനയും അൽ കർവേലും നടത്തുന്നത് പലസ്‌തിൻ ക്രിസ്‌ത്യാനികളാണ്. പലസ്തീൻ വിമോചന മുന്നേറ്റത്തിന്റെ ഈറ്റില്ലങ്ങൾ തന്നെ ബെർസെയ്ത് യൂണിവേഴ്‌സിറ്റിയും ബെക്ലെമിലെ കത്തോലിക്കാ യൂണിവേഴ്‌സിറ്റിയുമാണ്. ഈ രണ്ടും ക്രിസ്ത്യൻ മാനേജ്‌മെന്റിന് കിഴിലുള്ള യൂണിവേഴ്‌സിറ്റികളാണ്. അൽ ഫത്താ ആരംഭിച്ചപ്പോൾ യാസർ അറഫാത്തിനൊപ്പം ഉണ്ടായിരുന്ന ഹന്നാ മിഖായേൽ എന്ന ഇടതുപക്ഷക്കാരനും പലസ്‌തീൻ ക്രിസ്‌ത്യാനിയാണ്. പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിലും ഹാർവാർഡിലും അമേരിക്കയിലും പഠിച്ച ഗ്രീക്ക് ഓർത്തോഡോക്‌സുകാരനായ ഹന്നാ പഠന ശേഷം തിരിച്ചു വന്ന് വിമോചന പോരാട്ടത്തിന്റെ ഭാഗമായി മാറി. 1970 കളുടെ അവസാനത്തിൽ ലെബനോനിലും സിറിയയിലും ഉള്ള പലസ്തീൻ ക്യാമ്പുകളിൽ ഉണ്ടായ ആഭ്യന്തര പ്രശ്‌നങ്ങൾ തീർക്കാൻ അറഫാത്ത് പറഞ്ഞയച്ചത് ഹന്നാ മിഖായേലിനെയാണ്. ട്രിപ്പോളിയിൽ നടന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പോയ ഹന്നയെ പിന്നീട് ലോകം കണ്ടിട്ടില്ല. അദ്ദേഹം കൊല്ലപെട്ടുവെന്നാണ് പലരും കരുതുന്നത്. പലസ്‌തീനിലെ മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് മുന്നേറ്റമായ PFLP യ്ക്കു നേത്യത്വം നൽകിയിരുന്നത് രണ്ട് പലസ്തിനി ക്രിസ്തത്യാനികളാണ് : ജോർജ് ഹെബാഷും വാദി ഹദ്ദാദും. 1960 – 70 കളിൽ വിമാനങ്ങൾ റാഞ്ചുകയും ഇസ്രായേലിലെ ഡേവിഡ് ബെൻ ഗുരിയോൺ വിമാനത്താവളം ആക്രമിക്കുകയും ചെയ്‌തത് ജോർജ് ഹെബാഷും വാദി ഹദ്ദാദും. 1960 – 70 കളിൽ വിമാനങ്ങൾ റാഞ്ചുകയും ഇസ്രായേലിലെ ഡേവിഡ് ബെൻ ഗുരിയോൺ വിമാനത്താവളം ആക്രമിക്കുകയും ചെയ്‌തത് ജോർജ് ഹെബാഷും വാദി ഹദ്ദാദും ചേർന്നാണ്. മധുരമേറിയ ചോക്ലേറ്റുകൾ ഏറെ ഇഷ്ടമായിരുന്ന പി.എഫ്.എൽ.പിയുടെ തലവൻ വാദി ഹദ്ദാദിനെ മൊസാദ് വധിക്കുന്നത് ബെൽജിയം ചോക്ലേറ്റിൽ വിഷം ചേർത്തിട്ടാണ്. മറ്റൊരു വിപ്ലവസംഘടനായ ഡെമോക്രറ്റിക് ഫ്രണ്ട് ഫോർ പലസ്‌തീൻ ലിബറേഷന്റെ സ്ഥാപകർ പലസ്തീൻ ക്രിസ്ത‌്യാനികളായ കമൽ നിസാറും നൈഫുമാണ്. കമൽ നിസാർ കോപ്റ്റിക്ക് ഓർത്തോഡോക്സ്‌സും നൈഫ് കത്തോലിക്കനുമാണ്. ഇരുവരും യാസർ അറഫാത്തിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു.
ഇസ്രയേൽ രാജ്യത്തിൻ്റെ രാഷ്ട്ര നിർമാണ പ്രക്രിയ അംഗീകരിക്കാത്ത യാഥാസ്ഥിതിക ജൂതരാണ് Haredi Jews. ജറുസലേമിലും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ വസിക്കുന്ന ഈ ജൂതരിലെ ഒരു ഉപവിഭാഗമാണു Neturei Karta ഈ വിഭാഗത്തിൽ പെടുന്ന ജൂതന്മാരുടെ വിശ്വാസ പ്രകാരം മിശിഹായുടെ രണ്ടാം വരവിന് ശേഷമാണ് ഇസ്രയേൽ സ്ഥാപിക്കപ്പെടേണ്ടത്. അതിനാൽ 1947ൽ സ്ഥാപിതമായ ഇസ്രയേൽ എന്ന രാഷ്ട്രത്തെ ഇവർ അംഗീകരിക്കുന്നില്ല. പലസ്തിന്റെ ഭാഗമായ റമല, ബെത്ലഹം പ്രദേശങ്ങളിലാണ് ഇവർ താമസിക്കുന്നത്. ഇസ്രായേലിന് അകത്തും പുറത്തും പലസ്‌തീൻ അനുകൂല പ്രകടനങ്ങൾക്ക് ഇവർ നേതൃത്വം നൽകാറുണ്ട്. പലസ്തീൻ വിമോചന പോരാട്ടത്തിലും ഇവർ പങ്കാളികളാണ്.
Q.എന്താണ് ഇപ്പോൾ യുദ്ധഭൂമിയിൽ നടക്കുന്നത്?
Ans. ഒക്ടോബർ ഏഴാം തിയതി ഇസ്രായേൽ അധിനിവിശേത്തിനെതിരായി ഹമാസ് നടത്തിയ അതിസാഹസികമായ ആക്രമണത്തെ തുടർന്ന് ഇസ്രായേൽ സൈന്യം പലസ്തീൻ ജനതയുടെ നേർക്ക് നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. ഗാസയിൽ തിങ്ങിവസിച്ചിരുന്ന 22 ലക്ഷം മനുഷ്യരിൽ 15 ലക്ഷത്തിലധികം പേരും ഇസ്രായേൽ അക്രമണത്തോടെ അഭയാർഥികളായി മാറി. അവിടുത്തെ ആശുപത്രികൾ എല്ലാം തന്നെ ഇസ്രായേൽ പ്രതിരോധ സേനയായ ഐ.ഡി.എഫ് നശിപ്പിച്ചു. അൽ ഷിഫ ഹോസ്‌പിറ്റൽ, അൽ അഹ്ലി ബാപ്റ്റിസ്റ്റ് ഹോസ്‌പിറ്റൽ അടക്കം ഇസ്രായേൽ ആക്രമിക്കുകയും അനേകായിരം കുണുങ്ങളെ കൊല്ലുകയും ചെയ്‌തു. ഐക്യ രാഷ്ട്ര സഭയുടെ സെക്രെട്ടറി ജെനെറൽ പറഞ്ഞത് ഗാസ കുഞ്ഞുങ്ങളുടെ സെമിത്തേരിയായി മാറിയെന്നാണ്. ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ വംശഹത്യയാണ് ഗാസയിലും റഫയിലും നടന്നു കൊണ്ടിരിക്കുന്നത്. എന്നാൽ ഇന്ത്യയിലെ മാധ്യമങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നത് ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിന് കുറിച്ചാണ്. ഒക്ടോബർ ഏഴാം തീയതി ഹമാസിന്റെ ആക്രണമത്തോട് കൂടിയാണ് ചരിത്രം ആരംഭിക്കുന്നത് എന്നാണ് അവർ കരുതുന്നത്. എന്നാൽ യു.എൻ സെക്രെട്ടറി ജെനെറലിന്റെ വാക്കുകളിൽ ഈ അബദ്ധധാരണകൾക്കുള്ള മറുപടിയുണ്ട്. അദ്ദേഹം പറയുന്നത് ഹമാസിന്റെ അക്രമണങ്ങളെ ഞാൻ അപലപിക്കുന്നു. എന്നാൽ ആ ആക്രമണങ്ങൾ ശൂന്യതയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതല്ല. അതിനു പുറകിൽ 75 വർഷമായി തുടരുന്ന വലിയ അധിനിവേശത്തിന്റെ പശ്ചാത്തലമുണ്ട്. സയണിസ്റ്റ് അധിനിവേശത്തിന് കീഴിൽ കഴിയുന്ന പലസ്തീൻ ജനത ഈ കാലയളവിൽ അനുഭവിച്ച് കൊണ്ടിരിക്കുന്നത് കിരാതമായ, ക്രൂരകൃത്യങ്ങളാണ് എന്ന് അദ്ദേഹം പറയുന്നു. ഒക്ടോബർ ഏഴിനുമുൻപ് തന്നെ ഗാസ ഒരു നരകമായിരുന്നു എന്നാണ് പലസ്‌തീനിലെ ബൈബിൾ കോളേജിന്റെ ഡീൻ റെവ. മുൻദിർ ഐസക്ക് തന്റെ പ്രസ്‌താവനയിൽ പറഞ്ഞത്. ഈ കൂട്ടക്കൊലയെ ബൈബിൾ ഉപയോഗിച്ച് ന്യായീകരിക്കാനും ചിലർ ശ്രമിക്കുന്നുണ്ട്. അത് ക്രിസ്‌ത്യൻ പ്രമാണങ്ങൾക്ക് എതിരാണ്. ക്രിസ്‌ത്യാനിറ്റിയുടെ പ്രബോധനങ്ങൾക്ക് വിരുദ്ധമാണ്* എന്നും ആ വൈദികൻ തന്റെ പ്രസംഗത്തിൽ ചൂണ്ടികാട്ടിയിരുന്നു. കിഴക്കൻ ജെറുസലേമിലുമുള്ള പള്ളികളിലെല്ലാം ആക്രമണങ്ങൾ നടന്നിട്ടുണ്ട്. അവിടേക്ക് ജനങ്ങൾ പോകാൻ ഭയക്കുന്നു. വിദേശികൾ വരുന്നില്ല എന്നും റെവ. മുൻദിർ ഐസക്ക് പറയുന്നു. പലസ്‌തീനിലെ ഏറ്റവും പ്രമുഖരായ ക്രൈസ്‌തവ ദൈവശാസ്ത്രജ്ഞരിൽ ഒരാളാണ് റെവ. ഐസക്ക്.
ജെറുസലേമിലെയും പലസ്‌തീനിലെയും സാഹചര്യങ്ങൾ നിരീക്ഷിച്ചാൽ അവിടുത്തെ ബ്ലൂ കോളർ ജോലികൾ അതായത് നിർമാണ മേഖലയിലെ ജോലികളടക്കം ചെയ്യുന്നത് പലസ്‌തീനിയരാണ് എന്ന് മനസിലാക്കാം. വെസ്റ്റ് ബാങ്കിൽ നിന്നും റമലയിൽ നിന്നും ജറുസലേമിൽ നിന്നും ഗാസയിൽ നിന്നും ഏകദേശം ഒരു ലക്ഷത്തോളം പലസ്‌തീനിയർ ഈ ജോലികൾക്കായി ഇസ്രായേലിൽ വരുന്നുണ്ട്. ഈ പലസ്‌തിനിയരെ അതിർത്തി ചെക്ക് പോയിന്റുകളിൽ ഇസ്രായേൽ സൈന്യം മോശമായി അധിക്ഷേപിക്കുകയും, നായ്ക്കളെ കൊണ്ട് കടിപ്പിക്കുകയും മറ്റും ചെയ്യുന്ന ഹൃദയഭേദകമായ സംഭവങ്ങൾ അരങ്ങേറാറുണ്ട്. സ്ത്രീകൾക്ക് നേരെയും ഇത്തരം അതിക്രമങ്ങൾ അതിർത്തി ചെക്ക് പോസ്റ്റുകളിൽ സംഭവിക്കാറുണ്ട്. ജെറുസലേമിലെ പഠനകാലത്ത് ഇത്തരം സംഭവങ്ങൾ എനിക്കു കാണുവാൻ കഴിഞ്ഞിട്ടുണ്ട്. ഹമാസ് ആക്രമണം നടത്താനുണ്ടായ സാഹചര്യത്തെ കുറിച്ച് മാധ്യമങ്ങൾ ചർച്ച ചെയ്യാൻ തയ്യാറല്ല. ഹമാസ് നടത്തിയ ആക്രമണത്തിന് അവര് തന്നെ നൽകിയ പേര് ഓപ്പറേഷൻ അൽ അക്‌സ തുഫാൻ എന്നാണ്.
Q.എന്ത് കൊണ്ടാണ് അക്സ തുഫാൻ പേര് നൽകിയത് ?
ഇതിന്റെ ചരിത്രം പരിശോധിച്ചാൽ നമുക്ക് മനസിലാകും എന്നൊക്കെ ഇസ്രയേലിനുള്ളിൽ ആഭ്യന്തരമായ രാഷ്ട്രീയ പ്രതിസന്ധികളുണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം അതിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ പലസ്തീനിനുള്ളിലോ അല്ലെങ്കിൽ പലസ്‌തിനിയർക്ക് നേരെയോ എന്തെങ്കിലും അതിക്രമങ്ങൾ ഇസ്രായേൽ ഭരണകൂടം സൃഷ്ടിക്കും, പലസ്‌തിനിൽ ചെന്ന് പ്രകോപനം സൃഷ്ടിക്കുകയും ചിലരെ വെടിവച്ച് കൊല്ലുകയും മറ്റും ചെയ്ത്
രാഷ്ട്രീയ പ്രശ്‌നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുക എന്ന തന്ത്രത്തെ ആശ്രയിച്ചാണ് ഇസ്രായേലിലെ വലതുപക്ഷ സർക്കാരുകൾ ജനരോഷത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നത്. ഒക്ടോബർ ഏഴിന് സംഭവിച്ച സംഘർഷത്തിന് കാരണഹേതുക്കൾ കഴിഞ്ഞ പതിനഞ്ചു കൊല്ലമായി ഇസ്രായേൽ ഭരിക്കുന്ന, തീവ്ര വംശീയതയിൽ ഊന്നി പ്രവർത്തിക്കുന്ന ലികുഡ് പാർട്ടിയും അതിന്റെ തലവനായ ബെഞ്ചമിൻ നെതന്യാഹുമാണ്. വളരെയധികം കുപ്രസിദ്ധിയാർജ്ജിച്ച പ്രധാനമന്ത്രി കൂടിയായ നെതന്യാഹു അഴിമതിയിൽ മുങ്ങികുളിച്ചു നിൽക്കുന്ന ഒരു രാഷ്ട്രീയക്കാരൻ കൂടിയാണ്. എല്ലാ സമാധാനകരാറുകളും ലംഘിക്കുന്ന, ടൂ സ്റ്റേറ്റ് സൊല്യൂഷൻ അഥവാ പലസ്‌തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകുന്ന ഒരു
പരിഹാര പദ്ധതിയെ നിഷേധിക്കുന്ന വലതുപക്ഷ നേതാവ് കൂടിയാണ് നെതന്യാഹു. ന്യൂയോർക്ക് ടൈംസിലെ അന്താരാഷ്ട്ര കാര്യ ലേഖകനും ജൂതനുമായ തോമസ് ഫ്രിഡ്‌മാൻ തന്റെ രാഷ്ട്രീയ നിരീക്ഷണ ലേഖനങ്ങളിൽ നെതന്യാഹുവിന്റെ സർക്കാരിലെ സഖ്യകക്ഷികളെ വിശേഷിപ്പിച്ചത് ജൂത വംശീയവാദികളെന്നാണ് . ലിക്യുഡ് പാർട്ടിയുടെ സഖ്യകക്ഷിയായ ജൂയിഷ്
Q. ഈ യുദ്ധം ഒരു മതപരമായ പ്രശ്നമാണോ?
പലസ്തീൻ പ്രശ്‍നം ഒരു മതപരമായ പ്രശ്‌നമല്ല. അത് ഒരു ജനതയുടെ പ്രശ്നമാണ്. ഇതിനെ കൃത്യമായി നിർവചിക്കാൻ നെൽസൺ മണ്ടേലയ്ക്ക് കഴിയുന്നുണ്ട്. ദക്ഷിണാഫ്രിക്കയുടെ പ്രെസിഡന്റായി ചുമതലയേറ്റ ശേഷം അമേരിക്കയിലെ ഒരു യൂണിവേഴ്‌സിറ്റിയിൽ നടന്ന സംവാദത്തിൽ ഒരു ജൂതവംശജനായ സെനറ്ററുമായി സംവദിക്കവേ മണ്ടേല പറയുന്നത് വർണ്ണവിവേചനത്തിന് എതിരായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെയും ദക്ഷിണാഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പോരാട്ടത്തിൽ അതിന്റെ നേതൃത്വം നൽകിയവരിൽ ജൂതന്മാർ ഉണ്ടായിരുന്നു. സംഘടനാതലത്തിലും ധൈഷണിക തലത്തിലും ജൂതന്മാരുടെ സാന്നിധ്യം ഉണ്ടായിരുന്നു. എന്നാൽ ഞങ്ങളെ സംബന്ധിച്ച് പലസ്‌തീൻ പോരാട്ടമെന്നത് ഒരു ജനതയുടെ സ്വാതന്ത്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. മണ്ടേല പറഞ്ഞ മറ്റൊരു കാര്യം തങ്ങൾ പൂർണമായും പലസ്‌തീൻ ജനതയോട് ഐക്യപ്പെടുന്നുവെന്നും ഇത് അവരുടെ അവകാശങ്ങൾക്കും സ്വയംഭരണ അധികാരത്തിനുമുള്ള പോരാട്ടമാണെന്നാണ്. എന്നാൽ ലോകം ഇതിനെ ഒരു ജൂത- മുസ്ലിം സംഘർഷമായി കാണുകയാണ്. യഥാർത്ഥത്തിൽ എഴുപത്തിയഞ്ചു കൊല്ലമായി തുടരുന്ന അധിനിവേശം അവസാനിപ്പിച്ച് ഈസ്റ്റ് ജെറുസലേം തലസ്ഥാനമായി പലസ്തീൻ രാജ്യം രൂപീകരിക്കുവാനും നക്‌ബ മൂലം പലായനം ചെയ്തവർക്ക് തിരിച്ചു വരാനും വേണ്ടിയുള്ള പോരാട്ടമാണ് ഇത്. അത് കൊണ്ട് തന്നെ ഈ പോരാട്ടത്തിന് മതത്തിന്റെ നിറം നൽകാൻ ഇസ്രായേൽ ശ്രമിച്ചുകൊണ്ടേയിരിക്കും. മതപരമായ അല്ലെങ്കിൽ വർഗീയമായ നിറം ഇതിന് നൽകുകയാണെങ്കിൽ പലസ്‌തീൻ മുന്നേറ്റം ദുർബലപ്പെടുമെന്നും അവർക്കറിയാം. ഇസ്ലാമിക അല്ലെങ്കിൽ ഒരു മുസ്ലിം പ്രശ്‌നം മാത്രമായി ഇതിനെ ചിത്രീകരിക്കുമ്പോൾ നിലവിലെ അന്താരാഷ്ട്ര സ്ഥിതിഗതികളുടെ പശ്ചാത്തലത്തിലും ദുഷ്‌പ്രചാരണങ്ങളുടെ ശക്തി ഉപയോഗപ്പെടുത്തി ഒരു തിവ്രവാദ ചാപ്പയും നല്‌കാൻ സാധിക്കുമെന്ന് ഇസ്രായേലിന് കൃത്യമായി അറിയാം. നെതന്യാഹു ഇസ്രായേലിലെ ഏറ്റവും മോശം പ്രധാനമന്ത്രി എന്ന ഖ്യാതി നേടി കഴിഞ്ഞു. ഇസ്രായേലിലെ ബാർ ഇലാൻ യൂണിവേഴ്‌സിറ്റിയും മാറിവ് ദിനപത്രവും നടത്തിയ ഗവേഷണത്തിൽ വെറും നാല് ശതമാനം ജനങ്ങളുടെ പിന്തുണയെ ബെഞ്ചമിൻ നെതന്യാഹുവിനുള്ളു. അത് കൊണ്ട് അധികാരത്തിനായും എന്തും ചെയ്യാൻ തയ്യാറാണ് നെതന്യാഹു.
ഇസ്രായേലിലെ പലസ്‌തിൻ അനുകൂല ഇടതുപക്ഷ അനുഭാവികളായ ജൂതന്മാർ താമസിച്ചിരുന്ന ബെറി കിസ്സുഫിം, നെറ്റീവ് ഹസാറ, നിർ ഓസ്
എന്നീ കിബുറ്റ്സുകളിലാണ് ഹമാസ് ആക്രമണം ഉണ്ടായത് എന്നത് ദൗർഭാഗ്യകരമാണ് . കമ്മ്യൂണിസ്റ്റ് കമ്മ്യൂണുകൾക്ക് സമാനമായ സെറ്റിൽമെന്റ് രീതിയാണ് കിബുറ്റ്‌സുകൾ എന്ന് പറയുന്നത്. ഇസ്രായേലിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും മറ്റൊരു ഇടതുപക്ഷ പാർട്ടിയുമായ Meretz ഉം വലിയ സ്വാധീനം ചെലുത്തുന്ന പ്രദേശങ്ങളാണ് ഇത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ പലസ്‌തീൻ ജനതയെ ഇല്ലാതാക്കാൻ മുറവിളി ഉയരുമ്പോഴും പലസ്‌തീന് അനുകൂലമായി നിലകൊള്ളുന്ന മനുഷ്യരാണ് കിബുറ്റ്‌സുകളിൽ ഉള്ളത്. ഹമാസിന്റെ ആക്രമണങ്ങൾക്ക് വിധേയരായവരിൽ ഈ ജൂതരും ഉൾപ്പെടുന്നു. ഈ ആക്രണമത്തിൽ കൊല്ലപ്പെട്ട ആളുകളിൽ ഒരാൾ Israel Peace Movement ന്റ്റെ നേതാവായ ഹൈം കിറ്റ്‌സ്‌മാനാണ്. അദ്ദേഹത്തിന്റെ സഹോദരൻ പലസ്തീൻ അനുകൂല പ്രവർത്തകനുമായ നോയി കിറ്റ്സ്‌മാൻ ഞങ്ങളുടെ വേദനകൾ ഗാസയിൽ മരണം വിതയ്ക്കുന്ന ഉപാധിയായി ഇസ്രായേൽ സ്വീകരിക്കരുത് എന്ന് പരസ്യ അഭ്യർത്ഥന നടത്തി. പലസ്‌തീനിയൻ കുട്ടികൾക്ക് ദ്വിഭാഷ സ്‌കൂൾ നടത്തുന്ന ജൂത ദമ്പതികളായ ശ്ലോമിയും ഷഹാറും, സമാധാന പ്രവർത്തകനും പലസ്തീൻ അനുകൂലിയുമായ വിവിയൻ സിൽവെറും ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ജർമനിയിലെയും അമേരിക്കയിലും ഫ്രാൻസിലെയും മറ്റ് യൂറോപ്പ്യൻ രാജ്യങ്ങളിലേയും വിവിധ ജൂത സംഘടനകൾ വരെ ഇസ്രയേലിനെ എതിർത്ത് കൊണ്ട് രംഗത്ത് വന്നു കഴിഞ്ഞു. അമേരിക്കയിലെ യൂണിവേഴ്‌സിറ്റികളിൽ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വലിയ വിദ്യാർത്ഥി മുന്നേറ്റങ്ങൾ ഉണ്ടായത് നമ്മൾ മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. ഫ്രാൻസിലും ജർമനിയിലും പലസ്‌തിൻ അനുകൂല പ്രകടനങ്ങൾക്ക് സർക്കാരുകൾ വിലക്കേർപ്പെടുത്തിയെങ്കിലും ഈ രാജ്യങ്ങളിലും അമേരിക്കയിലും, കാനഡയിലും, യൂറോപ്യൻ രാജ്യങ്ങളിലും വലിയ പ്രതിഷേധ പ്രകടനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. പല ജൂത സംഘടനകളും നെതന്യാഹു സർക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. Freedom of One Who Think Differently എന്ന പേരിൽ ജർമനിയിലെ ജൂത എഴുത്തുകാരും, അക്കാദമിക പ്രതിഭകളും കലാകാരന്മാരും എഴുതിയ തുറന്ന കത്തിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രവൃത്തികളെ ശക്തമായി അപലപിക്കുകയും ഇസ്രായേലിന് എതിരെയുള്ള വിമർശനങ്ങളെ ജൂതവിരുദ്ധം അഥവാ ആന്റി സെമെറ്റിക്ക് എന്ന മുദ്രകുത്തുന്നതിനെ എതിർക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ തന്നെ ഇതൊരു ജൂത മുസ്ലിം പ്രശ്‌നമാക്കി മാറ്റാനുള്ള ശ്രമങ്ങൾ റദ്ദ് ചെയ്യപ്പെടേണ്ടതുണ്ട്. ബെഞ്ചമിൻ നെതന്യാഹു ക്രിസ്‌ത്യൻ സയണിസം ആളിക്കത്തിച്ചു കൊണ്ട് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കി, ജനപിന്തുണ നഷ്ടപ്പെട്ട നെതന്യാഹു, ബൈബിളിനെയും തോറയെയും കൂട്ടുപിടിച്ച്, നിലവിൽ നടക്കുന്ന ആക്രമണങ്ങൾ അമോലെക്യരും ഇസ്രയേലികളും തമ്മിൽ നടന്ന യുദ്ധത്തിന് സമാനമാണ് എന്ന് പ്രഖ്യാപിക്കുകയുണ്ടായി.
Q. അമോലേക്യരുമായി എന്തിനാണ് ഗാസയിലെ ജനങ്ങളെ നെതന്യാഹു താരതമ്യം ചെയ്‌തത് ?
ബൈബിൾ പഴയ നിയമത്തിൽ 1 ശമുവേൽ പതിനഞ്ചാം അധ്യായം വായിച്ചു നോക്കുക. അതിൽ പറയുന്നു. അന്ന് ഇസ്രയേലിന്റെ രാജാവായി ശൗൽ അധികാരം ഏറ്റെടുത്തു. അധികാരമേറ്റെടുത്ത ശൗലിനോട് ശമുവേൽ പ്രവാചകൻ ആവശ്യപ്പെടുന്നത് മുൻപ് ഇസ്രായേൽ ജനതയെ ആക്രമിച്ച അമോലേക്യർ എന്ന ജനതയോട് പ്രതികാരം ചെയ്യാനും കുഞ്ഞുങ്ങളെയും സ്ത്രീകളെയും അടക്കം കൊല്ലാനും ആവശ്യപ്പെട്ടു. ഗാസയിലെ റഫായിലും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ ന്യായീകരിക്കാനാണ് നെതന്യാഹു ഈ സംഭവം ഉദ്ധരിച്ചത്. ബൈബിളും തോറയും കൂട്ടുപിടിക്കുന്നതിന്റെ മറ്റൊരു കാരണം യു.കെ.യിലും യു.എസിലുമുള്ള ക്രിസ്ത‌്യൻ സയണിസ്റ്റ് ലോബികൾ പ്രീണിപ്പിക്കാനാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ അടിത്തറ തന്നെ ഈ ക്രിസ്‌ത്യൻ സയണിസ്റ്റ് ലോബികളാണ്. എന്നാൽ ഇതേ സമയത്ത് തന്നെയാണ് പലസ്‌തീനിലുള്ള എല്ലാ ക്രിസ്‌ത്യൻ സഭകളുടെയും തലവന്മാരുടെ ഇസ്രായേലിന് എതിരായ സംയുക്ത പ്രസ്‌താവന പുറപ്പെടുവിച്ചത്. ലാറ്റിൻ കത്തോലിക്ക സഭയുടെ പാത്രിയർക്കിസ്, ഗ്രീക്ക് ഓർത്തോഡോക്‌സ് സഭയുടെ പാത്രിയാർക്കിസ്, സിറിയൻ ഓർത്തഡോക്സ്, കോപ്റ്റിക്. അർമേറിയൻ, ആംഗ്ലിക്കൻ, ലുതെറൺ ചർച്ചുകളുടെയെല്ലാം തലവന്മാർ ഗാസയിലെ ജനങ്ങൾക്ക് പിന്തുണ അറിയിച്ചു കൊണ്ട് . 2023 ലെ ക്രിസ്‌തുമസിന് യാതൊരു ആഘോഷങ്ങളും ഉണ്ടാകാൻ പാടില്ല എന്ന് പ്രസ്താവന പുറപ്പെടുവിച്ചു. ഒരു രണ്ടാം നക്ബ നടത്തുകയാണ് ഇസ്രയേലിപ്പോൾ. 1948 ൽ അവർ നടത്തിയതിന് സമാനമായ വംശഹത്യയാണ് ഇപ്പോൾ ഗാസയിലെ റഫാക്രോസ്സിങ്ങിലും നടത്തുന്നത്. ആക്രമണങ്ങളുടെ ആരംഭ സമയത്ത് തന്നെ ഇസ്രയേലിന്റെ ധനകാര്യ മന്ത്രി ബേസലേൽ സ്മോട്രിച്ച് പ്രഖ്യാപിച്ചത് പലസ്തീനിയർ ഇസ്രായേലിൽ നിന്നും വെസ്റ്റ് ബാങ്ക് ഗാസ പ്രദേശങ്ങളിൽ നിന്നുമെല്ലാം സ്വമേധയാ ഒഴിഞ്ഞു പോകണമെന്നും പലായനം ചെയ്യണമെന്നുമാണ്. ഐക്യരാഷ്ട്ര സഭയിലെ ഇസ്രയേലിന്റെ സ്ഥിരപ്രതിനിധിയായ ഗിലാദ് എർദാൻ എഴുതിയ ഒരു ലേഖനത്തിൽ ആവശ്യപ്പെട്ടത് ഇസ്രയേലിന്റെ അയൽ രാജ്യങ്ങളിലേയ്ക്ക് ഇവർ പോകണം എന്നാണ്. ഇന്റലിജൻസ് സുരക്ഷ ചുമതലയുള്ള മന്ത്രി ഗെയ്‌ൽ ഗമാലിയേൽ പറഞ്ഞത് പാശ്ചാത്യരാജ്യങ്ങൾ പലസ്‌തീൻ ജനതയെ ഏറ്റെടുക്കണമെന്നാണ്. ഇത് വിവാദമായപ്പോൾ നെതന്യാഹു ഇടപെടുകയും വിവാദ പ്രസ്‌താവനകൾക്ക് കൂച്ചുവിലങ്ങിടുകയും ചെയ്‌തു. പലസ്‌തീൻ ജനതയെ എങ്ങനെ ഇല്ലാതാക്കണം എന്നതിൽ പരസ്‌പരം മത്സരിക്കുകയായിരുന്നു ഇസ്രായേലിലെ വലതുപക്ഷ പാർട്ടികൾ. ഇസ്രായേലിൽ ഭരണം നടത്തിയിരുന്ന യുദ്ധകാല ക്യാബിനറ്റിൽ ഉള്ളവരെ നിരിക്ഷിക്കുക : ബെഞ്ചമിൻ നെതന്യാഹുവിനെ കൂടാതെ തീവ്രവലതുപക്ഷകാരനായ യോവ് ഗാലന്റ്, പ്രതിപക്ഷ പാർട്ടികളിൽ ഒന്നിന്റെ നേതാവായ ബെന്നി ഗാന്റ്സ്. ഇവരാണ് വാർ ക്യാബിനെറ്റിനു നേതൃത്വം നൽകുന്നത്. എന്നാൽ പ്രതിപക്ഷ നേതാവായ യെർ ലാപിഡ് ഇതിൽ അംഗമായിട്ടില്ല. ഇനിയൊരു തിരഞ്ഞെടുപ്പ് വന്നാൽ തനിക്ക് പ്രധാനമന്ത്രിയാകാൻ കഴിയും എന്ന് ഉറപ്പുള്ളത് കൊണ്ട് മാത്രമാണ് ലാപിഡ് മാറി നിൽക്കുന്നത്. ഇത്തമാർ ബെൻ ഗവിർ എന്ന വിവാദ വലതുപക്ഷ വംശീയ രാഷ്ട്രീയക്കാരൻ വാർ ക്യാബിനറ്റിൽ തന്നെയും അംഗമാക്കണം എന്ന് ആവശ്യപ്പെട്ടു കത്തെഴുതിയിരുന്നു. സർക്കാരിന്റെ പ്രതിച്ഛായ തകരുംതോറും പലസ്‌തിനിയർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിപ്പിച്ച് ഗാസയെ ഇല്ലാതാക്കാനും യുദ്ധം മുന്നോട്ട്കൊണ്ട് പോയാൽ തിരഞ്ഞെടുപ്പിൽ ജയിക്കാമെന്നുമാണ് നെതന്യാഹു അടക്കമുള്ളവർ കണക്കു കൂട്ടുന്നത്.
അറബ് രാജ്യങ്ങളുമായി സൗഹ്യദം സ്ഥാപിച്ച് സ്വതന്ത്ര പലസ്തീൻ എന്ന ആശയത്തെ മുഖ്യധാരയിൽ നിന്ന് അപ്രത്യക്ഷമാക്കുക എന്ന തന്ത്രവും നെതന്യാഹു ഉപയോഗിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ പ്രശ്നങ്ങൾ, യു.എസിന്റെ ഇറാഖ് അധിനിവേശം, അറബ് വസന്താനന്തരം സംഭവിച്ച രാഷ്ട്രീയ അസ്ഥിരതകൾ. ഐ.എസ്.ഐ.എസിന്റെ ഉത്ഭവവും വ്യാപനവും, യെമെൻ, സിറിയ, ലെബനൻ എന്നീ രാജ്യങ്ങളുടെ തകർച്ചയും, ഇറാനും സൗദിയും തമ്മിലുള്ള സംഘർഷങ്ങളും, ജി.സി.സി രാജ്യങ്ങൾ ഖത്തറിനെ ഒറ്റപ്പെടുത്തിയതുമെല്ലാം പലസ്‌തിൻ ജനതയുടെ സ്വാതന്ത്യത്തിന് വേണ്ടിയുള്ള മുന്നേറ്റങ്ങളെ ദുർബലപ്പെടുത്തിയിട്ടുണ്ട്. 1973 നു ശേഷം ഒരു അറബ് രാജ്യവുമായിട്ടും ഇസ്രായേൽ യുദ്ധത്തിലേർപ്പെട്ടില്ല. കൂടാതെ ഈജിപ്ത്, ജോർദാൻ, അബ്രഹാം ഉടമ്പടി വഴി യു.എ.ഇ, സുഡാൻ, ബഹ്‌റൈൻ, മൊറോക്കോ ഉൾപ്പടെ ഒൻപത് അറബ് രാജ്യങ്ങളുമായി സൗഹൃദത്തിലാണ്. സൗദിയുമായി സൗഹൃദം സ്ഥാപിക്കാനിരിക്കുകയിരുന്നു ഇസ്രായേൽ. അപ്പോഴാണ് ഹമാസ് ആക്രമണം നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ പലസ്‌തീൻ വിഷയം അജണ്ടയല്ലായിരുന്നു എന്ന് മുൻ ഇന്ത്യൻ അംബാസിഡറായിരുന്ന തൽമിസ് അഹമ്മദ് ആ സമയത്ത് എഴുതിയ ഒരു ലേഖനത്തിൽ പറയുന്നുണ്ട്. പ്രമുഖ ഇസ്രായേലി രാഷ്ട്രീയ നിരീക്ഷകൻ ഗിദെയോൻ ലേവി ഹാരെറ്റ്സിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞത് സമ്പന്നരായ ജി.സി.സി രാജ്യങ്ങളോടും അറബ് രാജ്യങ്ങളോടും സൗഹ്യദം സ്ഥാപിക്കുമ്പോൾ തന്നെ നമ്മൾ പലസ്‌തീനിയരുമായി സൗഹൃദം സ്ഥാപിക്കാനുള്ള അവസരം പാഴാക്കിയെന്നാണ്. വെസ്റ്റ് ബാങ്കിന്റെയും ഗാസയുടെയും അധികാരം പലസ്തീൻ ദേശീയ അതോറിറ്റിറ്റിയെ ഏൽപ്പിച്ചാൽ പലസ്‌തീൻ രാഷ്ട്രം എന്നത് ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും ഒരു യാഥാർഥ്യമാകുകയും വീണ്ടും ശക്തമായ പലസ്തിൻ മുന്നേറ്റം ഉണ്ടാകുകയും ചെയ്യുമെന്ന് ഇസ്രായേലിന് ഉറപ്പുണ്ട്. അത് കൊണ്ടാണ് അവർ ഗാസയെ മുഴുവനായും നശിപ്പിക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ഇരുപത് കൊല്ലമായി ഇസ്രായേൽ ശ്രമിക്കുന്നത് പലസ്തീൻ ദേശീയ അതോറിറ്റിയെ ദുർബലപ്പെടുത്തുവാനാണ്. ഈജിപ്ത് മുഖാന്തരം ഹമാസുമായി ചർച്ചകൾ നടത്തി പലസ്‌തീൻ ദേശീയ അതോറിറ്റിയെ ദുർബലപ്പെടുത്തുക എന്നതാണ് ഇസ്രയേലിന്റെ പുതിയ നയം. പലസ്തീൻ ദേശീയ അതോറിറ്റി തലവൻ മഹമൂദ് അബ്ബാസുമായി യു.എസ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ജോർദാനിൽ വച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ആദ്യമായിട്ടാണ്. പി.എൻ.എയുമായി യു.എസ് ഉന്നത തല ചർച്ച നടത്തുന്നത്.
ജൂൺ 17 2024 നു ബെഞ്ചമിൻ നെതന്യാഹു യുദ്ധ ക്യാബിനറ്റ് പിരിച്ചുവിട്ടു. ലോക രാജ്യങ്ങളും ഇസ്രായേലിലെ പ്രതിപക്ഷ പാർട്ടികളും അവിടുത്തെ ജനങ്ങളും തനിക്ക് എതിരാണ് എന്ന് തിരിച്ചറിഞ്ഞിട്ടും യുദ്ധം തുടരാനാണ് നെതന്യാഹു ശ്രമിക്കുന്നത്. ഈ വിധ്വംസക രാഷ്ട്രീയത്തിന് ഒരു അവസാനം ഉണ്ടാകേണ്ടത് അനിവാര്യമാണ്.
Content Summary; israel-palestine war