January 14, 2025 |
Share on

ഒരു സിവില്‍ സര്‍വീസുകാരന്റെ അഴല്‍ മൂടാത്ത പത്രപ്രവര്‍ത്തക ജീവിതത്തിന്റെ ഓര്‍മ

‘തമിഴ്പ്പുലികളുടെ ക്യാമ്പുകളിൽ പോവാനും, അട്ടപ്പാടിയിലെ ഗോത്രവിഭാഗത്തിന്റെ ഇരുളടഞ്ഞ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലാനും, ചോലനായിക്കരുടെ ഗുഹാ ജീവിത്തിലേക്ക് ചെന്നെത്തിപ്പെടാനുമൊക്കെ അത്രയും വർഷങ്ങൾക്ക് മുൻപും കഴിഞ്ഞത് മാധ്യമ പ്രവർത്തനത്തിലൂടെയാണ്.’

‌അഴിമുഖം പബ്ലിക്കേഷൻസിന്റെ ആറാമത്തെ പുസ്തകമായ കെ വി മോഹൻകുമാറിന്റെ ‘അഴൽ മൂടിയ കന്യാവനങ്ങൾ’ ശനിയാഴ്ച്ച (05/12/2024) ശനിയാഴ്ച പ്രകാശനം ചെയ്യുകയാണ്.. വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും നേടിയ ‘ഉഷ്ണരാശി’യുടെ രചയിതാവും പ്രമുഖ എഴുത്തുകാരനും മുൻ ഐ എ എസ് ഉദ്യോഗസ്ഥനുമായ കെ വി മോഹൻകുമാറിന്റെ ഒരു വ്യാഴവട്ടക്കാലം നീളുന്ന സംഭവബഹുലമായ പത്രപ്രവർത്തന അനുഭവങ്ങൾ വിവരിക്കുന്ന പുസ്തകം ഓരോ വ്യക്തികളും വായിച്ചിരിക്കേണ്ടതാണ്. ആലപ്പുഴ ജില്ലയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ഉയരങ്ങൾ എത്തിപ്പിടിച്ച മോഹൻകുമാർ എല്ലാ മനുഷ്യർക്കും പ്രചോദനമാണ്. 12 വർഷക്കാലം മാധ്യമ പ്രവർത്തകനായി ജോലി ചെയ്യുകയും പിന്നീട് സിവിൽ സർവന്റായി പ്രവർത്തിക്കുകയും ചെയ്ത കെ വി മോഹൻകുമാർ അഴിമുഖത്തിന് നൽകിയ പ്രത്യേക അഭിമുഖം.

books

മാധ്യമ പ്രവർത്തന ജീവിത്തിലെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന സംഭവം

ഒരുപാട് നല്ല ഓർമകൾ മാധ്യമ പ്രവർത്തന കാലത്ത് ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ മനസിൽ തട്ടിയത് അഴൽ മൂടിയ കന്യാവനങ്ങൾ എന്ന വാർത്താ പരമ്പര ചെയ്യുമ്പോഴാണ്. അട്ടപ്പാടിയിലെ സ്ത്രീകൾക്കെതിരെ നടക്കുന്ന ചൂഷണവും അവരുടെ ഭൂമി തട്ടിയെടുക്കാൻ നടത്തുന്ന ശ്രമങ്ങളുമൊക്കെ നടക്കുന്ന കാലത്ത്, അവർക്ക് അതൊന്ന് പറയാനോ, സഹായം ചെയ്ത് കൊടുക്കാനോ ആരുമില്ലായിരുന്നു. അവർ ഇരയാക്കപ്പെടുകയായിരുന്നു അന്ന്, അങ്ങനെ നിസ്സഹായരായി നിൽക്കേണ്ടി വരുന്ന സമൂഹത്തെ നേരിട്ട് കാണേണ്ടി വന്നത് വളരെ വലിയ ഒരു അനുഭവമായിരുന്നു.

വി കെ മോഹൻകുമാറിന്റെ കാഴ്ച്ചപ്പാടിലെ ജേർണലിസം

ജേർണലിസം എന്നത് നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ആളുകളിലെത്തിക്കുക എന്ന ജോലിയാണ്. ഇവിടെ ഇങ്ങനെയൊക്കെ നടക്കുന്നുവെന്ന് പുറം ലോകത്തെ കാണിക്കുകയാണ് ഓരോ മാധ്യമ പ്രവർത്തകന്റെയും ദൗത്യം. ആകാശത്തിന് കീഴിലുള്ളതെല്ലാം വാർത്തകൾ തന്നെയാണ്. നമ്മൾ കണ്ടെത്തുന്ന വാർത്തകളെല്ലാം തന്നെ നാം ജീവിക്കുന്ന സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവരേണ്ട കാര്യങ്ങൾ തന്നെയായിരിക്കും. ഒരു ജേർണലിസ്റ്റിനെ സംബന്ധിച്ച് അയാൾ ഉൾപ്പെടുന്ന സമൂഹത്തെ ഒന്നുകൂടി മെച്ചപ്പെടുത്തുന്നതിനായി ഇങ്ങനെയൊക്കെയാണ് സമൂഹത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതെന്ന് ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. മറ്റുള്ളവരുടെ കണ്ണ് തുറപ്പിക്കുക എന്ന ദൗത്യമാണ് ഓരോ ജേർണലിസ്റ്റുകൾക്കുമുള്ളത്.

ഇന്നത്തെ മാധ്യമ പ്രവർത്തനം

ഞാൻ മാധ്യമ പ്രവർത്തകനായിരുന്ന കാലവും ഇന്നത്തെ കാലഘട്ടവും തമ്മിൽ വളരെ വലിയ വ്യത്യാസമുണ്ട്. അന്നത്തെ കാലത്ത് പ്രിന്റ് മീഡിയക്ക് വളരെയധികം പ്രാധാന്യമുണ്ടായിരുന്നു. അന്ന് വിഷ്വൽ മീഡിയയുടെ അതിപ്രസരം ആരംഭിച്ചിട്ടില്ല. ഒരു വസ്തുത പത്രത്തിൽ അച്ചടിച്ചു വന്നാൽ അത് സത്യമാണ് എന്ന് ആളുകൾ വിശ്വസിച്ചിരുന്ന ഒരു കാലമായിരുന്നു അത്. അതിന്റേതായ ഒരു വിശ്വാസ്യത അന്നത്തെ പത്രങ്ങൾക്ക് ഉണ്ടായിരുന്നു. വാർത്തകൾ ശെരിയാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ അത് പുറത്ത് വിടുകയുള്ളു, അതിനുള്ള സമയവും അന്ന് കിട്ടിയിരുന്നു. നാളെ രാവിലെ ഇറങ്ങുന്ന പത്രത്തിൽ വാർത്ത നൽകുന്നതിനായി നാളെ രാവിലെ വരെ സമയമുണ്ടായിരുന്നു. ഒരു വസ്തുത കേട്ട് കഴിഞ്ഞാൽ അത് നൂറു ശതമാനം സത്യമാണോ അന്വേഷിക്കാനും മാറ്റം വരുത്താനുമുള്ള സമയം അന്നുണ്ടായിരുന്നു. ഒരു വാർത്തയുടെ ഇരു ഭാഗത്തെയും ചോദിച്ചറിയാനും, വിലയിരുത്താനും തെറ്റുകൾ തിരുത്താനുമുള്ള സമയം ഉണ്ടായിരുന്നത് ജനങ്ങൾക്കിടയിലെ വിശ്വാസ്യത ഊട്ടിയുറപ്പിച്ചു. എന്നാൽ ഇന്ന് മത്സര ബുദ്ധിയുള്ളത് കൊണ്ട് ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ട് കഴിഞ്ഞാൽ അത് ആരാദ്യം ലോകത്തെ അറിയിക്കുന്നു, ഇങ്ങനെ സംഭവിക്കുമ്പോൾ പുനഃപരിശോധന ഇല്ലാതെയാകുന്നു. ഒരു സംഭവം അറിഞ്ഞാൽ അത് സത്യമാണോ അതിൽ വസ്തുതയുണ്ടോ എന്നൊന്നും ശ്രദ്ധിക്കാതെ ലോകത്തെ അറിയിക്കാൻ ശ്രമിക്കുകയാണ്. പിന്നീട് നൽകിയ വാർത്ത നിഷേധിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്. വാർത്ത നിഷേധിക്കപ്പെടുമെങ്കിലും ആദ്യത്തെ സംഭവം ജനങ്ങളുടെ മനസിൽ ഉണ്ടായിരിക്കും, അപ്പോൾ അവിടെ വിശ്വസനീയത ചോദ്യം ചെയ്യപ്പെടുകയാണ്. ഇതിനൊരിക്കലും മാധ്യമ പ്രവർത്തകരല്ല ഉത്തരവാദികൾ മറിച്ച് അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളാണ്.

Post Thumbnail
'അവര്‍ക്ക് സെക്ഷ്വല്‍ ഫ്രസ്‌ട്രേഷനുണ്ടാകാം അല്ലെങ്കില്‍ മലയാള സിനിമ മാത്രം കാണുന്നതിന്റെ പ്രശ്‌നം'വായിക്കുക

ഒരു മാധ്യമ പ്രവർത്തകന്റെ പുസ്തകം

അഴിമുഖം ബുക്‌സിന്റെ പ്രതിനിധി കൂടിയായ എന്റെ പ്രിയ സുഹൃത്ത് സുധീർനാഥ് നിരന്തരം പ്രേരണ ചുമത്തിക്കൊണ്ടിരുന്നു. അപ്പോഴാണ് ഇത് ചെയ്യണമല്ലോ എന്ന തോന്നൽ ഉണ്ടായി തുടങ്ങിയത്. 12 വർഷക്കാലം മാധ്യമ പ്രവർത്തകനായി ജോലി ചെയ്തിരുന്നതല്ലെ അതൊന്ന് അടയാളപ്പെടുത്തണമെന്ന് തോന്നി. എന്നെ സംബന്ധിച്ച് അത് വളരെ സംഭവബഹുലമായ കാലഘട്ടമായിരുന്നു, അങ്ങനത്തെ ഒരുപാട് കാര്യങ്ങളിൽ ഇടപെടാൻ കഴിഞ്ഞിട്ടുമുണ്ട്. പ്രധാനമായും തമിഴ്പ്പുലികളുടെ ക്യാമ്പുകളിൽ പോവാനും, അട്ടപ്പാടിയിലെ ഗോത്രവിഭാഗത്തിന്റെ ഇരുളടഞ്ഞ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലാനും, ചോലനായിക്കരുടെ ഗുഹാ ജീവിത്തിലേക്ക് ചെന്നെത്തിപ്പെടാനുമൊക്കെ അത്രയും വർഷങ്ങൾക്ക് മുൻപും കഴിഞ്ഞത് മാധ്യമ പ്രവർത്തനത്തിലൂടെയാണ്. അതെല്ലാം ഇന്നത്തെ മാധ്യമ പ്രവർത്തകർക്ക് വായിച്ചറിയാൻ പറ്റുന്ന ഒരു അനുഭവമാകട്ടെ എന്ന് കരുതി.

പുസ്തകം വാങ്ങുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക;

https://pages.razorpay.com/pl_PTTCPprFCe8auP/view

content summary; Interview with K V Mohankumar

അതുല്യ മുരളി

അതുല്യ മുരളി

സബ് എഡിറ്റർ

More Posts

×