2018ൽ ആളൊരുക്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച ആളാണ് സംവിധായകൻ വി സി അഭിലാഷ്. തന്റെ ആദ്യ ചിത്രത്തിൽ തന്നെ സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടുകയും കേന്ദ്ര കഥാപാത്രമായ ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. ആ അംഗീകാരമാണ് അന്നോളം ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കാണികളെ ചിരിപ്പിച്ച് പോന്ന ഇന്ദ്രൻസിനെ ഇന്നത്തെ വാണിജ്യ മൂല്യമുള്ള നായക താരമാക്കി മാറ്റുന്നത്തിലേക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ആളൊരുക്കത്തിലൂടെ സമൂഹത്തിൽ നിലനിൽക്കുന്ന ഒരു വലിയ പ്രശ്‌നത്തെ ചൂണ്ടിക്കാണിച്ചിരുന്നു വി സി അഭിലാഷ് എന്ന സംവിധായകൻ. സിനിമയുടെ കാഴ്ചപ്പാടിലും ആഖ്യാനത്തിലും പുലർത്തുന്ന ഐഡൻ്റിറ്റിയാണ് വി.സി.അഭിലാഷ് സിനിമകളുടെ കരുത്ത്. ആദ്യ ചിത്രമായ ആളൊരുക്കം തന്നെ കൃത്യമായ രാഷ്ട്രീയ വർത്തമാനം കൊണ്ട് അന്തർദേശീയ തലത്തിൽ തന്നെ അടയാളപ്പെടുത്തപ്പെടുത്തിയിരുന്നു.
അഭിലാഷിന്റെ രണ്ടാമത്തെ സിനിമയായ സബാഷ് ചന്ദ്രബോസ് എൺപതുകളിൽ ടെലിവിഷൻ്റെ രംഗപ്രവേശവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏത് ഗ്രാമങ്ങളിലും ചിര പരിചിതമായ കഥയെന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. വിവിധ ഇന്ത്യൻ ഭാഷകളിൽ റീമേക്കിനൊരുങ്ങുന്ന ഈ ചിത്രം ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ആഫ്രിക്കയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ സിനിമയെന്ന ബഹുമതിയും നേടിയിരുന്നു.
കേരളീയ കുടുംബ പശ്ചാത്തലത്തിൽ ദേശീയ മാനമുള്ള ഒരു കഥ പറയുന്ന പുതിയ ചിത്രമായ എ പാൻ ഇന്ത്യൻ സ്റ്റോറി ഐഎഫ്എഫ്‌കെ പ്രദർശനത്തിന് ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ വി സി അഭിലാഷ് അഴിമുഖത്തിന് നൽകിയ പ്രത്യേക അഭിമുഖം.
സിനിമയിലേക്ക്
സിനിമ ചെറുപ്പം മുതൽ ഒരു കൗതുകമായി മനസിലുണ്ട്. മമ്മുട്ടി, മോഹൻലാൽ, രജനികാന്ത്, കമൽ ഹാസൻ എന്നിവരോടുള്ള ആരാധനയിലൂടെയാണ് സിനിമയിലേക്ക് ആകർഷിക്കപ്പെടുന്നതും സിനിമ എന്താണെന്ന് അറിയാനുള്ള കൗതുകം ഉണ്ടാകുന്നതും. പിന്നീട് നമ്മൾ വായിക്കുന്നതിനും വളരുന്നതിനുമൊപ്പം ഭാവനയും കൂടെ വളർന്നു, ഒരു കാർട്ടൂണിസ്റ്റ് കൂടിയായതിനാൽ എന്റെ മനസിൽ വരുന്ന ചിത്രങ്ങൾ ഞാൻ വരച്ച് വക്കുമായിരുന്നു. എന്റെ നാലാമത്തെയും അഞ്ചാമത്തെയും വയസിലൊക്കെ വീട്ടിലെ വരാന്തയുടെ അരഭിത്തിയിൽ ചാരി നിന്ന് സ്ലേറ്റിൽ ചില കഥകൾ ചിത്രങ്ങളായി വരക്കും. ഒരു കഥയിലെ ആദ്യത്തെ ഒരു ദൃശ്യം വരക്കും, പിന്നീട് അത് മായിച്ച് കളഞ്ഞിട്ട് മറ്റൊന്ന് വരക്കും. അന്ന് ഞാൻ വരച്ച് മായ്ച്ചതൊക്കെ ഓരോ സ്‌റ്റോറി ബോർഡുകൾ ആയിരുന്നെന്ന് ഇന്നാണ് തിരിച്ചറിയുന്നത്. വരയുടെ കാലം കഴിഞ്ഞപ്പോഴാണ് നമ്മുടെ മനസിലുള്ള ആശയത്തെയും ഭാവനയെയും പുറത്ത് കൊണ്ടുവരാൻ ഏറ്റവും നല്ല മാർഗം സിനിമയാണ് എന്ന് തോന്നി തുടങ്ങിയത്. പിന്നീട് മനസിൽ വരുന്ന കഥകളെയൊക്കെ സിനിമയായി മനസിൽ കാണും. പിന്നെ ഒരു ഒൻപതാം ക്ലാസിലൊക്കെ പഠിക്കുമ്പോൾ സംവിധായകനാകണമെന്ന ആഗ്രഹം ശക്തമാവുകയും അത് സ്വയം മനസിന് കൊടുക്കുന്ന ഒരു ഉറപ്പായി മാറുകയും ചെയ്തു.
2017 ലാണ് ആളൊരുക്കത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ചെയ്യാൻ തുടങ്ങിയത്. അക്കാലത്ത് എന്റെയുള്ളിൽ അനുഭവ സമ്പത്തുള്ള ഒരു സംവിധായകനില്ല, പക്ഷെ ചെയ്യാൻ പോകുന്ന സിനിമയെപ്പറ്റി എനിക്ക് പരിപൂർണ ബോധ്യമുണ്ടായിരുന്നു, അത് ചെയ്യാൻ കഴിയുമെന്നുള്ള ആത്മ വിശ്വാസമുണ്ടായിരുന്നു. സിനിമ തുടങ്ങുമ്പോൾ ധാരാളം ആശയക്കുഴപ്പങ്ങളുണ്ടാവുന്നുണ്ട്. ഞാനാണെങ്കിൽ മറ്റൊരു തരത്തിലും സിനിമ പഠിച്ചിട്ടില്ല. ആരുടെയെങ്കിലും കൂടെ അസിസ്റ്റന്റായി നിന്നോ കോഴ്സ് ചെയ്തോ സിനിമ യെ അറിഞ്ഞിട്ടില്ല. ആദ്യ സിനിമയുടെ സെറ്റിലേക്ക് പോവുമ്പോൾ അറിവുകൾ താരതമ്യേനെ എനിക്ക് കുറവാണ്. എങ്കിലും അങ്ങനെയുള്ള സംവിധായകരെ നോക്കുകുത്തിയാക്കി ടെക്‌നീഷ്യന്മാർ സിനിമയെ ഹൈജാക്ക് ചെയ്യുമെന്ന് കേട്ടിട്ടുള്ളതിനാൽ അത്യാവശ്യം ഹോം വർക്കുകളൊക്കെ ചെയ്തിട്ടാണ് ഞാൻ സിനിമ തുടങ്ങിയത്. എന്നാൽ ആദ്യ ദിവസം തന്നെ ആ ആശങ്കകൾ അവസാനിക്കുകയൂം എന്റെ സിനിമയുടെ ഹിറ്റ്‌ലർ ഞാനാണ് എന്ന് സഹപ്രവർത്തകരെ ബോധ്യപ്പെടുത്താനും സാധിച്ചിടത്ത് ഞാൻ വിജയിച്ച് തുടങ്ങി. എനിക്കെന്റെ സിനിമയെ കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടായിരുന്നു. ഫസ്റ്റ് ഫ്രെയിം മുതൽ ലാസ്റ്റ് ഫ്രെയിം വരെ എന്താണ് നടക്കാൻ പോകുന്നത് എന്ന് എനിക്ക് വ്യക്തമായി അറിയാം. സിനിമ ഷൂട്ട് ചെയ്ത് അവതരിപ്പിക്കുക എന്ന പ്രക്രിയയിലെ ടെക്‌നോളജി പൂർണ്ണമായും അക്കാലത്ത് എനിക്ക് ബോധ്യമുണ്ടായിരുന്നില്ല. ഞാൻ വിശ്വസിച്ചത് നമ്മുടെ സിനിമ മനസിൽ ഉണ്ടെങ്കിൽ ടെക്‌നോളജി പുറകെ വന്നോളും എന്ന തത്വത്തിലാണ്. അത് അങ്ങനെ തന്നെ സംഭവിച്ചു.
സിനിമകളും നിര്‍മ്മാതാക്കളും
ഞാന്‍ എപ്പോഴും വിശ്വസിക്കുന്നത്, സിനിമയില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്യാന്‍ പറ്റാത്ത ഒരേ ഒരാള്‍ നിര്‍മ്മാതാവാണ് എന്നാണ്. ഒരു നിർമ്മാതാവ് ഒരു സിനിമ വേണ്ടെന്ന് വച്ചാൽ പകരം വരുന്നത് മറ്റൊരു സിനിമയെ സ്വപ്നം കാണുന്ന ഒരാളായിരിക്കും. അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്യിപ്പിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. എന്റെ സിനിമാ ജീവിതത്തില്‍ എനിക്ക് ഏറ്റവും നന്ദിയുള്ളത് ആളൊരുക്കവും സബാഷ് ചന്ദ്രബോസും നിര്‍മ്മിച്ച ജോളി ലോനപ്പന്‍ എന്ന മനുഷ്യനോടാണ്. ആ രണ്ട് സിനിമകളുടെയും നിര്‍മ്മാണ പ്രക്രിയയില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യവും പിന്തുണയും അദ്ദേഹം തരികയും കൂടെ നില്‍ക്കുകയും ചെയ്തു. അത് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. നല്ല സിനിമ ഉണ്ടാക്കിയാല്‍ മാത്രം പോര, അത് ആളുകളിലേക്ക് എത്തണം എന്ന നിര്‍ബന്ധ ബുദ്ധിയുമുള്ള ആളാണ് അദ്ദേഹം.
ജോളീവുഡ് മൂവീസ് എന്ന ബാനറില്‍ നിന്ന് ഇനിയും മികച്ച സൃഷ്ടികള്‍ ഉണ്ടാകും എന്ന് ആളുകള്‍ക്ക് പ്രതീക്ഷിക്കാന്‍ കാരണം സ്വന്തം ബാനറില്‍ നിന്ന് നല്ല സിനിമകള്‍ മാത്രം എന്ന അദ്ദേഹത്തിന്റെ നിലപാടിന്റെ കരുത്താണ്.
പുതിയ സിനിമയായ പാന്‍ ഇന്ത്യന്‍ സ്‌റ്റോറിയുടെ നിര്‍മ്മാതാവ് ഫഹദും സിനിമയെ കുട്ടിക്കളിയായി കാണുന്ന ഒരാളല്ല. സബാഷ് ചന്ദ്രബോസ് കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് അദ്ദേഹവും സഹോദരന്‍ ഫായസും അമേരിക്കയില്‍ നിന്നും വന്ന് എന്നെ പരിചയപ്പെടുന്നതും പിന്നീട് ഈ സിനിമ നിര്‍മ്മിക്കുന്നതും. സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറം നല്ല സിനിമ എന്ന ആശയമാണ് ഈ സിനിമ ചെയ്യുമ്പോള്‍ അദ്ദേഹവും സ്വപ്നം കണ്ടത്. ഒരു മികച്ച അഭിനേതാവായിരുന്നിട്ടും പൂര്‍ണ്ണമായി എന്റെ താല്പര്യങ്ങള്‍ക്കൊപ്പം പിന്നണിയില്‍ നില്‍ക്കാനാണ് അദ്ദേഹം താല്‍പര്യപ്പെട്ടത്. ഒടുവില്‍ ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരു വേഷം ചെയ്യുകയും അത് മികച്ചതാക്കുകയും ചെയ്തു.
ആത്യന്തികമായി ഈ നിര്‍മ്മാതാക്കള്‍ സിനിമയെന്ന കലയെ പ്രണയിക്കുന്നവരാണ്. അവര്‍ക്ക് വേണ്ടി ഞാന്‍ ചെയ്ത സിനിമകള്‍ കാലാതിവര്‍ത്തിയായി നിലനില്‍ക്കും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.
മുൻപെ നടന്ന സംവിധായകർ
ഓരോ സമയത്ത് നമ്മൾ കാണുന്ന ഓരോ സിനിമകളും അതിന്റെ സംവിധായകരും നമ്മെ സ്വാധീനിക്കുന്നുണ്ട്. പക്ഷെ സ്വന്തമായി നമ്മൾ ഒരു സിനിമ ചെയ്യുമ്പോൾ അതിൽ മറ്റാരുടെയും സ്വാധീനം നമ്മളെ പിടികൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നെ സംബന്ധിച്ച് പത്മരാജൻ, അടൂർ ഗോപാലകൃഷ്ണൻ, കെ.ജി.ജോർജ് , പ്രിയദർശൻ, സത്യൻ അന്തിക്കാട്, ഫാസിൽ എന്നിവരുടെയെല്ലാം മേക്കിങ് സ്‌റ്റൈൽ എനിക്ക് വളരെ ഇഷ്ടമാണ്. മണിരത്‌നമൊക്കെ ആ അർഥത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ചില സിനിമകൾ അങ്ങനെ നമ്മളിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ പോന്ന ചില അടികൾ തന്നിട്ടുണ്ട്. സിഡ്‌നി ലുമേറ്റ് സംവിധാനം ചെയ്ത ട്വൽവ് ആംഗ്രി മെൻ എന്ന സിനിമയെ വെല്ലാൻ പോന്ന മറ്റൊന്ന് വേറെ ഞാൻ കണ്ടിട്ടില്ല. ആ സിനിമയൊക്കെ നമ്മുടെ ഉള്ളിലെ സിനിമാക്കാരനെ വല്ലാതെ വളർത്തിയിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു.
ആളൊരുക്കത്തിന്റെ ഫസ്റ്റ് കോപ്പി ആയപ്പോൾ തന്നെ ഒരു ക്രിയേറ്റർ എന്ന നിലയിൽ ഞാൻ തൃപ്‌തനായിരുന്നില്ല. ആ സിനിമ വലിയ തരത്തിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും നിരവധി ഫെസ്റ്റിവലുകളിലും മറ്റും ഈ സിനിമ പ്രദർശിപ്പിക്കപ്പെടുകയും ഗംഭീര അഭിപ്രായങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. നമ്മൾ സംസാരിക്കുന്ന ഇന്നത്തെ ഈ ദിവസത്തിൽ പോലും ആ സിനിമയെ ഇഷ്ടപ്പെടുന്ന ഒരാൾ എന്നെ വിളിച്ച് ഒരുപാട് സംസാരിച്ചിട്ടുണ്ട്. ഇന്ദ്രൻസ് എന്ന നടന് തിരക്കുള്ള നായകനെന്ന നിലയിലേക്ക് കരിയറിൽ മാറ്റമുണ്ടാക്കിയതും ആളൊരുക്കം എന്ന സിനിമയാണ്. എന്നിട്ടും നേരത്തെ പറഞ്ഞ ആ തൃപതിയില്ലായ്മ എന്നെ വേട്ടയാടുന്നുണ്ട്. സത്യത്തിൽ ഇപ്പോൾ ഒരിക്കൽ കൂടി ആ സിനിമ കാണാൻ എനിക്ക് ഭയമാണ്.
സാമൂഹ്യ പ്രശ്‌നങ്ങളെ അടയാളപ്പെടുത്തുന്ന സിനിമകൾ
നമ്മുടെ സമൂഹത്തിൽ കുട്ടികൾക്ക് നിയമത്തെ കുറിച്ചും ലൈംഗികതയെക്കുറിച്ചുമെല്ലാം വ്യക്തമായ അവബോധനം നൽകേണ്ടത് അത്യാവശ്യമാണ്. പലതരത്തിലുള്ള ആളുകൾ സമൂഹത്തിലുണ്ടെന്നും അവർ അനുഭവിക്കുന്ന പലതരം പ്രശ്‌നങ്ങൾ ഉണ്ടെന്നും കുട്ടികൾ മനസിലാക്കേണ്ടതുണ്ട്. സമൂഹത്തിലെ ഐഡന്റിറ്റികളെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും നമ്മൾ കുട്ടികളെ ബോധ്യപ്പെടുത്തണം. എന്റെ സിനിമകളായ ആളൊരുക്കത്തിലും, ഒരു പാൻ ഇന്ത്യൻ സ്റ്റോറിയിലും ഞാനിതൊക്കെ പറയാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ സിനിമ സമൂഹത്തിന് എന്തെങ്കിലും മെസ്സേജ് നൽകിയിരിക്കണമെന്നോ സാമൂഹിക പ്രതിബദ്ധത സൂചിപ്പിക്കാൻ എല്ലാ സിനിമകളും ഉപയോഗിക്കണമെന്നോ എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എനിക്ക് പറയാൻ ഒരു കഥയുണ്ടെങ്കിൽ അത് പറയുക എന്നതല്ലാതെ നിർബന്ധ പൂർവ്വം ഒരു സാമൂഹിക പ്രതിബദ്ധത ആഡ് ചെയ്യുക എന്ന ആശയത്തോട് എനിക്ക് യോജിപ്പില്ല.
സിനിമയിലുണ്ടായ മാറ്റങ്ങൾ
2017-18 കാലഘട്ടത്തിൽ സിനിമ ഡിജിറ്റലൈസ്ഡ് ആയ ശേഷമാണ് ഞാൻ ഈ ഫീൽഡിൽ വന്നത്. കോവിഡിന് ശേഷം കൂടുതൽ ആളുകൾക്ക് സിനിമയിലേക്ക് കടന്ന് വരാൻ അവസരം കിട്ടി, പക്ഷെ വന്നവരിൽ പലരും പരീക്ഷണങ്ങൾ പലതും കാണിക്കുകയും അവയിൽ പലതും വിജയിക്കാതെ പോവുകയും ചെയ്തിട്ടുണ്ട്. എങ്കിലും സിനിമയിൽ പല നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ ഈ കാലം ഉപകാരപ്പെട്ടിട്ടുണ്ട്. കോവിഡ് ലോക സിനിമയെ തന്നെ മാറ്റി മറിച്ചിട്ടുണ്ട്. പുതിയ ആലോചനകളും പരീക്ഷണങ്ങളും വരാൻ തുടങ്ങി. ഓടിടി പ്ലാറ്റ്‌ഫോം കൂടി ആളുകൾക്ക് കൂടുതൽ പരിചിതമായതോടെ മൊത്തത്തിലുള്ള അവസ്ഥയിൽ മാറ്റങ്ങളുണ്ടായിട്ടുണ്ട്. എന്റെ രണ്ടാമത്തെ സിനിമ സബാഷ് ചന്ദ്രബോസ് തിയറ്ററിന് വേണ്ടി നിർമ്മിച്ചതാണ്. എന്നാൽ പോസ്റ്റ് കോവിഡ് കാലത്തുണ്ടായ ഒടിടി വിപ്ലവത്തോടെ ആ സിനിമ തീയറ്ററിൽ ലഭിച്ച ഗംഭീര അഭിപ്രായങ്ങൾക്ക് ശേഷം ഓടിടിയിൽ റിലീസ് ചെയ്തു. ഓടിടി സാധ്യതയെ പറ്റി ചിന്തിക്കാതെ നിർമ്മിക്കുകയുയും പിന്നീട് ആ മേഖലയിലേക്ക് സിനിമയ്ക്ക് പോവേണ്ടതായും വന്നു. അതൊരു വലിയ മാറ്റമാണ്. അധികമങ്ങനെ ആരും അഡ്രസ്സ് ചെയ്തിട്ടില്ലാത്ത മറ്റൊന്നുണ്ട്. മലയാളം സബ് ടൈറ്റിലുകൾ ഉണ്ടാക്കുന്ന പോർട്ടലുകൾ വളരെ പ്രാധാന്യമുള്ള ഒരു നിശബ്ദ വിപ്ലവം ഇവിടെ സാധ്യമാക്കുന്നുണ്ട്. ഏത് സിനിമയും മാതൃ ഭാഷയിൽ മനസിലാക്കാനും ചിന്തിക്കാനുമുള്ള അവസരമുണ്ടാകുന്നത് സിനിമയുടെ ക്യാൻവാസിനെ തന്നെ വല്ലാതെ വലുതാക്കുന്നുണ്ട്. മലയാളിയുടെ സിനിമാ ശീലങ്ങൾ മാറാൻ ഇത് കാരണമായിട്ടുണ്ട്.
പാൻ ഇന്ത്യൻ സ്റ്റോറി ഐഎഫ്എഫ്കെയിൽ എത്തുമ്പോൾ
ഈ സിനിമ പറയുന്ന വിഷയം പൊതുവെ മനുഷ്യർക്ക് മനസ്സിലാവുന്ന കാര്യമാണ്. മനസ്സിലാക്കൽ മാത്രമല്ല ഐക്യപ്പെടാനും പറ്റുന്ന ഒരുള്ളടക്കം നമ്മൾ കൊടുക്കുകയാണ്. ആ അർത്ഥത്തിൽ വലിയ പ്രതീക്ഷയുണ്ട്. നമ്മുടെ മേളയുടെ ഒരു പ്രത്യേകത എല്ലാത്തരം പ്രേക്ഷകരും എത്തുന്ന ഇടമാണ് എന്നതാണ്. ഏത് ബോധ തലം ഉള്ളയാളിനും ഈ കഥ സ്വീകരിക്കാൻ പറ്റുന്ന വിധത്തിലാണ് ചെയ്യാൻ ശ്രമിച്ചത്. അതുകൊണ്ട് ഞാൻ കാത്തിരിക്കുകയാണ്. ഞാൻ ഈ മേള കണ്ട് വന്ന ആളാണ്. ആദ്യ സിനിമ ഇവിടെ വരും എന്ന് പ്രതീക്ഷിച്ചിരുന്നു. അത് സംഭവിക്കാതെ വന്നപ്പോ വലിയ വിഷമം തോന്നി. രണ്ടാമത്തെ സിനിമയുടെ കാര്യത്തിലും അത് സംഭവിച്ചില്ല. നമ്മൾ ആഗ്രഹിക്കുന്നുണ്ട്. ഓരോ ജൂറികളുടെ തീരുമാനമാണ്. അത് അംഗീകരിക്കുക എന്നതാണ് ന്യായമായും നമ്മൾ ചെയ്യേണ്ടത്. ഇപ്പോ ഈ മേളയിൽ നമ്മുടെ സിനിമ എത്തുമ്പോൾ എനിക്ക് തോന്നുന്ന ഒരു കാര്യം ആ വേദികളെ കുറിച്ചാണ്. വിശ്വ പ്രസിദ്ധമായ എത്രയോ മഹത്തായ സിനിമകൾ പ്രദർ ശിപ്പിക്കപ്പെട്ട ഇടമാണ്. അവിടെ നമ്മുടെ സിനിമ കാണിക്കാൻ അവസരം ഉണ്ടാവുന്നത് തന്നെ ഏറ്റവും മനോഹരമായ ഒരു പെയിൻ്റിംഗ് പോലെ എന്നെ ഭ്രമിപ്പിക്കുന്ന ഒന്നാണ്. പതിനായിരക്കണക്കിനാളുകൾക്ക് മുന്നിൽ ഒരു ചോയ്സ് ആയി നമ്മൾ മാറുന്നു എന്നത് തന്നെ ഒരു രസമുള്ള ആർട്ട് അല്ലേ? interview with abhilash
content summary; Interview with VC Abhilash