എന്താണ് സനാതന ധർമ്മം? ആ വാക്ക് കേരളത്തെ ഒരു സമൂഹമെന്ന നിലയിൽ എങ്ങനെ ബാധിക്കുന്നു?
വ്യത്യസ്തമായ അർത്ഥ വിവക്ഷകൾ ഈ പദത്തിനുണ്ട്. എന്നും നിലനിൽക്കുന്ന മൂല്യങ്ങൾ എന്ന പദാർത്ഥമാണ് സനാതനധർമ്മം എന്ന വാക്കിന് പ്രത്യക്ഷത്തിലുള്ളത്. ഗുരു തന്നെ സനാതനമായ ഒരു അടിസ്ഥാനത്തെ നിലനിർത്തിയല്ലാതെ ഒരു മതവും നിലനിൽക്കില്ല എന്ന് പറയുന്നുണ്ടല്ലൊ. സ്‌നേഹം, കരുണ, സാഹോദര്യം തുടങ്ങിയവ പോലെ എല്ലാക്കാലത്തും നിലനിൽക്കേണ്ട ചില മൂല്യങ്ങൾ എന്നാണ് അപ്പോൾ അതിനർത്ഥം. ആ വാക്കിന്റെ പ്രത്യക്ഷ അർത്ഥമെടുത്താൽ സനാതനം എന്ന് പറഞ്ഞാൽ ശാശ്വതം എന്നാണ് ധർമ്മം മൊറാലിറ്റി എന്ന അർത്ഥം വരുന്ന പദവുമാണ്. എന്നാൽ ഇന്ത്യയുടെ സാമൂഹ്യ പശ്ചാത്തലത്തിൽ ആ വാക്ക് എവിടെ നിൽക്കുന്നു എന്ന് പരിശോധിക്കുമ്പോഴാണ് കാര്യം മറ്റൊന്നാകുന്നത്. ആ വാക്കിനെ തന്നെ മോശമായി കാണുകയോ, ആ വാക്കുതന്നെ ഒരു മോശം കാര്യമാണെന്ന് കരുതുകയോ ചെയ്യേണ്ട കാര്യമില്ല. എന്നാൽ ആ വാക്കും സനാതനധർമ്മം എന്ന ഹൈന്ദവമായ ആശയവും തമ്മിൽ കൂട്ടിക്കുഴക്കാൻ പാടില്ല, ഇപ്പോൾ അത് നടക്കുകയാണ്.
ഇപ്പോൾ ഗുരുവിന്റെ പ്രയോഗത്തെയടക്കം ഹിന്ദുത്വവുമായും അല്ലെങ്കിൽ ജാതി വർണ വ്യവസ്ഥയെ സൂചിപ്പിക്കുന്ന സനാതന ധർമ്മം എന്ന ആശയവുമായും കൂട്ടിയോജിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇവിടെയാണ് നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഇപ്പോൾ ഉപയോഗിക്കുന്ന സനാതനധർമ്മം എന്ന വാക്ക് ഹിന്ദു മതത്തിന്റെ ആശയം എന്ന രീതിയിലാണ്. വേദങ്ങൾ ഒരിക്കലും അത് കണ്ടെത്തിയ ആളുകളാൽ എഴുതപ്പെട്ടതല്ല, മന്ത്ര സ്രഷ്ടാക്കളല്ല, മന്ത്ര ദൃഷ്ടാക്കളാണ്. വേദങ്ങളെ കണ്ടെത്തി അവതരിപ്പിക്കുകയാണ് ഋഷിമാർ ചെയ്യുന്നത്, അതുകൊണ്ട് അവരാരും അതിന്റെ രചയിതാക്കളല്ല. ഈ തത്വങ്ങൾ ശാശ്വതമാണ്. ഇങ്ങനെ വേദങ്ങളുടെ ശാശ്വതത്വം അല്ലെങ്കിൽ സനാതനത്വം എന്നതിനെ മുൻ നിർത്തിയും സനാതനത്വം എന്ന വാക്ക് വരുന്നുണ്ട്. അവിടെ സനാതനം എന്നുദ്ദേശിക്കുന്നത് വേദപ്രമാണങ്ങളെയാണ്. അതിൽ സ്‌നേഹവും കാരുണ്യവും ഒന്നും ഉൾപ്പെടുന്നില്ല.
ബുദ്ധമതത്തെക്കുറിച്ച് പഠിച്ച കെന്നെത് നോർമനെ പോലെയുള്ള പണ്ഡിതന്മാർ പറയുന്നതനുസരിച്ച് സുത്തപിടകത്തിലെ സുഭാഷിതസുത്തിലാണ് “ധമ്മോ സനാതന ” എന്ന പ്രയോഗം ആദ്യമായി വരുന്നത് എന്നാണ്. സനാതന ധർമ്മം എന്ന വാക്കിന് ഒരു ബൗദ്ധമായ വേരുണ്ട്. പിന്നീടൊരു ഘട്ടത്തിലാണ് ബ്രാഹ്മണസാഹിത്യം അതിനെ ഏറ്റെടുത്തത്. അവിടെ അത് വേദപ്രമാണങ്ങളുടെ സനാതനത്വത്തെയാണ് ഉദേശിക്കുന്നത്. വേദങ്ങൾ അടിസ്ഥാനപരമായി വർണ്ണ- ജാതിവ്യവസ്ഥയെ ഉൾക്കൊണ്ടിരിക്കുന്നതാണ്. ഋഗ്വേദത്തിൽ വിരാട്പുരുഷന്റെ ശിരസിൽ നിന്ന് ബ്രാഹ്മണനും ബാഹുക്കളിൽ നിന്ന് ക്ഷത്രിയനും തുടകളിൽ നിന്ന് വൈശ്യനും പാദങ്ങളിൽ നിന്ന് ശൂദ്രനും ഉണ്ടായി എന്ന് പറയുകയും അതൊരു അടിസ്ഥാനതത്വമായി അവതരിപ്പിക്കുകയും ചെയ്യുന്നു, അപ്പോൾ വേദപ്രമാണങ്ങൾ സനാതനമാണ്, ശാശ്വതമാണ് എന്ന് പറയുമ്പോൾ ഇതും അംഗീകരിക്കേണ്ടതായി വരും. വേദപ്രമാണങ്ങളെ ശാശ്വതമായി സങ്കൽപ്പിച്ചാൽ അതിലെ ജാതി -വർണ വ്യവസ്ഥയും സനാതനമാകും. അതായത് വൈദിക പാരമ്പര്യം അഥവാ ബ്രാഹ്മണ പാരമ്പര്യം എന്നതിൽ സംശയരഹിതമായും ജാതിവർണ വ്യവസ്ഥയുണ്ട്, ഇതിനെ സൂചിപ്പിക്കുന്ന സങ്കൽപമായി സനാതന ധർമ്മം മാറും. അപ്പോൾ നിശ്ചയമായും സനാതന ധർമ്മം ജാതി വർണ വ്യവസ്ഥയാണ്. മലയാളത്തിൽ ജാതി വർണ ഹിന്ദുമത തത്വങ്ങൾ ഏറ്റവും സമഗ്രമായി പ്രതിപാദിക്കുന്ന ഒരു പുസ്തകമാണ് ഡോ സി എൻ പരമേശ്വരന്റെ ഹൈന്ദവം .അത് വസ്തുതാപരമായി കാര്യങ്ങൾ പറയുന്ന ഒട്ടും ഹിംസാത്മകമല്ലാത്ത പുസ്തകമാണ്. പക്ഷെ അദ്ദേഹം തുടക്കത്തിൽ തന്നെ പറയുന്നത് ആരാലും സൃഷ്ടിക്കപ്പെട്ടതല്ലാത്തതും ശാശ്വതമായതും ജാതി വ്യവസ്ഥയെ അടിസ്ഥാന ഘടകമായി സ്വീകരിക്കുന്നതുമായ മതമാണ് ഹിന്ദുമതം എന്നാണ്. അത്തരത്തിൽ സനാതനം എന്ന സങ്കൽപ്പത്തിൽ ജാതി ഉൾച്ചേർന്ന് കിടക്കുകയാണ്. ഈ ആശയത്തോടാണ് നമ്മുടെ വിമർശനം. അല്ലാതെ കേവലമായ വാക്കിനോടല്ല. ഈ സവിശേഷ അർത്ഥത്തിലാണ് ചരിത്രത്തിൽ അത് നിലനിന്നത്.
ഉപനിഷത്തുകളിലും വേദങ്ങളിലും അല്ലെങ്കിൽ വൈദിക സാഹിത്യത്തിന്റെ പല പ്രതലങ്ങളിലും ശ്രദ്ധേയമായ ആശയങ്ങളുണ്ട്. ഉപനിഷത്തുകൾ തത്വമസി, അഹം ബ്രഹ്മാസ്മി, പ്രജ്ഞാനം ബ്രഹ്മ, അയം ആത്മാ ബ്രഹ്മ തുടങ്ങി മഹാ വാക്യങ്ങൾ പറയുന്നുണ്ട്. ഇതിനെയൊന്നു ഇല്ലാതാക്കേണ്ട കാര്യമില്ല. അതൊക്കെ ഒരു തെളിച്ചം പോലെ അവിടെ നിലകൊള്ളട്ടെ. പക്ഷേ, വൈദിക സാഹിത്യവും അതിനെ നിർമിച്ച സമൂഹവും അടിസ്ഥാനപരമായി വർണ – ജാതി വ്യവസ്ഥയുടെ ഉള്ളിലായിരുന്നു. അത് അരക്കിട്ടുറപ്പിച്ചുകൊണ്ടാണ് വൈദിക പാരമ്പര്യം നിലനിന്നിരുന്നത് എന്നതിനെ നിഷേധിക്കാൻ കഴിയില്ല. പക്ഷെ ഇന്ന് വർണ ജാതി വ്യവസ്ഥ എന്ന് പറയാൻ ഏളുപ്പമല്ല എന്നതു കൊണ്ടും, അല്ലെങ്കിൽ അതിലൂടെ തങ്ങളുടെ ആശയങ്ങൾ മുന്നോട്ട് കൊണ്ടുവരുന്നതിനുള്ള പലതരത്തിലുള്ള പ്രയാസങ്ങൾ നേരിടുന്നത് കൊണ്ടും സനാതന ധർമ്മം എന്ന പ്രയോഗത്തിലൂടെ മുൻ നിരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു.
19ാം നൂറ്റാണ്ടിൽ ഉയർന്നു വന്ന കാര്യങ്ങളാണ് ഇന്ന് നമ്മുടെ ചർച്ചകളിൽ സജീവമാകുന്നത്. അക്കാലത്ത് ഹിന്ദു മതത്തിൽ തന്നെ പല പരിഷ്‌കരണ പ്രവണതകളും ഉയർന്നു വന്നിട്ടുണ്ട്. ഉദാഹരണത്തിന് ആര്യസമാജം, ബ്രഹ്മസമാജം പോലുള്ളവ അല്ലെങ്കിൽ ഈശ്വരചന്ദ്രൻ, റാം മോഹൻ, ദയാനന്ദസരസ്വതി എന്നിവരൊക്കെ പലനിലകളിൽ പരിഷ്കരണത്തിനായി ശ്രമിച്ചു. അതോടെ മതത്തിന്റേതായ പരമ്പരാഗത ആചാരങ്ങളും മൂല്യങ്ങളുമെല്ലാം അതുപോലെ സംരക്ഷിക്കുക എന്നത് അൽപം പ്രയാസകരമായ കാര്യമായിരിക്കും. ഇത് വലിയ വെല്ലുവിളിയാണ്. ഈ വെല്ലുവിളിയെയാണ് മതത്തിനകത്തെ പരിഷ്‌കരണ വാദികൾ ഉയർത്തുന്നത്. ബംഗാൾ നവോത്ഥാനം മതത്തിനകത്ത് നിന്നുള്ള ഒരു പരിഷ്‌കരണമാണ്, അത് കേരളത്തിലെ പോലെ ജാതി നശീകരണമല്ല. മത നവീകരണമാണ്. ഈ മത നവീകരണത്തിനെതിരെ പ്രധാനമായുമുണ്ടായ എതിർവാദമാണ് സനാതന ധർമ്മമായി മാറുന്നത്. മതത്തിന്റെ പാരമ്പര്യ മൂല്യങ്ങളെ സംരക്ഷിക്കുക നിലനിർത്തുക എന്ന നിലയിൽ. ഇതിലൂടെയാണ് സനാതന ധർമ്മരക്ഷിണി സഭ പോലുള്ള കൂട്ടായ്മകളൊക്കെ ഉണ്ടാകുന്നത്. ആദ്യഘട്ടത്തിൽ പരിഷ്‌കരണവാദികൾക്ക് ആദ്യം മേൽക്കൈ ഉണ്ടായിരുന്നെങ്കിലും എന്നാൽ ഒരു ഘട്ടം കഴിയുമ്പോൾ സനാതനികൾക്ക് മേൽക്കൈ കിട്ടുകയും സനാതന ധർമ്മ സങ്കൽപ്പം ബ്രാഹ്മണ്യത്തിന്റെ ജാതി വർണ്യ സങ്കൽപ്പത്തോട് ആഴത്തിൽ കെട്ടുപിണഞ്ഞ് അതിന്റെ രാഷ്ട്രീയ മുഖമായി ഹിന്ദുത്വ പ്രസ്ഥാനങ്ങൾ മാറുകയുമാണ് ചെയ്തിട്ടുള്ളത്. ആ നിലയ്ക്ക് നോക്കുകയാണെങ്കിൽ സനാതന ധർമ്മം വർണ ജാതി ബന്ധങ്ങളുടെ മൂർത്തമായ ആവിഷ്‌കാരമായി മാറും . ആ വാക്കിന്റെ പദാർത്ഥത്തിൽ അതുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടാകണമെന്നില്ല. എന്നാൽ ആ വാക്കിന്റെ ചരിത്ര ജീവിതത്തിൽ അതുണ്ട്. ചരിത്രത്തെ മറച്ചുവെച്ചുകൊണ്ട് പദാർത്ഥവും എറ്റിമോളജിയും വെച്ച് മാത്രം സംസാരിക്കുന്നതിൽ കഥയില്ല. ഉദാഹരണത്തിന് ബുദ്ധ പാരമ്പര്യം മുതൽ ആ വാക്കിനെ കണ്ടുപിടിക്കാം. പക്ഷെ ചരിത്രത്തിലെ സനാതന ധർമ്മത്തിൻ ജാതി വർണ വ്യവസ്ഥ ഉണ്ടായിരുന്നു.
19ാം നൂറ്റാണ്ടിലെ യാഥാസ്ഥിതിക ഹിന്ദുത്വം ഹിന്ദു എന്ന വാക്കിന് പകരം സനാതന ധർമ്മം എന്ന വാക്ക് ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. കാരണം ഹിന്ദു എന്ന വാക്ക് പുറത്ത് നിന്ന് വന്നിട്ടുള്ള ഒരു വാക്കാണല്ലോ . ഒരു തദ്ദേശീയ മതത്തിന് തദ്ദേശീയമായ ഒരു പേരില്ല എന്ന കാര്യം ഒരു ക്ഷീണമായിരുന്നു, അതിന്റെ പരിഹാരമായാണ് ഹൈന്ദവൻ, ഹിന്ദു എന്നുള്ള വാക്കിന് പകരം സനാതനധർമം, സനാതനി എന്നെല്ലാം ഉപയോഗിക്കുന്നത്. അങ്ങനെ വരുമ്പോൾ അതിനൊരു സാർവത്രിക പര്യവേഷം കൂടി ലഭിക്കുമെന്ന ചിന്ത കൂടിയുണ്ടായിരുന്നിരിക്കാം.
ശാശ്വതമായ ധാർമ്മിക മൂല്യങ്ങൾ എന്ന അർത്ഥത്തിൽ സനാതനം എന്ന വാക്കോ സനാതന ധർമ്മം എന്ന വാക്കോ ബൗദ്ധ പാരമ്പര്യത്തിലൊക്കെ കാണുന്നത് പോലെ ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ല, പക്ഷെ ഇവിടെ നിലനിന്നിരുന്ന സനാതന ധർമ്മം ഇതൊന്നുമല്ല. ഇവിടെ നിലനിന്നിരുന്ന സനാതന ധർമ്മം സംശയരഹിതമായും ജാതി വർണ വ്യവസ്ഥ തന്നെയായിരുന്നു. ഇപ്പോൾ നടക്കുന്ന ശ്രമം ഈ ചരിത്രത്തെ വാക്കുകൊണ്ട് മൂടിവെക്കാനുള്ള ശ്രമമാണ്.
ഈ വിവാദങ്ങളുടെ എല്ലാം ആരംഭം ശ്രീ നാരായണ ധർമ്മത്തിന്റെ പ്രചാരകരിൽ ഒരു വിഭാഗം സംഘപരിവാറിനെ തുണയ്ക്കുന്ന നിലപാടുകൾ കൈക്കൊള്ളുന്നതിന്റെ തുടർച്ചയാണല്ലോ? ആ നിലയിൽ ആരോഗ്യകരമായ ഒരു സംവാദത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിട്ടത് എന്ന് തോന്നുന്നുണ്ടോ?
വിശാലാർഥത്തിൽ അതൊരു ആരോഗ്യകരമായ കാര്യമാണ് എന്നതിൽ സംശയമില്ല. ആ വിഷയത്തെക്കുറിച്ച് ചർച്ചയും സംവാദങ്ങളും രൂപപ്പെടുന്നതിന് അത് കാരണമായിട്ടുണ്ട്. ഇത് ഇപ്പോൾ പുതുതായി തുടങ്ങിയ ഒരു വിവാദമോ സംവാദമോ അല്ല, കുറേ കലങ്ങളായി ഇതിങ്ങനെ നടക്കുകയാണ്. ഗുരുവിനെ ഹിന്ദുത്വവത്കരിക്കാനും ഹിന്ദുത്വത്തിന്റെ ക്യാമ്പിലെത്തിക്കാനുമുള്ള ശ്രമങ്ങൾ കുറേ കാലമായി നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ഗുരുവിന്റേത് സനാതന ധർമ്മമായിരുന്നു എന്ന് വാദവും. ഗുരുവിനോട് ചെയ്യാവുന്ന വലിയ ഹിംസയാണ് ഗുരുവിനെ ഒരു മതത്തിന്റെ പ്രതിനിധിയാക്കി മാറ്റുക, ജാതി വാദിയാക്കി മാറ്റുക എന്നൊക്കെയുള്ളത്. കാരണം ഗുരു ഏറ്റവും കൂടുതൽ എതിർക്കാൻ ശ്രമിച്ചിട്ടുള്ളത് ജാതീയവും മതപരവുമായ വിഭാഗീയതകളെയാണ്, അതില്ലാത്ത മനുഷ്യന്റെ ഏകത എന്ന ആശത്തെയാണ് ഗുരു ഉയർത്താൻ ശ്രമിച്ചത്. ഗുരു ഒരു ഭൗതികവാദിയോ മതവിദ്വേഷിയോ അല്ല, അദ്ദേഹം സന്യാസിയും ആത്മീയ ആചാര്യനുമായിരുന്നു ഇതൊന്നും നിഷേധിക്കേണ്ട കാര്യമില്ല, പക്ഷെ അതോടൊപ്പം തന്നെ നാം മനസിലാക്കേണ്ട കാര്യം ആ മതം ഇന്ന് നിലനിൽക്കുന്ന ഏതെങ്കിലുമൊരു മതത്തിന്റെ ആവർത്തനമല്ല എന്നതാണ്. ഒരു ജാതി ഒരു മതം എന്ന് ഗുരു പറയുമ്പോൾ അതിലെ “ഒരു മതം” ഇപ്പോൾ നിലനിൽക്കുന്ന ഏതെങ്കിലും മതത്തെക്കുറിച്ചല്ല പറയുന്നത് .അത് അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുമുണ്ട്.
മതത്തെ ഒരു സോഷ്യൽ ഇൻസ്റ്റിറ്റിയൂഷനായി കാണുകയാണെങ്കിൽ അതിന് പല പ്രതലങ്ങളുണ്ട്. എല്ലാ മതങ്ങൾക്കും ആചാരങ്ങളുണ്ട്, എല്ലാ മതങ്ങൾക്കും പൗരോഹിത്യ ശ്രേണിയുണ്ട്, എല്ലാ മതങ്ങൾക്കും ദൈവശാസ്ത്രമുണ്ട്, എല്ലാ മതങ്ങൾക്കും ആരാധനാലയങ്ങൾ പോലുള്ള സ്ഥാപന രൂപങ്ങളുണ്ട്, ഈ ഘടകങ്ങളിലൊന്നും ഒരു മതം മറ്റൊരു മതവുമായി യോജിക്കില്ല. എല്ലാ മതങ്ങളിലും ഈ ഘടകങ്ങൾ വേറെയാണ്. ഒരു മതത്തിന്റെ ദൈവശാസ്ത്രം മറ്റൊരു മതത്തിന്റെ ദൈവശാസ്ത്രവുമായി ഒരു തരത്തിലും ഒത്തുപോവില്ല അത്തരത്തിൽ ചെറുതും വലുതുമായ പല വ്യത്യാസങ്ങളുണ്ട്. അങ്ങനെ മതത്തെ കാണുമ്പോൾ ഒരു മതം മറ്റൊരു മതത്തെ പുറന്തള്ളും. ദൈവശാസ്ത്രവും, പൗരോഹിത്യ ശ്രേണിയുമെല്ലാം മുൻ നിർത്തി മതത്തെ കാണുകയാണെങ്കിൽ നിങ്ങൾക്ക് മറ്റൊരു മതത്തെ അംഗീകരിക്കാൻ കഴിയില്ല. അവിടെ സ്വമതബോധം പരമതനിരാസവുമായി കെട്ടുപിണഞ്ഞ് കിടക്കുകയാണ്. ഗുരു പറയുന്ന പ്രകാരം മതം ഇതൊന്നുമല്ല, മതം എന്നത് അതിന്റെ മൂല്യങ്ങളാണ്. അതിനെയാണ് ഗുരു സനാതനങ്ങളായ ധർമ്മങ്ങൾ എന്ന് പറയുന്നത്, ക്രിസ്തു മതം സ്‌നേഹമാണ്, ഇസ്ലാം സാഹോദര്യമാണ്, ബുദ്ധമതം കരുണയാണ് ഈ മൂല്യം മറ്റൊരു മൂല്യത്തിന് എതിരല്ല ഇത്തരത്തിൽ മതങ്ങൾ തമ്മിൽ ചേർന്നു നിൽക്കാവുന്ന ഒരിടമുണ്ട് അത് മതത്തിന്റെ നൈതിക മൂല്യങ്ങളാണ്, അങ്ങനെ മതത്തെ കണ്ടാൽ ഒരു മതവും മറ്റൊരു മതവും തമ്മിൽ ഭിന്നതയില്ല. ഇതാണ് ‘പലമതസാരവുമേകം’ എന്നതിന്റെ അർത്ഥം. എല്ലാ മതങ്ങളും ഒന്നു തന്നെ എന്ന ലളിത യുക്തിയല്ല അത്. മതങ്ങൾ ആഴത്തിൽ അന്യോന്യം തിരസ്‌കരിക്കുന്ന തലങ്ങളുണ്ട്, കൂടിച്ചേരാവുന്ന തലവുമുണ്ട്. ഈ തലത്തിൽ മതത്തെ കാണണം. ഇത് മതത്തിന്റെ നൈതികമായ കാതലാണ്. ഇത്തരത്തിൽ മതത്തെ അറിഞ്ഞ ഒരാൾക്ക് പിന്നെ മതം വേണ്ട എന്നും ഗുരു പറയുന്നു. മതമറിഞ്ഞവന് മതം പ്രമാണമല്ല എന്നാണ് അദ്ദേഹം വിശദമാക്കുന്നത്.
തത്വശാസ്ത്രപരമായി പറയുമ്പോൾ മതത്തെ ഒരു തരത്തിൽ അഴിച്ചു പണിഞ്ഞാണ് ഗുരു ഏകമതം എന്ന ആശയം മുന്നോട്ട് വെക്കുന്നത്. നിലനിൽക്കുന്ന മതങ്ങളെല്ലാം ഒരു വേദിയിൽ ഒത്തുചേർന്നുകൊണ്ട് പരസ്പരം സഹിക്കുക എന്നതല്ല ഗുരുവിന്റെ ഒരുമതം എന്ന ആശയം, അത് മതത്തിന്റെ തന്നെ വളരെ ആധുനികമായ പുനർനിർവ്വചനമാണ്. അതിനുപകരം ഇന്നിപ്പോൾ എസ്എൻഡിപിയിലെ കുറച്ച് ആളുകളും ശ്രീനാരായണ ഗുരു പാരമ്പര്യം അവകാശപ്പെടുന്ന കുറച്ചുപേരും ചേർന്ന് അദ്ദേഹത്തെ ഹിന്ദുത്വത്തിന്റെ ക്യാമ്പിലെത്തിക്കാൻ ശ്രമിക്കുകയാണ്. 1915 ജൂലൈയിൽ പട്ടത്താനത്ത് ഗുരു നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറയുന്നത് നിലവലുള്ള ഒരു മതവുമായും തനിക്ക് പ്രത്യേക ബന്ധമില്ല എന്നാണ്. ഇതിന്റെ അർഥം ഗുരു മതത്തെ നിരസിക്കുന്നു എന്നതല്ല .എല്ലാ മതങ്ങളും സാധുവാണ് പക്ഷെ അതിലേതെങ്കിലുമൊന്നിലാണ് താൻ എന്ന് കരുതരുത് എന്നാണ്. വിശ്വാസികളായ ആളുകൾ മതത്തിൽ വിശ്വസിക്കുന്നതിനെ ഗുരു ഒരിക്കലും എതിർത്തിട്ടില്ല. ഗുരു മത വിദ്വേഷിയോ മതവിരോധിയോ അല്ല, അങ്ങനെയൊക്കെ ആക്കി തീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും. ഈ വ്യത്യാസം വളരെ പ്രധാനപ്പെട്ടതാണ്, ഇത് കാണാതെ ഗുരുവിനെ മതത്തിന്റെയും ജാതിയുടെയും പിടിയിൽ പെടുത്തുന്നു എന്നത് മാത്രമല്ല, അതിനെ പരമത ഹിംസയുടെയും അക്രമോത്സുകമായ മതവിദ്വേഷത്തിന്റെയും ക്യാമ്പിലേക്ക് എത്തിക്കാൻ വരെ ഇപ്പോൾ ശ്രമം നടക്കുകയാണ്. അത് കൊടിയ ഗുരുനിന്ദയാണ്, ചെയ്യാൻ പാടില്ലാത്തതാണ്. ഗാന്ധിയെ ഹിംസയുടെ ആരാധകനായി മാറ്റുന്ന പോലുള്ള വലിയ നിന്ദയാണ് ഗുരുവിന്റെ പേരിൽ ചിലർ ഇപ്പോൾ ചെയ്യുന്നതും. ഗുരുവിനെ തങ്ങളുടെ വശത്തേക്ക് ചായ്ക്കാൻ പറ്റിയാൽ കേരളത്തിൽ രാഷ്ട്രീയമായി മുന്നേറാൻ കഴിയുമെന്ന വർഗ്ഗിയ വിക്ഷണമാണ് ഇതിനു പിന്നിൽ. അല്ലാതെ ഗുരുവിനോടുള്ള പ്രത്യേക താൽപര്യംകൊണ്ടല്ല.
ഗുരു ആധുനിക കേരളത്തിന്റെ വലിയൊരു സാംസ്‌കാരിക നിക്ഷേപമാണ്. അടിസ്ഥാനപരമായി രാഷ്ട്രീയ ശാക്തീകരണത്തിന് ഗുരു വളരെ നല്ല ആയുധമാണെന്ന് കരുതുന്നവരാണ് അദ്ദേഹത്തിന്റെ വാചകങ്ങളെയും വളച്ചൊടിച്ച് ഗുരുവിൻ്റെ ഹിന്ദുത്വ വാദിയാക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ പ്രസംഗം കുറെ കാലങ്ങളായി നടക്കുന്ന ഈ ശ്രമങ്ങളെ തുറന്നു കാണിക്കുന്ന ഒരു ചർച്ച ഉയർത്തിക്കൊണ്ടുവരാൻ കാരണമായിട്ടുണ്ട്.
അംബേദ്കർ ഫാഷനായി മാറിയിരിക്കുന്നുവെന്ന് അമിത് ഷാ പറയുന്നതും ഗുരു വർണാശ്രമത്തെ അനുകൂലിച്ചിരുന്നുവെന്ന് കേരളത്തിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നതും ഒരു മതേതര സമൂഹത്തിന്റെ നിലനിൽപ്പിന് അംബേദ്കർ, ഗുരു ചിന്തകൾ കൂടുതൽ പ്രസക്തമാണ് എന്നതിന്റെ സൂചനയാണോ?
ഇത് വളരെ വലിയൊരു പ്രശ്‌നമാണ്. അംബേദ്കറെ മാത്രമല്ല, കേരളത്തിൽ തന്നെ എത്രയോ വലിയ പാരമ്പര്യങ്ങളെ വളച്ചൊടിക്കാൻ അവർ ശ്രമിച്ചു. കുറേയൊക്കെ അവർ വിജയിക്കുകയും ചെയ്തു. ഉദാഹരണമായി വിവേകാനന്ദൻ. അദ്ദേഹത്തെ ഹിന്ദു മതത്തിന്റെ പ്രതിനിധി മാത്രമാക്കി ചുരുക്കാൻ അവർക്ക് കഴിഞ്ഞു, വിവേകാനന്ദൻ ഹിന്ദു മതത്തിന്റെ പ്രതിനിധിയാണ് എന്നതിൽ സംശയമൊന്നുമില്ല, പക്ഷെ അത് ആർഎസ്എസ് മുന്നോട്ട് വെക്കുന്ന ഹിന്ദുമതം എന്ന ആശയമല്ല. മത വർഗീയതയുടെ യുക്തിയിൽ വിവേകാനന്ദനെ തളയ്ക്കുക സാധ്യമല്ല. എന്നാൽ വിവേകാനന്ദനെ അവരുടെ ആളാക്കുന്നതിൽ ഹിന്ദുത്വ വലിയ അളവിൽ വിജയിച്ചു കഴിഞ്ഞു. ഗുരുവിന്റെയും അംബേദ്കറുടെയും കാര്യത്തിൽ അത്ര വലിയ വിജയം നേടാൻ അവർക്ക കഴിഞ്ഞിട്ടില്ല. അതിന്റെ കാരണം ഇന്ത്യയിലെയും കേരളത്തിലെയുമൊക്കെ സാമൂഹ്യരാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇതെല്ലാം തിരിച്ചറിഞ്ഞ് ചെറുക്കുന്നതിൽ പുലർത്തിയ ജാഗ്രതയാണ്. വിവേകാനന്ദനെ പോലെ ഒരു പ്രതീകം ഹിന്ദുത്വത്തിന്റെ കൈപ്പിടിയിലൊതുങ്ങി പോകുമ്പോൾ അതുണ്ടാക്കുന്ന അപകടം ആദ്യം തിരിച്ചറിയപ്പെട്ടിരുന്നില്ല. ഗുരുവിന്റെ കാര്യത്തിൽ അത്തരമൊരു അപകടം തിരിച്ചറിഞ്ഞത്‌കൊണ്ടാണ് ഇപ്പോൾ ഈ ചർച്ചകൾ നടക്കുന്നത്.
ധാരാളം ആളുകളെ ഇത്തരത്തിൽ അവരുടെ ആളാക്കാൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്, ഭഗത് സിങിനെ പോലും ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഞാനെന്തുകൊണ്ട് നിരീശ്വരനാകുന്നു എന്നാണല്ലോ അദ്ദേഹം എഴുതിയ ഒരു പുസ്തകത്തിന്റെ പേര്, മരണത്തിന് മുൻപ് അവസാന കാലത്ത് അദ്ദേഹം വായിക്കുന്നത് ലെനിന്റെ പുസ്തകങ്ങളാണ്. ഒരു സോഷ്യലിസ്റ്റ് മാർക്‌സിസ്റ്റിലേക്ക് പരിവർത്തനപ്പെട്ടുകൊണ്ടിരുന്ന ഒരാളായിരുന്നു ഭഗത് സിംഗ്. എന്നാൽ അത്തരമൊരു കാര്യത്തെ വേണ്ടപോലെ അടയാളപ്പെടുത്താൻ ഇന്ത്യയിലെ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. ഇപ്പോഴും ഭഗത് സിങ് ഇടതുപക്ഷത്തിന്റെ സംസ്‌കാരിക പ്രതിനിധി എന്ന് വന്നതിനെക്കാൾ വളരെ കൂടുതൽ മറ്റു പലതിലുമാണ് വന്നിരിക്കുന്നത്. അങ്ങനെ പല പോരായ്മകളും ഉണ്ടായിട്ടുണ്ട്. ഗാന്ധിയെ വെടിവെച്ചു കൊന്നതല്ലായിരുന്നെങ്കിൽ അദ്ദേഹത്തെയും അവർ മുതലെടുക്കുമായിരുന്നു. ഗാന്ധിയെ വെടിവെച്ചുകൊന്നതിന്റെ പ്രത്യക്ഷമായ മുദ്ര കിടക്കുകയാണല്ലോ. അംബേദ്കറെയും ഗുരുവിനെയുമെല്ലാം അവരുടെ ആളാക്കാൻ ശ്രമിക്കാമെങ്കിൽ ഗാന്ധിയുടെ വധമൊക്കെ മറവിയിലാണ്ടുപോയാൽ ഗാന്ധിയെയും അവർ സ്വന്തമാക്കാൻ ശ്രമിക്കും. ഗാന്ധിയെ എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതു കൊണ്ട് ഗാന്ധിയെ നിന്ദിച്ച്, ഇകഴ്ത്തി, അപവാദം പറഞ്ഞു പരത്തുകയൊക്കെയാണ് ചെയ്യുന്നത്. ഗുജറാത്തിലൊക്കെ ഗാന്ധി വെറുക്കപ്പെട്ട ഒരു മനുഷ്യനായി മാറിക്കഴിഞ്ഞു, കാരണം 90കളുടെ തുടക്കം മുതൽ സ്‌കൂൾ സിലബസുകളിലും പഠന സംവിധാനങ്ങളിലും, പത്രങ്ങളിലുമെല്ലാം ഗാന്ധിയെ ഇന്ത്യാ വിരുദ്ധനും ഹിന്ദു വിരുദ്ധനുമായി അവതരിപ്പിച്ച് കഴിഞ്ഞ 35 കൊല്ലം കൊണ്ട് ആളുകളുടെ മനസിൽ അത് പതിഞ്ഞുപോയി. ഇപ്പോൾ ഗോഡ്‌സേക്ക് ഉള്ളതിനെക്കാൾ കുറഞ്ഞ ആരാധകരെ ഗാന്ധിക്ക് അവിടെ ഉണ്ടാവുകയുള്ളു. അങ്ങനെയൊരു നയമാണ് അവർ ഗാന്ധിയോട് സ്വീകരിക്കുന്നത്, എന്നാൽ അംബേദ്കറോടോ, ഗുരുവിനോടോ അങ്ങനെയല്ല. അംബേദ്ക്‌റെ അവർ വ്യാഖ്യാനിക്കുന്നത് ഹിന്ദുമതത്തിനകത്തെ ജാതി വ്യവസ്ഥയുടെ പോരായ്മകൾ പരിഹരിക്കാൻ ശ്രമിച്ച ആൾ എന്ന നിലയ്ക്കാണ്. നവോത്ഥാന നായകന്മാരായ പലരെയും വ്യാഖ്യാനിക്കുന്നത് ഹിന്ദുമതത്തെ നവീകരിച്ച ആളുകൾ എന്ന നിലയ്ക്കാണ്.
അംബേദ്കറുടെ ജാതിവിമർശനം മതവിമർശനം തന്നെയാണ്, അല്ലാതെ ജാതിയിൽ മാത്രമല്ല. ഗാന്ധി അയിത്തത്തെ മാത്രമെ കണ്ടുള്ളുവെങ്കിൽ അംബേദ്കർ ജാതിയെയും കണ്ടു. ജാതിയാകട്ടെ മതത്തിനുള്ളിലാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു, അതുകൊണ്ടാണ് ഹിന്ദുവായി മരിക്കില്ല എന്ന് പറഞ്ഞതും. അങ്ങനെയൊരാളെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും വ്യതിചലിപ്പിക്കാനുള്ള ശ്രമം പോലും നടക്കുന്നുണ്ട്. നമ്മുടെ സാമൂഹ്യ ഉള്ളടക്കത്തെ വളരെ പ്രതികൂലമായി ബാധിക്കുന്ന കാര്യം തന്നെയാണ്. അതിനെ വേണ്ടതുപോലെ ചെറുക്കണമെങ്കിൽ ഈ ഓരോ പാരമ്പര്യത്തെയും നമ്മുടെ പൊതുബോധത്തിൽ കൂടുതലായി എത്തിക്കാൻ സാധിക്കണം, അതിന് വേണ്ട വളരെ വിപുലമായ ആസൂത്രണങ്ങൾ ഉണ്ടാകണം.
കേരളത്തെ സംബന്ധിച്ച ഒരു സവിശേഷ ആശയം എന്താണെന്ന് വച്ചാൽ കേരളത്തിൽ ഹിന്ദുത്വം വേരുപിടിക്കുന്നത് പൊളിറ്റിക്കൽ ഫ്രണ്ട് വഴിയല്ല, മറിച്ച് നമ്മുടെ ദൈന്യംദിന ജീവിതത്തിലെ വിശ്വാസം, ആചാരം, അനുഷ്ഠാനങ്ങൾ, സങ്കൽപങ്ങൾ മുതലായ സംസ്‌കാരമെന്ന് നമ്മൾ വിളിക്കുന്ന ഒരു മണ്ഡലത്തിലൂടെ ഹിന്ദുത്വം വേരുപിടിക്കുകയാണ്. അല്ലാതെ രാഷ്ട്രീയമായ മുദ്രാവാക്യം മുഴക്കിയിട്ടോ, രാഷ്ട്രീയ സമരങ്ങൾ നടത്തിയിട്ടോ, സംഘടന കെട്ടിപ്പടുത്തിട്ടോ അല്ല. കേരളത്തിലിപ്പോൾ കർഷക പ്രസ്ഥാനങ്ങളോ, ഇടതുപക്ഷമോ, കോൺഗ്രസോ, ദേശീയപ്രസ്ഥാനമോ ഉണ്ടായ വഴിയല്ല അത്. അവർ സംസ്‌കാരത്തെ രാഷ്ട്രീയ മുന്നണിയുടെ അനുബന്ധമായി മാത്രമെ നിലനിർത്തിയിട്ടുള്ളു. ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ മുന്നണിയെക്കാൾ പ്രബലമാണ് അവരുടെ സംസ്‌കാരിക മുന്നണി. അതുകൊണ്ട് ഹിന്ദുത്വത്തോട് രാഷ്ട്രീയമായി ഐക്യപ്പെടാത്ത പലരും ഹിന്ദുത്വത്തിന്റെ സാംസ്‌കാരിക യുക്തിയെ പലതരത്തിൽ ഉള്‌ക്കൊള്ളുന്നുണ്ട്. അവർ രാഷ്ട്രീയമായി ഇപ്പോഴും അവിടെ എത്തിയിട്ടുണ്ടാകണമെന്നില്ല പക്ഷെ ഒരു ഘട്ടത്തിലെത്താവുന്നതാണ്. അതുകൊണ്ട് സംസ്‌കാരമെന്ന് നമ്മൾ വിളിക്കുന്ന ആശയാനുഭൂതികളുടെ മണ്ഡലത്തെ നിർണായകമായ ഒരു കേന്ദ്ര സമര മേഖലയായി തിരിച്ചറിഞ്ഞില്ലെങ്കിൽ കേരളത്തിലെ മതനിരപേക്ഷ പ്രസ്ഥാനങ്ങൾ വളരെ വലിയ തിരിച്ചടി നേരിടേണ്ടി വരും. കേരളത്തിലെ മതനിരപേക്ഷ പ്രസ്ഥാനങ്ങൾക്ക് ഇപ്പോഴും ആ തിരിച്ചറിവ് വന്നിട്ടുണ്ട് എന്ന് ഞാൻ കരുതുന്നില്ല. ഇപ്പോഴും അതൊരു അനുബന്ധ മേഖലയായി മാത്രം ഒതുങ്ങിപ്പോവുകയാണ്.
കഴിഞ്ഞ 20 കൊല്ലങ്ങളിലായി ഹിന്ദുത്വവാദികൾ നടത്തിയ സമരങ്ങളിൽ ഒന്നുപോലും അടിസ്ഥാന രാഷ്ട്രീയ പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നില്ല, മറിച്ച് ചില സമാന്തര ശൃംഖലകളുപയോഗിച്ച് നടത്തുന്ന സാംസാകാരിക മണ്ഡലത്തിലൂടെയാണ്. ഇതിനെ ചെറുക്കാൻ കേരളത്തിലെ മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ കയ്യിൽ ഫലപ്രദമായ ഒരു പ്രതിതന്ത്രമില്ല. ഹിന്ദുത്വം നുഴഞ്ഞുകേറുന്ന വഴി ഒന്നും അതിനെ പ്രതിരോധിക്കുന്നതിനായി ഉപയോഗിക്കുന്ന വഴി മറ്റൊന്നുമാണ്. വർഗീയത ഒരു വഴി പോകുന്നു പ്രതിരോധം മറ്റൊരു വഴി പോകുന്നു, അവ തമ്മിൽ ഒരിടത്തും കണ്ടുമുട്ടുന്നില്ല എന്നതാണ് വാസ്തവം. ഇത് നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തിരിച്ചറിഞ്ഞ് ഇടപെട്ടാൽ നല്ലത്, ഇല്ലെങ്കിൽ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് അത് വഴിതെളിക്കും. ഇക്കാലം വരെ സാംസ്‌കാരിക മണ്ഡലങ്ങളിൽ മാത്രമുണ്ടായിരുന്ന അവരുടെ സ്വാധീനം ഇപ്പോൾ രാഷ്ട്രീയമായി മാറിക്കൊണ്ടിരിക്കുകയാണ് അതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായ 20 ശതമാനം എന്ന നിലയിലുള്ള വോട്ടിന്റെ ഉയർച്ച.
കേരളത്തിലെ ഹിന്ദുത്വയുടെ വളർച്ചയ്ക്ക് ഏറ്റവും കൂടുതൽ സഹായകമാകുന്ന ഒരു ഉപകരണമാണ് നാരായണ ഗുരു എന്ന് അവര്‍
കരുതുന്നുണ്ട്. ബിഡിജെഎസ് വഴി കഴിഞ്ഞ 10 വർഷമായി അതിന്റെ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണല്ലോ, അത് ഒട്ടും ഫലം കണ്ടില്ല എന്നും പറയാൻ കഴിയില്ല. ഗുരുവിന്റെ അനുയായികളിൽ ഒരു ചെറിയ വിഭാഗത്തെയെങ്കിലും സ്വാധീനിക്കാൻ ഹിന്ദുത്വത്തിന് ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്.
കേരളത്തിൽ മുസ്ലിം അപരത്വം ഒരു വിദ്വേഷമായി രൂപപ്പെടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? അത് ബോധപൂർവ്വം സൃഷ്ടിക്കപ്പെടുന്നതാണോ? അതിന്റെ മറവിലാണോ ഹിന്ദുത്വയുടെ പുതിയ നീക്കങ്ങൾ?
ഇന്ന് കേരളത്തിലെ ഹിന്ദുത്വ വർഗീയതയുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധം മുസ്ലിം വിരുദ്ധതയാണ്. അതിൽ ഹിന്ദുക്കളെ മാത്രമല്ല ക്രിസ്ത്യാനികളെയും വലിയ തോതിൽ ഉൾപ്പെടുത്താൻ അവർക്ക കഴിഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഒരു ഇസ്ലാമോഫോബിയ എന്ന് പറയാവുന്ന തരത്തിൽ മുസ്ലിം വിരോധം കേരളത്തിന്റെ സാമൂഹ്യ പരിസരത്ത് വളരെ ശക്തമായിക്കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയമായി വലതുപക്ഷത്തല്ലാത്ത ആളുകളിൽ പോലും അതിന്റെ സ്വാധീനം വലിയ തോതിലുണ്ട്. അടിസ്ഥാനപരമായി മുസ്ലിം വിരുദ്ധത വേരുപിടിച്ച ഒരു സമൂഹമാണ് ഇന്ന് കേരളം. ഒരു കാൽനൂറ്റാണ്ട് മുൻപ് നമുക്കുണ്ടായിരുന്ന സാഹോദര്യ ഭാവനയുടെ, മതപരമായ പങ്കുവെപ്പിന്റെ അടിസ്ഥാനത്തെ നമുക്കിന്ന് നിലനിർത്തിക്കൊണ്ട് പോകാൻ കഴിയുന്നില്ല. ഇത് വളരെ പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ്. ഈ വെറുപ്പിനെ പടർത്തുക എന്നത്, ഏത് വവിഷയത്തെയും വെറുപ്പിലേക്കുള്ള ഒരു ഉപകരണമാക്കി മാറ്റിയെടുക്കുക എന്നത്. ഇതിനെ ചെറുക്കാനായി മനുഷ്യർക്കിടയിലെ സ്‌നേഹം, സാഹോദര്യം തുടങ്ങിയ വികാരങ്ങൾ ശക്തിപ്പെടുത്താൻ പറ്റുന്ന തരത്തിലുള്ള ആവിഷ്‌കാരങ്ങൾ ഉണ്ടാകണം. ആളുകൾക്ക് പരസ്പരം പങ്കുവെച്ച് ജീവിക്കാൻ കഴിയുന്ന തരത്തിൽ അതിനൊരു ആവിഷ്കാരം നടത്തേണ്ടതുണ്ട്. അതിനു പറ്റുന്ന തരത്തിൽലുള്ള ഇടപെടലുകളാണ് നമുക്ക് ആവിശ്യം അതല്ലാതെയുള്ള ടെലിവിഷൻ ചർച്ചകളിലും അന്യോന്യമുള്ള ചീത്തവിളികളിലും മാത്രം ഒതുങ്ങിയാൽ മതിയാകില്ല. ഈ ചീത്തവിളികളൊക്കെ ആത്യന്തികമായി ഹിന്ദുത്വക്ക് തന്നെയാണ് ഗുണം ചെയ്യുക, കാരണം കൂടുതൽ പകയും വിഭജനവും അവിടെ ഉണ്ടായിക്കഴിഞ്ഞു. വിഭജനവും പകയുമാണ് തങ്ങളുടെ കൈമുതൽ എന്ന് കരുതുന്നവർ അതിനെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുക. അപ്പോൾ അവരോട് അതേ ഭാഷയിൽ തർക്കിച്ചിട്ടായാലും, അധിക്ഷേപിച്ചിട്ടായാലും എതിരാളികളെ അക്രമിച്ചിട്ടായാലും അതേ മനോഘടനയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നത് ഹിന്ദുത്വത്തിന് ഗുണം ചെയ്യും. ഇതിനെ ചെറുക്കുന്നതിനായി സ്‌നേഹത്തെയും സാഹോദര്യത്തെയും അലങ്കാര വാക്കുകളായി എടുക്കാതെ അതിനെ പെളിറ്റിക്കൽ കാറ്റഗറിയായി കാണേണ്ടതുണ്ട്, എല്ലാക്കാലത്തും അത് അങ്ങനെയാവണം എന്നില്ല, എന്നാൽ ഈ സാഹചര്യത്തിൽ അതിന് വലിയ മൂല്യമുണ്ട്. ആകാവുന്ന എല്ലാ തരത്തിലുമുള്ള ഐക്യവും സാധ്യമാക്കുക. മതനിരപേക്ഷത, സാമൂഹ്യനീതി, ജനാധിപത്യം ഇവയ്ക്കപ്പുറമുള്ള പ്രശ്‌നങ്ങളും വിയോജിപ്പുകളും അവിടെ നിലനിന്നോട്ടെ.. നമുക്കിടയിലെ യോജിപ്പിന്റെ സാധ്യതകളും വിയോജിപ്പിന്റെ ഇടങ്ങളുമുണ്ട്. അതിൽ യോജിപ്പിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനുള്ള മാർഗങ്ങൾ കണ്ടെത്തുക. അതുവഴി വളരെ വിപുലമായ സ്‌നേഹ സാഹോദര്യത്തിന്റെ രാഷ്ട്രീയ മണ്ഡലം രൂപപ്പെടുത്താനും കഴിയും. അതുവഴി മാത്രമെ ഇതിനെ വിശാലാർത്ഥത്തിൽ ചെറുക്കാൻ കഴിയുകയുള്ളു.
ഈ നൂറ്റാണ്ട് തുടങ്ങുമ്പോൾ ആറ് ശതമാനം വോട്ടായിരുന്നു ബിജെപിക്ക് കേരളത്തിൽ ഉണ്ടായിരുന്നത് കാൽനൂറ്റാണ്ടുകൊണ്ട് അത് 20 ശതമാനമായി ഉയർന്നു. വെറുപ്പിൽ വളരുന്ന പിൻതുണയാണത്.
സമൂഹത്തിനെ മലിനമാക്കാനുള്ള പല വിധ ശ്രമങ്ങൾക്ക് മാധ്യമങ്ങൾ കൂട്ടു നിൽക്കുകയാണ് എന്ന് തോന്നിയിട്ടുണ്ടോ? അതോ പ്രതിരോധങ്ങൾ ഉണ്ടാകുന്നുണ്ടോ?
നമ്മുടെ മുഖ്യധാര മാധ്യമങ്ങൾ ഹിന്ദുത്വത്തെ രണ്ട് രീതിയിലാണ് പിന്തുണക്കുന്നത്, ഒന്ന് ഹിന്ദുത്വം ഉയർത്തിക്കൊണ്ടുവരുന്ന വർഗീയ ആശയങ്ങൾക്ക് ചെറുതും വലുതുമായ രീതിയിൽ സമൂഹത്തിൽ പ്രചാരം കൊടുക്കുക. രണ്ടാമതായി മാധ്യമങ്ങൾ തന്നെ വിഷമയമായ താർക്കികതയെ പ്രധാനമാക്കുകയും അതുവഴി ഇവരുടെ യുക്തിയുടെ ആവിഷ്കാരമായി മാറുകയും ചെയ്യുന്നു. ചാനൽ ചർച്ചകളിൽ ഹിന്ദുത്വത്തിന്റെ പ്രതിനിധികളായി വന്നിരുന്ന് ഇത്തരത്തിൽ വിഷം വമിപ്പിക്കുന്ന ആളുകൾക്ക് ആരാധ്യതയുണ്ടാക്കി കൊടുത്തത് മാധ്യമങ്ങളാണ്. അതിന്റെ അനന്തരഫലം അതേ യുക്തിയിൽ തന്നെ ഇടപെടാനും സംസാരിക്കാനും ബാക്കിയുള്ളവർ നിർബന്ധിതരാവും. ഫലത്തിൽ അവരുടെ യുക്തിക്ക് സാർവ്വത്രികമായ സ്വീകാര്യത ലഭിക്കും. ഒരു വിഷയത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് പോകുന്നതിന് പകരം പുച്ഛം, വിദ്വേഷം, പക എന്നിവയൊക്കെ പ്രധാനമാകും. ഒരു വിഷയത്തെ സംബന്ധിച്ച് സൂക്ഷ്മ പരിശോധനയിലേക്ക് പോവുകയാണെങ്കിൽ ഹിന്ദുത്വത്തിന് പിടിച്ച് നിൽക്കാൻ കഴിയുകയില്ല. ഈയൊരു മാധ്യമ യുക്തി നമ്മുടെ മാധ്യമ അന്തരീക്ഷത്തിലുണ്ട്. പിന്നെ അടിസ്ഥാനപരമായി കഴിഞ്ഞ പത്തോ, ഇരുപതോ വർഷമായി ഹിന്ദുത്വ ഇന്ത്യയിൽ എന്താണ് ചെയ്തത് എന്ന് പൊതു സമൂഹത്തിന് മുന്നിൽ എത്തിക്കുന്നതിൽ മാധ്യമങ്ങൾ വിജയിച്ചിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതൽ വിദ്വേഷം പ്രസരിക്കുന്ന രാജ്യം ഏത് എന്നതിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ, 198 രാജ്യങ്ങളുള്ളതിൽ വിദ്വേഷം പ്രസരിക്കുന്നതിൽ ഒന്നാമതാണ് ഇന്ത്യ. ഒരു മാധ്യമം പോലും അത് റിപ്പോർട്ട് ചെയ്ത് കണ്ടില്ല, മുഖ്യധാര മാധ്യമങ്ങൾ അറിഞ്ഞിട്ടുപോലുമില്ല. കണക്കുകളിൽ ഏത് ഇൻഡക്സ് എടുത്താലും ഇന്ത്യ വർഷാവർഷം താഴോട്ട് പോകുന്നതായാണ് നമുക്ക് കാണാൻ കഴിയുക. അദാനിയെ പോലുള്ള കുത്തകക്കെതിരെ സംസാരിക്കാൻ എന്തുകൊണ്ടാണ് നമ്മുടെ മാധ്യമങ്ങൾക്ക് കഴിയാത്തത്? ഇത്തരത്തിൽ സർവ്വതലത്തിൽ ഹിന്ദുത്വത്തിന്റെ സാമൂഹിക രാഷ്ട്രീയ യുക്തിയെ വളരാനനുവദിക്കുക. മറുഭാഗത്ത് ചർച്ചകൾ എന്ന നിലയിൽ തെറിവിളികളും അട്ടഹാസങ്ങളും ശക്തിപ്പെടുത്തി അവിടെയും ഹിന്ദുത്വത്തിന്റെ വിശാല ആശയത്തെ പിൻതാങ്ങുക. മാധ്യമങ്ങൾ ഹിന്ദുത്വയുടെ വളർച്ചയിൽ വലിയ പങ്ക് വഹിക്കുന്നതായി കാണാൻ കഴിയും. നേരത്തെ അഞ്ച്, ആറ് ശതമാനം വോട്ടുകൾ മാത്രം ബിജെപി അല്ലെങ്കിൽ ഹിന്ദുത്വം നേടിക്കൊണ്ടിരുന്നപ്പോഴും എൽഡിഎഫിനെയും യുഡിഎഫിനെയും പരിഗാണിക്കുന്ന അതേ സ്ഥാനം അവർക്കും മാധ്യമങ്ങൾ നൽകിയിരുന്നു. അത്തരത്തിൽ ഒരു പ്രബലമായ ശബ്ദമാണിതെന്ന് വാദിച്ചെടുക്കുന്നതിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്.
content summary; Interview with Sunil P Elayidom