June 18, 2025 |
Share on

‘ഒറ്റവെട്ടിന് ആളെ കൊല്ലാന്‍ യൂട്യൂബ് വീഡിയോ, ആരും രക്ഷപ്പെടാതിരിക്കാന്‍ ഗ്യാസ് സിലണ്ടര്‍ തുറന്നു വിടല്‍’

ഇത്തരം ആസൂത്രണങ്ങള്‍ ‘ലഹരി’യിലും ‘മാനസിക പ്രശ്‌ന’ത്തിലും ഒതുക്കുകയാണോ വേണ്ടത്?

ലഹരിയാണോ അഫാന്‍ എന്ന 23 കാരനെക്കൊണ്ട് ഈ ക്രൂരതകളെല്ലാം ചെയ്യിച്ചത്? പൊലീസ് അത്തരത്തില്‍ സൂചന നല്‍കിയതായി മാധ്യമങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ സ്ഥിരീകരണമില്ല. അന്വേഷണത്തില്‍ വ്യക്തമാകേണ്ടതാണ് അതെല്ലാം. ലഹരി മാത്രമാണോ ഇതുപോലുള്ള ക്രൂരതകള്‍ ചെയ്യാന്‍ പ്രേരണയാകുന്നത്?

രാവിലെ 10 മണിക്കും വൈകിട്ട് ആറ് മണിക്കും ഇടയിലായി, വ്യത്യസ്ത പ്രദേശങ്ങളിലുള്ള മൂന്ന് വീടുകളിലായാണ് അഫാന്‍ കൊലപാതകങ്ങള്‍ നടത്തിയിരിക്കുന്നത്. ആദ്യം കൊലപ്പെടുത്തുന്നത് പിതാവിന്റെ മാതാവിനെയാണ്. ഒറ്റയ്ക്ക് താമസിക്കുന്ന 90 വയസ് കഴിഞ്ഞൊരു വൃദ്ധ. അതുകഴിഞ്ഞ് പിതൃസഹോദരനെയും ഭാര്യയെയും. അവിടെ നിന്നും വന്നശേഷം സ്വന്തം വീട്ടില്‍ വച്ച് അമ്മയെയും അനിയനെയും പെണ്‍സുഹൃത്തിനെയും ആക്രമിക്കുന്നു. ഇതില്‍ അമ്മ മാത്രം മരിക്കാതെ രക്ഷപ്പെടുന്നു.

ഇനി മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന മറ്റ് വിവരങ്ങള്‍ നോക്കുക; ഒരു ഓട്ടോയില്‍ പൊലീസ് സ്റ്റേഷനില്‍ എത്തി അഫാന്‍ തന്നെയാണ് കൊലപാതകങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നത്. ആറ് പേരും കൊല്ലപ്പെട്ടു എന്ന ഉറപ്പിലായിരുന്നു അയാള്‍. പൊലീസിനോട് പറഞ്ഞതും അഞ്ചാറു പേരേ തട്ടിയിട്ടുണ്ട്‌. എല്ലാവരും മരിച്ചു കാണും എന്നാണ്. അമ്മ രക്ഷപ്പെടുമെന്ന് കരുതിയിരുന്നില്ല. മാത്രമല്ല, വീട്ടിലെ ഗ്യാസ് സിലണ്ടര്‍ തുറന്നിടുകയും വാതിലും ഗേറ്റും പൂട്ടുകയും ചെയ്തു. പൊലീസോ മറ്റാരെങ്കിലുമോ അകത്തു കയറാന്‍ ശ്രമിച്ചാല്‍ ഒരു പൊട്ടിത്തെറി ഉണ്ടാകുമെന്ന കണക്കുകൂട്ടലും അയാള്‍ക്കുണ്ടായിരുന്നു.

ചുറ്റികയാണ് കൊലപാതകത്തിന് ഉപയോഗിച്ചതായി പറയുന്നത്. ഇരകളുടെ തലയിലും മുഖത്തും അയാള്‍ ക്രൂരമായി ചുറ്റിക പ്രയോഗിച്ചിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. പെണ്‍ സുഹൃത്ത് ഫര്‍സാനയെ തലയില്‍ മൂര്‍ച്ചയുള്ള ആയുധം വച്ചു കുത്തിയെന്നും മുഖം അടിച്ചു വികൃതമാക്കിയെന്നും പറയുന്നു. പിതൃസഹോദരന്‍ ലത്തീഫിന്റെ തലയില്‍ 20 തവണ ചുറ്റികയ്ക്ക് തല്ലിയിട്ടുണ്ടെന്നാണ് പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Venjaramoodu mass murder case

വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്‍

അഫാന്‍ എല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണോ? ഇയാള്‍ കഴിഞ്ഞ കുറച്ചു നാളായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നതായി മാധ്യമ വാര്‍ത്തകളുണ്ട്. ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചതിനു ശേഷം അയാള്‍ ലഹരി ശീലമാക്കിയതാണോ എന്ന കാര്യത്തില്‍ വ്യക്ത വരണം. ഏതായാലും ഓരോന്നും കണക്കുകൂട്ടി തന്നെ ചെയ്തുപോലെയാണ് ഇതുവരെ വന്ന വിവരങ്ങളില്‍ നിന്നും മനസിലായത്. ലഹരിയിലേക്ക് മാത്രം ഒതുക്കേണ്ടതല്ല. ലഹരി, മാനസിക പ്രശ്‌നം; ഈ രണ്ട് കാരണങ്ങളാണ് പൊതുവില്‍ ഇത്തരം കേസുകളില്‍ പ്രതികള്‍ സ്വയം പ്രതിരോധത്തിന് ഉപയോഗിക്കുന്നതും, മാധ്യമങ്ങളിലടക്കം പ്രാഥമിക നിഗമനങ്ങളായി വരുന്നതും. തിരുവനന്തപുരത്ത് തന്നെ നന്തന്‍കോട് കേഡല്‍ ജിന്‍സണ്‍ രാജ എന്ന ചെറുപ്പാക്കാരന്‍ കുടുംബത്തെ കൂട്ടക്കൊല ചെയ്ത സംഭവത്തിലും മാനസിക പ്രശ്‌നമാണ് പറയുന്നത്. എന്നാല്‍ അയാള്‍ കൊലപാതകങ്ങള്‍ നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു.

കേഡല്‍ ജീന്‍സണ്‍ രാജിന്റെ മൊഴികളോരോന്നും പൊലീസിനെ ഞെട്ടിക്കുന്നതായിരുന്നു. കേഡലിന്റെ മനസിലെ ക്രൂരത എത്രത്തോളമുണ്ടെന്നു വെളിവാക്കുന്ന കാര്യങ്ങളാണ് അയാളില്‍ നിന്നു തന്നെ അറിയാന്‍ കഴിഞ്ഞതും. അച്ഛനെയും അമ്മയേയും സഹോദരിയേയും കൊല്ലാന്‍ അയാള്‍ സ്വന്തം മനസിനെ പാകപ്പെടുത്തിവച്ചിരുന്നു. ഡൗണ്‍ലോഡ് ചെയ്തെടുത്ത ഒരു വീഡിയോ ആയിരുന്നു ഇതിനയാള്‍ കൂട്ടുപിടിച്ചത്. ഒറ്റവെട്ടിനു മനുഷ്യനെ കൊല്ലുന്ന ആ വീഡിയോ അയാള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ സേവ് ചെയ്ത് സ്ഥിരമായി കാണുമായിരുന്നു. പൊലീസിനു നല്‍കിയ മൊഴിയില്‍ കേഡല്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കൊലപാതകദൃശ്യങ്ങളുള്ള മൂന്നു വീഡിയോകളാണ് കേഡല്‍ കണ്ടിരുന്നത്. ഇതില്‍ ഒന്നിലാണ് ഒറ്റവെട്ടിനു ആളെ കൊല്ലുന്ന ദൃശ്യങ്ങളുള്ളത്. തലയുടെ പിന്‍ഭാഗത്തുള്ള മെഡുല ഒബ്ലോംഗേറ്റയ്ക്കു വെട്ടിയാല്‍ മരണം ഉടന്‍ സംഭവിക്കും. കേഡല്‍ നലാക്കിയതും ആ രീതിലായിരുന്നു. മനുഷ്യരില്‍ നടപ്പാക്കുന്നതിനു മുന്നോടിയായി ഡമ്മിയില്‍ പരീക്ഷിച്ചുറപ്പിച്ചിരുന്നു.

കൊലകള്‍ നടപ്പാക്കിയ രീതികളെ കുറിച്ച് പൊലീസിനു നല്‍കിയതായി പറയുന്ന മൊഴി മാധ്യമങ്ങളില്‍ വന്നതു പ്രകാരമാണെങ്കില്‍ കൊടുംക്രൂരതയാണ് കേഡല്‍ ചെയ്തത്. കൊലപാതകങ്ങള്‍ എങ്ങനെ നടപ്പാക്കിയെന്നുള്ള കേഡലിന്റെ മൊഴി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രകാരം: അമ്മ ഡോ. ജീന്‍ പത്മയെയാണ് ആദ്യം വകവരുത്തിയത്. ഏപ്രില്‍ 5നു രാവിലെ 11 മണിയോടെ. താന്‍ പുതുതായി ഉണ്ടാക്കിയ കമ്പ്യൂട്ടര്‍ ഗെയിം കാണിക്കാമെന്നു പറഞ്ഞു മുറിയിലേക്കു വിളിച്ചു വരുത്തി. കമ്പ്യൂട്ടര്‍ ടേബിളിനു മുന്നില്‍ അമ്മയെ ഇരുത്തിയശേഷം പിറകില്‍ നിന്നും മഴു ഉപയോഗിച്ച് കഴുത്തില്‍ ആഞ്ഞുവെട്ടി. മൃതദേഹം കിടപ്പുമുറിയിലെ ബാത്ത്റൂമിലിട്ട് പൂട്ടി. തറയില്‍ നിന്നും രക്തക്കറ മുഴുവന്‍ തുടച്ചു നീക്കി. വീട്ടിലുണ്ടായിരുന്ന സഹോദരിയറിയാതെ ഒന്നാമത്തെ കൊല നടത്തി. രണ്ടാമത്തെ ഇര അച്ഛനായിരുന്നു. അമ്മയെ കൊലപ്പടുത്തുമ്പോള്‍ വീട്ടില്‍ ഇല്ലായിരുന്ന അച്ഛന്‍ പ്രൊഫ. രാജ് തങ്കം ഉച്ചയോടെയാണു വീട്ടില്‍ തിരിച്ചെത്തുന്നത്. രാജ് തങ്കം ഊണിനു മുമ്പായി മദ്യം കഴിക്കാനിരുന്നപ്പോള്‍ കേഡലും സനേഹം നടിച്ച് ഒപ്പം കൂടി. പിന്നീട് അച്ഛനും സഹോദരിക്കുമൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ഈ സമയം അമ്മയുടെ മൃതദേഹം മുകളില്‍.

Kedal jinson raja

നന്തന്‍കോട് കൂട്ടക്കൊലപാതക കേസ് പ്രതി കേഡല്‍ ജീന്‍സണ്‍ രാജ

ഉച്ചഭക്ഷണം കഴിഞ്ഞശേഷം കേഡല്‍ സാഹചര്യങ്ങള്‍ ഒന്നുകൂടി നിരീക്ഷിച്ചു. സഹോദരി കരോളിന്‍ മുറിക്കുള്ളിലാണെന്ന് ഉറപ്പുവരുത്തിയശേഷം അച്ഛനെ തന്റെ കമ്പ്യൂട്ടര്‍ ഗെയിം കാണിക്കാമെന്നു പറഞ്ഞു സ്വന്തം മുറിയിലേക്കു വിളിച്ചുകൊണ്ടുപോയി. കമ്പ്യൂട്ടര്‍ ടേബിളിനു മുന്നില്‍ ഇരുത്തി. ശേഷം പിറകില്‍ നിന്ന് മഴു ഉപയോഗിച്ചു തലയ്ക്ക് വെട്ടാന്‍ ശ്രമിച്ചു. എന്നാല്‍ രാജ് തങ്കം ഈ വെട്ട് തടഞ്ഞു. പക്ഷേ കേഡലില്‍ നിന്നും രക്ഷപെടാന്‍ കഴിഞ്ഞില്ല. കേഡലിന്റെ കൈയിലെ മഴു വീണ്ടും വീണ്ടും രാജ് തങ്കത്തിന്റെ മേല്‍വീണു. മരിച്ചെന്ന് ഉറപ്പായപ്പോള്‍ ശരീരം വലിച്ചിഴച്ച് ബാത്ത്റൂമില്‍ അമ്മയുടെ ദേഹത്തിനൊപ്പം കിടത്തി. അടുത്ത ഇര സഹോദരി കരോളിന്‍ ആയിരുന്നു. ഒരു സുഹൃത്ത് ഈമെയില്‍ അയച്ചിട്ടുണ്ടെന്നു പറഞ്ഞാണ് സഹോദരിയെ തന്റെ മുറിയിലേക്ക് കേദല്‍ എത്തിച്ചത്. പിന്നീട് തലയ്ക്കു പിറകില്‍ മഴുകൊണ്ടു വെട്ടി. ആ ശരീരവും ബാത്ത്റൂമിലേക്ക് വലിച്ചുകൊണ്ടുപോയി. സഹോദരിയുടെ കഴുത്തറക്കുകയും ചെയ്തു. വീണ്ടും വന്ന് മുറിയുടെ തറയും ചുവരും വൃത്തിയാക്കി.

അന്നു വൈകുന്നേരം പുറത്തുപോയി രണ്ടു കന്നാസുകളിലായി പെട്രോള്‍ വാങ്ങി വന്നു. മൃതദേഹങ്ങള്‍ കുറച്ചു കുറച്ചായി കത്തിച്ചു. ഈ സമയത്തൊക്കെ വീട്ടിലുണ്ടായിരുന്ന ബന്ധുവും വൃദ്ധയുമായ ലളിതയെ വകവരുത്തുന്നത് വൈകിട്ടാണ്. അമ്മ ഫോണില്‍ വിളിക്കുന്നുവെന്നു പറഞ്ഞാണു ലളിതയെ മുകള്‍ നിലയിലേക്കു കൊണ്ടുവന്നത്. ഇത്തവണ സ്വന്തം മുറിയിലേക്കല്ല, മാതാപിതാക്കളുടെ മുറിയില്‍വച്ചാണു കേഡല്‍ നാലമത്തെ കൊല നടത്തിയത്. ലളിതയുടെയും കഴുത്തിനു തന്നെ വെട്ടി. മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് അതേ മുറിയിലെ ബാത്ത് റൂമില്‍ വച്ചു.

പിറ്റേന്നു വേലക്കാരി വന്നപ്പോള്‍ പറഞ്ഞത് എല്ലാവരും ഊട്ടിയില്‍ വിനോദയാത്രയ്ക്കു പോയെന്നാണ്. അന്നു രാത്രിയാണു മൃതദേഹങ്ങള്‍ കത്തിച്ചത്. തീയില്‍ മുറിയിലെ ജനല്‍ ചില്ലുകള്‍ പൊട്ടിയപ്പോള്‍ ശബ്ദം കേട്ട് അയല്‍വാസികള്‍ ശ്രദ്ധിച്ചു. ഇവരോട് പട്ടിയെ ഓടിക്കാന്‍ കല്ലെറിഞ്ഞപ്പോള്‍ പൊട്ടിയതാണന്നു പറഞ്ഞു. പക്ഷേ തീ വീട്ടില്‍ പടര്‍ന്നു പിടിച്ചപ്പോള്‍ പിന്നെ അവിടെ നില്‍ക്കാന്‍ രക്ഷയില്ലെന്നായി. അപ്പോള്‍ ഇട്ടിരുന്ന വസ്ത്രങ്ങള്‍ ഊരി കട്ടിലിനടിയില്‍ ഒളിപ്പിച്ചശേഷം പുതിയവയിട്ട് ബാഗുമെടുത്ത് വീടിനു പുറത്തിറങ്ങി. അവിടെ നിന്നും തമ്പാനൂരില്‍ എത്തി. ട്രെയിനില്‍ ചെന്നൈയിലേക്കു പോയി. തിരിച്ച് തിരുവന്തപുരത്ത് എത്തിയപ്പോള്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് അറസ്റ്റിലാകുന്നത്. മാനസിക പ്രശ്‌നം പറഞ്ഞാണ് കേഡല്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി നോക്കുന്നത്. പക്ഷേ ഇയാള്‍ക്ക് മാനസികപ്രശ്‌നം ഇല്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് കണ്ടെത്തിയിരിക്കുന്നത്.  Intoxication and mental disorder; Venjaramoodu mass murder case

Content Summary; Intoxication and mental disorder; Venjaramoodu mass murder case

Leave a Reply

Your email address will not be published. Required fields are marked *

×