ഒരു ബാറ്റര്‍ക്ക് ആയാലും ബൗളര്‍ക്കായാലും ആധുനിക ക്രിക്കറ്റില്‍ വീഡിയോ അനലിസ്റ്റുകളുടെ കണ്ണുവെട്ടിച്ച് അധികകാലം അവരുടെ രഹസ്യങ്ങള്‍ ഒളിപ്പിച്ചു വെക്കാനാകില്ല. ദേശീയ ടീമില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇടം നഷ്ടപ്പെട്ട, ഐപിഎല്ലിലൂടെ മാത്രം, ഇനിയും കൈമോശം വന്നിട്ടില്ലാത്ത തന്റെ കഴിവ് പ്രകടിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരു ബൗളറുണ്ട്; ഭുവനേശ്വര്‍ കുമാര്‍. ഈ ഐപിഎല്‍ സീസണില്‍ ബാറ്റര്‍മാര്‍ക്ക് ഒട്ടും പ്രവചിക്കാന്‍ കഴിയാത്തവിധം പന്തെറിഞ്ഞ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആര്‍സിബി) കിരീടത്തിലേക്ക് നയിച്ചതില്‍ ഭുവനേശ്വര്‍ കുമാറിന്റെ പങ്ക് എടുത്തു പറയണം. 28 വിക്കറ്റുകളാണ് ഈ സീസണില്‍ കുമാര്‍ നേടിയത്. ഒരു വിക്കറ്റിന്റെ മാത്രം വ്യത്യാസത്തിലാണ് റബാഡ പര്‍പ്പിള്‍ ക്യാപ്പ് കൊണ്ടു പോയത്. പക്ഷേ റബാഡയെക്കാള്‍(17) ഒരു മത്സരം കുറച്ചാണ് ഭുവി ഇത്തവണ കഴിച്ചതെന്നും ഓര്‍ക്കണം. മാത്രമല്ല, ഏഴ് ആയിരുന്നു അദ്ദേഹത്തിന്റെ ശരാരി. സീസണ്‍ മുഴുവന്‍ മികച്ച ഫോമില്‍ പന്തെറിഞ്ഞ ഭുവിയുടെ രഹസ്യങ്ങള്‍ കണ്ടെത്താന്‍ എതിര്‍ ടീമുകള്‍ക്ക് കഴിയാതെ പോയി. എന്നാല്‍ മീററ്റില്‍ നിന്നുള്ള ഈ സ്വിംഗ് മാന്ത്രികന്റെ വിജയരഹസ്യം ഫൈനല്‍ മത്സരത്തിന് തൊട്ടുമുന്‍പ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൃത്യമായി വിലയിരുത്തിയിരുന്നു.
മുന്‍ സീസണുകളില്‍ ഭുവനേശ്വര്‍ സാധാരണയായി എറിയാറുള്ള ലെങ്ത് ഇന്‍സ്വിംഗറുകള്‍ക്കും ഔട്ട്‌സ്വിംഗറുകള്‍ക്കും പകരം ഇത്തവണ ഒരു പുതിയ വേരിയേഷന്‍ വികസിപ്പിച്ചെടുത്തതാണ് അദ്ദേഹത്തിന്റെ വിജയത്തിന് പിന്നിലെന്ന് സച്ചിന്‍ നിരീക്ഷിച്ചു. ഇത്തവണ പന്ത് പരമാവധി സ്‌ട്രെയ്റ്റായി എറിയാനാണ് ഭുവി ശ്രമിച്ചത്. സാധാരണ സ്വിംഗിനായി ഫസ്റ്റ് സ്ലിപ്പിലേക്കോ ലെഗ് സ്ലിപ്പിലേക്കോ സീം തിരിച്ചുപിടിക്കുന്നതിന് പകരം, ‘വോബിള്‍ സീം’ രീതിയാണ് അദ്ദേഹം ഉപയോഗിച്ചത്. പന്ത് വായുവില്‍ അല്പം ഇളകിക്കൊണ്ട് പോകുന്നതിനാല്‍ പിച്ചിങ് കഴിഞ്ഞ് അത് അകത്തേക്ക് വരുമോ അതോ പുറത്തേക്ക് പോകുമോ എന്ന് പ്രവചിക്കാന്‍ ബാറ്റര്‍മാര്‍ക്ക് സാധിക്കാതെ വരുന്നു.
ഫൈനല്‍ പോരാട്ടത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഗുജറാത്തിന്റെ കരുത്തരായ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലിനും സായ് സുദര്‍ശനും ഈ വോബിള്‍ സീം വലിയ ഭീഷണിയാണ് ഉയര്‍ത്തിയത്. ചേസിംഗിനെ പിന്തുണയ്ക്കുന്ന അഹമ്മദാബാദിലെ പിച്ചില്‍, ആദ്യ ഓവറില്‍ ജേക്കബ് ഡഫിക്ക് എതിരെ തകര്‍ത്തടിച്ച് റണ്‍സ് ഉയര്‍ത്താന്‍ അവര്‍ ശ്രമിച്ചെങ്കിലും രണ്ടാം ഓവറില്‍ ഭുവനേശ്വര്‍ പന്തെടുത്തതോടെ കളി മാറി. ഭുവിയുടെ ആദ്യ പന്തില്‍ തന്നെ ഗില്‍ പൂര്‍ണ്ണമായും ആശയക്കുഴപ്പത്തിലായി. തൊട്ടടുത്ത പന്ത് ഒരല്പം പുറത്തേക്ക് തിരിഞ്ഞപ്പോള്‍ പിച്ചിന്റെ പ്രതികരണമറിയാതെ ഗില്‍ അത്ഭുതത്തോടെ നോക്കിനില്‍ക്കുകയേ ഉണ്ടായുള്ളൂ.
കൃത്യമായ ലൈനും ലെങ്തും നിലനിര്‍ത്തിക്കൊണ്ട് വോബിള്‍ സീം എറിയുന്നതിനൊപ്പം തന്റെ തനത് ബനാന സ്വിംഗും ഒളിപ്പിച്ചു വെച്ചാണ് ഭുവി പന്തെറിഞ്ഞത്. ക്രീസിന്റെ പല കോണുകളില്‍ നിന്ന് പന്തെറിഞ്ഞ് അദ്ദേഹം ബാറ്റര്‍മാരുടെ ആത്മവിശ്വാസം തകര്‍ത്തു. ഇതിന്റെ ഫലമായി പവര്‍പ്ലേയില്‍ തന്നെ ഗുജറാത്തിന്റെ മുന്‍നിര തകര്‍ന്നു. മൂന്നാം ഓവറില്‍ ജോഷ് ഹേസല്‍വുഡ് ഗില്ലിനെ പുറത്താക്കിയപ്പോള്‍, തൊട്ടടുത്ത ഓവറില്‍ ബോഡി ലൈനിലേക്ക് എറിഞ്ഞ ഒരു ഷോര്‍ട്ട് ഡെലിവറിയിലൂടെ സായ് സുദര്‍ശനെ ഭുവനേശ്വര്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മയുടെ കൈകളില്‍ എത്തിച്ചു. ഇതോടെ ആദ്യ ആറോവറിനുള്ളില്‍ തന്നെ സൂപ്പര്‍ താരം ജോസ് ബട്ലര്‍ക്ക് ക്രീസിലെത്തേണ്ടി വന്നു.
ഭുവനേശ്വര്‍ കുമാര്‍ നല്‍കിയ മികച്ച തുടക്കം ആര്‍സിബി ബൗളര്‍മാര്‍ കൃത്യമായി വിനിയോഗിച്ചു. കൃണാല്‍ പാണ്ഡ്യ റണ്‍സ് വിട്ടുകൊടുക്കാതെ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ ഹേസല്‍വുഡും റസിഖ് സലാമും ചേര്‍ന്ന് ഗുജറാത്തിനെ തകര്‍ത്തു. ഡെത്ത് ഓവറുകളില്‍ ഒരു വിക്കറ്റ് കൂടി നേടി സീസണിലെ തന്റെ വിക്കറ്റ് നേട്ടം 28 ആയി ഭുവി ഉയര്‍ത്തി. ഭുവിയുടെ ഈ മാസ്മരിക ബൗളിംഗിന്റെ കരുത്തില്‍ ഗുജറാത്തിനെ വെറും 155 എന്ന സ്‌കോറിലേക്ക് ഒതുക്കാന്‍ ആര്‍സിബിക്ക് സാധിച്ചു. തന്റെ കരിയറിലെ അനുഭവസമ്പത്തും ബൗളിംഗ് മികവും കോര്‍ത്തിണക്കി ഭുവനേശ്വര്‍ കുമാര്‍ നടത്തിയ ഈ തിരിച്ചുവരവാണ് ബെംഗളൂരുവിന് ചരിത്ര വിജയം സമ്മാനിച്ചത്.
Content Summary: Sachin Tendulkar decodes Bhuvneshwar Kumar’s masterclass ‘wobble seam’ strategy that dismantled Gujarat Titans and powered RCB to their IPL title glory.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.