June 26, 2026 |
Share on

യുദ്ധം മുറുകുന്ന ഗള്‍ഫ്

എണ്ണയും ആയുധമാകുന്നു,
സാമ്പത്തിക-മാനുഷിക പ്രതിസന്ധിയിലേക്ക് ലോകം

ഗള്‍ഫ് മേഖലയെ ആകെ തകിടം മറിക്കുന്ന നിലയിലേക്ക് അമേരിക്ക-ഇസ്രയേല്‍-ഇറാന്‍ യുദ്ധം കൂടുതല്‍ മോശമാകുന്നു. ഇറാനു മേല്‍ യുഎസും ഇസ്രയേലും വ്യോമാക്രമണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതോടെ ഇറാന്റെ തിരിച്ചടി മേഖലയില്‍ സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്ന അടിസ്ഥാന സൗകര്യ കേന്ദ്രങ്ങളും ഗതാഗത സംവിധാനങ്ങളും ലക്ഷ്യമിട്ടാണ്. ബുധനാഴ്ച വാണിജ്യ കപ്പലുകള്‍ക്ക് നേരെയും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഇറാന്‍ നടത്തിയ ആക്രമണം ഇത് ശരിവയ്ക്കുന്നതാണ്.

ഗള്‍ഫ് മേഖലയിലുടനീളം യുദ്ധം വ്യാപിക്കുകയാണ്. ആഗോള സാമ്പത്തിക വ്യവസ്ഥയെത്തന്നെ തകിടം മറിക്കുന്ന രീതിയിലുള്ള ഒരു നീണ്ട ‘നിഴല്‍ യുദ്ധത്തിന്’ തങ്ങള്‍ തയ്യാറാണെന്നാണ് ഇറാനിയന്‍ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. മേഖലയില്‍ നിന്നുള്ള ഊര്‍ജ്ജ വിതരണം തടസ്സപ്പെടുമെന്നും അവര്‍ ഭീഷണി മുഴക്കി.

പന്ത്രണ്ട് ദിവസമായി തുടരുകയാണ് ഈ യുദ്ധം. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം തുടരുമ്പോള്‍, മറുവശത്ത് ഇറാനിയന്‍ മിസൈലുകളും ഹിസ്ബുള്ള റോക്കറ്റുകളും ഇസ്രയേലിനെ ലക്ഷ്യമിട്ട് കുതിക്കുന്നു. ലെബനനിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ പത്ത് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 634 പേരാണ്. 1,586 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എട്ട് ലക്ഷത്തിലധികം കുടുംബങ്ങളാണ് ഇതുവരെ പലായനം ചെയ്തത്. ബുധനാഴ്ച രാത്രി ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും തെക്കന്‍ ലെബനനിലും ഇസ്രയേല്‍ കനത്ത ബോംബാക്രമണം നടത്തി. ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഹിസ്ബുള്ളയും ഇറാനും ഒരുമിച്ചു ചേര്‍ന്നു കൊണ്ട് ഇസ്രയേലിന് നേരെ ആക്രമണം നടത്തുന്നത്.

ഗള്‍ഫ് മേഖലയിലും ഇറാനും അയല്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം പുകയുകയാണ്. എട്ട് ഇറാനിയന്‍ ഡ്രോണുകളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായി കുവൈത്ത് അറിയിച്ചു. സൗദി അറേബ്യയിലെ ഷൈബ എണ്ണപ്പാടത്തിന് നേരെ വന്ന അഞ്ച് ഡ്രോണുകള്‍ തകര്‍ത്തതായി സൗദിയും വ്യക്തമാക്കി. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയെങ്കിലും, അത് രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് ഇറാന്‍ തള്ളി. ഇസ്രയേലിലെ പ്രധാന സൈനിക കേന്ദ്രങ്ങളും കുവൈറ്റിലെയും ബഹ്റൈനിലെയും യുഎസ് താവളങ്ങളും ആക്രമിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. ഇറാന്റെ സൈനിക ശേഷി തകര്‍ക്കുകയും ആണവ പദ്ധതികള്‍ ഇല്ലാതാക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസും ഇസ്രയേലും വ്യക്തമാക്കുന്നു. ഇറാന്‍ ഭരണകൂടത്തെ താഴെയിറക്കാന്‍ ജനങ്ങളോടും ഇസ്രയേല്‍ ആഹ്വാനം ചെയ്തു. എന്നാല്‍ പ്രതിഷേധിക്കുന്നവരെ ശത്രുക്കളായി കാണുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇറാന്‍ പോലീസ് മേധാവി മുന്നറിയിപ്പ് നല്‍കി.

ടെഹ്റാനിലും മറ്റ് ഇറാനിയന്‍ നഗരങ്ങളിലും കൊല്ലപ്പെട്ട സൈനിക കമാന്‍ഡര്‍മാരുടെ ശവസംസ്‌കാര ചടങ്ങുകളില്‍ വന്‍ ജനക്കൂട്ടം പങ്കെടുത്തു. യുഎസ്-ഇസ്രയേല്‍ ആക്രമണത്തിന്റെ ആദ്യ നാളുകളില്‍ തന്നെ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ മകന്‍ മുജ്തബയുടെയും ചിത്രങ്ങളേന്തിയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ഖമേനിയുടെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ട അതേ ആക്രമണത്തില്‍ ഇപ്പോഴത്തെ പരമോന്നത നേതാവായ മുജ്തബയ്ക്കും പരിക്കേറ്റതായി ഇറാന്‍ ആദ്യമായി സമ്മതിച്ചു. അദ്ദേഹത്തിന് കൈകാലുകള്‍ക്ക് പരിക്കുണ്ടെന്നും ഇപ്പോള്‍ ആശുപത്രിയിലാണെന്നും സൈപ്രസിലെ ഇറാനിയന്‍ അംബാസഡര്‍ അലിരേസ സലാരിയന്‍ വെളിപ്പെടുത്തി.

യുദ്ധം തുടങ്ങിയ ഫെബ്രുവരി 28 മുതല്‍ ഇതുവരെ 1,300 ഇറാനിയന്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അറിയിച്ചു. ഏഴ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും 140 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രയേലില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഇറാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കുന്നതായി ഇസ്രയേല്‍ ആരോപിക്കുന്നു. ഇതിനിടെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്( എ ഐ) ഉപയോഗിച്ചാണ് തങ്ങള്‍ ലക്ഷ്യങ്ങള്‍ കണ്ടെത്തുന്നതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ വെളിപ്പെടുത്തി. എങ്കിലും അന്തിമ തീരുമാനം മനുഷ്യരുടേത് തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടെങ്കിലും, സൈനിക നീക്കം തുടരുമെന്ന നിലപാടിലാണ് ഇസ്രയേലും യുഎസും. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് വരെ സമയപരിധിയില്ലാതെ യുദ്ധം തുടരുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുദ്ധത്തെക്കുറിച്ച് വ്യത്യസ്തമായ പ്രസ്താവനകളാണ് നടത്തുന്നത്. യുദ്ധം ഏതാണ്ട് അവസാനിച്ചുവെന്നും എന്നാല്‍ ‘ജോലി പൂര്‍ത്തിയാക്കാന്‍’ സേന അവിടെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 58 ഇറാനിയന്‍ യുദ്ധക്കപ്പലുകള്‍ തകര്‍ത്തതായി അവകാശപ്പെട്ട ട്രംപ്, രണ്ട് വര്‍ഷം കൂടുമ്പോള്‍ തിരികെ വരാന്‍ ആഗ്രഹിക്കാത്തതിനാല്‍ പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കുമെന്നും വ്യക്തമാക്കി.

യുദ്ധം മൂലം ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് എണ്ണ വലിയ ഭീഷണിയായി മാറി. അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി (ഐഇഎ) ചരിത്രത്തിലാദ്യമായി 400 ദശലക്ഷം ബാരല്‍ എണ്ണ വിപണിയിലിറക്കാന്‍ ശുപാര്‍ശ ചെയ്തു. ഇതില്‍ 172 ദശലക്ഷം ബാരല്‍ അമേരിക്ക തങ്ങളുടെ കരുതല്‍ ശേഖരത്തില്‍ നിന്ന് നല്‍കും. എന്നാല്‍ ലോകത്തിലെ അഞ്ചിലൊന്ന് എണ്ണ കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്ര ഇപ്പോഴും അപകടകരമാണ്. ബുധനാഴ്ച മൂന്ന് വാണിജ്യ കപ്പലുകള്‍ കൂടി ആക്രമിക്കപ്പെട്ടു. ഇതോടെ യുദ്ധം തുടങ്ങിയ ശേഷം ആക്രമിക്കപ്പെടുന്ന കപ്പലുകളുടെ എണ്ണം 14 ആയി. അമേരിക്കയും ഇസ്രയേലും ബോംബാക്രമണം നിര്‍ത്താതെ ഒരു തുള്ളി എണ്ണ പോലും കടത്തിവിടില്ലെന്നാണ് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ നിലപാട്. എണ്ണവില ബാരലിന് 200 ഡോളറിലേക്ക് ഉയരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് ലോകത്തെ വലിയൊരു സാമ്പത്തിക, മാനുഷിക പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്.

Content Summary: US-Israel War On Iran; Iran is expanding its attacks against infrastructure and transport networks in the Gulf region,

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×