കാണ്ഡിവ്ലി വെസ്റ്റിലെ മഹാവീര്‍ നഗറിലുള്ള സോളങ്കി കുടുംബത്തിന്റെ വീടിന്റെ ഉമ്മറത്ത് ഒരു ചെറിയ മരക്കസേരയില്‍ ചുവന്ന തുണി വിരിച്ച് ഒരു ഫോട്ടോ വച്ചിട്ടുണ്ട്. അത് ദീക്ഷിത് സോളങ്കിയുടെ ചിത്രമാണ്. ആ വീടിന്റെ ഒരു മൂലയില്‍ ആരുമായും സംസാരിക്കാതെ, സുഹൃത്തുക്കളെയോ ബന്ധുക്കളെയോ മാധ്യമങ്ങളെയോ അഭിമുഖീകരിക്കാതെ ഒരു മനുഷ്യന്‍ ഇരിപ്പുണ്ട്. ദീക്ഷിതിന്റെ പിതാവ് അമൃത്‌ലാല്‍.
32 വയസ്സുകാരനായ തന്റെ മകന്‍ കൊല്ലപ്പെട്ടുവെന്ന് 64-കാരനായ അമൃത്ലാലിന് അറിയാം. ‘എംകെഡി വ്യോം’ എന്ന എണ്ണക്കപ്പലിലുണ്ടായ സ്‌ഫോടനത്തിലാണ് ദീക്ഷിത് മകൊല്ലപ്പെട്ടത്. എന്നാല്‍ മകന്റെ ചിത്രത്തില്‍ ഒരു മാല ചാര്‍ത്താന്‍ അദ്ദേഹം ഇതുവരെ സമ്മതിച്ചിട്ടില്ല. കാരണം മറ്റൊന്നുമല്ല, തന്റെ മകന്റെ മൃതദേഹം കണ്ടെത്തണം എന്ന ആവശ്യത്തിലാണ് ആ അച്ഛന്‍.
‘എന്റെ മകന്റെ മൃതദേഹത്തെക്കുറിച്ച് ഇതുവരെ എനിക്ക് വ്യക്തമായ ഒരു വിവരവും ലഭിച്ചിട്ടില്ല. തുടക്കം മുതല്‍ അവര്‍ എനിക്ക് തെറ്റായ വിവരങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്,’ അമൃത്‌ലാല്‍ ദ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
മാര്‍ച്ച് 1-നാണ് ഒമാന്‍ തീരത്തുനിന്ന് 52 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് എംകെഡി വ്യോം എന്ന കപ്പലിനു നേരെ ആളില്ലാ ബോട്ട് ഉപയോഗിച്ച് ആക്രമണമുണ്ടായത്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ ഭാഗമായാണ് ഈ ആക്രമണമെന്നാണ് കരുതപ്പെടുന്നത്. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് കപ്പലിന്റെ എന്‍ജിന്‍ റൂമിലുണ്ടായ തീപിടുത്തത്തിലും സ്‌ഫോടനത്തിലുമാണ് എന്‍ജിന്‍ റൂമിലുണ്ടായിരുന്ന ദീക്ഷിത് കൊല്ലപ്പെട്ടത്.
സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും മൃതദേഹം ലഭിച്ചോ എന്ന കാര്യത്തില്‍ കുടുംബത്തിന് യാതൊരു വ്യക്തതയുമില്ല. സുരക്ഷിതരായി തിരിച്ചെത്തിയ കപ്പല്‍ ജീവനക്കാരെ അന്ധേരിയിലെ ഒരു ഹോട്ടലില്‍ വെച്ച് അമൃത്ലാല്‍ നേരിട്ട് കണ്ടിരുന്നു. മുന്‍പ് കപ്പല്‍ ജീവനക്കാരനായിരുന്ന അമൃത്ലാല്‍ അവരോട് ചോദിച്ചത് ഇതാണ്: ‘ഇരുമ്പ് കപ്പല്‍ പോലും തകര്‍ന്നുപോകുന്ന സ്‌ഫോടനത്തില്‍ ഒരു മനുഷ്യശരീരം എങ്ങനെ കേടുകൂടാതെയിരിക്കും?’ മൃതദേഹം പുറത്തെടുക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിച്ചു എന്ന അവ്യക്തമായ മറുപടിയാണ് അവര്‍ നല്‍കിയതെന്ന് അദ്ദേഹം പറയുന്നു.
ആക്രമണം നടന്നതിന് പിന്നാലെ ഷിപ്പിംഗ് കമ്പനിയിലെ ഉദ്യോഗസ്ഥര്‍ ദീക്ഷിതിന് ശ്വാസമില്ലെന്ന് അറിയിച്ചിരുന്നു. പിന്നീട് പത്ത് മണിക്കൂറിന് ശേഷമാണ് മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചത്. മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിച്ചുവെന്നും അപ്പര്‍ ഡെക്ക് വരെ എത്തിച്ചുവെന്നും അവര്‍ പിന്നീട് പറഞ്ഞെങ്കിലും, എങ്കില്‍ എന്തുകൊണ്ട് മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം എത്തിച്ചില്ല എന്ന ചോദ്യത്തിന് അവരുടെ പക്കല്‍ മറുപടിയില്ലെന്ന് അമൃത്ലാല്‍ ആരോപിക്കുന്നു.
കപ്പലിന്റെ മാനേജര്‍മാരായ വി. ഷിപ്സ് ഏഷ്യ ദീക്ഷിത് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് 21 ജീവനക്കാരും സുരക്ഷിതരാണെന്നും അവര്‍ ഒമാനില്‍ എത്തിയെന്നും കമ്പനി അറിയിച്ചു. സോളങ്കി കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ക്ക് വേണ്ട എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. എന്നാല്‍ തന്റെ മകന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യണമെന്നും അതിലൂടെ മാത്രമേ അവന്റെ ആത്മാവിന് ശാന്തി ലഭിക്കൂ എന്നുമാണ് ആ പിതാവിന്റെ ഏക ആവശ്യം.
പരമ്പരാഗതമായി മത്സ്യബന്ധനവും കപ്പല്‍ ജോലിയും ഉപജീവനമാക്കിയ ഗുജറാത്തി ഖാര്‍വ സമുദായത്തില്‍പ്പെട്ടവരാണ് സോളങ്കി കുടുംബം. കഴിഞ്ഞ എട്ട് വര്‍ഷമായി ദീക്ഷിത് കടലില്‍ ജോലി ചെയ്യുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ദീക്ഷിതിന്റെ അമ്മ മരിച്ചത്. അമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ക്കാണ് അദ്ദേഹം അവസാനമായി നാട്ടിലെത്തിയത്. ദീക്ഷിതിന്റെ സഹോദരിയുടെ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് ഈ ദുരന്തം തേടിയെത്തുന്നത്. ആക്രമണം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അയച്ച സന്ദേശത്തില്‍ കടലില്‍ ഒരു ‘യുദ്ധസമാനമായ സാഹചര്യം’ ഉണ്ടെന്ന് ദീക്ഷിത് കുടുംബത്തോട് പറഞ്ഞിരുന്നു.
ഇന്ത്യന്‍ രാഷ്ട്രപതി അടക്കമുള്ള പ്രമുഖര്‍ കുടുംബത്തെ അനുശോചനം അറിയിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ആവശ്യപ്പെടുമെന്നും അമൃത്ലാല്‍ പറഞ്ഞു. നിലവില്‍ 23,000 ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരാണ് പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലുള്ളത്. 40 വര്‍ഷമായി ആ പ്രദേശത്ത് താമസിക്കുന്ന സോളങ്കി കുടുംബത്തിന് അരുടെയും വാക്കുകള്‍ ആശ്വാസം നല്‍കുന്നില്ല. പ്രിയപ്പെട്ട ദീക്ഷിതിനെ ഒരു നോക്ക് കാണാനുള്ള കാത്തിരിപ്പിലാണ് ആ വീട്.
Content Summary; Iran-Israel conflict; Dixit Solanki killed in an explosion on oil tanker MKD Vyom, his body has yet to be found.
This post was last modified on March 6, 2026 11:36 am
Leave a Comment