ഇറാനില്‍ ഖമേനി ഭരണകൂടത്തിനെതിരെ ആഴ്ചകളായി തുടരുന്ന ജനകീയ പ്രക്ഷോഭം വന്‍ സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ത്തി മുന്നേറുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇറാനിയന്‍ സ്റ്റേറ്റ് ടിവി ഹാക്ക് ചെയ്യപ്പെടുകയും നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്ലവിയുടെ സന്ദേശങ്ങള്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു. പ്രതിഷേധക്കാര്‍ക്ക് കീഴടങ്ങാന്‍ ഇറാന്റെ ഉന്നത പോലീസ് മേധാവി അഹമ്മദ് റേസ റഡാന്‍ മൂന്ന് ദിവസത്തെ സമയം അനുവദിച്ചു.
റെസ പഹ്ലവിയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട രണ്ട് ക്ലിപ്പുകളാണ് ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ സംപ്രേഷണം ചെയ്യപ്പെട്ടത്. സുരക്ഷാ സേനയ്ക്കുള്ളില്‍ ഭരണകൂടത്തോടുള്ള എതിര്‍പ്പ് ശക്തമാകുന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നതായി വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി, പോലീസ് യൂണിഫോം ധരിച്ച ഉദ്യോഗസ്ഥര്‍ തങ്ങളുടെ ആയുധങ്ങള്‍ താഴെവെച്ച് പ്രക്ഷോഭകാരികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാല്‍, പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നതോ, ടെഹ്‌റാനില്‍ വലിയ തോതില്‍ കൂട്ടക്കൊലയ്ക്ക് മുതിരുന്നതോ വെച്ചുപൊറുപ്പിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖമേനിക്ക് മുന്നറിയിപ്പ് നല്‍കി.
യുഎസ് ആസ്ഥാനമായ ഹ്യൂമന്‍ റൈറ്റ്‌സ് ആക്റ്റിവിസ്റ്റ് ന്യൂസ് ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം ഭരണകൂടത്തിനെതിരായ പ്രക്ഷോഭത്തില്‍ ഇറാനില്‍ ഇതുവരെ 4,029 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഇറാനില്‍ തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങള്‍ രാജ്യത്തെ ആണവ സുരക്ഷയെപ്പോലും ബാധിക്കുമെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര വിദഗ്ധര്‍ രംഗത്ത്. പ്രതിഷേധക്കാര്‍ക്കെതിരായ ക്രൂരമായ അടിച്ചമര്‍ത്തലും ഉയരുന്ന മരണസംഖ്യയും ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.
ഇറാനില്‍ തുടരുന്ന കടുത്ത ആഭ്യന്തര അസ്വസ്ഥതകള്‍ രാജ്യത്തിന്റെ ആണവ ആസ്തികളുടെ സുരക്ഷയെ അപകടത്തിലാക്കുമെന്ന് മുന്‍ ആണവായുധ പരിശോധകന്‍ ഡേവിഡ് ആല്‍ബ്രൈറ്റ് മുന്നറിയിപ്പ് നല്‍കി. നിലവിലെ അരാജകത്വം തുടരുകയാണെങ്കില്‍, തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ സുരക്ഷിതമായി സംരക്ഷിക്കാനുള്ള ശേഷി ഇറാന്‍ ഭരണകൂടത്തിന് നഷ്ടപ്പെട്ടേക്കാമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ആണവ ആസ്തികളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നത് പശ്ചിമേഷ്യന്‍ മേഖലയെ മുഴുവന്‍ ഗുരുതരമായ ആണവ ഭീഷണിയിലാഴ്ത്തും.
അതേസമയം, ഇറാനെതിരെ നേരിട്ടുള്ള സൈനികാക്രമണങ്ങളില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍മാറിയതായി സൂചനയുണ്ടെങ്കിലും, അമേരിക്കയുടെ വിമാനവാഹിനികപ്പല്‍ സിംഗപ്പൂര്‍ കടന്ന് മലാക്ക കടലിടുക്കിലേക്ക് പ്രവേശിച്ചത് യുദ്ധഭീതി ഉയര്‍ത്തിയിട്ടുണ്ട്.
മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇറാന്‍ ഭരണകൂടത്തിന് മേല്‍ അമേരിക്കയുടെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും സമ്മര്‍ദ്ദം വര്‍ദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ ഇറാന്‍ തങ്ങളുടെ അടിച്ചമര്‍ത്തല്‍ നയവുമായി മുന്നോട്ടുപോയാല്‍ വലിയ സൈനിക ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കുമെന്ന് നിരീക്ഷകര്‍ ഭയപ്പെടുന്നു.
Content Summary: Iran protest: Trump warns Khamenei regime as nuclear security fears grow