യുദ്ധം നിര്‍ത്താന്‍ ഇറാന്റെ പത്തിന നിര്‍ദ്ദേശങ്ങള്‍; ‘മതിയായതല്ലെന്ന്’ ട്രംപ്

ഹോര്‍മുസ് തുറക്കുന്നതിനും ഇറാന്‍ നിബന്ധന വയ്ക്കുന്നുണ്ട്

Iran's 10 Points Proposal

അമേരിക്കയുമായും ഇസ്രയേലുമായും നിലനില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാനായി പത്തിന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സമാധാന കരാര്‍ മുന്നോട്ടുവെച്ചു ഇറാന്‍. പാകിസ്ഥാന്‍ മുഖേന കൈമാറിയ ഈ നിര്‍ദ്ദേശങ്ങള്‍ ഇറാനിയന്‍ ഔദ്യോഗിക മാധ്യമങ്ങളാണ് പുറത്തുവിട്ടത്. എന്നാല്‍, ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതിനായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ഈ നീക്കം പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമാകുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

തങ്ങള്‍ക്കെതിരെ ഇനി ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന ഉറപ്പ്, ലെബനനില്‍ ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള ഇസ്രയേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, ഇറാനുമേലുള്ള എല്ലാ ഉപരോധങ്ങളും നീക്കുക എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങളെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇതിന് പകരമായി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് ഏര്‍പ്പെടുത്തിയ തടസ്സം നീക്കാന്‍ ഇറാന്‍ തയ്യാറാണ്. എന്നാല്‍ ഈ പാതയിലൂടെ കടന്നുപോകുന്ന ഓരോ കപ്പലില്‍ നിന്നും ഏകദേശം 20 ലക്ഷം ഡോളര്‍ ഫീസ് ഈടാക്കുമെന്നും ഇത് ഒമാനുമായി പങ്കിടുമെന്നും നിര്‍ദ്ദേശത്തിലുണ്ട്. യുദ്ധത്തില്‍ തകര്‍ന്ന തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ നേരിട്ട് നഷ്ടപരിഹാരം ചോദിക്കുന്നതിന് പകരം ഈ തുക വിനിയോഗിക്കാനാണ് ഇറാന്റെ പദ്ധതി.

ഇറാന്റെ ഈ നിര്‍ദ്ദേശത്തെക്കുറിച്ച് പ്രതികരിച്ച ട്രംപ്, ഇതൊരു സുപ്രധാന ചുവടുവെപ്പാണെന്ന് സമ്മതിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് ‘മതിയായതല്ല’ എന്ന് വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി 8 മണിക്ക് നല്‍കിയ സമയപരിധി അവസാനിച്ചാല്‍ ഇറാനിലെ പാലങ്ങളും പവര്‍ പ്ലാന്റുകളും ഉള്‍പ്പെടെയുള്ള സിവില്‍ സംവിധാനങ്ങള്‍ തകര്‍ക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഇത്തരമൊരു ആക്രമണം നടന്നാല്‍ അത് പുനര്‍നിര്‍മ്മിക്കാന്‍ ഇറാന്‍ നൂറുവര്‍ഷം വേണ്ടിവരുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി. സാധാരണക്കാരെ ബാധിക്കുന്ന ഇത്തരം ആക്രമണങ്ങള്‍ യുദ്ധക്കുറ്റമായി കണക്കാക്കാമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ട്രംപ് തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

യുദ്ധത്തില്‍ തങ്ങള്‍ക്ക് മേല്‍ക്കൈ ഉണ്ടെന്നാണ് ഇറാന്റെ വിലയിരുത്തല്‍. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയതും അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതും തങ്ങളുടെ ശക്തി തെളിയിക്കുന്നതാണെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക നേരത്തെ മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശങ്ങള്‍ യുക്തിരഹിതമാണെന്ന് പറഞ്ഞ് ഇറാന്‍ തള്ളിയിരുന്നു. എന്നാല്‍, ഇറാനിലെ പല പ്രമുഖ നേതാക്കളും കൊല്ലപ്പെട്ടതോടെ അവിടെ ഭരണമാറ്റം നടന്നതായും ഇപ്പോള്‍ തങ്ങള്‍ ചര്‍ച്ച നടത്തുന്നത് താരതമ്യേന തീവ്രത കുറഞ്ഞതും ബുദ്ധിശാലികളുമായ പുതിയ നേതൃത്വത്തോടാണെന്നുമാണ് ട്രംപിന്റെ അവകാശവാദം. പശ്ചിമേഷ്യന്‍ മേഖലയെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ നയതന്ത്ര ചര്‍ച്ചകള്‍ നിര്‍ണ്ണായക ഘട്ടത്തിലാണ്.

Content Summary: Iran’s 10-point proposal to end the war with the United States and Israel

This post was last modified on April 7, 2026 12:46 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment