July 09, 2025 |
Share on

നാടുകടത്തല്‍ നടപടികളില്‍ പിടിമുറുക്കി ട്രംപ്; കുടിയേറ്റക്കാരെ കണ്ടെത്താന്‍ നികുതി വിവരങ്ങള്‍ ശേഖരിക്കും

ആശങ്കയറിയിച്ച് അമേരിക്കയിലെ ജനങ്ങൾ

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന്, നികുതി വിവരങ്ങൾ ഉപയോ​ഗിക്കാൻ ഇമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർക്ക് അനുവാദം നൽകുന്ന കരാറിന് അം​ഗീകാരം നൽകാനൊരുങ്ങി യുഎസ് ഇന്റേണൽ റവന്യൂ സർവീസ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നാടുകടത്തൽ നയങ്ങളെ പിന്തുണക്കുന്നതിന്റെ ഭാ​ഗമായാണ് തീരുമാനമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഡാറ്റ പങ്കിടുന്ന കരാർ പ്രകാരം, യുഎസിൽ നിയമവിരുദ്ധമായി കഴിയുന്ന കുടിയേറ്റക്കാരുടെ പേര് വിവരങ്ങൾ ഇമി​ഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഇന്റേണൽ റവന്യൂ സർവീസിന് കൈമാറണം. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഐആർഎസ് അന്വേഷണം നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും വേണം. വ്യക്തികളുടെ സ്വകാര്യത ഇല്ലാതാക്കുന്ന നടപടിയാണ് ട്രംപ് സ്വീകരിക്കുന്നതെന്നും ഇതിൽ അമേരിക്കയിലെ ജനങ്ങൾ ആശങ്കയറിയിച്ചുവെന്നും ദ ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

നികുതി ഡാറ്റ ഐആർഎസ് രഹസ്യമായി സൂക്ഷിക്കണമെന്നാണ് നിയമം. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോ​ഗം ചെയ്യുന്നത് തടയുന്നതിന് വേണ്ടിയാണ് നികുതി ഡാറ്റ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത്. എന്നാൽ, പുതിയ നടപടി പ്രകാരം കുടിയേറ്റക്കാരുടെ പേര്, ജോലി, വരുമാനം തുടങ്ങിയ വിവരങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുമെന്ന് ജനങ്ങൾ ആശങ്കയറിയിക്കുന്നു.

ഡാറ്റ പങ്കിടുന്ന കരാറിന് അം​ഗീകാരം ലഭിക്കുകയാണെങ്കിൽ എൻഫോഴ്സ്മെന്റിനായി ഒരാളുടെ വ്യക്തി വിവരങ്ങളിലേക്ക് ഇത്രയും വലിയ കൈകടത്തൽ നടത്തുന്നത് ഇതാദ്യമായിരിക്കും. കുടിയേറ്റക്കാരുടെ വിവരങ്ങൾ സ്ഥിരീകരിക്കുന്നത് ഐആർഎസിന് കീഴിൽ വരികയും ചെയ്യും.

നികുതിദായകരുടെ ഐഡി നമ്പറുകൾ ഉപയോഗിച്ച് നികുതി അടച്ച ലക്ഷക്കണക്കിന് രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ വിലാസങ്ങൾക്കായി ഡിഎച്ച്എസ്, ഐആർഎസിന് കഴിഞ്ഞ ദിവസം മെമ്മോ അയച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

നികുതി വിവരങ്ങൾ പങ്കിടുന്നതിലൂടെ ഐആർഎസ് നിയമലംഘനമാണ് നടത്തുന്നതെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഡിഎച്ച്എസ് അയച്ച മെമ്മോ സ്വകാര്യ വിവരങ്ങൾക്ക് യാതൊരുവിധ സംരക്ഷണവും നൽകാത്ത തരത്തിലുള്ളതാണെന്നും അഭിപ്രായങ്ങളുയർന്നിരുന്നു.
ഐസിഇ, ഡിഎച്ച്എസ് എന്നിവ നിയമപ്രകാരം ഒഴിവാക്കപ്പെടാത്തതിനാൽ, ഡാറ്റ പങ്കിടൽ നികുതി സ്വകാര്യതാ നിയമങ്ങൾ ലംഘിക്കുന്നുവെന്ന് വാദിച്ചുകൊണ്ട് രണ്ട് കുടിയേറ്റ അവകാശ ഗ്രൂപ്പുകൾ ഐആർഎസിന് എതിരെ കേസ് നൽകിയിരുന്നു.

അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിന് നിരവധി മനുഷ്യത്വരഹിതമായ നടപടികൾ അധികാരമേറ്റപ്പോൾ തന്നെ ട്രംപ് സ്വീകരിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് നികുതി വിവരങ്ങളിലേക്കുള്ള കൈകടത്തലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Content Summary: IRS Close to Deal Allowing ICE to Use Tax Data to Track Undocumented Migrants
Donald trump us Migrants 

Leave a Reply

Your email address will not be published. Required fields are marked *

×