അമേരിക്ക മാന്ദ്യത്തിലേക്കോ; ഫെഡ് നിരക്ക് കുറച്ചത് എന്തിന് ?

ഇറക്കുമതി ചുങ്കം അമേരിക്കയെ മോശമായി ബാധിക്കും

us economy

അമേരിക്കയില്‍ മാന്ദ്യത്തിനുള്ള സാധ്യത 48 ശതമാനമായി ഉയര്‍ന്നതായി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് പറഞ്ഞു. ഇത് 2020 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണ്. മാര്‍ച്ചില്‍ അവസാനിച്ച 12 മാസത്തിനിടെ യുഎസ് സമ്പദ്വ്യവസ്ഥ മുമ്പ് കണക്കാക്കിയതിനേക്കാള്‍ 911,000 തൊഴിലവസരങ്ങള്‍ കുറഞ്ഞതായി യുഎസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ബിഎല്‍എസ്) റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചതിലും കൂടുതലാണ് തൊഴിലില്ലായ്മ കണക്കുകള്‍. ഇത്തരം മാറ്റങ്ങള്‍ സാധാരണയായി ഭാവിയിലെ വളര്‍ച്ചാ മാന്ദ്യത്തിനുള്ള വലിയ സൂചനയാണെന്ന് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് പറഞ്ഞു.

2025 മെയ് മുതല്‍ ജൂലൈ വരെയുള്ള ചില കണക്കുകള്‍ അപഗ്രഥിച്ച ശേഷം, ഈ വര്‍ഷം യുഎസ് മാന്ദ്യത്തിലേക്ക് കടക്കാന്‍ 93% സാധ്യതയുണ്ടെന്ന് ആഗോള നിക്ഷേപ ബാങ്കായ യുബിഎസ് അടുത്തിടെ പ്രഖ്യാപിച്ചു.

സാമ്പത്തിക വിദഗ്ധര്‍ക്കും ഇതേ അഭിപ്രായം തന്നെയാണ്. സമ്പന്നരുടെ ഉയര്‍ന്ന ചെലവുകളാണ് നിലവില്‍ യുഎസ് സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതെന്ന് മൂഡീസ് അനലിറ്റിക്‌സ് ചീഫ് ഇക്കണോമിസ്റ്റ് മാര്‍ക്ക് സാണ്ടി അഭിപ്രായപ്പെട്ടു. ‘സമ്പന്നര്‍ ചെലവ് തുടര്‍ന്നാല്‍, സമ്പദ്വ്യവസ്ഥ മാന്ദ്യം ഒഴിവാക്കിയേക്കാം. എന്നാല്‍ ഏതെങ്കിലും കാരണത്താല്‍ അവര്‍ ചെലവ് കുറച്ചാല്‍ വലിയ പ്രശ്നമുണ്ടാകും’ എന്ന് അദ്ദേഹം വിശദീകരിച്ചു.

Also Read : യുഎസ് H1B വിസയ്ക്ക് ബദലിറക്കി ചൈന; സാങ്കേതിക-ശാസ്ത്ര പ്രതിഭകൾക്ക് രക്ഷയായി ‘കെ വിസ’ പ്രഖ്യാപനം

പലിശ നിരക്ക് – സൂചന

2025 സെപ്റ്റംബര്‍ 17-ന് ഫെഡറല്‍ റിസര്‍വ് അതിന്റെ ലക്ഷ്യ പലിശ നിരക്ക് കുറച്ചു. സാമ്പത്തിക വിപണികള്‍ പ്രതീക്ഷിച്ചതുപോലെ, ഫെഡ് നിരക്കുകള്‍ ഒരു കാല്‍ പോയിന്റ് കുറച്ചു. 4% മുതല്‍ 4.25% വരെ, 2024 ഡിസംബറിന് ശേഷമുള്ള ആദ്യ കുറവ് ആയിരുന്നു ഇത് .യുഎസ് തൊഴില്‍ വിപണിയുടെ വേഗത കുറയുന്നതിന്റെ തെളിവുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തുടങ്ങാനുള്ള ഫെഡിന്റെ തീരുമാനം.

യുഎസ് സെന്‍ട്രല്‍ ബാങ്ക് ഫെഡറല്‍ റിസര്‍വ് അടുത്തിടെ പ്രഖ്യാപിച്ച പലിശ നിരക്ക് കുറയ്ക്കലിനെക്കുറിച്ചുള്ള പ്രശസ്ത സാമ്പത്തിക വിദഗ്ധരുടെ പ്രതികരണങ്ങള്‍ ആണ് വീണ്ടും മാന്ദ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണമായത് .

ജിഡിപി

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2025 ലെ ആദ്യ പാദത്തില്‍ യുഎസ് ജിഡിപി 1.5% മാത്രമേ വളര്‍ന്നുള്ളൂ. പൊതുവെ അമേരിക്കയില്‍ ഉപഭോക്തൃ ചെലവ് കുറഞ്ഞ മാസങ്ങളാണ് കടന്നു പോയത്.

അതുകൊണ്ടാണ് ‘വളര്‍ച്ചാ നിരക്കിലെ ഇടിവ്, സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ മന്ദതയുണ്ടെന്ന് കാണിക്കുന്നുവെന്ന് ജെറോം പവല്‍ തന്റെ പ്രസംഗത്തില്‍ സൂചന നല്‍കിയത്.

ഈ വര്‍ഷം രണ്ടാമത്തെ പാദത്തില്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ വളര്‍ന്നുവന്ന കണക്കുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വളര്‍ച്ച കണക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ തോമസ് റയാന്‍ പറഞ്ഞു. കാരണം, ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയതിന് മുന്‍പായി അമേരിക്കന്‍ കമ്പനികള്‍ സാധനങ്ങള്‍ വന്‍തോതില്‍ ശേഖരിച്ചു വെച്ചിരുന്നു. സാധനങ്ങള്‍ക്കുള്ള വില കൂടുമെന്ന പ്രതീക്ഷയില്‍ ആളുകള്‍ സാധനങ്ങള്‍ വാങ്ങി കൂട്ടിയതും, പിന്നീടുള്ള മാസങ്ങളില്‍ ഇറക്കുമതി കുറഞ്ഞതുമാണ് ‘വളര്‍ച്ച’ എന്ന രീതിയില്‍ ജി ഡി പിയില്‍ പ്രതിഫലിച്ചത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

പണപ്പെരുപ്പം

അമേരിക്കയില്‍ പണപ്പെരുപ്പം ഉയരാന്‍ തുടങ്ങി എന്ന കണക്കുകള്‍ ഒളിഞ്ഞും, തെളിഞ്ഞും വന്നു തുടങ്ങിയിട്ടുണ്ട്. താരിഫ് ഏര്‍പ്പെടുത്തിയത് മുതല്‍ പണപ്പെരുപ്പം ഉയരുമെന്ന ആശങ്കകള്‍ ഉണ്ടായിരുന്നു. ഇറക്കുമതി ചുങ്കം ചുമത്തുന്നത് അമേരിക്കയെ തന്നെ മോശമായി ബാധിക്കും എന്ന കാര്യം സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ തുറന്നു പറയുന്നുണ്ടെങ്കിലും, പ്രസിഡന്റ് ട്രംപ് അതിനു ചെവി കൊടുക്കുന്നില്ല.

‘താരിഫുകള്‍ ഒരു രാജ്യം സ്വയം ചുമത്തുന്ന നികുതിയാണ്,’ പ്രോഗ്രസീവ് സെന്റര്‍ ഫോര്‍ ഇക്കണോമിക് പോളിസി ആന്‍ഡ് റിസര്‍ച്ചിന്റെ സഹസ്ഥാപകനായ ഡീന്‍ ബേക്കര്‍ അടുത്തിടെ എഴുതിയ ഒരു ലേഖനത്തില്‍ പറഞ്ഞു. താരിഫുകളുടെ ചെലവ് വഹിക്കുന്നത് വിദേശ രാജ്യങ്ങളാണെന്ന അവകാശവാദങ്ങള്‍ തെറ്റാണ് എന്ന അഭിപ്രായമാണ് പല അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കുമുള്ളത്.

‘താരിഫുകള്‍ വ്യാപാര പങ്കാളികളെയും ദോഷകരമായി ബാധിച്ചേക്കാം, പക്ഷേ പ്രധാന ഇര പൊതുവെ താരിഫ് ചുമത്തുന്ന രാജ്യമാണെന്ന വസ്തുതയെ അത് മാറ്റുന്നില്ല.ഇത് ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത് രാജ്യത്തെ തൊഴിലാളിവര്‍ഗ ജനങ്ങളെയാണ്. താരിഫുകള്‍ കോടിക്കണക്കിന് ഡോളര്‍ കൊണ്ടുവരുന്നുവെന്ന് ട്രംപ് അവകാശപ്പെടുന്നു. ആ പണം യുഎസ് തൊഴിലാളികളുടെ പോക്കറ്റില്‍ നിന്ന് എടുത്ത പണമാണ്’ എന്നും ബേക്കര്‍ അഭിപ്രായപ്പെടുന്നു.

തൊഴില്‍ വിപണി

തൊഴില്‍ വിപണിയിലെ കടുത്ത മാന്ദ്യത്തിനും ഉപഭോക്താക്കളിലും ബിസിനസുകളിലും പുതിയ താരിഫുകള്‍ ചെലുത്തുന്ന ആഘാതത്തിനും ഇടയില്‍, യുഎസ് സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക വര്‍ദ്ധിച്ചുവരികയാണ്.

തൊഴില്‍ വിപണി അതിവേഗം തണുക്കുന്നത് മൂലം ബിസിനസുകള്‍ നിയമനങ്ങള്‍ നടത്താന്‍ കൂടുതല്‍ മടിക്കുന്നു. ചില തൊഴിലന്വേഷകര്‍ക്ക് ജോലി കണ്ടെത്താന്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. അതേസമയം, ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കുടിയേറ്റത്തില്‍ കുറവുണ്ടായാല്‍ വീണ്ടും തൊഴില്‍ മേഖലയില്‍ പ്രശ്‌നങ്ങള്‍ കൂടും.

ഫെഡറല്‍ റിസര്‍വ് അടുത്തിടെ നടത്തിയ ഉപഭോക്തൃ പ്രതീക്ഷകളെക്കുറിച്ചുള്ള പ്രതിമാസ ദേശീയ സര്‍വേയില്‍ , സാങ്കല്‍പ്പിക തൊഴില്‍ നഷ്ടമുണ്ടായാല്‍ പോലും, പുതിയ ജോലി കണ്ടെത്തുന്നതില്‍ തൊഴിലാളികളുടെ ആത്മവിശ്വാസം 2013 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന് കണ്ടെത്തി.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ പ്രതിമാസ ശമ്പള വളര്‍ച്ചാ ഡാറ്റ വിശകലന വിദഗ്ധര്‍ പ്രതീക്ഷിച്ചതിലും വളരെ കുറവാണ്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് തൊഴില്‍ സാധ്യതകള്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പുള്ളതിനേക്കാള്‍ വളരെ മോശമായി കാണപ്പെടുന്നു എന്നുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്. ‘അമേരിക്ക ഫസ്റ്റ്’ എന്ന നയം നടപ്പിലാക്കി നിലവിലുള്ള ജോലികള്‍ പോലും ട്രംപ് ഭരണകൂടം ഇല്ലാതാക്കുകയാണ് എന്ന രീതിയില്‍ സാധാരണക്കാര്‍ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു.

ക്രിപ്‌റ്റോ കറന്‍സി നയങ്ങള്‍ തിരിഞ്ഞു കൊത്തുന്നോ?

മൂഡീസ് അനലിറ്റിക്‌സിലെ ചീഫ് ഇക്കണോമിസ്റ്റായ മാര്‍ക്ക് സാണ്ടി പറയുന്നതനുസരിച്ച്, യുഎസ് സമ്പദ്വ്യവസ്ഥ അപകടകരമായ രീതിയില്‍ മാന്ദ്യത്തിലേക്ക് അടുക്കുകയാണ്. ഡോഗ്കോയിന്‍ (ഡോഗ്) പോലുള്ള മീം ആസ്തികളുടെ കുതിച്ചുചാട്ടം ഉള്‍പ്പെടെയുള്ള നയപരമായ പിഴവുകളും ഊഹക്കച്ചവടപരമായ വിപണി പെരുമാറ്റവും മാന്ദ്യത്തിന് പ്രധാന കാരണങ്ങളായി ഒരു അഭിമുഖത്തില്‍ സാണ്ടി ചൂണ്ടിക്കാട്ടി.

അസ്ഥിരതയും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും വഴി സാമ്പത്തിക സ്ഥിരതയ്ക്ക് അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നതിലൂടെയും, നികുതി വെട്ടിപ്പ് സാധ്യമാക്കുന്നതിലൂടെയും സ്വത്ത് സമാഹരണത്തെ ദുര്‍ബലപ്പെടുത്തുന്നതിലൂടെയും, ധനനയത്തെ ഭീഷണിപ്പെടുത്തുന്നതിലൂടെയും, പണ വിതരണത്തിലുള്ള കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണം കുറയ്ക്കുന്നതിലൂടെയും, ധനനയത്തെ സ്വാധീനിക്കുന്നതിലൂടെയും ക്രിപ്റ്റോകറന്‍സികള്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയ്ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് സാമ്പത്തിക വിദഗ്ധരും, സോഷ്യല്‍ സയിന്റിസ്റ്റുകളും, രാഷ്ട്രീയ നിരീക്ഷകരും, നയ രൂപീകരണ വിദഗ്ധരും ഒരുപോലെ സ്വരമുയര്‍ത്തുന്നു. മുന്‍കാലങ്ങളില്‍ ഇല്ലാത്തതു പോലെ അമേരിക്കന്‍ പ്രസിഡന്റ് തന്നെ മുന്‍കൈ എടുത്ത് ക്രിപ്‌റ്റോ കറന്‍സികള്‍ വളര്‍ത്തുന്ന നയം അപകടകരമാണ് എന്ന് പലകോണുകളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ടെങ്കിലും, തന്റെ കുടുംബത്തിന്റെ ബിസിനസ് താല്പര്യങ്ങള്‍ വളര്‍ത്തുന്ന മനോഭാവമാണ് ട്രമ്പിന് എന്നും ആരോപണങ്ങളുണ്ട്. ഡിഡോളറൈസേഷന്‍ പ്രക്രിയ ഉയരുന്ന കാലഘട്ടത്തില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ കൂടി ഈ ഒരു മാറ്റത്തെ പിന്തുണച്ചാല്‍ അത് ഏറ്റവും മോശമായി ബാധിക്കുക അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ തന്നെ ആയിരിക്കും.

‘സമ്പദ്വ്യവസ്ഥ മാന്ദ്യത്തിന്റെ വക്കിലെത്താനുള്ള കാരണം നയങ്ങളാണ്, നമ്മള്‍ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെങ്കില്‍, മാന്ദ്യം എത്രത്തോളം ആഴമേറിയതും നീണ്ടുനില്‍ക്കുന്നതുമായിരിക്കും എന്നത് നയപരമായ കാരണത്താലായിരിക്കും.’ സാണ്ടി പറഞ്ഞു.

ഉപഭോക്താക്കളില്‍ താരിഫ് വരുത്തുന്ന ഏറ്റവും മോശം ആഘാതം ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന് സാണ്ടി പറയുന്നു. ”അവ സാവധാനത്തിലാണെങ്കിലും ഇപ്പോഴും പാസാക്കപ്പെടുന്നു. അടുത്ത കുറച്ച് മാസങ്ങളില്‍ അത് വ്യക്തമായി വ്യക്തമാകും,” അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിലക്കയറ്റം ഗാര്‍ഹിക ബജറ്റുകളെ ബുദ്ധിമുട്ടിക്കുകയും ഉപഭോക്തൃ ചെലവുകള്‍ കുറയ്ക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവുകള്‍ മുടങ്ങുന്നു

ക്രെഡിറ്റ് സ്‌കോറിംഗ് സ്ഥാപനമായ വാന്റേജ്‌സ്‌കോറിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രതിവര്‍ഷം കുറഞ്ഞത് 150,000 ഡോളര്‍ സമ്പാദിക്കുന്നവരില്‍ നിന്നുള്ള ക്രെഡിറ്റ് കാര്‍ഡ് കടങ്ങളുടെ കുടിശ്ശിക ഏകദേശം 20% വര്‍ദ്ധിച്ചു. ഇത് ഇടത്തരം, താഴ്ന്ന വരുമാനക്കാരായ വായ്പക്കാരെ അപേക്ഷിച്ച് വേഗത്തിലാണ്. സെന്റ് ലൂയിസിലെ ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ സമീപകാല പഠനത്തില്‍ , ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള പിന്‍ കോഡുകളില്‍ വൈകി കാര്‍ഡ് പേയ്മെന്റുകള്‍ നടത്തുന്ന ആളുകളുടെ പങ്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് താഴ്ന്ന വരുമാനക്കാരേക്കാള്‍ ഇരട്ടി വര്‍ദ്ധിച്ചതായി കണ്ടെത്തി.സമ്പദ് വ്യവസ്ഥയിലെ തളര്‍ച്ചയെ കാണിക്കുന്ന സൂചകങ്ങളാണ് ഇവയെല്ലാം.

ആത്മവിശ്വാസം കുറയുന്നു

35 നും 55 നും ഇടയില്‍ പ്രായമുള്ളവരിലും പ്രതിവര്‍ഷം 125,000 ഡോളറില്‍ കൂടുതല്‍ വരുമാനം നേടുന്നവരിലുമാണ് ആത്മവിശ്വാസത്തില്‍ ഏറ്റവും വലിയ ഇടിവ് കാണുന്നത് എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.കോവിഡ്-19 പാന്‍ഡെമിക് ആരംഭിച്ചതിനുശേഷം അമേരിക്കന്‍ സമ്പദ്വ്യവസ്ഥയിലുള്ള ഉപഭോക്തൃ ആത്മവിശ്വാസം ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു.

Also Read : H-1B വിസയില്‍ തട്ടി ടെക് ലോകം; ഇന്ത്യന്‍ ഐടി സ്വപ്‌നങ്ങളെ തകര്‍ക്കുന്ന ട്രംപ്

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ഏര്‍പ്പെടുത്തിയ തീരുവകളെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകളാണ് ഈ ഇടിവിന് പ്രധാന കാരണം . ഇറക്കുമതികള്‍ക്ക് 15 മുതല്‍ 50 ശതമാനം തീരുവ ചുമത്തിയതോടെ 2009 ഏപ്രിലിലെ മഹാ മാന്ദ്യത്തിനു ശേഷം ഇതുവരെ കാണാത്ത തൊഴിലില്ലായ്മ ആണ് ഇപ്പോള്‍ ഉപഭോക്താക്കളില്‍ മൂന്നിലൊന്ന് പേരും പ്രതീക്ഷിക്കുന്നത്. അസോസിയേറ്റഡ് പ്രസ്-എന്‍ആര്‍സി സെന്റര്‍ നടത്തിയ സര്‍വേയില്‍ പകുതിയോളം അമേരിക്കക്കാരും മാന്ദ്യത്തെക്കുറിച്ച് ആശങ്കാകുലരാണെന്ന് കണ്ടെത്തി.

H1B വിസയും ടെക് മേഖലയും

AI, സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ്, ഡാറ്റാ സയന്‍സ് എന്നിവയിലെ ആഗോള പ്രതിഭകളെ ആകര്‍ഷിക്കാനുള്ള H1B വിസ നിര്‍ത്തലാക്കുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാകും എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അടക്കം പറഞ്ഞു കഴിഞ്ഞു. ഉദാഹരണത്തിന് ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരെ അമേരിക്കയില്‍ എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ അമേരിക്കന്‍ ടെക് കമ്പനികള്‍ കൂടുതല്‍ ഇന്ത്യക്കാരെ ഇന്ത്യയില്‍ ഇരുന്നു തന്നെ അമേരിക്കന്‍ ജോലികള്‍ ചെയ്യാന്‍ പ്രാപ്തരാക്കും എന്ന കാര്യവും വിദഗ്ധര്‍ ചൂണ്ടി കാണിക്കുന്നു. അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് വിദേശ ജോലിക്കാര്‍ക്ക് കുറവ് ശമ്പളം നല്‍കിയായിരുന്നു പല പ്രോജെക്റ്റുകളും നടത്തിക്കൊണ്ടു പോയിരുന്നത്. ഇനി മുതല്‍ കൂടുതല്‍ ശമ്പളം നല്‍കി അമേരിക്കയില്‍ നിന്നുള്ളവരെ തന്നെ ജോലിക്ക് എടുക്കണം എന്ന നിയമം ടെക് കമ്പനികള്‍ക്കും ദഹിക്കുന്നില്ല. അതുപോലെ അമേരിക്കന്‍ ജോലികള്‍ കുറഞ്ഞാല്‍, ഇന്ത്യന്‍ ടെക് ജീവനക്കാര്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറി അവിടങ്ങളില്‍ ബിസിനസ് വളര്‍ത്തുന്നതും പരോക്ഷമായി അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് ദീര്‍ഘകാലത്തില്‍ ദോഷമാകും. ട്രംപിന്റെ ഈ നയം ഈ ആഴ്ച നടപ്പിലാക്കിയപ്പോള്‍ തന്നെ സിലിക്കണ്‍ വാലിയിലെ പല കമ്പനികളും ഇതിനോട് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു.

വീട് വാങ്ങല്‍, വില്‍ക്കല്‍

Realtor.com ന്റെ വിശകലനം കാണിക്കുന്നത് അമേരിക്കയില്‍ വീടുകള്‍ വില്‍ക്കാന്‍ ഇപ്പോള്‍ കൂടുതല്‍ സമയമെടുക്കുന്നു എന്നാണ്.വീട് വില്‍ക്കാന്‍ ഓഗസ്റ്റില്‍ വിപണിയിലെ ശരാശരി ദിവസങ്ങള്‍ 53 ല്‍ നിന്ന് 60 ദിവസമായി വര്‍ദ്ധിച്ചു.

ഈ നീട്ടിയ സമയപരിധി വില്‍പ്പനക്കാരെ ഏകദേശം 20.3 ശതമാനം ലിസ്റ്റിംഗുകളുടെയും വില കുറയ്ക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കാതിരുന്ന പല ഇളവുകളും ഇപ്പോള്‍ വീണ്ടും നല്‍കുന്നുണ്ട്. എങ്കില്‍ പോലും വീട് വാങ്ങലും, വില്പനയും മന്ദഗതിയിലാണ്.

വീട് വാങ്ങുന്നവര്‍ക്ക് കുറഞ്ഞ വിലക്ക് ഇപ്പോള്‍ വീടുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് Realtor.com ചീഫ് ഇക്കണോമിസ്റ്റ് ഡാനിയേല്‍ ഹെയ്ല്‍ പറഞ്ഞു .

പതിറ്റാണ്ടുകളായി, H-1B പ്രോഗ്രാം അമേരിക്കയുടെ ടെക് സമ്പദ്വ്യവസ്ഥയുടെ പ്രധാന ഊര്‍ജ സ്രോതസ്സ് ആയിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍, അംഗീകരിക്കപ്പെട്ട അപേക്ഷകളില്‍ 71 ശതമാനവും ഇന്ത്യക്കാരുടേതായിരുന്നു. യുവ എഞ്ചിനീയര്‍മാരുടെ ഈ സ്ഥിരമായ ഒഴുക്ക് അതിന്റെ ടെക് സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക മാത്രമല്ല, യുഎസ് നഗരങ്ങളില്‍ പ്രീമിയം ഭവനങ്ങള്‍ക്കുള്ള ആവശ്യകത വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 2012 നും 2022 നും ഇടയില്‍, സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ വീടുകളുടെ വില 110 ശതമാനത്തിലധികം ഉയര്‍ന്നു. ‘ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്,’ എന്‍വിടി ക്വാളിറ്റി ലൈഫ്സ്‌റ്റൈലിന്റെ സ്ഥാപക ഡയറക്ടറും CREDAI ബെംഗളൂരുവിന്റെ ഗവേണിംഗ് ബോര്‍ഡ് അംഗവുമായ ഡോ. വിവേക് ഗാര്‍ഗ് പറയുന്നു.

നിരവധി H-1B വിസ ആഗ്രഹിക്കുന്നവരും ഹോള്‍ഡര്‍മാരും യുഎസിലെ ദീര്‍ഘകാല സാധ്യതകളെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ സാധ്യതയുണ്ട്. ചെലവും അനിശ്ചിതത്വവും അവരെ ഇന്ത്യയിലേക്ക് മടങ്ങാന്‍ പ്രേരിപ്പിച്ചേക്കാം. ഇത് പ്രീമിയം വീടുകള്‍ക്കുള്ള ആവശ്യം കുറച്ചേക്കും എന്ന ആശങ്കകളുമുണ്ട്.

അമേരിക്ക നിര്‍ദ്ദേശിക്കുന്ന 100,000 ഡോളര്‍ H-1B വിസ ഫീസ് ഒരു കുടിയേറ്റ തടസ്സം എന്നതിലുപരിയായി സമ്പദ് വ്യവസ്ഥയെ തന്നെ താഴോട്ട് വലിക്കുന്ന ഒരു നയമായി മാറും എന്ന് പലരും അഭിപ്രായപ്പെടുന്നു. അമേരിക്കയുടെ ടെക് ഹബ്ബുകള്‍ അവരുടെ റിയല്‍ എസ്റ്റേറ്റ് വിപണികളില്‍ മാന്ദ്യം പടര്‍ത്തുമ്പോള്‍ , ഇന്ത്യയിലെ മെട്രോ നഗരങ്ങള്‍, പ്രത്യേകിച്ച് ബെംഗളൂരു, ഹൈദരാബാദ്, പൂനെ, ഗുഡ്ഗാവ് എന്നിവിടങ്ങളിലെ ആഡംബര ഭവനങ്ങള്‍ക്ക് വരും മാസങ്ങളില്‍ ഡിമാന്‍ഡ് കൂടും എന്ന പ്രതീക്ഷയുമുണ്ട്.

വിദേശത്ത് ദീര്‍ഘകാല സാധ്യതകള്‍ പുനര്‍വിചിന്തനം ചെയ്യുന്ന പ്രവാസി ഇന്ത്യക്കാര്‍ , ആഭ്യന്തരമായി കൂടുതല്‍ സമ്പത്ത് നിലനിര്‍ത്തുന്നവര്‍, ഗ്ലോബല്‍ കപ്പാസിറ്റി സെന്ററുകള്‍ (ജിസിസി) വഴി ബഹുരാഷ്ട്ര കമ്പനികള്‍ ഓഫ്ഷോറിംഗ് ഓഫീസുകളില്‍ ജോലിചെയ്യുന്നവര്‍ തുടങ്ങി ഇന്ത്യയുടെ പ്രീമിയം റെസിഡന്‍ഷ്യല്‍ വിഭാഗത്തിന് പുതിയൊരു കുതിപ്പ് ഉണ്ടാകും എന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തെ വിദഗ്ധര്‍ പറയുന്നു.

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചപ്പോള്‍ തന്നെ മാന്ദ്യ സൂചനകള്‍ വ്യക്തമായിരുന്നെങ്കിലും, പിന്നീടുള്ള ദിവസങ്ങളില്‍ ട്രംപിന്റെ പുതിയ നയങ്ങള്‍ കൂനിന്മേല്‍ കുരുവെന്ന പോലെ കാര്യങ്ങളെ എത്തിച്ചിരിക്കുകയാണ്. സാധാരണയായി മാന്ദ്യം 10 മാസങ്ങളോളം ആണ് നീണ്ടു നില്‍ക്കുന്നതെങ്കിലും, ഈ വര്‍ഷം അമേരിക്കയില്‍ മാന്ദ്യം ഉണ്ടാകുകയാണെങ്കില്‍ അത് കൂടുതല്‍ കാലം നീണ്ടു നില്‍ക്കും എന്നും അഭിപ്രായങ്ങളുണ്ട്.

സാധാരണയായി അമേരിക്കയില്‍ മാന്ദ്യമുണ്ടായാല്‍ അത് മറ്റു രാജ്യങ്ങളിലേക്കും പടരുന്ന സ്ഥിതി വിശേഷം കാണാറുണ്ടെങ്കില്‍ , ഇപ്പോള്‍ അമേരിക്കയില്‍ മാന്ദ്യമുണ്ടായാല്‍ അത് ഇന്ത്യ പോലുള്ള എമേര്‍ജിങ് സമ്പദ് വ്യവസ്ഥകളെ ബാധിക്കില്ല എന്ന് കരുതുന്നവരും ഉണ്ട്. അമേരിക്കന്‍ ഓഹരി വിപണിയില്‍ നിന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് നിക്ഷേപം ഒഴുകാനുള്ള സാധ്യതയും ഇതോടൊപ്പം സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറയുന്നുണ്ട്.

Also Read : ഇന്ത്യൻ ടെക്കികൾക്ക് തിരിച്ചടിയായി ട്രംപിന്റെ വിസ നയം; എച്ച്-1ബി വിസ വിസ അറിയേണ്ടതെല്ലാം

Content Summary: Is the US heading into an economic crisis?

സുമ സണ്ണി

സാമ്പത്തിക വിദഗ്ധയും, എന്‍ ഐ എസ് എം & ക്രിസില്‍ സര്‍ട്ടിഫൈഡ് വെല്‍ത്ത് മനേജറുമാണ്

More Posts

സുമ സണ്ണി: സാമ്പത്തിക വിദഗ്ധയും, എന്‍ ഐ എസ് എം & ക്രിസില്‍ സര്‍ട്ടിഫൈഡ് വെല്‍ത്ത് മനേജറുമാണ്
Related Post
Leave a Comment