April 20, 2025 |
Share on

നടക്കാതെ പോയ വസ്തു കച്ചവടമോ കൊളംബിയ സര്‍വകലാശാലയോട് ട്രംപിനുള്ള അരിശത്തിന് കാരണം?

ജൂത വിരുദ്ധ പ്രതിഷേധങ്ങള്‍ മാത്രമാണോ കൊളംബിയ സര്‍വകലാശാലയോടുള്ള ട്രംപിന്റെ അപ്രീതിക്ക് കാരണം?

25 വര്‍ഷം മുമ്പ് നടന്നൊരു സംഭവമാണ്. ഡൊണാള്‍ഡ് ട്രംപ് കൊളംബിയ സര്‍വകലാശാലയുമായി 400 മില്യണ്‍ ഡോളറിന്റെ ഒരു വസ്തു കച്ചവടം നടത്താന്‍ ശ്രമിച്ചു. പക്ഷേ ചോദിച്ച പണം കിട്ടിയില്ല. വസ്തു വില്‍പ്പനയും നടന്നില്ല. ഇതുമായി ബന്ധപ്പെട്ടു യൂണിവേഴ്‌സിറ്റി ട്രസ്റ്റികളുമായുള്ള നടന്ന അവസാന ചര്‍ച്ചയില്‍ തന്റെ ലക്ഷ്യം നേടാനാകാതെ വന്നപ്പോള്‍ ഇറങ്ങിപ്പോരേണ്ടി വന്നു. അതുകൊണ്ടും അരിശം തീരാതിരുന്ന ട്രംപ്, യൂണിവേഴ്‌സിറ്റി പ്രസിഡന്റ് വെറും ‘ഡമ്മി’ ആണെന്നും അയാള്‍ ‘ഒരു തികഞ്ഞ മണ്ടന്‍’ ആണെന്നുമൊക്കെ പരസ്യമായി അധിക്ഷേപിച്ചു.

270 വര്‍ഷം പഴക്കമുണ്ട് കൊളംബിയ സര്‍വകലാശാലയ്ക്ക്. ഐവി ലീഗില്‍ അംഗമായൊരു സര്‍വകലാശാല(യുഎസിലെ എട്ട് പ്രശസ്ത സ്വകാര്യ കോളേജുകളുടെയും സര്‍വ്വകലാശാലകളുടെയും ഗ്രൂപ്പാണ് ഐവി ലീഗ്). 87 നോബല്‍ സമ്മാന ജേതാക്കളാണ് കൊളംബിയ സര്‍വകലാശാലയുടെ പൂര്‍വിദ്യാര്‍ത്ഥികളായുള്ളത്. സര്‍വകലാശാല സ്ഥിതി ചെയ്യുന്ന അതേ നഗരത്തില്‍-ന്യൂയോര്‍ക്കില്‍-നിന്നു തന്നെയാണ് അമേരിക്കയുടെ 45 മത്തെ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപും വരുന്നത്. ഇപ്പോള്‍ കൊളംബിയ സര്‍വകലാശാലയും അമേരിക്കയുടെ കോടീശ്വരനായ പ്രസിഡന്റും തമ്മില്‍, അഭിപ്രായ സ്വാതന്ത്ര്യം, അക്കാദമിക് സ്വാതന്ത്ര്യം, ഉന്നത വിദ്യാഭ്യാസത്തിന് ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും ലഭിക്കുന്ന ധനസഹായം എന്നീ കാര്യങ്ങളില്‍ അസാധാരണമായ ഒരു സംഘര്‍ഷം നടന്നുവരികയാണ്. കാല്‍നൂറ്റാണ്ടിന് മുമ്പ് നടന്ന സംഭവത്തിന്റെ ബാക്കിയാണോ ഇപ്പോള്‍ കാണുന്നത്?

ട്രംപും സര്‍വകലാശാലയും തമ്മിലുള്ള തര്‍ക്കത്തിന് കാരണം ഒരു റിയല്‍ എസ്റ്റേറ്റ് ഇടപടായിരുന്നുവെന്നാണ് ദി ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. 17 ഓളം റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാര്‍, മസര്‍വകലാശാല മുന്‍ അഡ്മിനിസ്‌ട്രേറ്റുമാര്‍ എന്നിവരോടൊക്കെ സംസാരിച്ചാണ് ടൈംസ് ഈ കാര്യം കണ്ടെത്തിയത്. പരാജയപ്പെട്ടൊരു റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഡീലിന്റെ പ്രതികാരമാണോ കൊളംബിയ സര്‍വകലാശാലയോട് ഇപ്പോള്‍ നടത്തുന്ന ഏറ്റുമുട്ടലിന്റെ വിത്ത് പാകിയതെന്ന് ചില മുന്‍ സര്‍വകലാശാല ഉദ്യോഗസ്ഥര്‍ ചിന്തിക്കുന്നുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.

Columbia University anti-israel protest

ക്യാമ്പസുകളിലെ ജൂതവിരുദ്ധ ഇല്ലാതാക്കുകയെന്നത് ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യമാണ്. ഗാസയ്ക്ക് പിന്തുണയുമായി ഇസ്രയേല്‍ വിരുദ്ധ പ്രതിഷേധത്തിന് തൂടക്കം കുറിച്ചത് കൊളംബിയ സര്‍വകലാശാല ക്യാമ്പസാണ്. ഇതിനുള്ള പ്രതികാര നടപടികള്‍ ട്രംപ് തുടങ്ങിയിട്ടുണ്ട്. ഒരു വിദ്യാര്‍ത്ഥി നേതാവിനെ അറസ്റ്റ് ചെയ്തു. സ്ഥിരതാമസത്തിന് അര്‍ഹതയുണ്ടെങ്കിലും അയാളെ നാടുകടത്താന്‍ നോക്കുകയാണ്. ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ വിസ റദ്ദാക്കി അവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടന്നെങ്കിലും വിദ്യാര്‍ത്ഥി അതിനു മുമ്പേ രാജ്യം വിട്ടിരുന്നു.

സര്‍വകലാശാലകള്‍ അവരുടെ നയങ്ങളുടെയും പാഠ്യപദ്ധതി തീരുമാനങ്ങളുടെയും നിയന്ത്രണം സര്‍ക്കാരിന് കൈമാറണമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ഇപ്പോഴത്തെ ആവശ്യം. ജൂതവിരുദ്ധത ഇല്ലാതാക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമായി പറയുന്നത്. കൂടാതെ കൊളംബിയ സര്‍വകലാശാലയ്ക്കുള്ള 400 മില്യണ്‍ ഡോളറിന്റെ ഗ്രാന്റുകളും ഫണ്ടുകളും റദ്ദാക്കുകയും ചെയ്തു.

ട്രംപിന്റെ ഭീഷണിക്ക് മുന്നില്‍ പൂര്‍ണമായല്ലെങ്കിലും സര്‍വകലാശാല കീഴടങ്ങുന്നുണ്ട്. സര്‍വകലാശാല നയങ്ങളില്‍ ചിലത് ഭരണകൂടത്തിന്റെ താത്പര്യത്തിന് അനുസരിച്ച് മാറ്റിയിട്ടുണ്ട്. അതില്‍ പ്രധാനം, പ്രതിഷേധ നയമാണ്. കാമ്പസിലെ പ്രതിഷേധങ്ങള്‍ നിയന്ത്രിക്കുന്നതിന് ‘സ്ഥിരവും’ ‘സമഗ്രവുമായ’ സമയം, സ്ഥലം, രീതി എന്നിവയില്‍ നിയമങ്ങള്‍ നടപ്പിലാക്കും. അടുത്തത് സുരക്ഷ നയമാണ്. വിദ്യാര്‍ത്ഥികളെയും അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയും സംരക്ഷണം പൂര്‍ണമായും ഉറപ്പാക്കും. മറ്റൊരു സുപ്രധാന തീരുമാനം, മിഡില്‍ ഈസ്റ്റേണ്‍, സൗത്ത് ഏഷ്യന്‍, ആഫ്രിക്കന്‍ പഠന വകുപ്പിനെ (MESAAS) അക്കാദമിക് റിസീവര്‍ഷിപ്പിന് കീഴില്‍ കൊണ്ടുവരാനുള്ള സാധ്യത പരിഗണിക്കുന്നതാണ്. ഇത് നിലവില്‍ വരികയാണെങ്കില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്ക് വകുപ്പിന്റെ നിയന്ത്രണം ഒരു ബാഹ്യ കക്ഷിക്ക് വിട്ടുകൊടുക്കേണ്ടിവരും. അതായത് സര്‍ക്കാരിന് ഇക്കാര്യത്തില്‍ നേരിട്ട് നിയന്ത്രണം കിട്ടും. 400 മില്യണ്‍ ഡോളര്‍ തിരിച്ചു കിട്ടാനുള്ള വഴികളാണ് സര്‍വകലാശാല നോക്കുന്നത്. ഈ കീഴടങ്ങല്‍ അപകടകരമാണെന്നാണ് സര്‍വകലാശാല ഫാക്കല്‍റ്റി അംഗങ്ങള്‍ തന്നെ ആശങ്കപ്പെടുന്നത്.

കൊളംബിയ സര്‍വകലാശാലയ്ക്ക് സമീപം ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഭൂമി കിടപ്പുണ്ട്. ക്യാമ്പസ് വികസനത്തിന് ഈ ഭൂമി ഏറ്റെടുക്കുമെന്ന് ട്രംപ് കരുതിയെങ്കിലും സര്‍വകലാശാലയുടെ മുന്‍ പ്രസിഡന്റ് ലീ.സി. ബോളിംഗര്‍ ചെയ്തത്, സര്‍വകലാശാലയ്ക്ക് ചേര്‍ന്നുള്ള സ്ഥലം ക്യാമ്പസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. ട്രംപിനെ പ്രകോപിപ്പിച്ച തീരുമാനമായിരുന്നുവത്.

1990 കളിലാണ് ഈ തര്‍ക്കത്തിന്റെ തുടക്കമെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയതും തിരക്കേറിയതുമായ നഗരമായ ന്യൂയോര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന കൊളംബിയ സര്‍വകലാശാലയ്ക്ക് അവരുടെ ക്യാമ്പസ് വിപുലീകരിക്കേണ്ടതിന്റെ ആവശ്യം വന്നപ്പോള്‍ ഭൂമി പ്രധാന പ്രതിസന്ധിയായി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (NIH) അവരുടെ ബജറ്റ് ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും തത്ഫലമായി സര്‍വകലാശാലകള്‍ക്കു നല്‍കുന്ന ഗവേഷണ ഗ്രാന്റുകള്‍ കൂട്ടുകയും ചെയ്തു. ഗ്രാന്റുകള്‍ സ്വന്തമാക്കുന്നതില്‍ മറ്റ് സര്‍വകലാശാലകളുമായി മത്സരിക്കുന്നതിന് കാര്യമായ വിപുലീകരണം കൊളംബിയ സര്‍വകലാശാലയ്ക്ക് ആവശ്യമായിരുന്നു. അവരുടെ ശാസ്ത്രജ്ഞന്മാര്‍ക്കും ലാബുകള്‍ക്കുമായി കൂടുതല്‍ സ്ഥലം വേണ്ടി വന്നു. അതിനായാണ് ഭൂമി ആവശ്യമായി വന്നത്. മോണിംഗ്‌സൈഡ് ഹൈറ്റ്‌സ് കാമ്പസ് ഹാര്‍ലെമിലേക്ക് വികസിപ്പിക്കുന്നത് സങ്കീര്‍ണമായിരുന്നു. 1968ല്‍, യൂണിവേഴ്‌സിറ്റി മോര്‍ണിംഗ്‌സൈഡ് പാര്‍ക്കില്‍ ഒരു ജിംനേഷ്യത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. എന്നാല്‍ ഹാര്‍ലെമിലേക്കുള്ള വികസനം വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായി. പ്രദേശവാസികളുടെ എതിര്‍പ്പായിരുന്നു പ്രധാന വിഷയം. ക്യാമ്പസ് രൂപകല്‍പ്പനയോടുള്ള എതിര്‍പ്പ്, നിര്‍മാണ കാലയളവ് നീളുന്നത്, ക്യാമ്പസ് വരുന്നതോടെ പ്രദേശത്തെ ജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കുമെല്ലാം നേരിടേണ്ടി വരുന്ന നിയന്ത്രണങ്ങള്‍ തുടങ്ങി പലവിധ വിഷയങ്ങള്‍ വന്നു. ഈ തര്‍ക്കം ദീര്‍ഘകാലം നീണ്ടു നില്‍ക്കുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കാന്‍ കൊളംബിയ അധികൃതര്‍ ശ്രമിച്ചെങ്കിലും വിചാരിച്ച ഫലം കണ്ടില്ല.

columbia university

ഈ സമയത്താണ് ഡൊണാള്‍ഡ് ട്രംപിന്റെ കടന്നുവരവ്. ടാബ്ലോയ്ഡുകളില്‍ പതിവായി വാര്‍ത്തയാകുന്നൊരു വിവാദ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍. കൊളംബിയ സര്‍വകലാശാലയ്ക്ക് മുന്നില്‍ ട്രംപ് ഒരു ഓഫര്‍ വച്ചു. ലിങ്കണ്‍ സെന്ററിനും ഹഡ്സണ്‍ നദിക്കും ഇടയിലുള്ള അപ്പര്‍ വെസ്റ്റ് സൈഡിലുള്ള ഭൂമിയായിരുന്നു ട്രംപിന്റെ വാഗ്ദാനം. റിവര്‍സൈഡ് സൗത്ത് എന്നറിയപ്പെട്ടിരുന്ന സ്ഥലം പിന്നീട് ട്രംപ് പ്ലേസ് എന്ന് പേര് മാറ്റപ്പെട്ട ആ പ്രോപ്പര്‍ട്ടി അത്ര കണ്ണായ സ്ഥലമൊന്നുമായിരുന്നില്ല. 1970 കളില്‍ മാന്‍ഹാട്ടനില്‍ ട്രംപ് സ്വന്തമാക്കി 77 ഏക്കറിന്റെ തെക്കേയറ്റത്തായിരുന്നു സര്‍വകലാശാലയ്ക്ക് വാഗ്ദാനം ചെയ്ത പ്രസ്തുത ഭൂമിയിലേക്ക് വികസനം കടന്നു വന്നിരുന്നില്ല. ചരക്ക് യാര്‍ഡ് ആയി ഉപയോഗിച്ചിരുന്ന സ്ഥലമാണ് ട്രംപ് സ്വന്തമാക്കിയത്.

1990 കളുടെ തുടക്കത്തില്‍ ഡൊണാള്‍ഡ് ട്രംപ് കാര്യമായ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കാലമാണ്. അദ്ദേഹം വാങ്ങിയ 77 ഏക്കറിനുമേല്‍ വന്നത് 800 മില്യണ്‍ ഡോളറിനുമേല്‍ കടമായിരുന്നു. ഉയര്‍ന്ന പലിശയാണ് അടയ്‌ക്കേണ്ടി വന്നിരുന്നത്. ബാങ്കില്‍ നിന്നെടുത്ത വായ്പ്പ തിരിച്ചടയ്ക്കാന്‍ നന്നേ ബുദ്ധിമുട്ടി. വാങ്ങിയ സ്ഥലത്തേക്ക് യാതൊരുവിധത്തിലും പുരോഗമനവും എത്തുന്നില്ല. 1994ല്‍, ഡൊണാള്‍ഡ് ട്രംപിനെ രക്ഷകരായി രണ്ടുപേരെത്തി. ഹോങ്കോങ്ങില്‍ നിന്നുള്ള രണ്ട് നിക്ഷേപകര്‍. ആ സ്ഥലത്ത് ബഹുനില വസതികള്‍ നിര്‍മ്മിക്കാനുള്ള ട്രംപിന്റെ പദ്ധതിക്ക് ധനസഹായം നല്‍കാമെന്ന് നിക്ഷേപകര്‍ സമ്മതിച്ചു. ഇതിനു പുറമെ 350 മില്യണ്‍ ഡോളറിന്റെ സര്‍ക്കാര്‍ സബ്‌സിഡിക്കും ട്രംപ് ശ്രമിച്ചു.

അപ്പോഴും ട്രംപിനെ മറ്റൊരു പ്രശ്‌നം അലട്ടിയിരുന്നു. പാര്‍പ്പിട പദ്ധതികള്‍ യാഥാര്‍ത്ഥ്യമായാലും 77 ഏക്കറിന്റെ തെക്കേയറ്റത്ത് കിടക്കുന്ന പ്രോപ്പര്‍ട്ടി എന്തു ചെയ്യും? അതിനായി പിന്നീടുള്ള ശ്രമം. പലരെക്കൊണ്ടും അത് വാങ്ങിക്കാന്‍ പ്രേരിപ്പിച്ചു. ഒടുവില്‍ സിബിഎസ്(കൊളംബിയ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം) സ്ഥലം ഏറ്റെടുക്കാന്‍ തയ്യാറായതായി ട്രംപ് പറഞ്ഞു. 1.5 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റുഡിയോ സിബിഎസ് നിര്‍മിക്കുമെന്നാണ് ട്രംപ് അവകാശപ്പെട്ടത്. പക്ഷേ ആ പദ്ധതി സിബിഎസ് ഉപേക്ഷിച്ചു.

ട്രംപ് തന്റെ ശ്രമങ്ങള്‍ ഉപേക്ഷച്ചില്ല. കഴിയാവുന്നിടത്തോളം ആ വസ്തുവിനെ കുറിച്ച് പ്രചാരണം നടത്തി. ട്രംപ് പ്ലേസില്‍ ആരംഭിക്കാന്‍ പോകുന്ന പദ്ധകളെ കുറിച്ച് വലിയ വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചു. ആളുകളെ ആകര്‍ഷിക്കാനുള്ള എല്ലാ അടവുകളും പയറ്റി.

2000 ല്‍ ആണ് ട്രംപ് കൊളംബിയ സര്‍വകലാശാല ഭൂമി അന്വേഷിക്കുന്നുണ്ടെന്ന വിവരം അറിയുന്നത്. പുതിയ ക്യാമ്പസ് നിര്‍മിക്കാന്‍ ഈ സ്ഥലം നല്ലതാകുമെന്നാണ് ട്രംപ് അവകാശപ്പെട്ടത്. പക്ഷേ, പ്രധാന ക്യാമ്പസില്‍ നിന്നും ഏകദേശം രണ്ടു മൈല്‍ ദൂരെയായിരുന്നു ട്രംപ് പ്ലേസ്. മാത്രമല്ല, സര്‍വകലാശാലയുടെ ആവശ്യവുമായി പരിഗണിക്കുമ്പോള്‍ താരതമ്യേന ചെറിയ വസ്തുവാണ്. വിപുലമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അസാധ്യമാകും, ഉയര്‍ന്ന നിലകളിലുള്ള കെട്ടിടങ്ങളെ പറ്റൂ. എങ്കിലും ട്രംപിന്റെ ഭൂമിയോട് സര്‍വകലാശാലയിലെ ചില ഉന്നതന്മാര്‍ക്ക് താത്പര്യം തോന്നി. പക്ഷേ ഭൂമി സംബന്ധമായ ചര്‍ച്ച നീണ്ടു പോയി. ഒരു വര്‍ഷത്തോളമാണ് സര്‍വകലാശാല അധികൃതരും ട്രംപ് ഓര്‍ഗനൈസേഷന്റെ പ്രതിനിധികളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നത്. ചിലപ്പോഴൊക്കെ ട്രംപ് നേരിട്ടും ചര്‍ച്ചകളില്‍ പങ്കെടുത്തു. തന്റെ പ്രോപ്പര്‍ട്ടി സര്‍വകലാശാല വാങ്ങിയാല്‍ കൊടുക്കാന്‍ പറ്റുന്നൊരു പേരുപോലും ട്രംപ് കണ്ടെത്തിവച്ചിരുന്നു; കൊളംബിയ പ്രൈം.

ഭൂമി വില്‍പ്പനയ്ക്ക് തടസമായി നിന്നത് ട്രംപിന്റെ ഏറി വരുന്ന ഡിമാന്‍ഡുകളായിരുന്നു. ഓരോ തവണയും പുതിയ പുതിയ ആവശ്യങ്ങള്‍. സ്ഥലം ഏറ്റെടുക്കാമെന്ന തീരുമാനത്തില്‍ സര്‍വകലാശാല ഏകദേശം എത്തിയതാണ്. പക്ഷേ, ട്രംപ് ഡിമാന്‍ഡുകള്‍ കൂട്ടും. വിലയിലായിരുന്നു ട്രംപ് ചാടിക്കളിച്ചത്. ഓരോ തവണയും അത് കൂട്ടിക്കൊണ്ടിരുന്നു. 400 മില്യണ്‍ ഡോളിനു മുകളില്‍ വരെ അതെത്തിയെന്നാണ് ദി ന്യൂയോര്‍ക്ക് ടൈംസ് കിട്ടിയ രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ പറയുന്നത്.

ട്രംപ് പറഞ്ഞത്, താന്‍ പറയുന്ന തുകയോര്‍ത്ത് സര്‍വകലാശാല ആശങ്കപ്പെടേണ്ടതേയില്ലെന്നാണ്. ഇത് ഏറ്റവും മികച്ചൊരു ഡീല്‍ ആയി തന്നെ കാണാം എന്ന് ട്രംപ് ആത്മവിശ്വാസം നല്‍കി. പോരാത്തതിന്, ക്യാമ്പസിന് ഡൊണാള്‍ഡ് ജെ ട്രംപ് സ്‌കൂള്‍ ഓഫ് ബിസിനസ് എന്ന് പുനര്‍നാമകരണം ചെയ്യാനും ട്രംപ് ആവശ്യപ്പെട്ടു. എന്നാല്‍ ആ ആവശ്യം സര്‍വകലാശാല അഡ്മിനിസ്‌ട്രേറ്റര്‍ തള്ളി. നല്ല തുക സംഭാവന ചെയ്താല്‍ പേരിടാം എന്നൊരു വാഗ്ദാനവും ചെയ്തു. 26 മില്യണ്‍ സംഭവന തന്നൊരു ബിസിനസുകാരന്റെ പേര് എഞ്ചിനീയറിംഗ് സ്‌കൂളിന് നല്‍കിയ കാര്യവും ഓര്‍മിപ്പിച്ചു. പക്ഷേ കാശ് കൊടുത്ത് പേര് വാങ്ങാന്‍ ട്രംപ് നിന്നില്ല.

വസ്തു ചര്‍ച്ച നീണ്ടു പോകുന്നതില്‍ സര്‍വകലാശാല പ്രതിനിധികളില്‍ പലരും അസ്വസ്ഥരായി. എങ്കിലും അവസാനവട്ട ശ്രമമെന്ന നിലയില്‍ മിഡ്ടൗണ്‍ മാന്‍ഹട്ടനിലെ ഒരു കോണ്‍ഫറന്‍സ് റൂമില്‍ വീണ്ടുമൊരു ചര്‍ച്ച നടന്നു. ആ മീറ്റിംഗില്‍ സര്‍വകലാശാല അഡ്മിനിസ്‌ട്രേറ്റര്‍മാരും ട്രസ്റ്റികളും എത്തിയത് ഗോള്‍ഡ്മാന്‍ സാച്ചിലെ ഒരു റിയല്‍ എസ്റ്റേറ്റ് ടീം തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടുമായിട്ടായിരുന്നു. കൊളംബിയ ഉദ്യോഗസ്ഥരും ട്രംപ് ഓര്‍ഗനൈസേഷന്റെ പ്രതിനിധികളും തമ്മില്‍ നടന്ന എല്ലാ മീറ്റിംഗുകളിലും പങ്കെടുത്തവരായിരുന്നു ആ റിയല്‍ എസ്റ്റേറ്റ് ടീം. ഭൂമിയുടെ ന്യായവില കണക്കാക്കിയതും ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

യോഗത്തില്‍ താമസിച്ചാണ് ട്രംപ് എത്തിയത്. സര്‍വകലാശാല അധികൃതര്‍ വസ്തുവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച റിപ്പോര്‍ട്ട് ട്രംപിനെ പ്രകോപിതനാക്കി. കാരണം, ഗോള്‍ഡ്മാന്‍ സാച്ച്‌സ് 65 മില്യണ്‍ മുതല്‍ 90 മില്യണ്‍ ഡോളര്‍ വരെയാണ് ഭൂമിയുടെ മൂല്യമായി നിശ്ചയിച്ചിരുന്നത്. ഈ വിലയില്‍ നിന്നുകൊണ്ട് പരമാവധി കൂട്ടി നല്‍കാമെന്നും ട്രസ്റ്റികള്‍ പറഞ്ഞു. പക്ഷേ ട്രംപിനെ ശാന്തനാക്കാന്‍ അതുകൊണ്ടായില്ല. വന്ന് അഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ ട്രംപ് ആ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.

Donald Trump

ആ ഡീല്‍ അന്നത്തോടെ ഉപേക്ഷിക്കാന്‍ കൊളംബിയ സര്‍വകലാശാല തയ്യാറായിരുന്നില്ല. പക്ഷേ ഒന്നും സംഭവിക്കാതെ തുടര്‍ന്നു. ഒടുവില്‍ 2002ല്‍ ലീ. സി. ബോളിംഗര്‍ പ്രസിഡന്റായി ചുമതലയേറ്റതിനുശേഷം മാത്രമാണ് ക്യാമ്പസ് നിര്‍മണത്തിന് ട്രംപിന്റെ ഭൂമി വേണ്ടെന്ന തീരുമാനം സര്‍വകലാശാല ഔദ്യോഗികമായി എടുക്കുന്നത്.

76 ഏക്കറിലെ വെസ്റ്റ് സൈഡ് പ്രോപ്പര്‍ട്ടി വികസിപ്പിച്ചെടുക്കാന്‍ പിന്നീട് ട്രംപിന് കഴിഞ്ഞു. പക്ഷേവസ്തുവിന്റെ ഓഹരിയുടെ ഭൂരിഭാഗവും കൈവശം വച്ചിരുന്ന ഹോങ്കോംഗ് ശതകോടീശ്വരന്മാര്‍ മുഴുവന്‍ സ്ഥലവും 1.76 ബില്യണ്‍ ഡോളറിനു വിറ്റു. കുറഞ്ഞ വിലയ്ക്ക് വിറ്റ് നിക്ഷേപകര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നാണ് ട്രംപ് ആരോപിച്ചത്. ഒരു ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് കൊടുത്തു. പക്ഷേ തള്ളിപ്പോയി.

വസ്തു കച്ചവടത്തിന്റെ കാര്യത്തില്‍ ട്രംപിന് തന്റെ പ്രതീക്ഷകള്‍ വിജയിപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും സ്വന്തം പേരും പ്രശസ്തിയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് ടെലിവിഷന്‍ അവതാരകനായി കൂടുതല്‍ പേരെടുത്തു. ഒടുവില്‍ അമേരിക്കയുടെ പ്രസിഡന്റായി. രണ്ടാം തവണയും അധികാരത്തില്‍ എത്തിയിരിക്കുന്നു. ഇത്രയൊക്കെ നേടിയിട്ടും, ആ പഴയ ഭൂമി കച്ചവടത്തില്‍ ഉണ്ടായ പരാജയം ട്രംപ് മറന്നിട്ടില്ലെന്നാണ് തോന്നുന്നത്.  Is Trump’s behavior towards Columbia University a revenge for the failed real estate deal 25 years ago?

Content Summary; Is Trump’s behavior towards Columbia University a revenge for the failed real estate deal 25 years ago?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×