ഗാസയിലെ ആ സ്‌കൂള്‍ ഗ്രൗണ്ട് ആവേശത്തിലായിരുന്നു. പന്തുമായി പായുന്ന കൗമരക്കാര്‍, അവരെ പ്രോത്സാഹിപ്പിക്കാന്‍ ചുറ്റും കൂടിയ ജനം. ആരോ ഒരാള്‍ കളി തന്റെ മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. സഹതാരം നല്‍കിയ ലോംഗ് പാസ് കാലിലൊതുക്കാന്‍ സാധിക്കാതെ പോയൊരു കളിക്കാരന്‍. ബോള്‍ ലൈന്‍ കടന്നു പോയ പന്ത് ഗോളി കൈയിലെടുത്ത് മുന്നിലേക്ക് എറിയുന്നു. അതുവരെ നല്ല രീതിയില്‍ കണ്ടുകൊണ്ടിരുന്ന ദൃശ്യം പെട്ടെന്ന് അവ്യക്തമാകുന്നു. അലര്‍ച്ചകളും നിലവിളികളും മുഴങ്ങുന്നു. ബോംബിട്ടതാണ്, ആരോ അലറി വിളിക്കുന്നത് ആ വീഡിയോയില്‍ കേള്‍ക്കാം.
ഇസ്രയേല്‍ ഒരിക്കല്‍ കൂടി ഗാസയില്‍ നടത്തിയ കൂട്ടക്കൊലയുടെ വിവരമാണിത്. അല്‍ ജസീറ പുറത്തു വിട്ട വീഡിയോ ദൃശ്യത്തിലാണ് ഇസ്രയേല്‍ വ്യോമാക്രമണത്തിന്റെ ഭീതിതമായ നിമിഷങ്ങളുള്ളത്. എല്ലാ നഷ്ടപ്പെട്ടൊരു ജനത, അവര്‍ക്ക് കിട്ടിയ ചെറിയൊരു സന്തോഷത്തിന്റെ ഇടവേള ആസ്വദിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലേക്കാണ് മരണം കടന്നെത്തിയത്. തുകല്‍ പന്ത് പറന്നു നടന്നിടത്ത്, നിമിഷാര്‍ദ്ധം കൊണ്ട് മനുഷ്യ ശരീരരങ്ങള്‍ ഛിന്നഭിന്നമായി അന്തരീക്ഷത്തില്‍ ഉയര്‍ന്നു പൊങ്ങി. ആ സ്‌കൂള്‍ ഗ്രൗണ്ട് ഉടലും കൈകാലുകളുമൊക്കെ വേര്‍പെട്ട മൃതദേഹങ്ങള്‍ നിറഞ്ഞിടമായി.
ഗാസയിലെ ഖാന്‍ യൂനിസിലെ കിഴക്കന്‍ നഗരമായ അബ്‌സാന്‍ അല്‍-കബിരയിലെ അല്‍-അവ്ദ സ്‌കൂളിന്റെ പ്രവേശന ഭാഗത്തായിരുന്നു ഇസ്രയേല്‍ റോക്കറ്റ് പതിച്ചത്. ഖാന്‍ യൂനിസിലെ കിഴക്കന്‍ ഗ്രാമങ്ങളില്‍ നിന്നും യുദ്ധാനന്തരം അഭയാര്‍ത്ഥികളാക്കപ്പെട്ട ജനങ്ങളെ താത്കാലികമായി പാര്‍പ്പിച്ചിരുന്ന പ്രദേശത്താണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. 31 പേര്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് പുറത്തു വന്ന കണക്ക്.
കച്ചവടക്കാരും ജനങ്ങളും തിങ്ങി നിറഞ്ഞിരുന്ന പ്രദേശത്താണ് വ്യോമാക്രമണം ഉണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
‘ഞങ്ങള്‍ സ്‌കൂളിന്റെ പ്രവേശന ഭാഗത്ത് ഇരിക്കുകയായിരുന്നു. പെട്ടെന്നാണ്, യാതൊരു മുന്നറിയിപ്പുമില്ലാതെ റോക്കറ്റുകള്‍ പതിച്ചത്’ സംഭവസ്ഥലത്തുണ്ടായിരുന്ന മുഹമ്മദ് സുക്കര്‍ ഏജന്‍സി ഫ്രാന്‍സ്-പ്രസ്സിനോട് പറയുന്നു.
‘ ഒരു മിസൈല്‍ എല്ലാം തകര്‍ത്തു. എന്റെ അമ്മാവനെയും സഹോദരങ്ങളെയും ബന്ധുക്കളെയുമെല്ലാം ഇല്ലാതാക്കി’ ഒരു പലസ്തീന്‍ ബാലന്‍ അല്‍ ജസീറയോട് തന്റെ സങ്കടം പങ്കുവയ്ക്കുന്നതിങ്ങനെയാണ്.
ആളുകള്‍ പരക്കം പായുകയായിരുന്നു. രക്തത്തില്‍ കുളിഞ്ഞ ശരീരഭാഗങ്ങള്‍ പലയിടത്തുമായി ചിതറി കിടക്കുന്നുണ്ടായിരുന്നു. ആ അക്രമണത്തിന് മുമ്പ് എല്ലാം ശാന്തമായിരുന്നു. കുറെപ്പേര്‍ കളിക്കുന്നു, കളി കാണുന്നു. വേറെ കുറെ ആളുകള്‍ ഭക്ഷണവും പാനീയങ്ങളും വില്‍ക്കുകയും വാങ്ങുകയുമൊക്കെ ചെയ്യുന്നു. എല്ലാം സാധാരണമായി നടന്നു പോവുകയായിരുന്നു. വിമാനങ്ങളുടെ ശബ്ദമൊന്നും ഞങ്ങള്‍ കേട്ടതു പോലുമില്ല’ ഗസല്‍ നസീര്‍ എന്ന മറ്റൊരു ദൃക്‌സാക്ഷി റോയിട്ടേഴ്‌സിനോട് പറയുന്ന കാര്യങ്ങളാണ്.
ഇവിടെ സുരക്ഷിതമാണെന്നായിരുന്നു പറഞ്ഞത്. ഇവിടെ എല്ലാമുണ്ടായിരുന്നു. വെള്ളവും ഭക്ഷണവും സ്‌കൂളുമെല്ലാം. ഒരു റോക്കറ്റ് എല്ലാം തകര്‍ത്തു’ അയ്മന്‍ അല്‍-ദമ എന്ന 21 കാരന്‍ ബിബിസിയോട് പറയുന്നു. ‘ മനുഷ്യ ശരീരങ്ങളും ശരീരഭാഗങ്ങളും കാറ്റില്‍ പറന്നെന്ന പോലെയാണ് തെറിച്ചു പോയിക്കൊണ്ടിരുന്നത്. അതെങ്ങനെ പറയണമെന്ന് എനിക്കറിയില്ല’ ദൃക്‌സാക്ഷിയായ അസ്മ ക്വദേയിയ റോയിട്ടേഴ്‌സിനോട് പങ്കുവച്ച വിവരമാണ്.
ആക്രമണത്തിന് ശേഷം ഖാന്‍ യൂനുസിലെ നാസര്‍ ഹോസ്പിറ്റലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ദാരുണമായിരുന്നു. മൃതദേഹങ്ങളും അതീവഗുരുതരമായി പരിക്കേറ്റവരും ആശുപത്രിയില്‍ നിറഞ്ഞു കിടക്കുകയാണ്. തറയില്‍ വരെ ആളുകളെ കിടത്തിയിട്ടുണ്ട്. അവരില്‍ കുഞ്ഞു കുട്ടികളുമുണ്ട്.
സാധാരണക്കാര്‍ ഇരകളായിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും, സംഭവത്തില്‍ അന്വേഷണം നടത്തുമെന്നുമാണ് ഇസ്രയേല്‍ പ്രതിരോധ സേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസ് സംഘത്തിലുണ്ടായിരുന്ന ഒരു തീവ്രവാദിയെയാണ് തങ്ങള്‍ ലക്ഷ്യം വച്ചതെന്നാണ് ഐഡിഎഫ് പറയുന്നത്.
അതേസമയം, ഇസ്രയേല്‍ ആക്രമണത്തിനെതിരെ ലോകത്ത് നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സ്‌കൂളില്‍ അഭയം തേടിയ ജനങ്ങളെ കൊല്ലുന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ജര്‍മന്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചത്.
സ്‌കൂളുകളിലോ, അതിന് പരിസരത്തോ ആയി സജ്ജീകരിച്ചിട്ടുള്ള അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ ഇസ്രയേല്‍ നടത്തിയ നാലാമത്തെ ആക്രമണമായിരുന്നു ബുധനാഴ്ച്ച ഉണ്ടായത്. തീവ്രവാദികളുടെ ഒളിത്താവളങ്ങളാണ് തങ്ങള്‍ ആക്രമിക്കുന്നതെന്നാണ് തുടര്‍ച്ചയായി ഇസ്രയേല്‍ പറഞ്ഞു കൊണ്ടിരിക്കുന്ന ന്യായം. israel air strike at school ground while people playing football killed 31 khan younis gaza
Content Summary; Israel air strike at school ground while people playing football killed 31 khan younis gaza