കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം ഇസ്രയേല്‍ രാഷ്ട്രീയത്തിന്റെ അച്ചുതണ്ടായി നിലകൊള്ളുന്ന ബെഞ്ചമിന്‍ നെതന്യാഹു എന്ന രാഷ്ട്ര നേതാവിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കാനുള്ള അവസരം ഇസ്രയേലി ജനതയ്ക്ക് കൈവരുന്നു. രാജ്യം പൊതു തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായിരിക്കുന്നു. മറ്റേത് രാജ്യത്തെ തിരഞ്ഞെടുപ്പിനെക്കാള്‍ ലോകം ആകാംക്ഷയോടെയും ആശങ്കയോടെയും ഇസ്രയേലിലേക്ക് നോക്കും. കാരണം, വരാന്‍ പോകുന്ന ജനവിധി ആ രാജ്യത്തെ ഭരണസംവിധാനത്തെ മാത്രമല്ല നിശ്ചയിക്കാന്‍ പോകുന്നത്, കാലങ്ങളായി സ്വന്തം ജീവനും ജീവിതവും കൈവിട്ടു പോയിട്ടുള്ള മറ്റൊരു ജനതയുടെ ഭാവി കൂടിയാണ്; പലസ്തീനികളുടെ.
2023 ഒക്ടോബര്‍ 7-ന് ഹമാസ് ഇസ്രയേലില്‍ കടന്നു കയറി നടത്തിയ കൂട്ടക്കൊലയ്ക്കു ശേഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഉണങ്ങാത്ത ആ മുറിവ് പേറുന്ന ഇസ്രയേല്‍ ജനതയ്ക്ക് തങ്ങളുടെ ഭരണാധികാരികളെ വിലയിരുത്താന്‍ ലഭിക്കുന്ന ആദ്യത്തെ അവസരം കൂടിയാണിത്.
ഒക്ടോബര്‍ 27-നാണ് പൊതുതിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റ് വരുന്ന വെള്ളിയാഴ്ച പിരിച്ചുവിടും. 1988-ന് ശേഷം ആദ്യമായാണ് ഇസ്രയേലില്‍ ഒരു സര്‍ക്കാര്‍ കാലാവധി തികച്ച് പൊതുതിരഞ്ഞെടുപ്പിലേക്ക് പോകുന്നത്.
പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, അധികാരം നിലനിര്‍ത്താനുള്ള അവസാന ശ്രമമെന്നോണം നിരവധി വിവാദ നിയമങ്ങള്‍ പാസാക്കിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഇസ്രയേല്‍ ചരിത്രത്തിലെ ഏറ്റവും തീവ്ര വലതുപക്ഷ സ്വഭാവമുള്ള നെതന്യാഹു സര്‍ക്കാര്‍. അറ്റോര്‍ണി ജനറലിന്റെ അധികാരം വിഭജിക്കാനും ദുര്‍ബലപ്പെടുത്താനുമുള്ള നിയമം, അള്‍ട്രാ ഓര്‍ത്തഡോക്സ് യഹൂദ വിഭാഗങ്ങള്‍ക്ക് സൈനിക സേവനത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സഹായിക്കുന്ന രീതിയില്‍ തോറ പഠനത്തെ സൈനിക സേവനത്തിന് തുല്യമായി പ്രഖ്യാപിക്കുന്ന നിയമം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ നിയമങ്ങള്‍ പാസാക്കുന്നതിന് വോട്ടെടുപ്പ് ഉറപ്പാക്കാന്‍ സഖ്യകക്ഷികളിലെ പാര്‍ലമെന്റ് അംഗങ്ങളോട് വെള്ളിയാഴ്ച വരെ ജറുസലേമില്‍ തന്നെ തുടരാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ നിയന്ത്രണം വ്യാപിപ്പിക്കുന്നതിനുള്ള അക്രമണങ്ങളും തീവ്ര വലതുപക്ഷ അനുകൂലികളുടെ നേതൃത്വത്തില്‍ സജീവമായി തുടരുകയാണ്.
76കാരനായ നെതന്യാഹുവിന് ഇത് കേവലം രാഷ്ട്രീയ നിലനില്പിനായുള്ള പോരാട്ടമല്ല. വര്‍ഷങ്ങളായി നേരിടുന്ന അഴിമതിക്കേസുകളില്‍ വിചാരണ നേരിടുന്ന അദ്ദേഹത്തിന് യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ പരസ്യ പിന്തുണ നല്‍കിയിട്ടും രാഷ്ട്രീയ ഭീഷണി ഒഴിയുന്നില്ല. നിലവിലെ ജനവികാരം നെതന്യാഹുവിന് പൂര്‍ണ്ണമായും എതിരാണെന്നാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, അപ്രതീക്ഷിത തിരിച്ചടികളില്‍ നിന്നും അതിജീവിച്ച് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ അപൂര്‍വ്വ ശേഷിയുള്ള നേതാവാണ് നെതന്യാഹുവെന്ന് മുന്‍കാല ചരിത്രങ്ങള്‍ തെളിയിക്കുന്നു.
തന്റെ ഭരണകാലത്താണ് ഹമാസ് അതിര്‍ത്തി വേലി തകര്‍ത്ത് കടന്നുകയറി 1,200-ഓളം പേരെ വധിച്ചതെന്നത് നെതന്യാഹുവിന് മേലുള്ള വലിയ കരിനിഴലാണ്. ഇതിന് പിന്നാലെ മേഖലയിലുണ്ടായ സംഘര്‍ഷങ്ങളും ഇറാനുമായുള്ള യുദ്ധത്തില്‍ ഇസ്രയേലിന് നേരിടേണ്ടി വന്ന തിരിച്ചടിയും ഗാസയില്‍ യു.എന്‍ കമ്മീഷനും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും വംശഹത്യയായി വിശേഷിപ്പിച്ച ആക്രമണങ്ങളും നെതന്യാഹുവിന്റെ പ്രതിച്ഛായക്ക് വലിയ മങ്ങലേല്‍പ്പിച്ചു. എന്നിരുന്നാലും, ‘തനിക്ക് മാത്രമേ ഇസ്രയേലിനെ സുരക്ഷിതമായി നിലനിര്‍ത്താന്‍ സാധിക്കൂ’ എന്ന ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള പ്രചാരണമാണ് അദ്ദേഹം ഇപ്പോഴും മുന്നോട്ട് വെയ്ക്കുന്നത്.
ഇത്തവണ നെതന്യാഹുവിന് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത് മുന്‍ സൈനിക മേധാവിയായ ഗാഡി ഐസന്‍കോട്ട് ആണ്. ഗാസയിലെ യുദ്ധത്തില്‍ സ്വന്തം മകനെയും രണ്ട് സഹോദരപുത്രന്മാരെയും നഷ്ടപ്പെട്ട ഐസന്‍കോട്ടിന്റെ വ്യക്തിപരമായ ത്യാഗങ്ങളും സൈനിക മേധാവിയെന്ന നിലയിലുള്ള നേട്ടങ്ങളും രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. അതേസമയം നെതന്യാഹുവിന്റെ രണ്ട് ആണ്മക്കളും സൈനിക സേവനം അനുഷ്ഠിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
കാന്‍ ന്യൂസ് പുറത്തുവിട്ട ഏറ്റവും പുതിയ സര്‍വേ പ്രകാരം ഐസന്‍കോട്ടിന്റെ ‘യാഷര്‍’ പാര്‍ട്ടി നെതന്യാഹുവിന്റെ ‘ലിക്കുഡ്’ പാര്‍ട്ടിയെ മറികടന്നിരിക്കുകയാണ്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ യാഷര്‍ പാര്‍ട്ടിക്ക് 24 സീറ്റുകളും ലിക്കുഡിന് 23 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം. മൊറോക്കന്‍ കുടിയേറ്റക്കാരുടെ മകനായി ജനിച്ച ഐസന്‍കോട്ടിന്റെ തനത് ഇസ്രയേലി ശൈലിയും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവര്‍ത്തനവും അദ്ദേഹത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു.
ഇംഗ്ലീഷ് ഭാഷയിലുള്ള നൈപുണ്യവും അന്താരാഷ്ട്ര തലത്തിലുള്ള സ്വാധീനവും ഉയര്‍ത്തിക്കാട്ടിയാണ് നെതന്യാഹു മുന്‍പ് വോട്ട് തേടിയിരുന്നതെങ്കില്‍, ഇന്നത്തെ സാഹചര്യം വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ നയങ്ങള്‍ ഇസ്രയേലിനെ ആഗോളതലത്തില്‍ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തിക്കഴിഞ്ഞു. ഏറ്റവും അടുത്ത സഖ്യകക്ഷിയായ അമേരിക്കയില്‍ പോലും ഇസ്രയേലിനുള്ള പിന്തുണ കുത്തനെ ഇടിഞ്ഞു. അടുത്തിടെ ടെല്‍ അവീവ് സന്ദര്‍ശിച്ച യു.എസ് പ്രതിനിധി റാം ഇമ്മാനുവല്‍, ഇസ്രയേല്‍ ഇപ്പോള്‍ ഒരു ‘വിലക്കപ്പെട്ട രാജ്യം’ ആയി മാറിയിരിക്കുകയാണെന്ന് പരസ്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഒരുപക്ഷേ നെതന്യാഹുവിനെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് പുറത്താക്കിയാല്‍ പോലും, പലസ്തീന് വിഷയത്തില്‍ പുതിയ ഭരണകൂടം സമാധാനപരമായ ഒരു നിലപാട് സ്വീകരിക്കുമോ എന്നതില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് സംശയമുണ്ട്. നിലവിലെ പ്രതിപക്ഷ നിരയിലെ പ്രമുഖനായ ഐസന്‍കോട്ട് മുന്‍പ് വെസ്റ്റ് ബാങ്കിലെ സൈനിക കമാന്‍ഡറായിരുന്നു. ഒക്ടോബര്‍ 7-ന് ശേഷം രൂപീകരിച്ച ദേശീയ സഖ്യ സര്‍ക്കാരില്‍ എട്ട് മാസത്തോളം അദ്ദേഹവും മന്ത്രിയായി ഉണ്ടായിരുന്നു. ഇതേ കാലയളവിലാണ് ഗാസയിലേക്കുള്ള ഭക്ഷണവും വൈദ്യുതിയും ഇന്ധനവും ഇസ്രയേല്‍ തടഞ്ഞതും 36,000-ത്തിലധികം പലസ്തീനികളുടെ ജീവന് നഷ്ടപ്പെട്ട സൈനിക നടപടികള്‍ ഉണ്ടായതും. അതുകൊണ്ട് തന്നെ ഭരണമാറ്റം ഉണ്ടായാലും പലസ്തീന് വിഷയത്തിലെ ഇസ്രയേലിന്റെ അടിസ്ഥാന നയങ്ങളില്‍ കാര്യമായ മാറ്റം വരുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
Content Summary; Israel announces national elections for October 27, putting Prime Minister Benjamin Netanyahu’s political future to test for the first time since Oct 7
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.