ഗാസയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രയേല്‍. നഗരത്തിലെ രണ്ടു ജനവാസ മേഖലകളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 38 പലസ്തീനികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 42 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ വരുന്നുണ്ട്. ഹമാസ് ഭരണകൂടത്തിലെ മാധ്യമവിഭാഗം ഡയറക്ടര്‍ ഇസ്മായില്‍ അല്‍-തവാബ്തയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്.
ബോംബാക്രമണം സ്ഥിരീകരിച്ചുകൊണ്ട് ഇസ്രയേല്‍ മാധ്യമങ്ങളില്‍ വന്ന പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉന്നതരായ ഹമാസ് നേതാക്കാളെ ലക്ഷ്യം വച്ചുള്ള ആക്രമണമായിരുന്നു നടന്നതെന്ന വാദമാണ് ഇസ്രയേല്‍ സൈന്യത്തിനുള്ളത്. തങ്ങള്‍ ഹമാസ് സൈനിക കേന്ദ്രങ്ങളിലേക്കാണ് ആക്രമണം നടത്തിയെന്നതാണ് ഇസ്രയേല്‍ പ്രതിരോധന സേന പുറത്തുവിട്ട പ്രസ്താവനയിലും പറയുന്നത്.
ബീച്ച് ക്യാമ്പ് എന്നറിയിപ്പെടുന്ന അല്‍-ഷതിക്ക് സമീപവും അല്‍-തുഫ ജില്ലയിലുമാണ് വ്യോമാക്രമണം ഉണ്ടായിരിക്കുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് അടിയന്തര സംവിധാനങ്ങളില്‍ നിന്നുള്ള വിവരം. പരിക്കേറ്റവരെ പ്രധാനമായും അല്‍-അഹ്‌ലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സ്‌ഫോടനങ്ങളുടെ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അല്‍-ഷതിയിലെ തെരുവുകള്‍ പുകയില്‍ മുങ്ങിനില്‍ക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം.
ഹമാസ് കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന ഇസ്രയേലിന്റെ പ്രസ്താവനയോട് ഹമാസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഇസ്രയേല്‍ ആക്രമണം നടത്തിയത് സാധാരണക്കാരായ പലസ്തീനികളെ ലക്ഷ്യം വച്ചാണെന്ന് അവര്‍ ആരോപിക്കുന്നുണ്ട്. തങ്ങളുടെ ജനങ്ങളോടു കാണിക്കുന്ന അക്രമത്തിന് ഇസ്രയേലിന്റെ നാസി നേതൃത്വം വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പും ഹമാസ് പുറത്തുവിട്ട പ്രസ്താവനയിലുണ്ട്.
റോയിട്ടേഴ്‌സ് വ്യോമാക്രമണത്തിന്റെ ഏതാനും ദൃശ്യങ്ങള്‍ പുറത്തു വിട്ടിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തെരയുന്ന ജനങ്ങളെയും തകര്‍ന്നു വീണ വീടുകളുടെയും ചിത്രങ്ങളാണ് റോയിട്ടേഴ്‌സ് വീഡിയോകളില്‍ ഉള്ളത്. അല്‍-ഷാതിയിലെ അഭായാര്‍ത്ഥി ക്യാമ്പും സ്‌ഫോടനത്തിന്റെ ഫലമായി ഉയര്‍ന്ന പുകയിലും ചാരത്തിലും മൂടി നില്‍ക്കുകയാണ്.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ കയറി നടത്തിയ കൂട്ടക്കുരുതിക്ക് പ്രതികരമായി അന്നേ ദിവസം തൊട്ട് തുടങ്ങിയ യുദ്ധമാണ് ഗാസയില്‍ ഇപ്പോഴും ഇസ്രയേല്‍ പ്രതിരോധ സേന തുടരുന്നത്. 1200 ഇസ്രയേലികളെ കൊല്ലുകയം 250 ഓളം പേരെ തടവിലാക്കുകയും ചെയ്ത ഹമാസ് ക്രൂരതയ്ക്ക് ബദലായി ഇതിനകം 37,400 ല്‍ അധികം പലസ്തീനികള്‍ ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇരകളായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 101 പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടന്നാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയം പറയുന്നത്. പലസ്തീനിലെ ഏകദേശം മുഴുവന്‍ ജനതയും ഇപ്പോള്‍ വീടുകള്‍ നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായി സ്വന്തം നാട്ടില്‍ തന്നെ അലയേണ്ടി വരികയാണ്. ഹമാസിനെതിരേയുള്ളതെന്ന പേരില്‍ തുടരുന്ന യുദ്ധത്തില്‍ സാധാരണക്കാരായ മനുഷ്യരാണ് കൂട്ടത്തോടെ കൊന്നൊടുക്കപ്പെടുന്നത്.
കഴിഞ്ഞ എട്ടുമാസത്തോളമായി തുടരുന്ന യുദ്ധത്തില്‍, ഇനിയും തങ്ങളുടെ അധിനീതയിലേക്ക് പൂര്‍ണമായി എത്താത്ത ഗാസയിലെ റഫയും ദേര്‍ അല്‍-ബലാഹും കൂടി കീഴടക്കാനുള്ള ശ്രമത്തിലാണ് ഇസ്രയേല്‍ ഉള്ളതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രയേല്‍ ടാങ്കുകള്‍ റഫയുടെ പടിഞ്ഞാറും വടക്കും പ്രദേശങ്ങള്‍ വഴി കടന്നു വരുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. റഫയിലെ വിവിധ മേഖലകളില്‍ ശനിയാഴ്ച്ച അവര്‍ കരയില്‍ നിന്നും ആകാശത്ത് നിന്നും ഒരുപോലെ ആക്രമണം നടത്തിയിരുന്നു. ജനവാസ കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം ഉണ്ടായതെന്നാണ് പരാതി. എന്നാല്‍ ഇസ്രയേല്‍ പറയുന്നത്, ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ റഫയില്‍ ആക്രമണം നടത്തുന്നതെന്നും അക്രമികളായവരെയാണ് തങ്ങള്‍ ഇല്ലാതാക്കുന്നതെന്നുമാണ്.
ഹമാസ് ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കു പ്രകാരം റഫയുടെ പടിഞ്ഞാറന്‍ പ്രദേശമായ മവാസിയില്‍ വെള്ളിയാഴ്ച്ച 25 പലസ്തീനികള്‍ കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഭയാര്‍ത്ഥികളായ മനുഷ്യര്‍ തങ്ങിയിരുന്ന കൂടാരത്തിലേക്ക് ഇസ്രയേല്‍ ടാങ്കുകള്‍ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആക്രമണത്തില്‍ ഗാസയിലെ തങ്ങളുടെ ഓഫിസിന് നാശമുണ്ടായെന്നാണ് അന്താരാഷ്ട്ര റെഡ് ക്രോസ് സമിതി പറഞ്ഞത്. വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ നടന്ന ആക്രമണത്തില്‍ ഓഫിസിന്റെ ഭിത്തികള്‍ തകര്‍ന്നുവെന്നാണ് റെഡ് ക്രോസ് പറഞ്ഞത്. ചിതറിത്തെറിച്ച മനുഷ്യശരീരങ്ങളും രക്തവുമായിരുന്നു എല്ലായിടത്തുമെന്നാണ് റെഡ് ക്രോസിന്റെ പ്രാദേശിക മേധാവിയായ വില്യം സ്‌കോംബര്‍ഗ് മാധ്യമങ്ങളോട് പറഞ്ഞത്. israeli airstrikes and ground attacks hundreds of palestinians have been killed
Content Summary; israeli airstrikes and ground attacks hundreds of palestinians have been killed