June 25, 2026 |
Share on

ഇസ്രയേൽ സൈന്യം ഞങ്ങളെ ബലിയാടുകളാക്കുന്നു; മനുഷ്യകവചങ്ങളാകാൻ നിർബന്ധിക്കുന്നതായി പലസ്തീൻ ജനത

അന്താരാഷ്ട്ര നിയമപ്രകാരം സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു

ഇസ്രയേൽ തങ്ങളെ മനുഷ്യകവചങ്ങളാക്കാൻ നിർബന്ധിക്കുന്നുവെന്ന് വെളിപ്പെടുത്തി പലസ്തീൻ ജനത. ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള സാധാരണക്കാരായ ജനങ്ങളെയാണ് മനുഷ്യകവചങ്ങളായി പ്രവർത്തിക്കാൻ ഇസ്രയേൽ സൈന്യം തിരഞ്ഞെടുക്കുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

തങ്ങളുടെ ജീവൻ ബലിനൽകിയിട്ടാണ് കെട്ടിടങ്ങളിലും തുരങ്കങ്ങളിലും ബോംബുകളോ തോക്കുധാരികളോ ഉണ്ടോയെന്ന് ഇസ്രയേൽ സൈന്യം പരിശോധിക്കുന്നതെന്ന് പലസ്തീനികൾ പറഞ്ഞു. മനുഷ്യകവചങ്ങളായി കൊണ്ടു പോവുന്നവരെ രണ്ടാഴ്ചയോളം തടവിലാക്കുകയും പിന്നീട് ക്രൂരമായി മർദിച്ച ശേഷം മനുഷ്യകവചങ്ങളാകാൻ നിർബന്ധിക്കുന്നുവെന്ന് ഗാസയിൽ നിന്നുള്ള 36 കാരനായ അയ്മാൻ അബു ഹമദാൻ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. സ്വന്തം കുഞ്ഞുങ്ങളെ കാണണമെന്ന് അപേക്ഷിച്ചിട്ട് പോലും അവർ തങ്ങളെ പോകാൻ അനുവദിച്ചിരുന്നില്ലെന്ന് മറ്റൊരു പലസ്തീനി വ്യക്തമാക്കി.

പലസ്തീൻ ജനതയുടെ വാദത്തെ ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. സൈന്യം പലസ്തീനികളെ പതിവായി മനുഷ്യകവചങ്ങളാക്കാറുണ്ടെന്ന് രണ്ട് ഇസ്രയേലി സൈനികരും ഒരു മുൻ ഉദ്യോഗസ്ഥനും എപി ന്യൂസിനോട് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ഇത് തങ്ങളുടെ സമയവും വിഭവങ്ങളും ലാഭിക്കാൻ സഹായിക്കുമെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു. പലസ്തീനികൾ പലപ്പോഴും അതിന് തയ്യാറാകില്ലെന്നും തുടർന്ന് അവരെ നിർബന്ധിക്കാറുണ്ടെന്നും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, അന്താരാഷ്ട്ര നിയമപ്രകാരം സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. യുദ്ധത്തിൽ മനുഷ്യകവചങ്ങൾ ഉപയോ​ഗിക്കുന്നത് പുതിയ കാര്യമല്ലെന്നും എന്നാൽ മുൻപത്തേക്കാളും ഇപ്പോൾ അത് വ്യാപകമായി എന്നും മുൻ ഇസ്രയേലി സൈനികരും മനുഷ്യാവകാശ ഗ്രൂപ്പുകളും വ്യക്തമാക്കുന്നു. 2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതിനുശേഷം ആരംഭിച്ച ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം ഇപ്പോഴും നിരവധി പേരുടെ ജീവനെടുക്കുകയാണ്.

ഹമാസ് സാധാരണക്കാരെ മനുഷ്യകവചങ്ങളായി ഉപയോഗിച്ചിരുന്നുവെന്ന് ഇസ്രയേൽ നിരവധി തവണ ആരോപിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇസ്രയേൽ സൈന്യവും അതുതന്നെയാണ് ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

Content Summary: Israeli armyforcing Palestinians to be human shields

Leave a Reply

Your email address will not be published. Required fields are marked *

×