ഈ വര്‍ഷം മാര്‍ച്ച് 24 ന് ഗാസയില്‍ 15 പലസ്തീന്‍ ഡോക്ടര്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വാദം പൊളിഞ്ഞു. സംഭവത്തിന്റെതായ ഫോണ്‍ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് ഇസ്രയേലിന് അവരുടെ ആദ്യത്തെ അവകാശവാദം തിരുത്തേണ്ടി വന്നത്. സൈന്യം വെടിയുതിര്‍ക്കുന്ന സമയത്ത് മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് അടിയന്തര സിഗ്‌നലുകള്‍ ഇല്ലായിരുന്നുവെന്നായിരുന്നു സൈന്യം ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ദൃശ്യങ്ങളില്‍ വാഹനങ്ങളില്‍ മിന്നുന്ന ലൈറ്റുകളും സൈറണുകളും ഉണ്ടായിരുന്നതായി വ്യക്തമാണ്. ഇതോടെയാണ് ഇസ്രയേലിന്റെ മറ്റൊരു നുണ കൂടി പൊളിഞ്ഞത്.
ഹെഡ് ലൈറ്റുകളോ സൈറണുകളോ ഇല്ലാതെ വാഹനങ്ങള്‍ സമീപത്തുള്ള സൈനികര്‍ക്ക് നേരെ സംശയാസ്പദമായ രീതിയില്‍ പെട്ടെന്ന് വന്നപ്പോഴാണ് പ്രതിരോധമെന്ന നിലയില്‍ വെടിയുതിര്‍ത്തതെന്നായിരുന്നു ഇസ്രയേല്‍ സൈന്യത്തിന്റെ വാദം. എന്നാല്‍ ശനിയാഴ്ച്ച വൈകിട്ട് ദി ഗാര്‍ഡിയനോട് സംസാരിച്ച ഒരു ഇസ്രയേലി സൈനികോദ്യോഗസ്ഥന്‍, ഈ വാദങ്ങള്‍ തെറ്റാണെന്ന് സമ്മതിച്ചിട്ടുണ്ട്. പേര് വെളിപ്പെടുത്തരുതെന്ന് നിബന്ധനയിലാണ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ എന്നും ഗാര്‍ഡിയന്‍ പറയുന്നു.
കൊല്ലപ്പെട്ടവരില്‍ ഒരാളായ റിഫാത് റദ്വാന്റെ ഫോണ്‍ ശനിയാഴ്ച പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി (പിആര്‍സിഎസ്) കണ്ടെത്തിയിരുന്നു. അവര്‍ പരിശോധിച്ചതില്‍ നിന്നാണ് ഫോണില്‍ ചിത്രീകരിച്ച ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കിട്ടുന്നത്. ഈ വീഡിയോ ഓടുന്ന വാഹനത്തിനുള്ളില്‍ നിന്ന് ചിത്രീകരിച്ചതാണെന്നാണ് പിആര്‍സിഎസ് പറയുന്നത്. രാത്രിയില്‍ ഹെഡ്ലൈറ്റുകളോടെയും മിന്നുന്ന എമര്‍ജന്‍സി ലൈറ്റുകള്‍ ഇട്ടും ഓടിക്കുന്ന ഒരു ചുവന്ന ഫയര്‍ എഞ്ചിനും വ്യക്തമായി അടയാളപ്പെടുത്തിയ ആംബുലന്‍സുകളും വീഡിയോയില്‍ വ്യക്തമാണ്.
റോഡില്‍ നിന്ന് മാറ്റിയിട്ടിരിക്കുന്ന മറ്റൊരു വാഹനത്തിന്റെ അരികില്‍ വാഹനം നിര്‍ത്തുന്നു. നിര്‍ത്തിയിട്ടിരുന്ന വാഹനം പരിശോധിക്കാന്‍ രണ്ടുപേര്‍ പുറത്തിറങ്ങുന്നു, തുടര്‍ന്ന് വെടിവയ്പ്പ് കേള്‍ക്കുകയും സ്‌ക്രീന്‍ കറുത്തുപോവുകയുമാണ്.
കഴിഞ്ഞ മാസം(മാര്‍ച്ച്) 23 ന് റഫയില്‍ നടന്ന സംഭവത്തില്‍ കുറഞ്ഞത് ഒരു യുഎന്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ പതിനഞ്ച് പലസ്തീന്‍ ആരോഗ്യപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തകരും കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഇസ്രായേല്‍ സൈന്യം ആളുകളെ ‘ഒന്നായി’ വെടിവച്ച് കൊന്നതായും പിന്നീട് ഒരു കൂട്ടക്കുഴിമാടത്തില്‍ അടക്കം ചെയ്തതായും യുഎന്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്. സംഭവത്തെക്കുറിച്ച് ഇപ്പോഴും അന്വേഷണം നടക്കുകയാണെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പറയുന്നത്. ‘സംഭവത്തിന്റെ ക്രമവും സാഹചര്യം കൈകാര്യം ചെയ്ത രീതിയും മനസ്സിലാക്കാന്‍ സംഭവത്തെക്കുറിച്ച് പ്രചരിച്ച രേഖകള്‍ ഉള്‍പ്പെടെ എല്ലാ അവകാശവാദങ്ങളും സമഗ്രമായും ആഴത്തിലും പരിശോധിക്കും’ എന്നായിരുന്നു പ്രസ്താവനയില്‍ ഇസ്രയേല്‍ പ്രതിരോധ സേനയുടെ വിശദീകരണം. Israeli military has retracted its initial account of the Gaza incident that killed 15 Palestinian medics
Content Summary; Israeli military has retracted its initial account of the Gaza incident that killed 15 Palestinian medics
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.