പലസ്തീന്‍ ഫ്‌ളോട്ടിലയെ തടഞ്ഞ് ഇസ്രയേല്‍; ഗ്രെറ്റ തന്‍ബര്‍ഗ് ഉള്‍പ്പെടെ അറസ്റ്റില്‍

ഗാസയ്ക്കുള്ള സഹായങ്ങളുമായി പോയ കപ്പല്‍ വ്യൂഹങ്ങളാണ് ഇസ്രയേല്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്‌

global sumud flotilla

പലസ്തീന്‍ അനുകൂല കപ്പല്‍വ്യൂഹത്തിലെ ബോട്ടുകളില്‍ അതിക്രമിച്ച് കയറി ഇസ്രയേലി സൈന്യം. യുദ്ധം തകര്‍ത്ത പ്രദേശത്തേക്ക് സഹായമെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗാസ തീരത്ത് നിന്ന് ഏകദേശം 75 മൈല്‍ അകലെ വെച്ചാണ് കപ്പലുകള്‍ ഇസ്രായേലി സേനയുടെ നിയന്ത്രണത്തിലായത്.

ബുധനാഴ്ച കപ്പല്‍വ്യൂഹത്തിലെ പ്രധാന കപ്പലായ ആല്‍മയില്‍ ഇസ്രയേലി സൈനികര്‍ കയറുകയും അതിലെ ജീവനക്കാരെ തടങ്കലില്‍ വയ്ക്കുകയും ചെയ്തതോടെയാണ് റെയ്ഡ് ആരംഭിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തന്‍ബെര്‍ഗും ആല്‍മയില്‍ ഉണ്ടായിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേല്‍ സൈന്യം കപ്പല്‍ വളയുന്നതിന് മുമ്പായി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ ഗ്രെറ്റ തന്‍ബെര്‍ഗ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ആല്‍മയിലെ മറ്റ് പ്രവര്‍ത്തകര്‍ക്കൊപ്പം തന്‍ബെര്‍ഗിനെയും അറസ്റ്റ് ചെയ്യുകയും ഇസ്രയേലി തുറമുഖമായ അഷ്ദോദില്‍ വച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്നാണ് വിവരം.

500ഓളം പാര്‍ലമെന്റംഗങ്ങള്‍, അഭിഭാഷകര്‍, ഗ്രെറ്റ തന്‍ബെര്‍ഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ എന്നിവരുമായി 40-ല്‍ അധികം സിവിലിയന്‍ ബോട്ടുകള്‍ അടങ്ങുന്ന ഗ്ലോബല്‍ സുമൂദ് ഫ്‌ളോട്ടില ഇസ്രയേലിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ടാണ് സഹായങ്ങളുമായി ഗാസ ലക്ഷ്യമാക്കി പോയത്. ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച മറ്റ് ബോട്ടുകളെ ഇസ്രയേല്‍ നാവികസേന മുന്‍പ് തടഞ്ഞിട്ടുള്ള പ്രദേശമാണിത്. ഈ അതിര്‍ത്തി കടക്കരുതെന്ന് ഫ്‌ളോട്ടിലക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

വൈകുന്നേരം 7.25ഓടെ, 20ഓളം ഇസ്രയേലി നാവിക കപ്പലുകള്‍ ഫ്‌ളോട്ടിലയെ സമീപിക്കുകയും ബോട്ടുകളുടെ എഞ്ചിനുകള്‍ ഓഫ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തതായി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി. ഫ്‌ളോട്ടിലയില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങളില്‍, യാത്രക്കാര്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ച് അര്‍ദ്ധവൃത്തത്തില്‍ ഇരിക്കുന്നതും കാണാം. എന്നാല്‍, ഈ പ്രക്ഷേപണം അല്‍പ്പസമയത്തിനകം നിലച്ചു.

ഞങ്ങളുടെ കപ്പലുകള്‍ നിയമവിരുദ്ധമായി തടസ്സപ്പെടുത്തുകയാണ്. ക്യാമറകള്‍ ഓഫ്ലൈനിലാണ്, കൂടാതെ സൈനിക ഉദ്യോഗസ്ഥര്‍ കപ്പലുകളില്‍ കയറിയിട്ടുണ്ട്. കപ്പലിലുള്ള എല്ലാവരുടെയും സുരക്ഷയും നിലവിലെ അവസ്ഥയും സ്ഥിരീകരിക്കാന്‍ ഞങ്ങള്‍ സജീവമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ബുധനാഴ്ച വൈകുന്നേരം ഫ്‌ളോട്ടിലയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ വന്ന സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

അദാറ, ആല്‍മ, ദെയര്‍ യാസിന്‍, ഹോഗ, സിറസ്, സ്‌പെക്ട്ര എന്നിവയുള്‍പ്പെടെ ആറ് കപ്പലുകളുടെ നിയന്ത്രണമാണ് ഇസ്രയേലി സൈന്യം ഏറ്റെടുത്തത്. ഡ്രോണുകളില്‍ നിന്ന് സ്റ്റണ്‍ ഗ്രനേഡുകള്‍ കപ്പലിന് നേരെ പ്രയോഗിച്ചുവെന്ന് കരുതുന്നതായി കപ്പലിലുള്ള പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നുണ്ട്. വലിയ ശബ്ദങ്ങള്‍ ബോട്ടുകള്‍ക്ക് സമീപത്ത് നിന്ന് കേട്ടതാണ് ഈ സംശയത്തിന് പിന്നിലെ കാരണം. ഇസ്രയേലി കപ്പലുകള്‍ ആല്‍മയെ വളഞ്ഞിരിക്കുന്നതായി ഫ്‌ളോട്ടിലയുടെ സ്റ്റിയറിംഗ് കമ്മിറ്റി അംഗമായ യാസെമിന്‍ അക്കാര്‍ അയച്ച സന്ദേശത്തിലും വ്യക്തമാക്കിയിരുന്നു.

ഇസ്രയേലി വിദേശകാര്യ മന്ത്രാലയം ഈ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ഗാസ സഹായവുമായി പോയ ഫ്‌ളോട്ടിലയുമായി ഇസ്രയേലി നാവികസേന ബന്ധപ്പെടുകയും, സഹായം ഗാസ മുനമ്പിലേക്ക് കൈമാറ്റം ചെയ്യാനും കഴിയുന്ന തരത്തില്‍ ഇസ്രയേലി തുറമുഖമായ അഷ്ദോദിലേക്ക് കപ്പലുകള്‍ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഫ്‌ളോട്ടില ഗാസയിലേക്കുള്ള യാത്ര തുടരണമെന്ന് നിര്‍ബന്ധിച്ചു. അതിരാവിലെ, രണ്ട് ഇസ്രയേലി യുദ്ധക്കപ്പലുകള്‍ തങ്ങളുടെ രണ്ട് ബോട്ടുകളെ സമീപിക്കുകയും, അവയെ വലംവെക്കുകയും, ഓണ്‍ബോര്‍ഡ് ലൈവ് ക്യാമറകള്‍ ഉള്‍പ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങള്‍ ജാം ചെയ്യുകയും ചെയ്തതായി പ്രവര്‍ത്തകര്‍ പറഞ്ഞു.

ഹമാസുമായി ഫ്‌ളോട്ടില അംഗങ്ങള്‍ക്ക് ബന്ധമുണ്ടെന്നാണ് ഇസ്രയേല്‍ സര്‍ക്കാര്‍ ആരോപണം. എന്നാല്‍ ഈ വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും നല്‍കിയിട്ടില്ല. ഈ ആരോപണങ്ങള്‍ പ്രവര്‍ത്തകര്‍ ശക്തമായി നിഷേധിച്ചിട്ടുണ്ട്. തങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ ന്യായീകരിക്കാനുള്ള ഇസ്രയേലിന്റെ ശ്രമമാണ് ഈ ആരോപണമെന്ന് ഫ്‌ലോട്ടില അംഗങ്ങള്‍ പറഞ്ഞു.

This post was last modified on October 2, 2025 8:33 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment